????????? ?? ??????

ബള്ളെയിലെ ആനക്കാഴ്ച

കുട്ടിക്കാലം മുതലെ വലിയ ആനക്കമ്പമായിരുന്നതിനാല്‍ സ്കൂള്‍ മുതല്‍ കോളജ് വരെയുള്ള വിദ്യാഭ്യാസ കാലത്ത് എവിടെ ഉത്സവത്തിന് ആന എഴുന്നള്ളിപ്പുണ്ടോ അവിടെയൊക്കെ ഏതെങ്കിലും ഒരു ആനയുടെ പുറത്ത് ഞാനും കാണും. പില്‍കാലത്ത് ജോലി സമ്പന്നമായി സ്വദേശമായ വര്‍ക്കലയില്‍ നിന്നും ആനപ്രേമികളുടെ നാടായ തൃശൂരില്‍ ചേക്കേറിയപ്പോള്‍ ആ ആനകമ്പം ഇരട്ടിച്ചു. ഒരൊറ്റ വ്യത്യാസം മാത്രം അന്ന് നാട്ടാനകളെ തേടി ആണ് നടന്നിരുന്നതെങ്കില്‍ ഇന്ന് കാട്ടാനകളെ തേടിയായി. അത്തരത്തിലുള്ള ഒരു യാത്രയാണ് ഇതും. പോകേണ്ട സ്ഥലം കര്‍ണാടകയിലെ ബള്ളെ എന്ന ആനകളും പാപ്പാന്മാരും മാത്രമടങ്ങുന്ന കൊച്ചു കാനന ഗ്രാമം.

യാത്ര ആരംഭിക്കുന്നത് തൃശൂരില്‍ നിന്നും. വയനാട്ടിലേക്കുള്ള മിക്ക യാത്രകളിലും ഞാന്‍ ആശ്രയിക്കുന്നത് രാത്രി പത്തുമണിയുടെ തിരുനെല്ലി കെ.എസ്.ആര്‍.ടി.സിയെ ആണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആ കൊമ്പനില്‍ തന്നെ യാത്ര ആവര്‍ത്തിച്ചതിനാല്‍ പുലര്‍ച്ചെയോടെ എനിക്ക് ഇറങ്ങേണ്ട സ്റ്റേപ്പായ കാട്ടികുളം എത്തി. അവിടെയുള്ള സുഹൃത്തായ രാജേഷിന്‍െറ വീട്ടില്‍ കയറി ഫ്രഷായി പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങള്‍ രണ്ടുപേരും ബള്ളെയിലേക്ക് വണ്ടിയുമായി പുറപ്പെട്ടു.

കാട്ടികുളം എന്നത് കേരള അതിര്‍ത്തിയിലെ അവസാന ടൗണ്‍ ആയതുകൊണ്ടുതന്നെ വണ്ടിയിപ്പോള്‍ കാട്ടുവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആകാശം കാണണമെങ്കില്‍ റോഡിന്‍െറ നടുവിലൂടെതന്നെ പോകണം. കാരണം റോഡിനിരുവശവും ആകാശം മറച്ചുപിടിച്ചു കൊണ്ട് ഇലകളുടെ വിതാനമാണ്. അങ്ങനെ പച്ചപ്പ് മാത്രമുള്ള കാഴ്ചകള്‍ ആസ്വദിച്ച് മുന്നോട്ട് പോകവെ പെട്ടെന്നാണ് റോഡരുകില്‍ ഒരു കൊമ്പന്‍ പ്രത്യക്ഷപ്പെട്ടത്. ഞങ്ങളും അവനും തമ്മിലുള്ള അകലം ഏകദേശം അഞ്ചോ ആറോ മീറ്റര്‍ മാത്രം തുമ്പിക്കൈ നിവര്‍ത്തിയാല്‍ ഞങ്ങളടുത്തത്തെും. എന്തായാലും വണ്ടി നിര്‍ത്തി മരക്കൊമ്പുകള്‍ ഒടിക്കുന്ന അവന്‍െറ ഭാവങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയതും ഗജവീരന്‍െറ മട്ടും ഭാവവും മാറി ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ചെവി വട്ടംപിടിച്ചു. പെട്ടെന്ന് കാടിനെ നടുക്കുന്ന കൊലവിളിയുമായി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞടുത്തു.

ഒരു നിമിഷംകൊണ്ട് എല്ലാം അവസാനിച്ചെന്ന് കരുതി. കാരണം വണ്ടി സ്റ്റാര്‍ട്ട്ചെയ്ത് മുന്നോട്ടെടുക്കാനുള്ള സമയം പോലും ഇല്ലായിരുന്നു. ആ പരിഭ്രാന്തിയില്‍ പേടിച്ചുവിറച്ച ഞങ്ങള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി. ഞങ്ങളുടെ പരിഭ്രാന്തി കണ്ടിട്ട് പേടിച്ചിട്ടാണെന്ന് അറിയില്ല, പാഞ്ഞടുത്ത അവന്‍ അതേ സ്പീഡില്‍ എന്തോ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് തിരിച്ച് കാടിനകത്തേക്ക് ഓടി ഒളിച്ചു. ചിരിക്കണോ കരയണോ എന്ന് അറിയാന്‍ പറ്റാത്ത നിമിഷം. ഇങ്ങോട്ട് ഞങ്ങളെ പേടിപ്പിച്ച് ഓടി അടുത്തവന്‍ അതേ നിമിഷത്തില്‍ ഞങ്ങളുടെ പേടികണ്ട് വിരണ്ട് കാട്ടിലേക്കോടി. എന്തായാലും ഇന്നുവരെയുള്ള വനയാത്രയില്‍ ആദ്യമായി പേടിപ്പിച്ചതും ചിരിപ്പിച്ചതും ഒരേ ആനയായി. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ എന്‍.എ. നസീറിനെ, ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യമാണ് ഈ അവസരത്തില്‍ എനിക്ക് ഓര്‍മ വരുന്നത്.


‘ഇത്രയും കാലമുള്ള കാടു ജീവിതത്തില്‍ ഒരു വന്യമൃഗവും ഇതുവരെ ആക്രമിക്കാന്‍ വന്നിട്ടില്ളെയെന്ന്’ അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത്. ‘ഞാന്‍ ഇന്നുവരെ ഒരു ജീവിയെയും അങ്ങോട്ട് ആക്രമിക്കാന്‍ പോയിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചും ആക്രമിച്ചിട്ടില്ല എന്നാണ്’ കാലങ്ങള്‍ ഒരുപാട് പിന്നിട്ടെങ്കിലും ഇന്നും എന്‍െറ ഓരോ വനയാത്രയുടെ ധൈര്യവും ആ വാക്കുകളാണ്’. ബാവലിപുഴ മുറിച്ചു കടക്കുന്നതോടെ കേരളം അവസാനിക്കുന്നു. പിന്നീട് അങ്ങാട്ട് സ്വാഗതമരുളിയത് കര്‍ണാടകയിലെ കര്‍ഷക ഗ്രാമങ്ങളായിരുന്നു. പാടങ്ങളിലെല്ലാം കൃഷിക്കാര്‍ പണിയെടുക്കുന്നു. അതിനുചാരെ നില്‍ക്കുന്ന മരങ്ങളില്‍ കൃഷി നോക്കാനായി ഏറുമാടങ്ങള്‍. വഴിയരികില്‍ പുല്ലും വൈക്കോലും കൊണ്ട് നിര്‍മിച്ച കര്‍ഷകരുടെ വീടുകളില്‍ അടുപ്പുകള്‍ പുകയുന്നു.

പച്ചവിരിച്ച മൈതാനങ്ങളില്‍ കന്നുകാലികള്‍ മേയുന്നു. പ്രശാന്ത സുന്ദരമായ ഒരു കാഴ്ചകളൊക്കെ ആസ്വദിച്ചായിരുന്നു കുറച്ചുനേരമുള്ള യാത്ര അത് കഴിഞ്ഞതും വീണ്ടും വനത്തിലൂടെയായി സഞ്ചാരം. ആളനക്കം പിന്നില്‍ അകന്ന് അകന്ന്പോയിരുന്നു. അല്‍പസമയത്തിനുശേഷം റോഡരുകില്‍ കണ്ട ഒരു മനോഹര തടാകത്തിനരുകില്‍ വണ്ടി സൈഡാക്കി. തടാകത്തില്‍ വെള്ളം ഇറങ്ങിയസമയം നഗ്നമായ ഭാഗങ്ങളില്‍ പുല്ല് മുളക്കാന്‍ തുടങ്ങിയിരിക്കുന്നു. മറുവശത്തെ തടാക കരയില്‍ പാഴ്ച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നു. അതു കഴിഞ്ഞാല്‍ ഇലകൊഴിയും കാട് അതിനുമപ്പുറം ഹരിതവനം. ആ വശ്യമനോഹാരിത കാമറയില്‍ പകര്‍ത്തി വണ്ടി വീണ്ടും ബള്ളെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.

പിന്നീട് അങ്ങോട്ടുള്ള പാതയില്‍ സൈന്‍ബോര്‍ഡുകള്‍ക്ക് മാറ്റംവന്നു. കിലോമീറ്ററും ഹമ്പും സ്കൂളും ഒക്കെ ഉള്ള സൈന്‍ ബോര്‍ഡുകള്‍ക്ക് പകരം ആനയുടെ പടമുള്ള ബോര്‍ഡുകള്‍ മാത്രം. കൂടാതെ മരങ്ങളിലൊക്കെ അവിടെവിടെയായി ഏറുമാടങ്ങള്‍, നേരത്തെ കണ്ടത് കൃഷിനോക്കാനാണെങ്കില്‍ ഇപ്പൊ കണ്ടത് രക്ഷനേടാനാണ്. കൂട്ടംകൂട്ടമായി ഇറങ്ങുന്ന ആനക്കൂട്ടങ്ങളില്‍നിന്ന് കാടിന്‍െറ മക്കള്‍ക്ക് രക്ഷനേടാനാണ് ഇത്തരം ഏറുമാടങ്ങള്‍. ഒടുവില്‍ ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് സൂര്യന്‍ ഉച്ചക്ക് തലമുകളിലത്തെിയപ്പോള്‍ ബള്ളെ എന്ന ആന ഗ്രാമത്തില്‍ എത്തി. പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന ആനപിടിത്തല്‍ കേന്ദ്രമായിരുന്നു ഇവിടം.

വലിയ മരക്കൂട് തീര്‍ത്ത് പെരുമ്പറ മുഴക്കിയും വെടിയൊച്ച കേള്‍പ്പിച്ചും കാട്ടില്‍നിന്നും ആനകളെ അതിനകത്തേക്ക് ഓടിച്ചുകയറ്റിയും പതിവായി ആനകള്‍ നടക്കാറുള്ള വഴികളില്‍ വാരിക്കുഴികള്‍ തീര്‍ത്തുമൊക്കെയായിരുന്നു അന്നത്തെ പല സ്ഥലങ്ങളിലെയും ആനപിടിത്തങ്ങള്‍. വാരിക്കുഴിയുടെ കാര്യം പറയുമ്പോള്‍ എനിക്ക് പണ്ടുകാലത്ത് കോന്നി വനമേഘലയിലുണ്ടായിരുന്ന ഒരു കൊമ്പന്‍െറ കാര്യമാണ് ഓര്‍മവരുന്നത്. കാടിനകത്തൂടെയുള്ള അവന്‍െറ സഞ്ചാരത്തില്‍ എപ്പോഴും തുമ്പിക്കൈയില്‍ ഒരു കമ്പ് കരുതിയിരിക്കും. ചതിക്കുഴി എന്നും സംശയം തോന്നിയാല്‍ കുത്തിനോക്കുമായിരുന്നത്രെ. അത്രക്ക് ബുദ്ധിമാനായിരുന്നു അവന്‍.

ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ആനകളെ ഒന്നുംതന്നെ കണ്ടിരുന്നില്ല. മൂന്നു മണിയോടെ പാപ്പാന്മാര്‍ കാട്ടില്‍പോയി ആനകളെ എല്ലാംകൂടി കൊണ്ടുവന്നു. പിന്നെ അവിടെ ഒരു ഉത്സവ പ്രതീതിയായി. അമ്മ കൊച്ചു കുഞ്ഞിനെ പരിപാലിക്കുന്നതുപോലെയാണ് പാപ്പാന്മാര്‍ ആനകളെ പരിപാലിക്കുന്നത്. അവക്ക് ഭക്ഷണം കൊടുക്കുന്നു. തണുക്കാനായി ആവണക്കെണ്ണ പുരട്ടുന്നു. ഒപ്പം പാപ്പാന്മാരുടെ മക്കള്‍ കൊച്ചു കുട്ടികള്‍ വലിയ കൊമ്പന്മാരുടെ കൂടെ കളിക്കുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇന്നും ഇത്രയും മുതിര്‍ന്നിട്ടും നമ്മളില്‍ പലര്‍ക്കും ആനയുടെ അടുത്തേക്ക് പോകാന്‍ പോലും പേടിയാണ്. എന്നാല്‍, അവിടെ നിക്കറിട്ടുനില്‍ക്കുന്ന കുഞ്ഞു പൈതങ്ങള്‍പ്പോലും ആനയെ അനുസരിപ്പിക്കുന്നു.

ശരിക്കും ആനയും മനുഷ്യരും ഒരു കുടുംബം പോലെ കഴിയുന്നു. ഭക്ഷണത്തിനു ശേഷം അവ വീണ്ടും കാടുകയറുകയും പിറ്റേദിവസം രാവിലെ പാപ്പാന്മാര്‍ അവരെ കാട്ടില്‍പോയി കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്ന ഈ പ്രക്രിയ ദിവസവും നടക്കുന്നു. ആന പോകുന്ന വഴി അറിയാന്‍ വേണ്ടി അവയുടെ കാലില്‍ നീളത്തില്‍ ചങ്ങല ഇട്ടിട്ടുണ്ട്. ഈ ചങ്ങല പാടുനോക്കിയാണത്രെ പാപ്പാന്മാര്‍ ആനകളുടെ അടുത്തത്തെുക. എന്തായാലും ഇരുട്ടുവീണുകഴിഞ്ഞാല്‍ റോഡില്‍ ആന ഇറങ്ങും എന്നുള്ളതുകൊണ്ട് ഞങ്ങളും അധികം താമസിയാതെ ആ ആന ഗ്രാമത്തോടും സലാംപറഞ്ഞു മടങ്ങി.

ശ്രദ്ധിക്കേണ്ടവ:

  1. ബള്ളെ പോലെ മനോഹരമാണ് അവിടേക്കുള്ള വഴിയോര കാഴ്ചകളും.
  2. ആനകളുടെ ശല്യം ഉള്ളതു കൊണ്ടുതന്നെ ഇരുട്ടുവീഴുന്നതിനു മുന്നെ യാത്ര അവസാനിപ്പിക്കുക.
  3. കാട്ടികുളത്തു നിന്നും അത്യാവശ്യ സാധനങ്ങള്‍ കരുതുക.
  4. രാവിലെയോ ഉച്ചകഴിഞ്ഞോ ബള്ളെയില്‍ എത്തുന്നതായിരിക്കും ഉചിതം. കാരണം അപ്പോഴാണ് അവക്ക് ഭക്ഷണം നല്‍കുക.

അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍: കുറുവ ദ്വീപ്, തിരുനെല്ലി, തോല്‍പ്പെട്ടി, കബനി. വഴി: മാനന്തവാടി, കാട്ടിക്കുളം, ബാവലി, ബള്ളെ.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT