അപരിചിതരായ കൂട്ടുകാർക്കൊപ്പം പൂക്കളുടെ താഴ്​വരയിലേക്ക്​​

ഇത്തവണത്തെ യാത്രക്ക്​ ഒരുപാട് പ്രത്യേകതയുണ്ട്. കൊറോണ തുടങ്ങിയശേഷമുള്ള ആദ്യ യാത്ര, കുറെ കാലത്തിനുശേഷം ഒറ്റക്കുള്ള യാത്ര, പിന്നെ വർഷങ്ങളായി കാത്തിരുന്ന ഒരു സ്ഥലം, പൂക്കളുടെ താഴ്‌വര (Valley of Flowers) കാണാൻ പോകുന്നതിൻെറ സന്തോഷം...

യാത്ര തുടങ്ങുന്നതിനു മുമ്പ് വരെ എന്തെന്നില്ലാത്ത ഒരു പേടിയായിരുന്നു. കുറെ കാലമായി ഒറ്റക്ക്​ എവിടെയും പോയിട്ടില്ല. കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു പ്ലാനിങ് സമയത്ത്. അവസാന നിമിഷം അവൾക്കു വരാൻ പറ്റാതായപ്പോൾ യാത്ര തന്നെ മാറ്റി​വെച്ചാലോയെന്ന് ചിന്തിച്ചു. പക്ഷെ, പ്രിയപ്പെട്ടവർ പ്രോത്സാഹനം തന്നപ്പോൾ ബാഗ് പാക്ക് ചെയ്യാൻ തന്നെ തീരുമാനിച്ചു. തലേന്ന് ആർ.ടി.പി.സി.ആർ ഫലം വരും വരെ വിശ്വസിച്ചില്ല, ഞാൻ യാത്ര പോകുമെന്ന്. കൂടാതെ ഇൻഡിഗോ എയർ ലൈൻ ഇടക്കിടെ ക്യാൻസൽ/ റീഷെഡ്യൂൾ മെസ്സേജ് അയക്കുന്നുണ്ടായിരുന്നു.


കുറെ കാലമായിട്ട് രാവിലെ എഴുന്നേൽക്കാത്തത് കൊണ്ടായിരിക്കാം, യാത്രാ ദിവസം രാവിലെ കുറച്ചധികം ഉറങ്ങിപ്പോയി. ചെക്കിങ്ങിന്​ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് എയർപോർട്ടിൽ എത്തിയത്. കൊച്ചിൻ എയർപോർട്ടിൽ കയറിയപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ആയിരുന്നു. കുറേക്കാലം ആയല്ലോ ഈ വഴിക്കൊക്കെ വന്നിട്ട്. കയറിപ്പോകുന്ന സമയത്ത് എയർപോർട്ടിൽ ആരുംതന്നെ എന്നോട് ഒരു റിപ്പോർട്ടും ആവശ്യപ്പെട്ടില്ല. അല്ലെങ്കിലും ചെന്നുകേറുന്ന സംസ്ഥാനത്തിൻെറ ഉത്തരവാദിത്വം ആണല്ലോ ഞാനിനി. അതായത് നമ്മളിനി യാത്ര ചെയ്യുമ്പോൾ പരിശോധിക്കേണ്ടത് ചെന്നുകേറുന്ന സംസ്ഥാനത്ത് എന്താണ് പ്രോട്ടോകോൾ എന്നതാണ്. അതിനനുസരിച്ച് വേണം തയാറെടുപ്പുകൾ എടുക്കാൻ.

എയർപോർട്ടിലൂടെ നടക്കുമ്പോൾ എല്ലാം പുതുമയായി തോന്നി. ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നത് പോലും ഇപ്പോൾ വലിയ ഒരു സംഗതിയാണല്ലോ. നിസ്സാരമെന്ന് തോന്നിച്ച പല അനുഭവങ്ങളും നമ്മിൽനിന്നും കൊറോണ അകറ്റിയത് എത്ര വേഗത്തിലാണ്. ആളുകളെ കാണുന്നത്, ഒരുമിച്ചു യാത്ര ചെയ്യുന്നതൊക്കെ ഇത്ര രസകരമായ അനുഭവമാണെന്ന് മനസ്സിലാക്കാൻ ഒടുവിൽ സാമൂഹിക അകലം വേണ്ടി വന്നു. ഒരുപക്ഷെ, ഈ യാത്രയിൽ എനിക്ക് ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്നത് ആളുകളുടെ മുഖഭാവങ്ങൾ കാണാത്തതാണ്. മാസ്​ക്​ കൊണ്ട് എത്രതരം ഭാവപ്പകർച്ചകളാണ് മറഞ്ഞുപോയത്.


വിമാനത്തിനായി കാത്തിരിക്കുന്ന സ്ഥലത്ത് തൊട്ടുപിന്നിലായി സിനിമ നടൻ ഇന്ദ്രജിത്ത് ഉണ്ടായിരുന്നു. സെൽഫി എടുക്കാനോ സംസാരിക്കാനോ എന്തോ തോന്നിയില്ല. ഒരുപക്ഷേ ഈ കൊറോണക്കാലത്ത് അദ്ദേഹവും സ്വകാര്യതയും സാമൂഹിക അകലം പാലിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിലോ..! വിമാനത്തിലേക്ക് കയറുന്ന സമയത്ത് ക്യൂവിൽ എൻെറ തൊട്ടു മുമ്പിലായിരുന്നു ഇന്ദ്രജിത്ത്. മുമ്പിൽ കയറി നിൽക്കണമോയെന്ന് അദ്ദേഹം ചോദിച്ചു. സ്ക്രീനിൽ തിളങ്ങുന്ന നായകൻമാർ നമ്മളെപ്പോലെയുള്ള സാധാരണക്കാരാണെന്ന് അറിഞ്ഞിട്ടും എന്തിനാണ് അദ്ദേഹത്തിൻെറ മാന്യമായ പെരുമാറ്റം എന്നിൽ അത്ഭുതം ഉണ്ടാക്കിയതെന്ന് എനിക്കറിയില്ല. എന്നാലും മാസ്​കിൻെറ കീഴിൽ നിന്നും നിറഞ്ഞ പുഞ്ചിരി നൽകി 'വേണ്ട' എന്ന് പറഞ്ഞു.

കൊച്ചി എയർപോർട്ടിൽനിന്നും വിമാനത്തിൽ കയറിപ്പോൾ മാത്രമാണ് ഉത്തരാഖണ്ഡ് സ്വപ്‍നം പൂവണിയാൻ പോകുന്നെന്ന് എനിക്ക് തന്നെ വിശ്വാസം വന്നത്. യാത്ര എപ്പോഴും അവർണനീയമായ വികാരമാണ്. വാക്കുകളിൽ വർണിക്കാൻ ആവാത്ത ഒരു അനുഭൂതി. എത്രവട്ടം കണ്ടിട്ടുള്ള കാഴ്ചയാണെങ്കിലും വിമാനത്തിന്റെ ജനാലയിലൂടെ ആകാശകാഴ്ച കാണുമ്പോൾ ആദ്യം കണ്ട അതെ വിസ്​മയം തന്നെയാണ് മനസ്സിൽ. ആകാശകാഴ്ചകൾ അതെന്നും എന്നെ കൗതുകം കൊള്ളിക്കാറുണ്ട്. ശാസ്ത്രത്തിൻെറ കുതിപ്പ് എന്നൊക്കെ നിസാരമായി പറഞ്ഞാലും, ഇത്രയും ഉയരത്തിലൂടെ പറക്കാൻ സാധിക്കുന്നത് 'എന്തൊരു ഭാഗ്യമെന്നാണ്' എൻെറ മനസ്സിൽ തോന്നാറുള്ളത്.


ആദ്യമെത്തിയത്​ ബംഗളൂരു എയർപോർട്ടിലാണ്​. ഇറങ്ങിയതോടെ നല്ല വിശപ്പ്. എയർപോർട്ടിലൂടെ മൂന്ന് റൗണ്ട് ചുറ്റിയെങ്കിലും വിലകുറഞ്ഞ ഭക്ഷണം എനിക്ക് എവിടെയും കാണാൻ സാധിച്ചില്ല. 500 രൂപക്ക്​ ഒരു സാൻവിച്ച് വാങ്ങി, വിലക്കയറ്റത്തെക്കുറിച്ച് വല്ലാതെ വിഷമിച്ചു കുറച്ചുനേരം ഇരുന്നു. അപ്പോഴേക്കും ബോർഡിംഗ് അനൗൺസ്മെൻറ്​ വന്നു.

ക്യൂ നിൽക്കുന്ന സമയത്താണ് ഒരു പെൺക്കുട്ടി എന്റെ അടുത്ത് വന്നു എങ്ങോട്ടേക്കാണെന്ന്​ ചോദിക്കുന്നത്. ഋഷികേശ് എന്ന് പറഞ്ഞപ്പോൾ ആളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം. പുള്ളിക്കാരിയും എന്നെപ്പോലെ വന്നേക്കുവാണ്‌. അഞ്ചു മിനിറ്റ് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും നമ്മൾ വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളെ പോലെയായി.

രണ്ട് സ്ഥലത്താണ് സീറ്റെങ്കിലും പുള്ളിക്കാരി എങ്ങനെയൊക്കെയോ അടുത്തിരുന്ന ആളോട് ചോദിച്ചു എൻെറ അടുത്തേക്ക് സീറ്റ് മാറി വന്നു. പിന്നെ സംസാരിക്കാത്ത വിഷയങ്ങളില്ല, വിമാനം എയർപോർട്ടിൽ എത്തും വരെ നീണ്ട സംസാരങ്ങൾ. ഒടുവിൽ ഡെറാഡൂൺ എത്തിയപ്പോഴേക്കും ഞാൻ പുതിയൊരു സൗഹൃദം നേടിക്കഴിഞ്ഞിരുന്നു.


ഇതിനിടയിൽ ഒരുമിച്ച് ട്രക്ക് ചെയ്യുന്നവരുടെ ഒരു ഗ്രൂപ്പിൽ നിന്നും നമ്പർ എടുത്തു ഒരു കുട്ടിയെ വിളിച്ചു. മേഘ്ന!! ആൾ ഇപ്പൊ എയർപോർട്ടിൽ വന്നിറങ്ങും. ഒരു 10 മിനിറ്റ് അവൾക്കു വേണ്ടി കാത്തിരിക്കണമെന്ന് പറഞ്ഞു. കാത്തിരിപ്പിൻെറ ചെറിയ ഇടവേളയിൽ ഞങ്ങൾ ഒരു ഗ്യാങ് തന്നെ ഉണ്ടാക്കി. എല്ലാവരും ഒറ്റക്ക്​ യാത്ര തിരിച്ച സ്ത്രീകൾ, മൊത്തം ഏഴ് പേർ!!!

വളരെ ചെറുതാണ്​ ഡെറാഡൂണിന്റെ ജോളി ഗ്രാൻഡ് എയർപോർട്ട് . ജോളി ഗ്രാൻഡ് എന്നത് ഒരു വ്യക്തിയുടെ പേരല്ല, പകരം എയർപോർട്ട് സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേരാണ്​. 2018ൽ ഇതിനെ അടൽ ബിഹാരി വാജ്പേയുടെ പേരിൽ മാറ്റണമെന്ന് നിർദേശം ഉണ്ടായിരുന്നത്രെ. എന്തായാലും ഇപ്പോഴും എയർപോർട്ട് അതോറിറ്റിയുടെ ലിസ്റ്റിൽ ഇത് ജോളി ഗ്രാൻഡ് എയർപോർട്ട് തന്നെയാണ്.


ഡെറാഡൂൺ ടൗണിൽനിന്ന് 25ഉം ഋഷികേശിൽനിന്ന് 20ഉം ഹരിദ്വാറിൽനിന്ന് 35ഉം കിലോമീറ്റർ മാറിയാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. എന്നുവെച്ചാൽ ഋഷികേശ്, ഹരിദ്വാർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ പോകാൻ ഏറ്റവും എളുപ്പം ജോളി ഗ്രാൻഡ് എയർപോർട്ടിൽ ഇറങ്ങുന്നതാണ്.

എയർപോർട്ടിൻെറ വലിപ്പം കണ്ടാൽ ഒരുപക്ഷേ ഇതിലും വലുത് ആണല്ലോ നമ്മുടെ ബസ്റ്റാൻഡ് എന്ന് തോന്നിയേക്കാം. സത്യത്തിൽ എയർപോർട്ടിന് നവീകരണ പ്രവർത്തനങ്ങൾക്കായി പ്രൊപ്പോസൽ നൽകിയിട്ടുണ്ടത്രേ. പക്ഷെ, രാജാജി നാഷനൽ പാർക്ക്​ എക്കോ സെൻസിറ്റീവ് സോണിൽനിന്ന് 10 കിലോമീറ്റർ എങ്കിലും വിട്ടുനൽകേണ്ടിവരുന്നതിനാൽ വനം വകുപ്പിൻെറ അനുമതി വേണം. പതിനായിരക്കണക്കിന്​ മരങ്ങളും മുറിച്ചു മാറ്റേണ്ടി വരും. ഇത്രയും അറിഞ്ഞു കഴിഞ്ഞാൽ കുറച്ച് സൗകര്യം കുറഞ്ഞാലും കുഴപ്പമില്ല, പ്രകൃതി അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് നമുക്ക് തോന്നും.

ഡെറാഡൂൺ എയർപോർട്ട്​

കൂടെയുള്ള ഒരാളുടെ ഹിന്ദി പ്രാവീണ്യം കൊണ്ട് വിലപേശൽ നടത്തി 1400 രൂപക്ക്​ ഋഷികേശിലേക്ക് ഒരു ഇന്നോവ കിട്ടി. അങ്ങനെ സോളോ ട്രിപ്പിന് വന്ന ഞാൻ മിഥുനം സിനിമയിലെ ഹണിമൂൺ ട്രിപ്പ് പോകും പോലെയായി. ഇനി നേരെ ഋഷികേഷിലേക്കാണ്. കുണ്ടും കുഴിയും ഒന്നും ഇല്ലാത്ത ടാറിട്ട നല്ല വഴികൾ. ഇരുവശത്തും മരങ്ങൾ. ഡെറാഡൂണിൽ നിന്നും ഋഷികേശിയിലേക്കുള്ള യാത്ര വളരെ രസകരമായിരുന്നു. അപരിചിതരായ ഏഴുപേർ സൗഹൃദകൂട്ടായ്മയായി മാറിയത് എത്ര പെട്ടെന്നാണ്.

ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്ഥലം ആണല്ലോ ഋഷികേശ്. ധ്യാനവും യോഗയും പഠിക്കാനായി ഒരുപാട് പേർ വന്നുചേരുന്ന സ്ഥലം. പക്ഷെ, ഇന്ന് ഞങ്ങൾക്ക് ഋഷികേശ് അറിയാനുള്ള അവസരമില്ല. ബേസ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. നാളെ തൊട്ട് യൂത്ത് ഹോസ്റ്റലിന്റെ വാലി ഓഫ് ഫ്ലവേഴ്​സ്​ ട്രെക്കിങ്​ ആരംഭിക്കുകയാണ്. വർഷങ്ങളായി കാത്തുവച്ചിരിക്കുന്ന സ്വപ്​നമാണ് വാലി ഓഫ് ഫ്ലവേഴ്​സ്​.


സ്വാഗതം ചെയ്യാനായി മേശയിട്ടിരിക്കുന്ന മധുമിത ചേച്ചിയുടെ കാർക്കശ്യം വരുംദിനങ്ങളിലെ ട്രെക്കിങ്ങിന്റെ കാഠിന്യം വിളിച്ചോതുന്നുണ്ടായിരുന്നു. യൂത്ത് ഹോസ്റ്റലിന്റെ ആമുഖ ക്ലാസ്​ കൂടി കഴിഞ്ഞപ്പോൾ, ഇതൊക്കെ എന്നെക്കൊണ്ട് നടക്കൂമോയെന്നായി സംശയം. നാലു ദിവസം കൊണ്ട് 60 കിലോമീറ്റർ നടക്കണം. അതും കുത്തനെയുള്ള കയറ്റം. കൊറോണയും ലോക്​ഡൗണും വന്നതിൽ പിന്നെ നടത്തം എന്തെന്ന് കാലുകൾ അറിഞ്ഞിട്ടില്ല. ഇനിയുള്ള ദിവസങ്ങൾ ഉദ്യേഗജനകമായിരിക്കും. ഇതൊക്കെ ഓർത്തു ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി. ഞെട്ടുമ്പോൾ പുലർച്ചെ 4.30. ഇന്ന് തൊട്ട് ആരംഭിക്കുകയാണ് വാലി ഓഫ് ഫ്ലവേഴ്​സ്​ ട്രെക്ക്.

(തുടരും)

Tags:    
News Summary - To the valley of flowers with stranger friends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT