കുടകുമലക്കാടുകളുടെ ഹരിതഭംഗിയില്‍

പച്ചപ്പിന് കുറവില്ലെങ്കിലും കര്‍ണകടകത്തിലേതുപോലെ അല്‍പം വരണ്ട പ്രകൃതിയാണ് കാസർകോടിനും. ഇവിടെ നിന്ന് പ്രഭാതത്തില്‍ കുടകിലേക്കൊരു യാത്ര കുളിര്‍മയേകുന്നതാണ്. വെളുപ്പിന് അഞ്ചേ മുക്കാലിന് 'സുള്ള്യ' എന്ന അതിര്‍ത്തിക്കടുത്ത കര്‍ണാടക പട്ടണത്തിലേക്ക് ഇവിടെ നിന്ന് ബസുണ്ട്. അവിടെ നിന്നുള്ള മൈസൂര്‍ ബസില്‍ കയറിയാല്‍ മടിക്കേരിയിലെത്താം; കുടക് ജില്ലയുടെ ആസ്ഥാനം.

കാസര്‍കോടു നിന്ന് ധാരാളം മലയാളികള്‍ അങ്ങോട്ട് കുടിയേറിയട്ടുണ്ട് ദാരിദ്യ്രത്തതിന്റെ കാലത്ത്. അവര്‍ക്കെല്ലാം മടിക്കേരി അഭയം നല്‍കി. അിവടെ ഇഞ്ചി കൃഷി ചെയ്തും കാപ്പിത്തോട്ടത്തില്‍ പണിയെടുത്തും അവര്‍ കഴിയുന്നു. വഞ്ചിക്കല്ല്, സകലാപുരം, ചെര്‍ക്കള എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ പിന്നിടുമ്പോഴേക്കും മനോഹരമായ ഗ്രാമപ്രദേശങ്ങള്‍. റോഡില്‍ നിന്ന് കുറച്ചകലെയായാണ് മിക്ക വീടുകളും. വെട്ടുകല്ലാണ് റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍. നിറയെ പുല്ലല്ലാതെ അതില്‍ മറ്റൊന്നും വളരില്ലല്ലൊ.

മടിക്കേരിയിലൂടെ
 ബോവിക്കാനത്തെത്തുമ്പോഴേക്കും കാടിൻെറ പ്രതീതി തുടരുന്നു. ധാരാളം പറമ്പുള്ളതിനാല്‍ ഒറ്റപ്പെട്ടാണ് വീടുകള്‍. ശീമക്കൊന്നയാണ് റോഡിനിരുവശവും വീടുകളുടെ മതില്‍ തീര്‍ക്കുന്നത്. ഉയര്‍ന്ന പ്രtേദശത്തേക്ക് കയറുകയാണ് ബസ്. താഴ് വാരങ്ങളില്‍ പച്ചപുതച്ച പുല്‍മേടുകള്‍ ചെറുതായി തെളിഞ്ഞ് വരുന്നു. താഴ് വാരത്തെ വലിയ പറമ്പുകളുടെ മൂലക്ക് കുഴിയിലായിട്ടാണ് മിക്ക വീടുകളും. ഇനിയങ്ങോട്ട് കവുങ്ങിന്‍ തോട്ടങ്ങളാണ്. കാസർകോടിൻേറയും കര്‍ണാടക അതിര്‍ത്തിയുടെയും പ്രത്യേകതയാണ് ഇത്തരത്തിലെ കവുങ്ങിന്‍ തോട്ടങ്ങള്‍. സുള്യ മേഖലയിയെ അടക്കക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാൻറണ്.
കുറെ ദൂരം ചെല്ലുമ്പോള്‍ ചെറിയ ജംഗ്ഷനുകള്‍ കാണാം. കേരളത്തിലധികം കേള്‍ക്കാത്ത യാദവ വിഭാഗം അധിവസിക്കുന്ന പ്രദേശമാണെന്ന് തോന്നുന്നു; യാദവസഭ സമ്മേളനത്തിന്റെ ഫ്ളക്സ് ബോഡ് കണ്ടു. ആഡംബരമില്ലാത്ത വീടുകളാണ് എങ്ങും. എല്ലാവരും അടക്കയും മറ്റും കൃഷി ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരാണ്. എന്നാല്‍ വീടുകളില്‍ ആ ആഡംബരം കാണിക്കാറില്ല.
ബസ് സ്റ്റാൻറ്
 
വനമേഖലയിലേക്ക് കടക്കുന്നതുപോലെ ധാരാളം മരങ്ങള്‍. കൊടും കയറ്റവും വളവുകളും. മരങ്ങള്‍, മലനിരകള്‍. എതിരെ വരുന്ന ലോറികള്‍ക്കും മറ്റും വളരെ സൂക്ഷിച്ചാണ് ബസ് ഡ്രൈവര്‍ സൈഡ് കൊടുക്കുന്നത്. ഇവിടത്തെ പ്രശസ്തമായ ആടൂര്‍ ക്ഷേത്രത്തിലേക്കുള്ള ബോര്‍ഡ് ഇടക്കിടെ കാണാം. കാറഡുക്ക, കര്‍മ്മംതോടി, പൂവടുക്ക, മുള്ളേരിയ തുടങ്ങിയ വ്യത്യസ്തമായ പേരുള്ള സ്ഥലങ്ങള്‍ പിന്നിടുന്നു.
ഇതൊക്കെ കേരളത്തില്‍ തന്നെയെന്ന് അടുത്തിരുന്ന മുഹമ്മദ് എന്ന പ്രായമുള്ളയാള്‍ പറഞ്ഞുതന്നു. മടിക്കേരിയില്‍ താമസിക്കുന്ന അദ്ദേഹം കാസര്‍കോട്ടെ ഒരു പള്ളിയില്‍ ജോലിചെയ്യുന്നു. 30 വര്‍ഷമായി അദേഹം ഈ റൂട്ടില്‍ യാത്ര ചെയ്യുന്നു. ഭാര്യയും മക്കളുമൊക്കെ മടിക്കേരിയിലാണ്. മാസത്തിലൊരിക്കല്‍ വീട്ടില്‍ പോകും. മക്കളും മരുമക്കളുമൊക്കെ അവിടെ കാപ്പിത്തോട്ടത്തില്‍ പണിക്കാരും കച്ചവടക്കാരുമൊക്കെയാണ്.
കാപ്പിത്തോട്ടങ്ങളിലൊന്ന്
 തെങ്ങും കവുങ്ങും ഇടതൂര്‍ന്ന തോട്ടങ്ങളാണ് ഇരുവശത്തും. ഇടക്കിടെ ബസ്സ്റ്റോപ്പുകളില്‍ ആല്‍മരങ്ങള്‍ കാണാം. ഇവിടെയുള്ള ക്ഷേത്രങ്ങളും വീടുകളും കന്നഡ രീതിയിലുള്ളതാണ്. ക്ഷേത്രങ്ങള്‍ക്കെല്ലാം ഗോപുരകവാടങ്ങളുണ്ട്.
എന്നാല്‍ നമ്മുടേതുപോലെ വലുതല്ല, കര്‍ണാടക രീതിയിലുള്ളതാണ്. മഞ്ഞുതിരുന്ന പ്രഭാതത്തില്‍ കൊച്ചുകുട്ടികള്‍ കൂട്ടമായി മദ്രസകളിലേക്ക് പോകുന്നു. എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാന്‍ മൂടപ്പുതച്ചാണ് നടപ്പ്. ഗാളിമുകം എന്ന സ്ഥലം കഴിയുന്നതോടെ കന്നഡ ബോര്‍ഡുകള്‍ കണ്ടുതുടങ്ങുന്നു. ഇവിടെ നിന്ന് തിരിഞ്ഞ് മൂന്നര കിലോമീറ്റര്‍ പോയാല്‍ ആടൂര്‍ ക്ഷേത്രത്തിലേക്ക്പോകാം.

ഇനിയങ്ങോട്ട് സംരക്ഷിത വനമാണ്. ഒരുഭാഗത്ത് ഇടതൂര്‍ന്ന വനം. എതിര്‍ ഭാഗത്ത് കാടുതെളിച്ച് വനംവകുപ്പ് തേക്കിന്‍ തൈകള്‍ പ്ലാൻറ് ചെയ്തിരിക്കുന്നു. എങ്കിലും ഇടക്ക് ചില ഭാഗങ്ങില്‍ ജനവാസകേന്ദ്രങ്ങളുണ്ട്. ഇവിടെ നാട്ടുകാര്‍ കൃഷി ചെയ്തിട്ടുമുണ്ട്. കവുങ്ങാണ് പ്രധാനം. ഇടക്കിടെ അരുവികള്‍, കൃഷിയിടങ്ങള്‍, പിന്നെ വനം. ബസ് കയറ്റം കയറുകയാണ്. ദൂരെ മലനിരകള്‍ തെളിഞ്ഞുവരുന്നത് കാണാം. ഇടക്കിടെ കാടിന്റെ സ്വഭാവം മാറി; നാട്ടുകാരുടെ കൃഷിയിടങ്ങള്‍. കാടിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കാപ്പിത്തോട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കവുങ്ങ്, കാപ്പി, റബ്ബര്‍ എന്നിങ്ങനെയാണ് മാറിമാറി ഇവിടത്തെ പ്രധാന കൃഷി. ഒരു വശത്തുകൂടി മനോഹരിയായി പയസ്വിനി നദി ഒഴുകുന്നു; ഇവിടത്തെ മണ്ണിനെ ഫലഭൂയിഷ്ടമാക്കി.

കേരളം കഴിഞ്ഞാല്‍ നല്ല രീതിയിലുള്ള റബര്‍ കൃഷി കാണണമെങ്കില്‍ ദക്ഷിണ കര്‍ണാടകയിലെത്തണം. നമ്മുടെ റബര്‍പോലെ ഉയരത്തില്‍ വളരുന്നതല്ല ഇവിടത്തെ റബര്‍ മരങ്ങളെങ്കിലും ഈടിന് കുറവില്ലെന്ന് അടുത്തിരുന്ന റബര്‍ വെട്ടുകാരനായ മലയാളി ജോസഫ് പറയുന്നു. നാട്ടില്‍ പണിയില്ലാത്തിനാല്‍ ഇപ്പോള്‍ കര്‍ണാടകയിലാണ് റബര്‍വെട്ട്. മലയാളി വെട്ടുകാര്‍ക്ക് അവിടെ നല്ല ഡിമാന്റാണ്. കാരണം അവര്‍ മരം സംരക്ഷിക്കും. തമിഴ്നാട്ടുകാരെയും കിട്ടും.

കൂലി അല്‍പ്പം കുറച്ച്കൊടുത്താല്‍ മതി. പക്ഷേ അവര്‍ മരം നശിപ്പിക്കും. അവിടെ ചെന്നാല്‍ പണികിട്ടും. എല്ലാ കാലത്തും അവര്‍ റബര്‍വെട്ടിക്കും. അവര്‍ക്ക് ഒരു നഷ്ടവുമില്ലെന്ന് അദ്ദേഹം പറയുന്നു. ഇവിടത്തെ അതേ കൂലിതന്നെ വെട്ടുകാരന് കിട്ടുകയും ചെയ്യും. പിന്നെയും കാടുകള്‍, കാപ്പിത്തോട്ടങ്ങള്‍, റബര്‍ തോട്ടങ്ങള്‍. കര്‍ണാടകയില്‍ പ്രവേശിക്കുന്നതോടെ നല്ല വീതിയുള്ള റോഡുകള്‍. കുടകിൻെറ സൗന്ദര്യം ദൂരെ മലനിരകളില്‍ നിന്ന് വായിച്ചെടുക്കാം.

എത്ര ഉയരത്തിലുള്ള പശ്ചിമഘട്ടത്തിൻെറ വശ്യസൗന്ദര്യം. പുല്‍മേടുകള്‍, പാറക്കെട്ടുകള്‍, അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, ഇടതൂര്‍ന്ന കന്യാവനങ്ങള്‍. ഇടക്കിടെ ജനവാസകേന്ദ്രങ്ങളില്‍ ലയങ്ങള്‍. പണിക്ക് കാലത്തേ സ്വെറ്ററും തൊപ്പിയുമണിഞ്ഞ് പോകുന്ന സ്ത്രീകളും പുരുഷന്‍മാരും. എല്ലാവരും എസ്റ്റേറ്റ് പണിക്കാരാണ്.

ഇവരുടെ ലയങ്ങള്‍, സ്കൂളുകുള്‍ എന്നിവ കാണാം. കുടക് മലനിരകളിലേക്ക് പ്രവേശിക്കുമ്പോഴേക്കും ഹോം സ്റ്റേകളും കോട്ടേജ് സ്റ്റേകളുമൊക്കെ മാടി വിളിക്കുന്നു. ഹോട്ടലുകളുടെ പരസ്യങ്ങള്‍. കൊടും കയറ്റത്തിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍ കെട്ടിടങ്ങളെല്ലാം കുഴികളിലാകുന്നു. നാലുനില കോട്ടേജുകളൊക്കെ കുഴിയിലെ വീടുകള്‍. ടൗണില്‍ ബസിറങ്ങുമ്പോള്‍തന്നെ ടൂറിസം ഡിപാര്‍ട്മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ സെൻറര്‍ കാണാം.

മടിക്കേരി കോട്ട

മടിക്കേരി കോട്ട

മടിക്കേരി ടൗണില്‍തന്നെയാണ് മടിക്കേരി കോട്ട. ബേക്കല്‍കോട്ട കണ്ട് കാസര്‍കോടുനിന്ന് വരുന്നവര്‍ക്ക് അതിന്റെയത്ര വലിപ്പം തോന്നുകയില്ലെങ്കിലും ഒരു പൗരാണിക ഭംഗിയുണ്ട് ഈ കോട്ടക്ക്. എന്നാല്‍ ബേക്കല്‍പോലെ നന്നായി സംരക്ഷിക്കപ്പെട്ടിട്ടില്ല ഇത് എന്നത് എടുത്തുപറയണം. സാധാരണ കേരളത്തിത്തില്‍ നിന്ന് വ്യത്യസ്തമായി സ്തുത്യര്‍ഹമായ രീതിയലാണ് ബേക്കല്‍കോട്ട സംരക്ഷിക്കുന്നത്. അതേസമയം ഇവിടത്തെ കോട്ട ആര്‍ക്കിയോളജി ഡിപാര്‍ട്ട്മെന്റിന്റെ കീഴിലാണെങ്കിലും ഒട്ടും കാര്യമായി സംരക്ഷിക്കുന്നില്ല.

ഇതി​െൻറ മുക്കാല്‍ ഭാഗവും ഓഫീസുകളായി പ്രവര്‍ത്തിക്കുകയാണ്. കലക്ടറുടെ ഓഫീസും കൃഷി ഓഫിസുമൊക്കെയാണിവിടെ. ബാക്കിയുള്ള ഭാഗം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. കോട്ട മതിലിനുള്ളിലൂടെ നടന്നുകാണാം. ഇവിടെ പൂന്തോട്ടമുണ്ട്. എന്നാല്‍ കോട്ടയുടെ അനുബന്ധ കെട്ടിടങ്ങള്‍ കാടുപിടിച്ചും കാലപ്പഴക്കം കൊണ്ട് നശിക്കുകയും ചെയ്യുന്നു. മനോഹരങ്ങളായ കെട്ടിടഭാഗങ്ങള്‍ കാടുപിടിച്ച് നശിക്കുന്നത് യാത്രികര്‍ക്ക് ദുഖമുണ്ടാക്കാറുണ്ട്.

സെൻറ് മാക്സ് ചർച്ച് മ്യൂസിയം
 17ാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന മുദ്ദുരാജയാണ് കോട്ട പണികഴിപ്പിച്ചത്. പിന്നീട് ഇത് ടിപ്പു സുല്‍ത്താന്‍ പിടിച്ചടക്കി. എന്നാല്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് വീരാജേന്ദ്ര പിടച്ചടക്കി പരിഷ്കരിച്ചു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് 1859ല്‍ ഇതിനടുത്ത് ഒരു പള്ളി പണികഴിപ്പിച്ചു; സെന്റ് മാര്‍ക്സ് പള്ളി. അന്നത്തെ മദ്രാസ് ഗവണ്‍മെൻറാണ് പള്ളി പണി കഴിപ്പിച്ചത്.
എന്നാല്‍ സ്വാതന്ത്രൃത്തിന് ശേഷം പൂട്ടിയ പള്ളി ഇന്ന് മ്യൂസിയമാണ്. ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ള 12ാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളും പുരാതന ശില്‍പങ്ങളും വിഗ്രഹങ്ങളുമൊക്കെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. പള്ളിമുറ്റം മനോഹരമായി സംരക്ഷിച്ച് ഇവിടെ പലകാലങ്ങളിലായി ലഭിച്ചിട്ടുള്ള കല്‍വിഗ്രഹങ്ങശും ശിലാഫലകങ്ങളും മറ്റും സംരക്ഷിച്ചിട്ടുണ്ട്. ചരിത്ര ഗവേഷകര്‍ക്ക് ഏറെ ഉപകാരപ്രദമാണീ മ്യുസിയം. ഈ മ്യൂസിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റ് ചാര്‍ജ്ജ് ഒന്നുമില്ല.

ഓംകാരേശ്വര ക്ഷേത്രം

ഇവിടെയടുത്താണ് ഓംകാരേശ്വര ക്ഷേത്രം. പള്ളിയാണെന്നേ തോന്നൂ ഓംകാരേശ്വര കേഷത്രത്തിലെത്തിയാല്‍. ലിംഗരാജേന്ദ്ര രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ കൂര്‍ഗ് ഭരിച്ചിരുന്ന വീരരാജേന്ദ്ര രാജാവിന്റെയും രാജ്ഞിയുയെും ശവകുടീരം ഇന്നും സംരക്ഷിച്ചിരിക്കുന്നു. ഗദ്ദഗെ എന്നറിയപ്പെടുന്ന ഇത് മടിക്കേരി ടൗണില്‍ തന്നെ. മനോഹരമായ പൂന്തോട്ടത്തിന് നടുവില്‍ സംരക്ഷിച്ചിരുക്കുന്ന ഇവിടെ പ്രാര്‍ഥനക്കായും നാട്ടുകാര്‍ എത്തുന്നുണ്ട്.

ഇതിനടുത്ത് തന്നെ രാജാവിന്റെ സര്‍വകാര്യക്കാരുടെയും ഗുരുവിന്റെയും ശവകുടീരങ്ങളുമുണ്ട്. എല്ലാം ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് സംരക്ഷിച്ചിട്ടുണ്ട്. വീരരാജേന്ദ്രന്റെയും ഭാര്യ മഹാദേവി അമ്മയുടെയും വീരരാജേന്ദ്രന്റെ ഗുരുവായ രുദ്രപ്പ, ലിംഗരാജേന്ദ്രന്റെയും ശവകുടീരങ്ങളാണിവ. യാത്രികരുടെ പ്രധാന ആകര്‍ഷണമാണിത്. ഇതും ഇസ്ലാമിക ആര്‍ക്കിടെക്ചര്‍ രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഒരേ രീതിയിലുള്ള മൂന്ന് ശവകുടീരങ്ങള്‍  അടുത്തടുത്ത് കാണാം.

അബി ഫാള്‍സ്

ഗദ്ദികയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാറിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണമായ അബി ഫാള്‍സ് എന്ന വെള്ളച്ചാട്ടം. അങ്ങോട്ടേക്ക് വിദേശികള്‍ നടന്നുപോകാറുണ്ട്. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് നടക്കുകയും ചെയ്യാം. മെയിന്‍ റോഡില്‍ നിന്ന് കാടിനുള്ളിലേക്ക് അഞ്ഞൂറ് മീറ്റര്‍ ദുര്‍ഘട പാതയിലൂടെ നടന്നുവേണം അവിടെയെത്താന്‍.

ഇടക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ പണിതിട്ടിട്ടുണ്ട്. വനഭൂമിയാണെങ്കിലും മരങ്ങള്‍ക്കിടയിലെ കാപ്പിത്തോട്ടമാണിത്. ധാരാളം യാത്രികരാണ് സാമാന്യം വലിയ ഈ വെള്ളച്ചാട്ടം കാണാനെത്തുന്നത്. ഉത്തരേന്ത്യക്കാരും വിദേശികളും ധാരാളമുണ്ട്. കാടിനുള്ളിലെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ തൂക്കുപാലം കെട്ടിയിട്ടുണ്ട് സര്‍ക്കാര്‍. അപകടം നിറഞ്ഞ ഇവിടെ കുളിക്കാനോ ഇറങ്ങാനോ കഴിയില്ല.
 

തലക്കാവേരി

മടിക്കേരിയില്‍ നിന്ന് കാസര്‍ഗോഡേക്ക് തിരികെ വരുമ്പോഴാണ് തലക്കാവേരി. സപ്തസിന്ധുക്കളിലൊന്നായ കാവേരിയുടെ ഉല്‍ഭവസ്ഥാനമായ തലക്കാവേരി 40 കിലോമീറ്റര്‍ ദൂരെ ബ്രഹ്മഗിരി മലയിലാണ്. സമുരദനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലുള്ള ഇവിടെ ചെറിയ അരുവിയായാണ് കാവേരി ഉല്‍ഭവിക്കുന്നത്. ഇവിടെ ഒരു ശിവക്ഷേത്രവും ഗണപതി ക്ഷേത്രവുമുണ്ട്. ഗണപതിക്ഷേത്രത്തിലെ അശ്വന്തമരത്തിനടുത്തുവച്ചാണ് ത്രിമൂര്‍ത്തികള്‍ അഗസ്ത്യമുനിക്ക് ദര്‍ശനം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രകൃതി മനോഹരമായ ഇവിടെ രവിലെ മഞ്ഞ് പുതച്ച പ്രകൃതി കാണാനണെല്ലാവര്‍ക്കും ഇഷ്ടം. തന്നെയുമല്ല ഇവിടം പുണ്യസ്ഥലമായാണ് എല്ലാവരും കരുതുന്നതും. ബ്രഹ്മഗിരി മലയിലാണ് തലക്കാവേരിയും ക്ഷേത്രവും. ക്ഷേത്രത്തിലെത്താന്‍ 400ലേറെ പടികള്‍ കയറണം. രാവിലെയാണ് ആളുകള്‍ ഇിവിടെ വരാന്‍ ഇഷ്ടപ്പെടുക. പ്രഭാതത്തില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന പ്രകൃതി കാണാനും മഞ്ഞുപോല്‍ നിര്‍മ്മലമായ കാവേരിയുടെ തീര്‍ത്ഥം സ്വദിക്കാനും കഴിയുക വല്ലാത്ത ആത്മീയ സുഖം തരുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT