'ഇന്ത്യൻ സഞ്ചാരികൾ പറഞ്ഞാൽ കേൾക്കില്ല, നിയമങ്ങൾ പാലിക്കില്ല' എന്നായിരുന്നു മറുപടി; വിദേശത്ത് ഇന്ത്യാക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ട്രാവൽ ഇൻഫ്ലുവൻസർ
ന്യൂഡൽഹി: ബാങ്കോക്കിൽ വെച്ച് തലകുനിക്കേണ്ടി വന്നു...വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യാക്കാരായ സഞ്ചാരികൾ പുലർത്തേണ്ട മാന്യതയെക്കുറിച്ചും പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ച് പ്രമുഖ ട്രാവൽ ഇൻഫ്ലുവൻസറായ സ്പർശ് സുനിൽ. തായ്‌ലാന്റിലെ ബാങ്കോക്കിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യാക്കാരുടെ പെരുമാറ്റത്തെ സ്പർശ് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചത്.
ബാങ്കോക്കിലെ ഒരു ഹോസ്റ്റലിൽ തങ്ങിയപ്പോൾ അവിടെ സ്ഥാപിച്ച ഒരു മുന്നറിയിപ്പ് ബോർഡാണ് സംഭവത്തിന് ആധാരം. വാട്ടർ ഡിസ്‌പെൻസറിൽ നിന്ന് നേരിട്ട് വായിലേക്ക് വെള്ളം കുടിക്കരുതെന്നും വെള്ളമെടുക്കാൻ ഗ്ലാസ് മാത്രം ഉപയോഗിക്കണമെന്നും തെറ്റിച്ചാൽ പിഴ ഈടാക്കുമെന്നും വ്യക്തമാക്കുന്ന ബോർഡ് ഹിന്ദി ഭാഷയിലാണ് എഴുതിയിരുന്നത്. എന്തുകൊണ്ടാണ് ചൈനീസ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ എഴുതാതെ ഹിന്ദിയിൽ മാത്രം ഈ മുന്നറിയിപ്പ് നൽകിയതെന്ന് ഹോസ്റ്റൽ ജീവനക്കാരോട് ചോദിച്ചപ്പോൾ "ഇന്ത്യൻ സഞ്ചാരികൾ പറഞ്ഞാൽ കേൾക്കില്ല, നിയമങ്ങൾ പാലിക്കില്ല" എന്നായിരുന്നു അവരുടെ മറുപടി.
ഈ മറുപടി കേട്ടപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തനിക്ക് ഏറെ ലജ്ജ തോന്നിയതായി സ്പർശ് സുനിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. "ലോകം ഇന്ത്യയെ എങ്ങനെ കാണുന്നു എന്ന് നമ്മൾ പരാതിപ്പെടാറുണ്ട്. എന്നാൽ വിദേശത്ത് പോകുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുന്നു എന്ന് സ്വന്തമായി വിലയിരുത്തേണ്ടതുണ്ട്. നിങ്ങൾ വെറുമൊരു സഞ്ചാരി മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ പ്രതിനിധി കൂടിയാണ്," സ്പർശ് കുറിച്ചു.
ഉച്ചത്തിൽ സംസാരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയുക, ക്യൂ തെറ്റിക്കുക, പ്രാദേശിക നിയമങ്ങൾ ലംഘിക്കുക, പൊതുസ്വത്ത് അനാദരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെറുതെന്ന് തോന്നുമായിരിക്കും. എന്നാൽ വിദേശങ്ങളിൽ ഇത്തരം പെരുമാറ്റങ്ങൾ നമ്മൾ വരുന്ന രാജ്യത്തിന്റെ പ്രതിച്ഛായയെയാണ് ബാധിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, വിദേശത്ത് പോകുമ്പോൾ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനും, പ്രാദേശിക സംസ്‌കാരത്തെയും നിയമങ്ങളെയും ബഹുമാനിച്ച് ശുചിത്വം പാലിച്ചു യാത്ര ചെയ്യാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഇൻഫ്ലുവൻസർ സന്ദേശം അവസാനിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോക്ക് ഇതിനകം മുപ്പത്തിരണ്ടായിരത്തിലധികം ലൈക്കുകളും നിരവധി പിന്തുണ കമന്റുകളുമാണ് ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.