ഡോ. നാരായണൻ പുതുശ്ശേരി, ടോക്കിയോയിലെ സാകുറ പുഷ്പോത്സവകാലം

പ്രായമാകുമ്പോൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ സുരക്ഷിതത്വം തേടുന്നവർക്കുമുന്നിൽ ഡോ. നാരായണൻ പുതുശ്ശേരി വേറിട്ട ചരിത്രം തീർക്കുകയാണ്. മട്ടന്നൂർ ഗാന്ധി റോഡ് ‘മിഥില’യിലെ 80 വയസ്സ് പിന്നിട്ട ഡോ. നാരായണൻ പുതുശ്ശേരി ഏഴ് ഭൂഖണ്ഡങ്ങളും ഇതിനകം കീഴടക്കിക്കഴിഞ്ഞു. പ്രായം വെറും അക്കം മാത്രമാണെന്നും യാത്രചെയ്യാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നുമാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ നാവികസേനയിൽനിന്ന് മാർഷൽ ചീഫ് പെറ്റി ഓഫിസറായി വിരമിച്ച നാരായണൻ ഇതിനകം 50 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു.

അസകുസ ക്ഷേത്രത്തിലെ തണ്ടർ ഗേറ്റ്

പാതിരാസൂര്യന്‍റെ നാട്ടിൽ

കൊളംബോയിൽ ചൈന നിർമിച്ച ലോട്ടസ് ടവർ

കുട്ടിക്കാലം മുതൽ മനസ്സിൽ കാത്തുസൂക്ഷിച്ച യാത്രയോടുള്ള പ്രണയം ഇന്നും തുടരുകയാണ് അദ്ദേഹം. മട്ടന്നൂർ ശിവപുരം യു.പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയ എസ്.കെ. പൊറ്റെക്കാട്ടിന്‍റെ ‘പാതിരാസൂര്യന്‍റെ നാട്ടിൽ’ വായിച്ചതാണ് യാത്രകളോട് പ്രത്യേക ഇഷ്ടം തോന്നാനിടയാക്കിയതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് ആ നാട്ടിലേക്ക് പോവുകയും ചെയ്തു.

നേവിയിലും ശേഷം കസ്റ്റംസിലും സർവിസിലിരിക്കുമ്പോൾ സാധ്യമായ അവസരങ്ങളൊക്കെയും യാത്രകൾക്കായി മാറ്റിവെച്ചു. 1970ൽ കശ്മീരിൽ ഒറ്റക്ക് യാത്രചെയ്തു. ശ്രീലങ്ക, മാലദ്വീപ്, മൊറീഷ്യസ് എന്നിവിടങ്ങളിൽ ഡ്യൂട്ടിയുടെ ഭാഗമായി യാത്രചെയ്തത് പാസ്പോർട്ട്പോലുമില്ലാതെ. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഇതിനിടെ സന്ദർശിച്ചു. കൈലാസ യാത്രയും നടത്തി. നേപ്പാൾ വഴിയായിരുന്നു യാത്ര. ജൈവകൃഷിയെക്കുറിച്ചുള്ള സെമിനാറിൽ സംബന്ധിക്കാൻ 2008ൽ തായ്വാനിലുമെത്തി. തായ്‍ലൻഡ്, കംബോഡിയ, വിയറ്റ്നാം സന്ദർശിച്ചു. 2018ൽ യൂറോപ്പിലെ 10 രാജ്യങ്ങൾ. 2019ൽ ഐക്യരാഷ്ട്ര സഭയിൽ സുസ്ഥിര വികസനം എന്ന വിഷയത്തിൽ സംബന്ധിക്കാൻ അമേരിക്കയിലെത്തി. 2022ൽ സൗത്ത് അമേരിക്ക മുഴുവനായും സഞ്ചരിച്ചു. അന്‍റാർട്ടിക്ക വൻകരയിൽ പോയെങ്കിലും ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ചുറ്റുമുള്ള ദ്വീപുകളിലൂടെ 14 ദിവസം കപ്പലിൽ യാത്രചെയ്തു. കാനഡ, അലാസ്ക എന്നിവിടങ്ങളിലൂടെയും സഞ്ചരിച്ചു.

നേവിയിലേക്ക്

ടോക്യോയിലെ അസാകുസ ബുദ്ധ ക്ഷേത്രം

പത്താംക്ലാസ് കഴിഞ്ഞശേഷമാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ നേവി റിക്രൂട്ട്മെന്‍റ് കേന്ദ്രത്തിലെത്തിയത്. പുനെയിൽ നടന്ന വിവിധ പരീക്ഷകൾ, മെഡിക്കൽ എന്നീ കടമ്പകൾ കടന്ന് 1964ൽ നേവിയിലേക്ക്. പുനെ ലോനാവ്ലയിലെ മറൈൻ എൻജിനീയറിങ് കോളജിൽ അഞ്ചുവർഷത്തെ തീവ്രപരിശീലനത്തിനുശേഷം 1968 ഫെബ്രുവരിയിൽ ഐ.എൻ.എസ് കഠാർ കപ്പലിൽ നിയമനം. കുട്ടിമനസ്സിൽ തോന്നിയ യാത്രാകമ്പം ഏഴ് ഭൂഖണ്ഡങ്ങൾ കണ്ടും കീഴടക്കിയും 80ന്റെ നിറവിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്‍റെ മനസ്സിന് ഇന്നും ചെറുപ്പത്തിന്‍റെ ഊർജസ്വലതയിലാണ്.

റെഡ്‌വുഡ് മരങ്ങൾ

തുടക്കം ഏഴാം ക്ലാസിൽനിന്ന്

ഖജുരാഹോ

ശിവപുരം സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തലശ്ശേരിയിലേക്ക് സ്കൂൾ ടൂർ സംഘടിപ്പിച്ചിരുന്നു. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ പുസ്തകം നൽകിയ ആവേശത്തിൽ വിഷയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അനുകൂലമായിരുന്നില്ല അച്ഛന്‍റെ മറുപടി. നിർത്താതെ ശല്യം ചെയ്തപ്പോൾ ഒടുവിൽ അനുമതി കിട്ടി. തുക കിട്ടിയതോടെ യാത്ര പോകുന്ന കുട്ടികളോട് എത്താൻ നിർദേശിച്ച ഉരുവച്ചാലിൽ ഓടിക്കിതച്ച് എത്തുമ്പോഴേക്കും മറ്റു കുട്ടികളും അധ്യാപകരും തലശ്ശേരിയിലേക്ക് പുറപ്പെട്ടിരുന്നു. മട്ടന്നൂരിൽനിന്ന് തലശ്ശേരിക്ക് അക്കാലത്ത് മൂന്ന് ബസ് മാത്രമേയുള്ളൂ. കുറച്ചു കഴിെഞ്ഞ ത്തിയ ബസിൽ തലശ്ശേരിക്ക് പോയി. ചെറിയ കുട്ടി ബസിൽ തനിച്ച് പോകുന്നതിൽ ബസ് ജീവനക്കാർക്ക് അത്ഭുതം. അവർ കാര്യം തിരക്കി. സംഭവമറിഞ്ഞ് അവർ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രസംഘത്തെ തേടിപ്പിടിച്ച് നാരായണനെ അവർക്കൊപ്പമാക്കി. ഇതായിരുന്നു യാത്രകൊണ്ട് ലോകംതന്നെ കീഴടക്കിയ ഡോ. നാരായണൻ പുതുശ്ശേരിയുടെ ‘ആദ്യ യാത്ര’.

ജപ്പാനിലെ മംഗോളിയൻ കുടിയേറ്റത്തിന്റെ ചരിത്ര സാക്ഷിയായി ടോട്ടം തൂൺ

 കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്കുള്ളതായിരുന്നു രണ്ടാമത്തെ യാത്ര, ഇന്ത്യൻ നേവിയിലേക്ക് റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കാൻ. കണ്ണൂർ ജില്ലക്ക് പുറത്തേക്കുള്ള ആദ്യയാത്രയും ഇതായിരുന്നു. വീട്ടിൽ പറയാതെയാണ് പോയത്. മെഡിക്കൽ ടെസ്റ്റ് പാസായ 89 പേരാണ് എഴുത്തുപരീക്ഷക്ക് അർഹത നേടിയത്. എഴുത്തുപരീക്ഷയിൽ 13 പേർ വിജയിച്ചു. അടുത്ത മെഡിക്കലിൽ ഒരാൾകൂടി പുറത്തായി. അങ്ങനെ നാരായണൻ ഉൾപ്പെടെ 12 പേർ ലോനാവ്ലയിലെ മറൈൻ എൻജിനീയറിങ് കോളജിലേക്ക്. അങ്ങനെ 1964 ഫെബ്രുവരി ഒന്നിന് നാവിക സേനയുടെ 43ാമത് ആർട്ടിഫിസർ അപ്രന്‍റിസ് ബാച്ചിൽ ട്രെയിനിയായി തുടക്കം. ഇന്ത്യൻ നേവിയുടെ എൻജിനീയറിങ് വിഭാഗത്തിൽ അഞ്ചുവർഷത്തെ തീവ്രപരിശീലനം. 1968ൽ പരിശീലനം പൂർത്തിയായി. രണ്ട് ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും പങ്കെടുത്തു. ഗോവ ഷിപ് യാർഡിൽ സീനിയർ എൻജിനീയർ തസ്തികയിൽ നിയമനം കിട്ടിയതോടെ നാവിക സേനയിൽനിന്ന് വിരമിച്ചു. എന്നാൽ, നിയമനം വൈകിയതോടെ ഇന്ത്യൻ കസ്റ്റംസിൽ ഓഫിസറായി. പിന്നീട് പ്രിവന്‍റിവ് സൂപ്രണ്ടായി. കസ്റ്റംസ് ലീഗൽ സെൽ, എയർ ഇന്‍റലിജൻസ് യൂനിറ്റ്, ഐ.ടി സെൽ എന്നിവയുടെയും ചുമതലകൾ വഹിച്ചു.

മനസ്സിലെന്നും യാത്രകൾ

യാത്രസംഘത്തോടൊപ്പം ആസ്ട്രേലിയയിൽ

 ഇന്ത്യന്‍ നേവിയിലെ മിസൈല്‍ ബോട്ട് മെയിന്‍റനന്‍സ് വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ യാത്രകള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും വിനിയോഗിച്ചിരുന്നു. യാത്രാലക്ഷ്യത്തോടെ മേലുദ്യോഗസ്ഥരില്‍നിന്നും അനുമതി വാങ്ങിയെടുക്കുകയും ചെയ്യാറുണ്ട്. മഹാരാഷ്ട്രയിലെ മാതേരനില്‍നിന്ന് നാരോഗേജ് തീവണ്ടിയില്‍ മലയിടുക്കുകളിലെ പ്രകൃതിയെ കണ്ടറിഞ്ഞുള്ള യാത്ര ഇന്നും ഓർമകളിലെ ഏറ്റവും പ്രിയപ്പെട്ടതാണ്. അധികാരികളില്‍നിന്ന് അവധി നീട്ടിവാങ്ങി കശ്മീര്‍ സന്ദര്‍ശിച്ചതും മറക്കാനാവാത്ത അനുഭവംതന്നെ.

പ്രായമാകുന്തോറും തന്റെ യാത്രകളുടെ സുഖം കൂടിവരുകയാണെന്ന് ഡോ. നാരായണന്‍ പറയുന്നു. യുവത്വത്തിന്‍റെ പ്രസരിപ്പും ആർജവവും കൈവിടാതെയാണ് ആസ്‌ട്രേലിയയും ന്യൂസിലൻഡും കണ്ട് നാരായണൻ മടങ്ങിയത്. നേവിയില്‍നിന്ന് വിരമിച്ച് കസ്റ്റംസില്‍ ജോലി ചെയ്യവേ കേരളത്തില്‍നിന്ന് ആദ്യമായി കൈലാസ യാത്ര നടത്തിയ സംഘത്തില്‍ നാരായണനും സ്ഥാനംപിടിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സംഘം. എന്നാല്‍, സിനിമയുടെ ചിത്രീകരണ സമയത്ത് പരിക്കേറ്റതിനാല്‍ മോഹന്‍ലാലിന്റെ യാത്ര മുടങ്ങി. ‍ലാല്‍ കൈലാസത്തിലേക്ക് പോകുന്നതറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും യാത്രാസംഘത്തില്‍ ഉണ്ടായിരുന്നു.

ഓഷ്യാനിയയിൽ

ആസ്‌ട്രേലിയ, ന്യൂസിലൻഡ്, പാപ്വന്യൂഗിനി, ആയിരക്കണക്കിന് ചെറിയ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്ന മധ്യ, തെക്കൻ പസഫിക് സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂമിശാസ്ത്ര മേഖലയായ, ഭൂഖണ്ഡ തുല്യമായ ഓഷ്യാനിയ കണ്ടു മടങ്ങിയതോടെ ഡോ. നാരായണന്‍ പുതുശ്ശേരി എന്ന എണ്‍പതുകാരന്‍റെ യാത്രകള്‍ ചരിത്രമാവുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ജപ്പാന്‍ സന്ദര്‍ശിച്ച അദ്ദേഹം ലോക യാത്രകള്‍ക്ക് താൽക്കാലിക വിരാമമിട്ടിരിക്കയാണ്. കേരളം ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലെ ജനജീവിതം നേരിട്ടറിയാന്‍ സ്വദേശ യാത്രകള്‍ നടത്താനാണ് ഇനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. മട്ടന്നൂര്‍ ഗാന്ധി റോഡിലെ ‘മിഥില’യില്‍നിന്ന് സ്വപ്‌നം കണ്ട ജപ്പാന്‍ ഏപ്രിലിൽ സന്ദർശിച്ചതോടെ 50 രാജ്യങ്ങൾ സന്ദർശിക്കുകയെന്ന ചിരകാല അഭിലാഷവും അദ്ദേഹം യാഥാർഥ്യമാക്കി. പശ്ചിമഘട്ടം സന്ദര്‍ശിച്ച് ഒരു ഗ്രന്ഥ രചനകൂടി നടത്താനും അദ്ദേഹത്തിന് മോഹമുണ്ട്.

പ്രതിഭയുടെ പേര്

യാത്രക്കൊരുങ്ങി ഡോ. നാരായണൻ പുതുശ്ശേരി

 നേവൽ ആർക്കിടെക്റ്റ്, യോഗ ആചാര്യൻ, യോഗ തെറപ്പിസ്റ്റ്, സാമൂഹികസേവകൻ... ഡോ. നാരായണൻ പുതുശ്ശേരി ഒരു ബഹുമുഖ പ്രതിഭയാണ്. നീണ്ട 21 വർഷങ്ങൾ ഇന്ത്യൻ നാവികസേനയുടെ ഭാഗമായും നാവികസേനയിൽനിന്ന് വിരമിച്ചതിന് ശേഷം 15 വർഷം ഇന്ത്യൻ കസ്റ്റംസിലും വിവിധ പദവികൾ വഹിച്ചു. 2019ൽ ഐക്യരാഷ്ട്ര സഭ സമ്മേളത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

അദ്ദേഹത്തിന്‍റെ യാത്ര ലോകരാഷ്ട്രങ്ങളിൽ മാത്രമല്ല. ഇന്ത്യയിൽ അദ്ദേഹം യാത്ര പോകാത്തതായി മണിപ്പൂർ, നാഗാലൻഡ്, ത്രിപുര എന്നിവിടങ്ങൾ മാത്രമേയുള്ളു. യാത്ര പ്ലാൻ ചെയ്യുന്നതിന് മുന്നോടിയായി, സന്ദർശിക്കുന്ന പ്രദേശത്തിന്‍റെ ചരിത്രപരമായും ഭൂമിശാസ്ത്ര പരമായുമുള്ള പ്രത്യേകതകളെക്കുറിച്ച് പഠനം നടത്തുക പതിവാണ്. എന്നാൽ, അദ്ദേഹത്തെ വെറുമൊരു സഞ്ചാരിയായി കാണാൻ ശ്രമിക്കുന്നത്, അദ്ദേഹത്തിന്‍റെ ബഹുമുഖ സാമൂഹിക ഇടപെടലുകളെ വിസ്മരിക്കുന്നതിന് തുല്യമാകും. ഓയിസ്ക ഇന്റർനാഷനൽ, മട്ടന്നൂരിലെ ഓയിസ്ക എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ്, ഓയിസ്‌ക സ്പെഷൽ സ്കൂൾ, ഓയിസ്ക തേഡ് ഏജ് സെന്റർ അഥവാ സൗഖ്യ റിട്രീറ്റ് വില്ലേജ് മട്ടന്നൂർ, മഹാദേവ എജുക്കേഷനൽ ട്രസ്റ്റ് മട്ടന്നൂർ, മഹാത്മാ ദേശസേവ ട്രസ്റ്റ് വടകര, മഹാത്മാ മന്ദിരം കണ്ണൂർ, ഹോപ്പ് ചാരിറ്റബ്ൾ ട്രസ്റ്റ് പിലാത്തറ തുടങ്ങിയ സാമൂഹിക-ജീവകാരുണ്യ സംഘടനകൾ, കൂടാതെ പീപ്ൾസ് മൂവ്മെൻറ് ഫോർ പീസ് കണ്ണൂർ, ഏകത പരിഷദ് ന്യൂഡൽഹി എന്നീ ഗാന്ധിയൻ സംഘടനകളിലൂടെയും നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ തിരക്കിലാണ് അദ്ദേഹം. പരിസ്ഥിതി മലിനീകരണത്തിനെതിരായി ‘യോദ്ധാവ്’ എന്ന പേരിൽ 25 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വ ചിത്രവും അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ജാനകിയമ്മ നൽകുന്ന പിന്തുണയാണ് ഡോ. നാരായണൻ പുതുശ്ശേരിയുടെ കരുത്ത്. മക്കൾ: രേശ്മ പുതുശ്ശേരി, സീമ പുതുശ്ശേരി, ഗിരീഷ് പുതുശ്ശേരി.

Tags:    
News Summary - 80 years, 50 countries, 7 continents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.