അഫ്ഗാനിസ്താനിൽ മലയാളി ട്രാവൽ വ്ലോഗർ അരുണിമയെ താലിബാൻ കസ്റ്റഡിയിലെടുത്തു; മണിക്കൂറുകൾക്കകം മോചനം

കാബൂൾ: അഫ്ഗാനിസ്താനിലെ ബാമിയാനിൽ താലിബാന്റെ പിടിയിലായതായും പിന്നീട് വിട്ടയച്ചതായും മലയാളി ട്രാവൽ വ്ലോഗർ അരുണിമ. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട അടിയന്തര സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഏകദേശം മൂന്ന് മണിക്കൂറിനകം താലിബാൻ അംഗങ്ങളുമായുള്ള ചർച്ചകൾക്കൊടുവിൽ തന്നെ വിട്ടയച്ചതായി അവർ അറിയിക്കുകയായിരുന്നു.

‘ബാക്ക് പാക്കർ അരുണിമ’ എന്ന തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുണിമ ആദ്യം വിവരം പങ്കുവെച്ചത്. പ്രാദേശിക അധികൃതരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പിന്റെ വിവർത്തനമെന്ന് അവകാശപ്പെട്ട സന്ദേശത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. ഔദ്യോഗിക കത്ത് കൈവശമില്ലാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. അഫ്ഗാനിസ്താനിൽ താൻ ബുദ്ധിമുട്ടിലാണെന്നും ബാമിയാനിലാണ് ഉള്ളതെന്നും അരുണിമ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

അറസ്റ്റിന്റെ സാഹചര്യങ്ങളോ തന്നെ കസ്റ്റഡിയിലെടുത്തവരെക്കുറിച്ച വിവരങ്ങളോ ആദ്യ പോസ്റ്റിൽ നൽകിയിരുന്നില്ല. കാബൂളിലെയും ന്യൂഡൽഹിയിലെയും ഇന്ത്യൻ അധികൃതരിൽനിന്നും സംഭവത്തിൽ അന്ന് പ്രതികരണമുണ്ടായില്ല.

പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിശദമായ കുറിപ്പിൽ, സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും നിയമം ലംഘിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നും ബാമിയാനിലെ അധികൃതർ പറഞ്ഞതായി അരുണിമ പറഞ്ഞു. ഓരോ പ്രവിശ്യയിലേക്കും യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമാണെന്നും ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയായതിനാൽ തനിക്ക് പെർമിറ്റ് ലഭിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. ജലാലാബാദിലും ഇതേ കാരണത്താൽ നേരത്തെ പെർമിറ്റ് നിഷേധിച്ചിരുന്നതായും അരുണിമ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ ഭയന്നുപോയ അരുണിമ ബാമിയാനിലെത്താൻ നേരത്തെ സഹായിച്ചിരുന്ന ഒരാളെ ബന്ധപ്പെട്ട് ഇയാൾ അധികൃതരുമായി സംസാരിച്ചതായും പറഞ്ഞു. പെർമിറ്റ് നേടുകയും ഗൈഡിനൊപ്പം യാത്ര ചെയ്യുകയും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.

തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ അനുവദിച്ചെന്നാണ് അരുണിമയുടെ വിശദീകരണം. അഫ്ഗാനിസ്താനിൽനിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പോകുകയാണെന്ന് അറിയിച്ചപ്പോൾ രാജ്യത്ത് നിയമങ്ങൾ പാലിക്കാതെ ഇത്രയും ദിവസം കഴിഞ്ഞതിനാൽ പിഴ അടക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. പിഴ അടക്കാതെ യാത്ര തുടരാൻ അനുവദിക്കില്ലെന്നും അറിയിച്ചതായി അരുണിമ പറഞ്ഞു.

അഫ്ഗാനിസ്താനിലെ യാത്രക്കിടെ താലിബാൻ അംഗങ്ങൾ പലതവണ തന്നെ തടഞ്ഞുനിർത്തി പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതായും അരുണിമ പറഞ്ഞു. സ്ത്രീയായതിനാലാണ് കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നതെന്നും പുരുഷ സുഹൃത്തുക്കൾക്ക് സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. യാത്ര സുഗമമാക്കാൻ രാജ്യത്ത് ഭൂരിഭാഗം സമയവും പർദ ധരിച്ചിരുന്നതായും അരുണിമ വ്യക്തമാക്കി.

Tags:    
News Summary - Malayali Vlogger Released by Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.