ബ്രിക്സ് ഉച്ചകോടി: രാഷ്ട്രപതിഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 11 മുതൽ 13 വരെയാണ് പൊതുജനങ്ങൾക്ക് ഉദ്യാനത്തിലേക്ക് പ്രവേശനം വിലക്കിയത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാരുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ രാഷ്ട്രപതി ഭവനും രാഷ്ട്രപതി ഭവൻ മ്യൂസിയവും പൊതുജനങ്ങൾക്കായി തുറക്കില്ല.

ശനിയാഴ്ച രാഷ്ട്രപതി ഭവന്റെ ഫോർകോർട്ടിൽ നടക്കേണ്ടിയിരുന്ന ചേഞ്ച് ഓഫ് ഗാർഡ് സെറിമണിയും ഇതോടെ റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രപതി ഭവൻ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അമൃത് ഉദ്യാൻ ഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. നിരവധി സന്ദർശകരാണ് ഇവിടെയെത്താറുള്ളത്.

മുമ്പ് മുഗൾ ഗാർഡൻസ് എന്നാണ് അമൃത് ഉദ്യാൻ അറിയപ്പെട്ടിരുന്നത്. നിശ്ചിത കാലയളവുകളിലാണ് ഉദ്യാൻ പൊതുജനങ്ങൾക്കായി തുറക്കുന്നത്. മുഗൾ, ബ്രിട്ടീഷ് ശൈലികളുടെ മനോഹരമായ സംയോജനം അമൃത് ഉദ്യാനിൽ കാണാം. കൃത്യമായി രൂപകൽപന ചെയ്ത ജ്യാമിതീയ മാതൃകകൾ, പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾ, വർണാഭമായ പൂക്കൾ, അപൂർവയിനം സസ്യങ്ങൾ എന്നിവ രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ അന്തരീക്ഷം ഒരുക്കുന്നു.

ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ നേതാക്കളും ഉന്നത പ്രതിനിധികളുമാണ് പങ്കെടുക്കുക. ആഗോള സഹകരണം, സാമ്പത്തിക പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വിവിധ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കും.

Tags:    
News Summary - Amrit Udyan Closed For BRICS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.