ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനവും ഓൺ-അറൈവൽ വിസ സൗകര്യവും നൽകിയിരുന്ന നാല് വിദേശ രാജ്യങ്ങൾ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്തി. ഇറാൻ, ബൊളീവിയ, കേപ് വെർഡെ ദ്വീപുകൾ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്കുള്ള വിസ ചട്ടങ്ങൾ കർശനമാക്കിയത്. യാത്രയ്ക്ക് മുൻപ് മുൻകൂർ അനുമതിയോ ഇ-വിസയോ നിർബന്ധമാക്കുന്ന രീതിയിലേക്കാണ് ഈ രാജ്യങ്ങൾ മാറിയത്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിലെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിങ് 75-ൽ നിന്ന് 81-ലേക്ക് താഴ്ന്നു. നിലവിൽ 55 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാനാകുന്നത്.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ഇറാൻ: ഇന്ത്യൻ സാധാരണ പാസ്‌പോർട്ട് ഉടമകൾക്കായി നൽകിയിരുന്ന വിസ ഒഴിവാക്കൽ പദ്ധതി ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു.
ബൊളീവിയ: മുൻപ് വിമാനം ഇറങ്ങുമ്പോൾ ലഭിച്ചിരുന്ന വിസ ഓൺ അറൈവൽ സൗകര്യം അവസാനിപ്പിച്ച് പകരം ഇ-വിസ രീതി നടപ്പിലാക്കി. ഇനി മുതൽ യാത്ര തിരിക്കും മുൻപ് ഓൺലൈനായി അപേക്ഷിച്ച് അനുമതി വാങ്ങേണ്ടതുണ്ട്.
കേപ് വെർഡെ ദ്വീപുകൾ: കേപ് വെർഡെയും ഓൺ-അറൈവൽ വിസ സംവിധാനം നിർത്തലാക്കി. കൃത്യമായ വിസയില്ലാതെ എത്തുന്ന യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടും.
നിക്കരാഗ്വ: ഇന്ത്യക്കാരെ 'കാറ്റഗറി സി' (കൺസൾട്ടഡ് വിസ) വിഭാഗത്തിലേക്ക് മാറ്റി. യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ നിക്കരാഗ്വ ഇമിഗ്രേഷൻ അതോറിറ്റിയുടെ പ്രത്യേക മുൻകൂർ അനുമതി പത്രം വാങ്ങിയിരിക്കണം.
വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നതിന് മുൻപ് യാത്രക്കാർ അതത് രാജ്യങ്ങളുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നിബന്ധനകൾ കൃത്യമായി പരിശോധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.