യാത്രക്കാർ ഇനി പെരുവഴിയിലാകില്ല; ആറുവരി പാതയിൽ ബസ് സർവിസ് വിലക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ആറുവരി ദേശീയപാതയിൽ സ്റ്റേജ് ക്യാരേജ് ബസുകൾ വിലക്കി മോട്ടോർ വാഹന വകുപ്പ്. ഇതുവഴി സർവിസ് നടത്തുന്ന സ്റ്റേജ് കാരേജ് ബസുകൾ പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ഇത്തരത്തിൽ ഇറക്കിവിടുമ്പോൾ ഹൈവേയിൽനിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധി പേരാണ് പരാതിപ്പെടുന്നത്. സർവിസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്റ്റേജ് കാരേജ് ബസുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൈവേയിൽ നിർത്തുന്ന ബസുകൾ പെട്ടെന്ന് റിവേഴ്‌സ് എടുക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.
ഇക്കാര്യങ്ങൾ മുൻനിർത്തി നിയമങ്ങളിൽ വ്യക്തത വരുത്തുകയാണ് മോട്ടോർ വാഹന വകുപ്പ് ചെയ്തത്. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും ഒരുസ്ഥലത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ സ്റ്റേജ് കാരേജ് ബസുകൾക്ക് സർവിസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂവെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
മോട്ടോർ വാഹനവകുപ്പ് പങ്കുവച്ച കുറിപ്പ്
ആറുവരി ദേശീയപാതയുടെ പ്രവൃത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ, ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവിസ് നടത്തുന്നതായും, യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല.
ആയതിനാൽ സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവിസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവിസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവിസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.