അഞ്ചുനാടിന്‍റെ ചരിത്രം പേറി വീരക്കല്ല്

മറയൂര്‍: അഞ്ചുനാടിന്‍റെ പുരാതന ചരിത്രത്തിന്‍റെ നേർക്കാഴ്ചയാണ് മറയൂരിലെ വീരക്കല്ല്. മറയൂര്‍ അഞ്ചുനാട് ഗ്രാമത്തിന്‍റെ കവാടമായ തലൈവാസലിന്‍റെ മുന്‍ വശത്തുള്ള ആല്‍മരത്തിന്‍റെ ചുവട്ടിലാണ് വീരക്കല്ല് ചരിത്രശേഷിപ്പായി തലയുയർത്തി നില്‍ക്കുന്നത്. 11ാം നൂറ്റാണ്ട് മുതല്‍ 13ാം നൂറ്റാണ്ടുവരെയുള്ള ചരിത്രമാണ് വീരക്കല്ലില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. രണ്ടരയടി ഉയരത്തിലും അരയടി വീതിയിലുമുള്ള വീരക്കല്ലാണ് മറയൂരിലേത്.

ഒമ്പതാം നൂറ്റാണ്ട് മുതല്‍ 15ാം നൂറ്റാണ്ട് വരെയാണ് ഹീറോസ്റ്റോണ്‍ അഥവാ വീരക്കല്ല് ഉപയോഗിച്ച് വന്നിരുന്നതെന്ന് പറയപ്പെടുന്നു. നവീന ശിലായുഗത്തിന്‍റെ അവസാനഘട്ടത്തില്‍ ജീവിച്ചിരുന്ന വീരപുരുഷന്‍മാരുടെയും-ധീര സ്ത്രീകളുടെയും ചരിത്രമാണ് വീരക്കല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവര്‍ ജീവിച്ചിരുന്ന വംശത്തിലെ രാജാക്കൻമാർ-സൈനിക തലവൻമാർ എന്നിവര്‍ മരണപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ ആണ് വീരക്കല്ല് ജനവാസ കേന്ദ്രത്തിലെ ആരാധന ഭാഗത്തോ ഉയര്‍ന്ന ഭൂപ്രദേശങ്ങളിലോ സ്ഥാപിക്കുന്നത്.

ഗ്രാമത്തിന് ഭീഷണിയായി തീര്‍ന്നിട്ടുള്ള പുലി, കടുവപോലുള്ള വന്യമൃഗങ്ങളെ കൊലപ്പെടുത്തുന്നവരുടെയും ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കുന്ന സ്ത്രീകളുടെയും ജീവചരിത്രവും വീരക്കല്ലില്‍ രേഖപ്പെടുത്തി കാണുന്നു. വ്യക്തികളുടെ രൂപങ്ങളോടുകൂടിയ വീരക്കല്ലുകളും ചരിത്രം എഴുതിയ വീരക്കല്ലുകളുമുണ്ട്. മറയൂര്‍ വീരക്കല്ലില്‍ പ്രാചീന തമിഴാണ് എഴുതിയിരിക്കുന്നത്. മുന്‍ ട്രാവന്‍കൂര്‍ എത്തിയോഗ്രഫി മേധാവി വാസുദേവ വാര്യരാണ് മറയൂര്‍ വീരക്കല്ല് പഠന വിധേയമാക്കിയിട്ടുള്ളത്.

കേരളത്തിന് പുറമെ കര്‍ണാടകയിലും തമിഴ്നാട്ടിലെ ഉസലംപെട്ടി ഭാഗങ്ങളിലും വീരക്കല്ല് കണ്ടെത്തിയിട്ടുണ്ട്. മറയൂര്‍ താഴ്വരയിലെ വിവിധ ആരാധന കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ കൊത്തിയെടുത്ത വീരക്കല്ലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. നാച്ചിയമ്മന്‍ എന്നപേരിലാണ് ഇവ അറിയപ്പെടുന്നത്. നാച്ചിവയല്‍ എന്ന പേരില്‍ ഒരു മേഖല തന്നെ മറയൂരിലുണ്ട്. മറയൂര്‍ ഗ്രാമത്തിന് മുന്‍ വശത്തായി 1995ല്‍ സ്റ്റേജ് നിര്‍മിക്കുന്ന അവസരത്തിലാണ് വീരക്കല്ല് കണ്ടെത്തുന്നത്. ഉപേക്ഷിക്കപ്പെടുമായിരുന്ന ഈ ചരിത്രശിലയെ ഗ്രാമത്തിലെ പ്രഹ്ലാദന്‍ എന്ന വ്യക്തിയാണ് സുരക്ഷിതമായി ആലിന്‍ചുവട്ടില്‍ സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. 

Tags:    
News Summary - the history of veerakkallu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.