തൃശൂർ: സൈക്കിളിൽ രണ്ടുതവണ ഹിമാലയൻ യാത്ര നടത്തിയ ഒരു ‘സൈക്കിൾ അംബാസിഡർ’ ഉണ്ട് തൃശൂരിൽ; പാമ്പൂർ സ്വദേശി ഹരി. റൈഡർമാരുടെ പറുദീസയായ കർദുംഗ ലാ പാസിൽ സൈക്കിളിലെത്തിയ ആദ്യ മലയാളി സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. സിംല സ്പിറ്റി വാലി, ഗോവ, ഊട്ടി, കൊടൈക്കനാൽ, കുടജാദ്രി, എർക്കാട് തുടങ്ങി ഹരി സൈക്കിളിൽ കീഴടക്കിയ ഗിരിശൃംഖനിരകൾ നിരവധിയാണ്.
അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഹരി 2013ലാണ് നാലു സുഹൃത്തുക്കളുമൊത്ത് ഹിമാലയത്തിലേക്ക് ആദ്യമായി സൈക്കിളോടിച്ചത്. ലഡാക്കിൽ നിന്ന് രാവിലെ എം.ടി.ബി സൈക്കിളിൽ യാത്ര തിരിച്ച് വൈകുന്നേരം അവിടെയെത്തി മടങ്ങുേമ്പാൾ പർവതങ്ങളുടെ നിഴൽ വീണ ഇരുട്ടുപാതയിലൂടെയുള്ള യാത്ര മരണം മുന്നിൽ കണ്ടുകൊണ്ടായിരുന്നെന്ന് ഹരി ഓർക്കുന്നു.
സിംലയിലെ സ്പിറ്റ് വാലി യാത്രയിൽ മലയിടിച്ചിലിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അനുഭവവും ഇദ്ദേഹത്തിനുണ്ട്. ഫ്രാൻസിലെ ഓഡക്സ് ക്ലബ് കേരളത്തിൽ നടത്തുന്ന സൈക്കിൾ റൈഡിൽ തെരഞ്ഞടുക്കപ്പെട്ട ‘സൂപ്പർ റൈഡ’റാണ് ഹരി. അതിലെ മാനദണ്ഡങ്ങളിലൊന്ന് 1000 കിലോ മീറ്റർ റൈഡായിരുന്നു. മൂന്നു ദിവസം രാത്രിയും പകലും തുടർച്ചയായ സൈക്കിൾ യാത്ര. പത്തോ പതിനഞ്ചോ മിനിട്ട് മാത്രം ഉറക്കം. മലയാളികളായ മൂന്നുപേർ മാത്രമായിരുന്നു അന്ന് മത്സരത്തിനുണ്ടായിരുന്നതെന്ന് ഹരി പറയുന്നു.
1994ൽ കൂട്ടുകാരുമൊത്ത് ഊട്ടിയിലേക്ക് ലുങ്കിയുമുടുത്ത് നടത്തിയ യാത്രയിലായിരുന്നു ‘സൈക്കിൾ യാത്രാ ഭ്രാന്ത്’ തുടങ്ങിയത്. പിന്നീട് യാത്രകൾ പതിവായി. അഞ്ചു തവണ ഊട്ടിയിലേക്ക് സൈക്കിളിൽ പോയി. 2009ൽ തിരുവനന്തപുരത്തെ ചില്ല എന്ന സംഘടന സംഘടിപ്പിച്ച കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പങ്കാളിയായി. അവസാനം പോയ നീണ്ട യാത്ര ഡിസംബറിൽ കുടജാദ്രിയിലേക്കുള്ളതായിരുന്നു. ‘സൈക്കിൾ ടൂറിസ’മാണ് നാളെയുടെ ഭാവിയെന്ന് ഹരി വിശ്വസിക്കുന്നു. കുറച്ചുനാൾ കേന്ദ്ര പദ്ധതിയായ ‘അമൃതം ആരോഗ്യ’ത്തിെൻറ അംബാസിഡറായിരുന്നു ഹരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.