ബീജിങ്: അബദ്ധത്തിൽ 8,500 മീറ്ററിലധികം ഉയരത്തിൽ പറന്ന ചൈനീസ് പാരാഗ്ലൈഡർ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ ചൈനയിൽ പരിശീലന പറക്കലിനിടെ പെങ് യുജിയാങ് എന്ന 55 കാരനായ പാരാഗ്ലൈഡറാണ് അബദ്ധത്തിൽ 8,500 മീറ്ററിലധികം ഉയരത്തിൽ വായുവിലേക്ക് പറന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വടക്കൻ ചൈനയിലെ ക്വിലിയൻ പർവതനിരയിലെ ഏകദേശം 3,000 മീറ്റർ ഉയരത്തിൽ നിന്നാണ് പെങ് യുജിയാങ് ആരംഭിച്ചത്.
ആകസ്മികമായി മുകളിലേക്കുണ്ടായ ശക്തമായ വായുപ്രവാഹത്തിൽ പെങ് മുകളിലേക്കുയരുകയായിരുന്നു. ശനിയാഴ്ച നടന്ന സംഭവങ്ങൾ പെങ്ങിന്റെ ഗ്ലൈഡറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പകർത്തിയിരുന്നു. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനിൽ പോസ്റ്റ് ചെയ്തതോടെ ദൃശ്യങ്ങൾ വൈറലായി. മുകളിലേക്കുയർന്നപ്പോൾ പെങ് ഗ്ലൈഡറിന്റെ നിയന്ത്രണങ്ങൾ മുറുകെ പിടിക്കുന്നതും മുഖവും ശരീരത്തിന്റെ ഭൂരിഭാഗവും ഐസ് ക്രിസ്റ്റലുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നതും വീഡിയോയിൽ കാണാം. 'ക്ലൗഡ് സക്ക്' എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഗ്ലൈഡറിനെ ഇത്രയും ഉയരത്തിലേക്ക് വലിച്ചു കൊണ്ടുപോയത്.
'ഭയാനകമായിരുന്നു... എല്ലാം വെളുത്തതായിരുന്നു. എനിക്ക് ഒരു ദിശയും കാണാൻ കഴിഞ്ഞില്ല. കോമ്പസ് ഇല്ലായിരുന്നെങ്കിൽ ഞാൻ ഏത് വഴിക്കാണ് പോകുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ നേരെ പറക്കുകയാണെന്ന് കരുതി. വാസ്തവത്തിൽ ഞാൻ കറങ്ങുകയായിരുന്നു.' അദ്ദേഹം പറഞ്ഞു. എവറസ്റ്റിന്റെ ഉയരത്തേക്കാൾ അല്പം താഴെയുള്ള ഉയരത്തിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ പെങ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
'എനിക്ക് വേഗം താഴേക്ക് വരണമെന്ന് തോന്നി. പക്ഷേ എനിക്ക് കഴിഞ്ഞില്ല. മേഘത്തിനുള്ളിൽ എത്തുന്നതുവരെ എന്നെ അത് കൂടുതൽ കൂടുതൽ ഉയർത്തിക്കൊണ്ടുപോയി.' അദ്ദേഹം പറഞ്ഞു. നാലര വർഷമായി പാരാഗ്ലൈഡിങ് ചെയ്യുന്നയാളാണ് പെങ്. ഗ്ലൈഡർ വായുവിൽ കറങ്ങുമ്പോൾ അതിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ചതായിരുന്നു ഏറ്റവും ഭയാനകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അനധികൃത പറത്തലിന് പെങ്ങിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.