'സുഹൃത്തുക്കളേ, ഞമ്മള് വിജയിച്ചിരിക്കുന്നു.. ഇതിനപ്പുറം എന്തുവേണം'; ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറി മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ

മലപ്പുറം: ലോകത്തിലെ ഏറ്റവും ഉയർന്ന വാഹന സഞ്ചാരയോഗ്യമായ റോഡാണ് ലഡാക്കിലെ ഉംലിങ് ലാ പാസ്. സൈക്കിളിലും സ്കൂട്ടറിലുമൊക്കെ 19,300 അടി ഉയരത്തിലുള്ള ഉംലിങ് ലാ കീഴടക്കിയ മലയാളികളെ കുറിച്ചുള്ള വാർത്തകൾ ഏറെ വായിച്ചിട്ടുണ്ടാകും.

എന്നാൽ, കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ ഉംലിങ് ലാ ഉച്ചിയിലേക്ക് ഓടിയെത്തി. ദുർഘടമായ വഴികളെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് മലപ്പുറത്ത് നിന്നും രാജ്യം ചുറ്റാനിറങ്ങിയ മൂന്ന് യുവാക്കളാണ് ഓട്ടോയുമായി ലഡാക്കിന്റെ നെറുകയിലേക്ക് ഓടിക്കയറിയത്. 

മലപ്പുറം മേൽമുറി ആലത്തൂർപ്പടി സി.കെ.മുഹമ്മദ് സൽമാൻ (30), കൊണ്ടോട്ടി കാളോത്ത് സ്വദേശി സി.പി.ജവാദ് (25), കൽപകഞ്ചേരി ജപ്പാൻ പടി കെ.പി ഇബ്രാഹിം (34) എന്നിവരാണ് 14000 കിലോമീറ്ററോളം നീളുന്ന ഒരു സാഹസിക യാത്രക്കായി പുറപ്പെട്ടത്.   

ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രി വരെ തണുപ്പുണ്ടാകുന്ന ഇവിടെ ഓക്സിജൻ അളവ് സമുദ്രനിരപ്പിലുള്ളതിന്റെ പകുതിമാത്രമായി താഴാറുണ്ട്. ഇവിടെ സഞ്ചരിക്കുക ദുഷ്കരമാണ്. 19,022 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉംലിങ് ലാ സഞ്ചാരികളുടെയും ബൈക്കര്‍മാരുടെയും സ്വപ്‌ന പാതയാണ്.


ഫെബ്രുവരി ഒൻപതിന് മലപ്പുറത്ത് നിന്നും ആരംഭിച്ച യാത്ര നാല് മാസം പിന്നിടുമ്പോൾ 22 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്ന് നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ എന്നീ രാജ്യങ്ങൾ പിന്നിട്ടു.

കെ.എൽ.10 എ.സി 5680 നമ്പറിലുള്ള 2009 മോഡൽ ഡീസൽ പ്രൈവറ്റ് ഓട്ടോറിക്ഷയുമായാണ് രാജ്യം ചുറ്റുന്നത്. ടൈൽസ് ജോലികൾ ചെയ്യുന്ന സൽമാന്റെ ആഗ്രഹമാണ് ഈ യാത്രക്ക് കാരണമായത്.

സമൂഹമാധ്യമങ്ങളിലൂടെ ഈ ആഗ്രഹം പങ്കിട്ടപ്പോൾ പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത രണ്ടു പ്രവാസികൾ (ഇബ്രാഹിം, ജവാദ്) സൽമാനൊപ്പം യാത്രക്കായി ഒരുങ്ങി. എട്ടുമാസത്തെ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടറും പുഷ്ബാക്ക് സീറ്റും ഫാൻ, വെളിച്ചം, സി.സി.ടി.വി എന്നിവയും ഇവ പ്രവർത്തിക്കാൻ ആവശ്യമായ സോളാർ സംവിധനവും വരെ ഒരുക്കിയാണ് യാത്ര. യാത്രയുടെ വലിയൊരുഭാഗവും പൂർത്തിയാക്കിയ സംഘം രണ്ടു മാസത്തിനകം മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണം.



Tags:    
News Summary - Malappuram residents conquer Umling La Pass in autorickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.