പ്രതീകാത്മക ചിത്രം

വേളാങ്കണ്ണി തിരുന്നാളിന് എറണാകുളം-വേളാങ്കണ്ണി-എറണാകുളം സ്പെഷൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം: വേളാങ്കണ്ണി പള്ളി തിരുന്നാളിന്റെ ഭാഗമായി എറണാകുളം-വേളാങ്കണ്ണി-എറണാകുളം സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എറണാകുളം ജങ്ഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര സർവിസുകൾ ഉണ്ടാകും. ആഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിലാണ് എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി സർവിസ്. ആഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിലാണ് മടക്കയാത്ര.

ആഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ (വ്യാഴാഴ്ചകളിൽ) എറണാകുളം ജങ്ഷനിൽ നിന്ന് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടുന്ന ട്രെയിൻ (06061) പിറ്റേദിവസം പുലർച്ച 5:50ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊട്ടാരക്കര, ആവണിശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, കടയനല്ലൂർ, തെങ്കാശി ജങ്ഷൻ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, അത്തങ്കുടി, പുതുക്കോട്ടൈ, അതിരാമപട്ടണം, തിരുത്തുറൈപ്പൂണ്ടി, തിരുവാരൂർ, നാഗപട്ടണം തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ആഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിലാണ് (വെള്ളിയാഴ്ചകളിൽ) വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തേക്ക് മടക്കയാത്ര (06062). വേളാങ്കണ്ണിയിൽനിന്ന് വൈകീട്ട് 6:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:50ന് എറണാകുളത്ത് എത്തും.

ആകെ 18 കോച്ചുകളാണ് ട്രെയിനുകളിൽ ഉള്ളത്. ഇതിൽ ഒരു സെക്കൻഡ് ക്ലാസ് എ.സി കോച്ചും രണ്ട് തേർഡ് ക്ലാസ് എ.സി കോച്ചും 13 സ്ലീപ്പർ കോച്ചും രണ്ട് സെക്കൻ‍ഡ് ക്ലാസ് കോച്ചും ഉൾപ്പെടുന്നു.

കഴിഞ്ഞ തവണ വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരുന്നു. തിരുവനന്തപുരം–നാഗർകോവിൽ വഴിയുള്ള ട്രെയിനാണ് അന്ന് കൂടുതലായ അനുവദിച്ചത്. 

Tags:    
News Summary - Special Rail Service to Velankanni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.