നാഗന്മാരുടെ മണ്ണിലൂടെ

അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും സംഗമഭൂമിയാണ് നോർത്ത് ഈസ്റ്റ്‌. സെവൻ സിസ്റ്റേഴ്സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. പ്രകൃതിസൗന്ദര്യം പേറുന്ന പുണ്യഭൂമി. തനതുസംസ്കാരവും പ്രകൃതിസ്നേഹവും കൈമുതലാക്കിയ പച്ചയായ മനുഷ്യജീവിതങ്ങളുടെ മണ്ണാണിത്. അധ്വാനവും ചെറുത്തുനിൽപ്പും തന്നെയാണ് ജീവിതത്തിന്‍റെ പ്രധാനവഴികൾ എന്ന് തിരിച്ചറിഞ്ഞ ജനതയാണ് ഇവിടെയുള്ളത്. കരുത്തുറ്റ സ്ത്രീജനങ്ങളും ഗോത്രനിവാസികളുമാണ് ഈ പ്രദേശങ്ങളുടെ മുഖമുദ്ര.

കണ്ടതിനും കേട്ടതിനുമപ്പുറം അനുഭവത്തിന്‍റെ നേർസാക്ഷ്യങ്ങളായിരുന്നു നോർത്ത് ഈറ്റ് യാത്ര സമ്മാനിച്ചത്. 2022 ന്യൂഇയർ ദിനത്തിൽ, ഉറഞ്ഞുകൂടിയ മഞ്ഞിൻകണങ്ങളും കിടുകിടുപ്പൻ തണുപ്പും നിറഞ്ഞ രാത്രിയിൽ, വടക്കുകിഴക്കിന്‍റെ ഭംഗിയേറിയ വനാന്തരങ്ങളുടെ വിരിമാറിൽ തലചായ്ച്ചുറങ്ങി. തുടർന്നുള്ള ദിനങ്ങളിലെല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവങ്ങളിലൂടെയായിരുന്നു സഞ്ചാരം. അസമിലെ ഗുവാഹത്തിയിൽനിന്ന്​ തുടങ്ങി ത്രിപുരയിലെ അഗർത്തലയിൽ അവസാനിച്ച ദേശസഞ്ചാരങ്ങളുടെ ദിനരാത്രങ്ങൾ. വിവിധ സംസ്കാരങ്ങളുടെ ഇടയിലൂടെ, വിവിധ ഭാഷകൾക്കിടയിലൂടെ, പ്രകൃതിയുടെ വൈവിധ്യങ്ങൾക്കിടയിലൂടെ, നീണ്ട 15 നാളുകൾ.

കൊച്ചിയിൽനിന്ന് ബംഗളൂരു വഴി വിമാനമാർഗം ഗുവാഹത്തിയിലിറങ്ങി. അവിടുന്ന് ട്രെയിനിൽ ദിമാപൂരിലെത്തി. പിന്നീട് നാഷനൽ ഹൈവേയിലൂടെ 75 കിലോമീറ്റർ സഞ്ചരിച്ചാണ് നാഗാലാ‌ൻഡിന്‍റെ തലസ്ഥാനനഗരിയായ കൊഹിമയിലെത്തിയത്. മുമ്പേതന്നെ പറയട്ടെ, പതിവ് യാത്രാമാർഗങ്ങളായിരുന്നില്ല ഞങ്ങളുടേത്, അങ്ങനെയൊരു ചിട്ടപ്പെടുത്തിയ പ്ലാനുമായിരുന്നില്ല. കാരണം കോവിഡിന്‍റെ രണ്ടാം റൗണ്ടിനെ മറികടന്നതിന്‍റെ ആശ്വാസവും മൂന്നാം തരംഗത്തിന്‍റെ ഭീഷണിയും നിലനിൽക്കുമ്പോൾ മുൻകൂട്ടിയുള്ള പ്ലാനുകൾക്കെന്തു പ്രസക്തി?

എങ്കിലും ഞങ്ങളുടെയെല്ലാം ഒരേയൊരു ലക്ഷ്യം സൂക്കോവ് വാലി ( Dzukou valley ) ആയിരുന്നു. പുതുവർഷദിനം സൂക്കോ വാലിയിൽ ആകണം എന്ന ദൃഢനിശ്ചയമായിരുന്നു അത്. നാഗാലാ‌ൻഡിന്‍റെ ഭൂപ്രകൃതിയിൽ കൊടുംകാടുകൾക്കിടയിലൂടെ ഒരു ട്രെക്കിങ്. പ്രേതങ്ങളുടെ താഴ്‌വര എന്നറിയപ്പെടുന്ന ഇന്ത്യയിലെ തന്നെ അതിസാഹസിക സഞ്ചാരകേന്ദ്രങ്ങളിലൊന്നായ, സമുദ്രനിരപ്പിൽനിന്നും 9000 അടിയിലധികമുള്ള മലനിരകളുടെ ഹൃദയഭൂമിയാണ് സൂക്കോവ് വാലി. സൂക്കോൺവാലി, സൂക്ക് വാലി ഡിസുക് വാലി എന്നൊക്കെ പലരും പലരീതിയിൽ ഈ താഴ്‌വരയെ വിളിക്കാറുണ്ട്.

മുളകളുടെ നാട്

നാഗകളുടെ ഭൂമി എന്നറിയപ്പെടുന്ന, ഇന്ത്യയിലെ തന്നെ വളരെ ശ്രദ്ധിക്കപ്പെടുന്നതും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതുമായ സംസ്ഥാനമാണ് നാഗാലാ‌ൻഡ്. അവിടമായിരുന്നു ഈ യാത്രയുടെ പ്രഥമ ലക്ഷ്യം. ഗിരിനിരകളുടെയും ഗിരിവർഗ്ഗങ്ങളുടെയും നാടാണിത്. നാഗാ വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗങ്ങളുടെ സ്വന്തം നാട്. വേട്ടക്കാരുടെയും യോദ്ധാക്കളുടെയും വീരഭൂമി. ഗുസ്തിയും കൃഷിയും ആയോധനകലകളും തലമുറകളായി കാത്തുസൂക്ഷിക്കുന്നവരാണ് നാഗന്മാർ. വൈവിധ്യമേറിയ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നാട്ടുകലകളുടെയും സംഗമകേന്ദ്രം. ചിട്ടയും കാർക്കശ്യവും കൈമുതലാക്കി ജീവിക്കുന്ന മണ്ണിന്‍റെ മക്കൾകൂടിയാണ് ഇവർ. ജീവിതചര്യകളിലും തൊഴിലിലുമെല്ലാം ഈ പാരമ്പര്യം അവർ നിലനിർത്തിപ്പോരുന്നു.

നാഗാലാൻഡിലെ മലനിരകൾ

മനോഹരമായ ഭൂപ്രകൃതിയാണ് നാഗാലാ‌ൻഡിലേത്. ഇടതൂർന്ന വനങ്ങളും ചോലക്കാടുകളും അവക്കിടയിലെ താഴ്‌വാരങ്ങളും പുൽമേടുകളും നദികളുമെല്ലാം നാഗാലാ‌ൻഡിനെ ഹരിതാഭമാക്കുന്നു. വേറിട്ട ജൈവ ആവാസവ്യവസ്ഥകളും വളരെ പ്രത്യേകതകൾ നിറഞ്ഞ മുളങ്കാടുകളും മുളമ്പുല്ലുകൾ നിറഞ്ഞ ചെരിവുകളും ഇവിടെ ധാരാളമുണ്ട്. മുളകളുടെ നാട് എന്നുകൂടി നാഗാലാ‌ൻഡിനെ വിശേഷിപ്പിക്കാം.

നാഗാലാ‌ൻഡ് ഉൾപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം തന്നെ വിവിധയിനം മുളകളാൽ സമൃദ്ധമാണ്. ജീവിതത്തിന്‍റെ ഏതു തുറയിലും മുളയെ ചേർത്തുപിടിക്കുന്നവരാണിവർ. അതുകൊണ്ട് തന്നെ മുളകളില്ലാത്ത ഭക്ഷണവും പാർപ്പിടവും മരുന്നും മന്ത്രവുമൊന്നും അവർക്ക് ചിന്തിക്കാൻ പോലുമാവില്ല. അത്തരം കാഴ്ചവട്ടങ്ങളും അനുഭവങ്ങളും ഈ യാത്രയിൽ ഉടനീളമുണ്ട്. മുളകളും മുളയുൽപ്പന്നങ്ങളും കൊണ്ട് നിർമിച്ച വസതികളും കെട്ടിടങ്ങളും നാഗാലാ‌ൻഡിന്‍റെ പാരമ്പരാഗത ജീവിതത്തിന്‍റെ അടയാളങ്ങളാണ്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാഗാലാ‌ൻഡിന്‍റെ മണ്ണിലേക്ക് ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകൾ ദിനംപ്രതി എത്തുന്നു. ഇവിടുത്തെ പ്രകൃതി സൗന്ദര്യവും കാലാവസ്ഥയുമാണ് അതിനു പിന്നിൽ. ഏകദേശം ഒക്ടോബർ മുതൽ മാർച്ച്‌ വരെയാണ് ഇവിടുത്തെ ടൂറിസം സീസൺ. നാഗാലാ‌ൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ ലോകപ്രശസ്തമാണ്. എല്ലാ വർഷവും ഡിസംബറിലെ ആദ്യവാരം തുടങ്ങുന്ന ഹോൺബിൽ ഉത്സവം ദിവസങ്ങളോളം നീണ്ടുനിൽക്കും. നാഗാലാ‌ൻഡിന്‍റെ തലസ്ഥാനമായ കൊഹിമയിലെ കിസ്സാമ എന്ന ഗ്രാമത്തിലാണ് ഹോൺബിൽ ഉത്സവം.

ഉത്സവനാളുകളിൽ എല്ലാ നാഗാ വിഭാഗത്തിലെയും ആളുകൾ ഇവിടെ സംഗമിക്കുന്നു. നാടൻകലകളുടെ അവതരണവും ആട്ടവും പാട്ടുമായി മണ്ണിന്‍റെ മക്കൾ ഒത്തുകൂടി രാവും പകലും ആഘോഷമാക്കുന്നു. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും ഉത്സവനാളുകളിൽ ഇവിടെയുണ്ടാവും. വിവിധയിടങ്ങളിൽ നിന്നുമെത്തിയ കരകൗശല വസ്തുക്കൾ, ആടയാഭരണങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെട്ട പവലിയനും ധാരാളമുണ്ടാകും. നാഗാലാ‌ൻഡ് നിവാസികൾ കൂടുതലായും സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. നാഗ ഭാഷകളായ ഓകയോളെ, നാഗമീസ് തുടങ്ങിയ തനതുഭാഷകളും ഇവിടെയുണ്ട്. പാരമ്പരാഗത കൃഷിയും ഭക്ഷ്യസംസ്കാരവും കൂടെ കൊണ്ടുനടക്കുന്നവരാണ് നാഗന്മാർ.

ഭൂതകാലത്തിന്‍റെ അവശേഷിപ്പുകൾ

ഡിസംബർ 30ന്​ വെളുപ്പിന് 4.30നാണ് നാഗാലാൻഡിലെ ദിമാപുരിൽ ഞങ്ങൾ ട്രെയിനിറങ്ങിയത്. നേരം വെളുക്കുവോളം സ്റ്റേഷനിൽ തന്നെയിരുന്നു. പിന്നെ ഫ്രഷ് ആയി പ്ലാറ്റ്ഫോം ബൂത്തിൽനിന്ന് തന്നെ ചായ കഴിച്ചു. വെളിച്ചം വീശിത്തുടങ്ങിയപ്പോൾ അവിടെനിന്നും മൂന്ന് ട്രാവലറുകളിലായി നാഗാലാ‌ൻഡിനെ ലക്ഷ്യമിട്ടു. വീതിയേറിയ ഹൈവേയിലൂടെ വണ്ടികൾ ഒന്നിനൊന്നു പിറകിലായി നീങ്ങിത്തുടങ്ങി. വളവുകളും ചെരിവുകളും കയറ്റങ്ങളും നിറഞ്ഞ ഹൈവേ. ഏതോ വിദൂരഭൂമിയെന്നു ചിലപ്പോൾ തോന്നിപ്പിക്കുന്ന നഗരങ്ങളും വഴികളും. ഭൂതകാലത്തിന്‍റെ അവശേഷിപ്പുകൾ കുമിഞ്ഞു കൂടിയയിടമെന്ന് മറ്റുചിലപ്പോൾ തോന്നും. അപരിചിതത്വത്തിനപ്പുറം പരിചിതമെന്നപോലെ തോന്നും ചില വഴികൾ കണ്ടാൽ. ഇങ്ങനെ സമ്മിശ്രവികാരങ്ങൾ ഉള്ളിൽ തിരതള്ളി. കൊടും തണുപ്പുമുണ്ട്. മലയും മണ്ണും വെട്ടിയുണ്ടാക്കിയ വീതിയേറിയ പാതയിലൂടെയാണ് സഞ്ചാരം.

ദിമാപുർ റെയിൽവേ സ്റ്റേഷൻ

വണ്ടികൾ കുറേ സഞ്ചരിച്ച് വലിയ വളവും കഴിഞ്ഞ് ഒരു ഹോട്ടലിന്‍റെ മുന്നിൽ പാർക്ക്‌ ചെയ്തു. പ്രഭാതഭക്ഷണത്തിന് സമയമായി. എല്ലാവരും പുറത്തിറങ്ങി. പരിസരം വീക്ഷിച്ചു. റോഡിലൂടെ ചീറിപ്പാഞ്ഞു താഴോട്ട് പോകുന്ന വലിയ ചരക്കുലോറികൾ. ഉച്ചത്തിൽ പാട്ടും വച്ചാണ് പോക്ക്. പല വണ്ടികളുടെയും മുമ്പിൽ അലങ്കാരങ്ങളും പിടിപ്പിച്ചിട്ടുണ്ട്. ദീർഘയാത്രകൾ വിരസമാകാതിരിക്കാനുള്ള മാർഗങ്ങൾ. റോഡിൽ കുട്ടികളെയും കൊണ്ട് നടക്കാനിറങ്ങിയ വീട്ടമ്മയും അവർക്കൊപ്പം കൂടിയ നായയും. റെ​സ്റ്റോറന്‍റിന്‍റെ എതിർവശത്തായി മുകളിൽ ഒരു വീട് കാണാം. അതിന്‍റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളും ഒരു വായോധികനും. കാഴ്ചകളിലെല്ലാം കുടുംബാന്തരീക്ഷമുണ്ട്.

ഓരോരുത്തരായി ഹോട്ടലിൽ കയറിത്തുടങ്ങി. ചെറിയ ഒരു ഹോട്ടലാണ്. വരാന്തയിൽ ഭംഗിയുള്ള പൂച്ചെടികളുമുണ്ട്. അകത്തുകയറുമ്പോൾ നല്ല തിരക്ക്. ഓർഡർ ചെയ്യുന്നതിനനുസരിച്ച് അപ്പപ്പോൾ തയാറാക്കുന്ന റൊട്ടിയും പൂരിയും ഓംലെറ്റുമാണ് പ്രധാനമായും ഇവിടെ കിട്ടുന്നത്. പിന്നെ ചായയും. ഒന്ന് രണ്ടുപേർ മാത്രമാണ് അടുക്കളയിൽ. ഇവിടുത്തെ രീതിയും അതാണ്. ചൂടോടെ ഭക്ഷണം കഴിക്കുക എന്ന രീതി. ഇവിടുത്തെ കാലാവസ്ഥക്കും അതാണ് ഉത്തമം.


നമ്മുടെ നാട്ടിലേതുപോലെ തണുത്ത ഭക്ഷണം ഇന്നാട്ടുകാർ കഴിക്കില്ല. എല്ലാവരും ഭക്ഷണം അവനവന്‍റെ ഇഷ്ടപ്രകാരം ഓർഡർ ചെയ്തുവാങ്ങി. ഞാൻ ഓംലെറ്റും ചായയും കഴിച്ചു. ചിലർ പൂരിയും ബാക്കിയുള്ളവർ റൊട്ടിയും വാങ്ങി. ഭക്ഷണത്തിന് വലിയ വിലയൊന്നുമില്ല. 20 രൂപക്കും 30 രൂപക്കുമൊക്കെ ഇവിടുന്ന് ചായയും ബ്രേക്ക്ഫാസ്റ്റും കഴിക്കാം. കാശുകൊടുത്ത്​ പുറത്തിറങ്ങി. യാത്രികരെല്ലാം ചേർന്ന് ഒന്ന് രണ്ട് ഫോട്ടോയുമെടുത്ത് വണ്ടിയിൽ കയറി യാത്ര തുടർന്നു. നാഗാലാ‌ൻഡിന്‍റെ വിശാലമായ വീഥിയിലൂടെ, മലകളുടെയും താഴ്‌വരകളുടെയും ഇടയിലൂടെ, കാഴ്ചവട്ടങ്ങൾക്ക് നടുവിലൂടെ.

ഹൈവേയിലൂടെ ഒന്നൊന്നര മണിക്കൂർ പിന്നിട്ട് വാഹനം കയറ്റം കയറി മുന്നോട്ടുചെന്ന് കടകളും വീടുകളുമുള്ള ഒരു ചെറിയ ടൗണിനടുത്തെത്തി പാർക്ക് ചെയ്തു. പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. ഇളംവെയിലിൽ കൊഹിമയുടെ ഭാവിവാഗ്ദാനങ്ങൾ വഴിയിൽ കൂട്ടംകൂടി കളിക്കുന്നുണ്ട്. ചിലർ കാഴ്ചക്കാരായി നിൽപ്പുണ്ട്. മറ്റുചിലർ വീടുകളുടെയും കടകളുടെയും ഉമ്മറത്തിരിപ്പുണ്ട്. കൂടെ മുതിർന്നവരും. പലനിറമുള്ള ജാക്കറ്റും കമ്പിളിയുടുപ്പുകളും ധരിച്ച കുട്ടിസംഘങ്ങൾ. ചുവന്നുമിനുത്ത് നിഷ്കളങ്ക മുഖവുമായി അവർ പുഞ്ചിരിതൂകുന്നു. ഞങ്ങളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. കോവിഡ് കാലത്തെ അവധിദിനങ്ങൾ ഉല്ലാസത്തോടെ ചെലവഴിക്കുകയാണവർ.

നാഗാ കുട്ടികൾ

അവർ തങ്ങളുടെ പേരും സ്കൂളുമൊക്കെ പറഞ്ഞു. പക്ഷേ, ഓർത്തുവെക്കാൻ യാതൊരു സാധ്യതയുമുള്ള പേരുകളായിരുന്നില്ല അവ. അവരുടെ തനതുഭാഷയിൽ പറഞ്ഞ ആ പേരുകൾ ഒരുവട്ടംപോലും നാവിലുരിയാടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. കുട്ടികളോട് സംസാരിച്ച്, പിന്നീടൊരു യുവാവായ ഗൃഹനാഥനെ കണ്ടു. ഏറിയാൽ 30 വയസ്സ് പ്രായമുണ്ടാകും. ഡ്രൈവിംഗ് ജോലിയാണ്. തങ്ങളുടെ നാട്ടിൽ പ്രാഥമിക വിദ്യാഭാസശേഷം ആണുങ്ങൾ ഡ്രൈവിംഗ് രംഗമാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നാണ് അയാളുടെ അഭിപ്രായം.

കുറേപേർ നിർമാണ മേഖലയിലുണ്ട്. ചുരുക്കം ചിലർ സർക്കാർ ജോലിയും മറ്റുമുള്ളവരാണെന്നും അദ്ദേഹം പറയുന്നു. പെൺകുട്ടികൾ ജോലിക്ക് പോകുന്നവരും വീട്ടമ്മമാരുമുണ്ട്. ഇപ്പോൾ പഠനവും ജോലിയും സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നുണ്ട് എന്നും അയാൾ കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ അയാളുടെ മുഖത്ത് കൂടുതൽ തെളിച്ചം.

വടക്കുകിഴക്കിന്‍റെ തനിനാടൻ വാറ്റ്

വഴിയോരത്തെ കടകളിൽ ബിസ്‌ക്കറ്റും ശീതളപനീയങ്ങളുമുണ്ട്. കാര്യമായി മറ്റൊന്നുമില്ല. നല്ല ദാഹമുണ്ട്. കടയിൽനിന്ന് ഓരോ കുപ്പി വെള്ളംവാങ്ങി. പിന്നെ വണ്ടിയിൽ കയറാൻ നോക്കുമ്പോൾ പിന്നിൽ ടിൻഷീറ്റുകൾ കൊണ്ട് മറച്ച മറ്റൊരു കടയുടെ വാതിൽക്കലേക്ക് മിക്കവരും ഓടുന്നു. ഒറ്റവാതിൽ മാത്രമുള്ള അതിന്‍റെ മുന്നിലേക്ക് ചെല്ലുമ്പോൾ ഓരോരുത്തർക്കായി ഗ്ലാസിൽ എന്തോ ഒഴിച്ചുകൊടുക്കുന്നുണ്ട്. എന്താണെന്നറിയാൻ ഒരാകാംക്ഷ.

വഴിയോര കാഴ്ചകൾ

ഒട്ടും താമസിച്ചില്ല. ഞാനും പിറകെചെന്നു. തെളിഞ്ഞവെള്ളം പോലൊരു ദ്രാവകം. പലരും വാങ്ങി കുടിക്കുന്നു. ആൺപെൺ വ്യത്യാസമില്ലാതെ. ഓരോരുത്തരുടെയും മുഖത്ത് ഓരോരോ ഭാവങ്ങൾ. ചിലർ ഇരുത്തിച്ചിരിക്കുമ്പോൾ ചിലരിൽ നിസ്സംഗത. ചിലരിൽ പുഞ്ചിരി. എന്തരോ എന്തോ ഒന്നാലോചിച്ചു നിൽക്കുമ്പോൾ എനിക്കും കിട്ടി ഒരു ഗ്ലാസിൽ. രുചിച്ചുനോക്കുമ്പോൾ അത് മുഴുവൻ കുടിച്ചോളൂ എന്ന് അവർ പറഞ്ഞു. ഞാൻ അത് മുഴുവൻ അകത്താക്കി.

ചെറിയ ചവർപ്പുള്ള ഒരു പാനീയം. ഇതുവരെ പരിചയമില്ലാത്ത ഒരു രുചിയും നേരിയ മണവും. ലഹരിപാനീയമാണെന്ന് ബോധ്യമായി. കുടിച്ചുകഴിഞ്ഞു ഗ്ലാസ്‌ കൊടുക്കുമ്പോൾ തീസ് റുപ്പീസ് എന്നുപറഞ്ഞു കൈനീട്ടി. കാശുകൊടുത്തു തിരികെനടന്നു. എല്ലാവരും കൂട്ടച്ചിരി. ദേശിദാരു എന്ന ഓമനപ്പേരിലറിയപ്പെടുന്ന വടക്കുകിഴക്കിന്‍റെ തനിനാടൻ വാറ്റ് സാധനമാണെന്ന് കേട്ടപ്പോൾ അൽപ്പം ഭയം തോന്നാതിരുന്നില്ല. കൂടിവന്നാൽ കിക്കാവും, ഒന്ന് ശർദ്ധിക്കും അതിൽ കൂടുതൽ എന്താവാൻ എന്ന് ചിലർ. ഇതൊക്കെ രുചിക്കാതെ എന്ത് നോർത്ത് ഈസ്റ്റ് യാത്ര എന്നുപറഞ്ഞ് മറ്റുള്ളവരും പരസ്പരം പ്രോത്സാഹിപ്പിച്ചു.

കൊഹിമയെന്ന സുന്ദര നഗരം

വണ്ടി മുന്നോട്ടുനീങ്ങിതുടങ്ങി. കൊഹിമ സിറ്റിയുടെ പ്രാന്ത നഗരത്തിലൂടെയാണ് പോകുന്നത്. നഗരമുഖങ്ങൾ കുന്നുകളും താഴ്‌വരകളുമാണ്. അവ ഒന്നിനൊന്നു തൊട്ടുകിടക്കുന്നു. അടുക്കിവച്ച കളിപ്പാട്ടങ്ങൾ പോലെ നിറയെ കെട്ടിടങ്ങളും. ചരിഞ്ഞും കുത്തനെയും കിടക്കുന്ന ഭൂപ്രകൃതിക്ക് ചേർന്നരീതിയിലുള്ള നിർമിതികളാണിവിടെയെല്ലാം. നമ്മുടെ നാട്ടിലേതുപോലെ വെട്ടിനിരപ്പാക്കി സമതലത്തിൽ വീടുകളും ഫ്ലാറ്റുകളും പണിയുന്നപോലെയല്ല. മറിച്ച് മണ്ണിന്‍റെയും ഭൂമിയുടെയും കിടപ്പിനനുസരിച്ച് കെട്ടിടങ്ങളുണ്ടാക്കുന്നു. പ്രാദേശികമായി ലഭ്യമായതും കാലാവസ്ഥക്ക് അനുകൂലമായതുമായ നിർമാണ സാമഗ്രികളുപയോഗപ്പെടുത്തി ചെലവുചുരുക്കി നിർമിക്കപ്പെട്ട അനേകം വസതികളും കൂറ്റൻ കെട്ടിടങ്ങളും കാണാം. സിമന്‍റും ഇഷ്ടികയും ചേർത്ത തറകളും മുളയുൽപ്പന്നങ്ങളോ ടിൻഷീറ്റുകളോ ഉപയോഗിച്ചുള്ള ഭിത്തികളും ടിന്നുകൊണ്ടുള്ള മേൽക്കൂരയുമെല്ലാം ഇവിടുത്തെ നിർമിതികളുടെ പ്രത്യേകതയാണ്.

കൊഹിമ നഗരം

കുറച്ചുകൂടി സഞ്ചരിച്ച് കൊഹിമ ടൗണിലെത്തി. ചുറ്റും നിറയുന്ന കെട്ടിടങ്ങൾ. തട്ടുതട്ടായ മനോഹര നിർമിതികൾ. മുഖപ്പും മേൽക്കൂരകളും അലങ്കരിച്ച മുകളിലേക്കുനോക്കിനിൽക്കുന്ന സുന്ദരൻ മന്ദിരങ്ങളും വീടുകളും കാണാം. നാഗന്മാരുടെ കരവിരുതും വാസ്തുകലയും വിളിച്ചോതുന്നവയാണ് അവയെല്ലാം.

ഇന്ത്യയിലെ തന്നെ പ്രശസ്തിയാർജ്ജിച്ച നഗരമാണ് നാഗാലാ‌ൻഡിന്‍റെ തലസ്ഥാനമായ കൊഹിമ. ഒട്ടേറെ പ്രത്യേകതകളുള്ള നഗരം കൂടിയാണിത്. ലോകഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച നഗരം. ടൂറിസ്റ്റുകളുടെ ഇഷ്ടസങ്കേതം. നാഗാലാ‌ൻഡിന്‍റെയെന്നല്ല, നോർത്ത് ഈസ്റ്റിന്‍റെ തന്നെ മനോഹരമായ ഹിൽ സ്റ്റേഷൻ. വടക്കുകിഴക്കിന്‍റെ ഫാഷൻ പോയിന്റ് എന്നുകൂടി കൊഹിമ അറിയപ്പെടുന്നു. സൗന്ദര്യമത്സരങ്ങളുടെ വേദികൂടിയായ, സുന്ദരിമാരെ ആകർഷിക്കുന്ന, സുന്ദരിമാരുടെ നഗരം. അതാണ് കൊഹിമ. കൊഹിമയിലെ വാർ സെമിത്തേരിയും ഏറെ പ്രസിദ്ധമാണ്.

വഴിയോരത്തെ വീട്

കൊഹിമയുടെ നഗമധ്യത്തിലൂടെ എൻ.എച്ച്​ 29 വഴിയാണ് ഈ യാത്ര. ഇംഫാൽ, കിസാമ, ബോക് എന്നിവിടങ്ങളിലേക്കുള്ള ദിശാസൂചകങ്ങളുള്ള ബോർഡ്‌ കണ്ടു. തട്ടുതട്ടായ കെട്ടിടങ്ങളും വീടുകളും. ആരാധനാലയങ്ങൾ, ഓഫിസ് സമുച്ചയങ്ങൾ. റോഡിനിരുവശത്തും പലഹാരക്കടകളും പാത്രക്കടകളും തുണിക്കടകളും ധാരാളമുണ്ട്. കമ്പിളിവസ്ത്രങ്ങളുടെ കടകളാണധികവും. ജാക്കറ്റുകളും തൊപ്പികളും ഷാളുകളും കുട്ടിയുടുപ്പുകളും എല്ലാമുണ്ട്. കടും നിറങ്ങളിലുള്ള അവ തൂക്കിയിട്ടിരിക്കുന്നത് കണ്ടാൽ വാങ്ങാൻ തോന്നും. അത്രക്ക് ആകർഷകങ്ങളാണവ. കൂടാതെ ചിലയിടങ്ങളിൽ വസ്ത്രങ്ങളും ചെരിപ്പുകളും റോഡിനരികിൽ കൂനകൂട്ടിയിട്ടിരിക്കുന്നു. മനോഹരമായ വർണ്ണക്കൂമ്പാരങ്ങൾ.

കൊഹിമ സുന്ദരിയാണ്. മാർക്കറ്റുകളും വീടുകളും കെട്ടിടസമുച്ചയങ്ങളും തൊട്ടുതൊട്ടിരിക്കുന്ന പച്ചയും പലവർണ്ണങ്ങളും ചേർന്ന മനോഹരമായ ഹിൽസ്റ്റേഷൻ. കൊഹിമയുടെ നഗരകാഴ്ചകളിൽ പരമ്പരാഗത വേഷംധരിച്ച സുന്ദരികളായ നാഗാവനിതകളും കുട്ടികളും നടന്നുപോകുന്നത് കാണാം. റോഡിലേക്ക് ചേർന്ന് നിൽക്കുന്ന വീടുകളുടെയും കടകളുടെയും മുമ്പിൽ നടപ്പാതകളിൽ ഭംഗിയായി വിന്യസിച്ചിരിക്കുന്ന പൂച്ചെടികൾ. കടും ചുവപ്പും വയലറ്റും റോസും വെള്ളയും ഓറഞ്ചും നിറമുള്ള സുന്ദരിപ്പൂവുകൾ. ചില ഇലച്ചെടികളുമുണ്ട്. കാന്തല്ലൂരിന്‍റെയും വട്ടവടയുടെയും കാലാവസ്ഥയെയും പ്രകൃതിയെയും ഓർമിപ്പിക്കുന്ന സസ്യജാലങ്ങളിൽ ചിലതും ഇവിടെയുണ്ട്. ക്രിസ്മസ്ട്രീയും റോസയും മാരിഗോൾഡുമുൾപ്പെടെ കടുംനിറപ്പൂക്കളുള്ള ചെടികൾ.

നഗരത്തിന്റെ ദൂരക്കാഴ്ച

ക്വിഗ്വാമയിലേക്ക്​

നഗരത്തിരക്കിൽനിന്നും വണ്ടി ഹൈവേയിലൂടെ മുന്നോട്ടുനീങ്ങി. ഇവിടെയെങ്ങും നിർത്താൻ പ്ലാനില്ല. കാരണം കൊഹിമയിൽനിന്നും 16 കി.മീ ദൂരമുള്ള 'ക്വിഗ്വാമ' (Kigwama) എന്ന ഗ്രാമത്തിലാണ് ഞങ്ങൾക്ക് എത്തിച്ചേരേണ്ടത്. അവിടെയുള്ള ഒരു ഹോംസ്റ്റേയിലാണ് ഭക്ഷണവും താമസവും ഒരുക്കിയിട്ടുള്ളത്. എത്രയും വേഗം അവിടെയെത്തണം. വീട്ടിൽ നിന്നിറങ്ങിയിട്ട് ഇതുവരെ കുളിയോ ജപമോ കഴിച്ചിട്ടില്ല. ഹോംസ്റ്റേയിലെത്തിയിട്ട് വേണം ഇതൊക്കെ ചെയ്യാൻ. ഫ്രഷ് ആയി ശാപ്പാടും കഴിച്ച് കുറച്ചുസമയം വിശ്രമിക്കണം. അതിനുശേഷമുള്ള പകൽസഞ്ചാരവും കഴിഞ്ഞ് സുഖനിദ്ര. വീണ്ടും രാവിലെ സൂക്കോവാലിയിലേക്ക്. അവിടത്തെ പുതുവർഷാഘോഷത്തെക്കുറിച്ച് ഓർത്തപ്പോൾതന്നെ മനസ്സിൽ ഏറെ സന്തോഷം തോന്നി, ഉത്സാഹവും.

ഹൈവേയിലൂടെ വീണ്ടും ശകടം സഞ്ചരിച്ചുകൊണ്ടേയിരുന്നു. സമയം ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. അന്തരീക്ഷം ഇപ്പോഴും നല്ല തണുപ്പിൽ തന്നെ. മലഞ്ചെരിവുകളും കൃഷിയിടങ്ങളും പൊടിപാറിനിൽക്കുന്ന റോഡുകളും കാണാം. റോഡിനു വീതികൂട്ടാനുള്ള പണികളും ഇടക്കിടെ നടക്കുന്നുണ്ട്. കൂറ്റൻ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും ഈ താഴ്‌വരകളെയും പിളർന്നു തിന്നുകയാണല്ലോ കുറേശ്ശേ കുറേശ്ശേ എന്ന് ഉള്ളിൽ പറഞ്ഞു. വണ്ടി അൽപ്പം കൂടി മുന്നോട്ടുപോകുമ്പോൾ ഒരു ബോർഡ്‌ കണ്ടു. ഇന്നർ ലൈൻ പെർമിറ്റ് (ILP) എടുത്ത്, നിർദേശിക്കുന്ന വഴിയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നെഴുതിയ ബോർഡ്‌. ഞങ്ങൾ എല്ലാവരും മുൻകൂട്ടി പെർമിറ്റ് എടുത്തിരുന്നു.

വഴിയരികിൽ ഫുട്ബാൾ കളിക്കുന്ന ബാലൻ

വണ്ടി അടുത്തുകണ്ട ഒരു ചായക്കടക്ക് സമീപം പാർക്ക്‌ ചെയ്തു. ചിലരിറങ്ങി ചായകുടിച്ചു. മറ്റുചിലർ വെറുതെ റോഡിലൂടെ നടന്നു. പിന്നെയും ചിലർ ചായക്കടയോട് ചേർത്ത് നിർമിച്ച ടോയ്‌ലെറ്റിൽ പോയി പ്രാഥമിക കാര്യങ്ങൾ സാധിച്ചു. സത്യത്തിൽ ഈ പാർക്കിങ്ങിന്‍റെ ഉദ്ദേശ്യവും അതായിരുന്നു. എല്ലാവർക്കും ആശ്വാസമായി. അൽപ്പസമയം കൂടി അവിടെ ചുറ്റിപ്പറ്റിനിന്ന് ദൂരവീക്ഷണം നടത്തി. അകലെ പച്ചവിരിച്ച കുന്നുകളും അതിനിടയിൽ കൊച്ചുകൊച്ചു പെട്ടികൾ അടുക്കിയതുപോലുള്ള കെട്ടിടങ്ങളും. താഴെ വരവരയായി കോറിയിട്ട ചിത്രം പോലെ താഴ്‌വരയിലെ കൃഷിഭൂമികൾ. അതിനിടയിൽ മേയുന്ന കന്നുകാലികൾ.

ഇടക്കിടെ റോഡിലും കാണാം ഒറ്റക്കും കൂട്ടായും നടന്നുനീങ്ങുന്ന കാലിക്കൂട്ടങ്ങളെ. കൃഷിയും കന്നുകാലിവളർത്തലും ഒരുമിച്ച് ചേർത്ത് കൊണ്ടുപോകുന്ന പാരമ്പര്യകൃഷിയുടെ വക്താക്കൾ കൂടിയാണ് നാഗാലാ‌ൻഡിലെ മണ്ണിന്‍റെ മക്കൾ എന്ന് ഈ കാഴ്ചകളിൽനിന്ന് വ്യക്തമാകും. വഴിയിൽ മധ്യവയസ്കയായ ഒരു നാഗാ വനിതയെ കണ്ടു. വലിയ നീളൻ വള്ളിക്കുട്ടയും പുറത്തേറ്റി അതിൽ ഒരു വാക്കത്തിയും ഒരു ചെറിയ കോടാലിയുമായി അവർ നടന്നുവരുന്നു. ഞങ്ങൾ നിന്നിരുന്ന കടയുടെ സമീപത്തെത്തി കടയുടമയോട് കുശലം പറയുകയാണവർ. പിങ്ക് നിറത്തിലുള്ള പാരമ്പരാഗത വസ്ത്രമുടുത്ത അവരുടെ ചുവന്നുതുടുത്ത മുഖം സൂര്യരശ്മിയിൽ കൂടുതൽ തിളങ്ങി. പ്രദേശവാസിയാണ്.

നാഗാ വനിത

വിറകും പുല്ലും ശേഖരിക്കാനിറങ്ങിയതാണെന്ന്‌ അവരുടെ ഭാഷയിൽ ആംഗ്യത്തോടെ പറഞ്ഞു. കൂടെനിന്ന് ഫോട്ടോയെടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരുമാത്ര നിന്നു. ഫോട്ടോയെടുത്തു. പിന്നെ അവർ നടന്നുനീങ്ങി. കുട്ടകളും ചുമലിലേന്തി ഇതുപോലെ ഒറ്റക്കും കൂട്ടുകൂടി വർത്തമാനം പറഞ്ഞും പോകുന്ന പെണ്ണുങ്ങൾ ഈ പ്രദേശത്തെ ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. അധ്വാനികളായ സ്ത്രീരത്നങ്ങൾ. വീറുറ്റ ഹിമാലയൻ വനിതകളും വടക്കുകിഴക്കൻ വനിതകളും ഇക്കാര്യത്തിൽ മുമ്പന്തിയിൽ നിൽക്കുന്നു എന്ന സത്യം അനുഭവത്തിന്‍റെ വെളിച്ചത്തിൽ പറയാതെ വയ്യ.

വണ്ടിയിൽ കയറി പിന്നെയും യാത്ര തുടർന്നു. കുറേക്കൂടി മുന്നോട്ടുചെന്നപ്പോൾ

Kigwama 0 km

Viswema 8 km

Khuzama 14 km

എന്നിങ്ങനെ എഴുതിയ ബോർഡ് കണ്ടു. ക്വിഗ്വാമയിലെ ഹോംസ്റ്റേയുടെ പരിസരം തന്നെയാണിത്. ഇനി ഹോംസ്റ്റേയിലേക്ക് പോകാനുള്ള വഴി കണ്ടുപിടിക്കണം. വണ്ടിനിർത്തി ഒന്നുരണ്ടുപേർ പുറത്തിറങ്ങി സമീപവാസികളോട് തിരക്കി. അവർ കൈചൂണ്ടി ദിശ കാണിച്ചു. അതോടൊപ്പം ഹോംസ്റ്റേ നമ്പറിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. വളരെ അടുത്താണെന്നും 200 മീറ്ററിൽ താഴെ മാത്രം ദൂരമേയുള്ളൂവെന്നും അറിഞ്ഞു. ഞങ്ങൾക്കും സന്തോഷമായി. വീണ്ടും വണ്ടിയിൽ കയറിയിരുന്നു.

വഴിയോരത്തെ വീട്

രണ്ടുമൂന്നു മിനിട്ടുകൾക്കകം ഹോംസ്റ്റേയുടെ മുന്നിലെത്തി. കുറേപ്പേർ വണ്ടിയിൽ നിന്നിറങ്ങി. നടത്തം തുടങ്ങി, വീട്ടിലെത്തിയ സമാധാനത്തോടെ. മുന്നിലായി മൂന്ന് കെട്ടിടങ്ങൾ. അതിലൊന്ന് പാരമ്പരാകൃത ഗൃഹമാണ്. മറ്റുരണ്ട് ഇരുനില അതിഥിമന്ദിരങ്ങളും. നാലഞ്ച് മുറികൾ വീതം താഴെയും മുകളിലുമായുണ്ട്. അവിടെയാണ് ഞങ്ങളുടെ താമസം.

ഹോംസ്റ്റേ ഉടമയും നടത്തിപ്പുകാരിയുമായ റോവി ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു, വെള്ളപ്പൂക്കൾ പോലുള്ള ചിരിയോടെ. കൂടെ കുടുംബവും. ഫ്ലാസ്കിൽ ചൂടു ചായയും കാപ്പിയും ഒപ്പം സ്‌നോ ബിസ്കറ്റും വരാന്തയിലെ മേശയിൽ നിരത്തിവച്ചിട്ടുണ്ട്. ചായയും ബിസ്കറ്റും കഴിക്കുന്നതിനിടയിൽ പരിസരമാകെ ഒന്ന് കണ്ണോടിച്ചു. ഒരു സമാധാനം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ എന്ന് തോന്നി. ഏതോ ബന്ധുവീട്ടിലോ സുഹൃത്തിന്‍റെ വീട്ടിലോ ചെന്നപോലെ. വഴിയിലും മുറ്റത്തും മതിലിലും കെട്ടിടങ്ങളുടെ സ്റ്റെപ്പിലുമെല്ലാം മനോഹരമായ പൂച്ചെടികളും ഇലച്ചെടികളും ചട്ടികളിൽ നിറയെയുണ്ട്. ചെറിയ ചെറിയ കള്ളിച്ചെടിയുടെ വർഗ്ഗങ്ങളുമുണ്ട് ധാരാളം.

മുറ്റത്തേക്കിറങ്ങുന്ന സ്റ്റെപ്പിനോട് ചേർന്ന് ഒരു കൂട്ടിൽ നിറയെ നായ്ക്കുട്ടികൾ. കറുപ്പും തവിട്ടുനിറത്തിലും കൊഴുത്തുരുണ്ട കുഞ്ഞൻ നായകൾ മത്സരിച്ച് മോങ്ങുന്നുണ്ട്. വിശപ്പിന്‍റെ വിളിയാകാം. നല്ല ഓമനത്വമുള്ള മുഖമാണവക്ക്. തൊടിയിൽ ഒരു പച്ചക്കറി തോട്ടവുമുണ്ട്. പഴുത്തുനിൽക്കുന്ന ഓറഞ്ചും പപ്പായയും നമുക്ക് പരിചയമില്ലാത്ത ഒരു മഞ്ഞപ്പഴവും. കാബേജ്, തക്കാളി, ബീൻസ്, കടുക്, മഞ്ഞൾ, വാഴ, ചീര, പലതരം മുളകിനങ്ങൾ എന്നിവ കായ്ച്ചും പഴുത്തും കിടപ്പുണ്ട്. നീല ഉണ്ടൻ മുളക്, ഓറഞ്ചും ചുവപ്പും കലർന്ന വടക്കുകിഴക്കിന്‍റെ തനിയിനമായ കിംഗ് ചില്ലി, കാശ്മീരി പിരിയൻ എന്നിവയും കാണാം.

വീടിന്‍റെ പിന്നാമ്പുറത്തും ചുറ്റുമെല്ലാം മുളകളുടെ സാന്നിധ്യമുണ്ട്. നീണ്ടുനിവർന്നു ആകാശം നോക്കി നിൽക്കുന്ന കരിമ്പച്ചയിലകൾകൊണ്ട് നിറഞ്ഞ, വലുപ്പമുള്ള മുളങ്കൂട്ടങ്ങളും ചെറിയ തണ്ടുകളോടുകൂടിയ മുളകളുമെല്ലാം കാണാം. ചെറുകാറ്റിൽ ഇളകുന്ന മുളകളുടെ കലപിലകൾ നാദസുന്ദരമായ സംഗീതമായി കൂടെനിന്നു. ഈ മുഴുനീള യാത്രക്കൊപ്പം.

സ്നോ ബിസ്കറ്റും കാപ്പിയും

വീടിന്‍റെ ഉമ്മറത്തുതന്നെ താഴെ അടുപ്പിൽ ഒരു വലിയ വട്ടച്ചെമ്പിൽ എന്തോ മൂടിവച്ചിട്ടുണ്ട്. അടുപ്പ് പുകയുന്നുമുണ്ട്. ബിരിയാണിച്ചെമ്പു തന്നെയാണത്. ഉച്ചക്ക് ബിരിയാണിയാകുമോ കഴിക്കാൻ എന്നോർത്തപ്പോൾ മനസ്സിലൊരു ലഡ്ഡുപൊട്ടി. പോയി അടപ്പുതുറന്നുനോക്കി. പൊട്ടിയ ലഡ്ഡു അങ്ങനെതന്നെ അലുത്തുപോയി. വെള്ളം ചൂടാക്കാൻ വച്ചതാണ്. കുറേപ്പേർക്ക് വേണമല്ലോ. ഞങ്ങൾ 23 പേരുണ്ട്. വീട്ടുടമ അടുപ്പിൽ തീ കൊടുത്ത് വെള്ളം കൂടുതൽ ചൂടാക്കാനുള്ള ശ്രമത്തിലാണ്.

ചായകുടിച്ചവർക്ക് ചൂടുവെള്ളം കൊണ്ട് കുളി തുടങ്ങാം. കുളിച്ച് വിശ്രമിക്കുമ്പോഴേക്കും ഉച്ചഭക്ഷണം റെഡിയാകും. അതുകഴിഞ്ഞ് ക്വിഗ്വാമയിലെ പരിസരങ്ങൾ കാണണം. ക്വിഗ്വാമയുടെ നെറുകയിലെ ഷുർഹോ (Shurho) വ്യൂ പോയിന്‍റിൽ എത്തി കൊഹിമയുടെയും നാഗാലാ‌ൻഡിന്‍റെയും ദൂരക്കാഴ്ചകൾ കാണണം. കിസ്സാമ എന്ന ഹോൺബിൽ ഫെസ്റ്റിവലിന്‍റെ താവളം കാണണം. ഇങ്ങനെ പലതുമുണ്ട് പ്ലാനുകൾ.

ഹോം സ്റ്റേക്ക് സമീപം വിളഞ്ഞുനിൽക്കുന്ന പച്ചക്കറികൾ

പിന്നെ ആലോചിച്ചില്ല. മുറ്റത്തുതന്നെ അടുക്കിവച്ച അലൂമിനിയം ബക്കറ്റുകളിലൊന്നെടുത്ത് അതിൽ വെള്ളം നിറച്ച് റൂമിലെത്തി കുളി പാസ്സാക്കി. വസ്ത്രം മാറി. ഹോംസ്റ്റേയുടെ മുന്നിലെ മേശയിലും മുറിയിലെ തീന്മേശയിലും കാപ്പിയും ചായയും സ്‌നോ ബിസ്ക്കറ്റുമൊക്കെ പിന്നെയും നിരത്തിവച്ചിട്ടുണ്ട്. വീട്ടുടമ റോവി സന്തോഷത്തോടെ വീണ്ടും വിളമ്പിത്തരുന്നു.

തണുപ്പിനെ അകറ്റാൻ നല്ലൊരു മാർഗമാണിത്. ഒന്നുരണ്ടു ഗ്ലാസ്‌ കട്ടൻ കാപ്പിയും രണ്ടുമൂന്നു സ്‌നോ ബിസ്ക്കറ്റും കൂടി കഴിച്ച് അവരോട് കുശലം പറഞ്ഞ് അൽപ്പനേരം ഉമ്മറത്തിരുന്നു. മുന്നിൽ കൊഹിമയുടെ വിശാലമായ നഗരക്കാഴ്ച. ഏതോ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ ഉയർന്ന കുരിശടയാളം. റോഡിലൂടെ നീങ്ങുന്ന വാഹനങ്ങൾ. വാഹനങ്ങളുടെ ഇടയ്ക്കുകേൾക്കുന്ന ശബ്ദമൊഴിച്ചാൽ ഇവിടം ശാന്തമാണെന്ന് തോന്നി. ഈ ശാന്തതയിൽ അൽപ്പം വിശ്രമിക്കാം എന്നോർത്ത് റൂമിലേക്ക്‌ പോയി. പിന്നെ ബ്ലാങ്കറ്റിനുള്ളിൽ കയറി കണ്ണടച്ചു. ചെറിയൊരു ഉറക്കത്തിലേക്ക്.

വിരിഞ്ഞുനിൽക്കുന്ന പൂക്കൾ

ഉറക്കം കഴിഞ്ഞുണർന്നപ്പോഴേക്കും ഉച്ചഭക്ഷണം റെഡിയായിരുന്നു. നല്ല വിശപ്പുമുണ്ട്. തണുപ്പ് മൈനസ് അഞ്ച് ആറ് എന്ന നിരക്കിലാണ്. വിശപ്പിന്‍റെ വിളിയും വേഗതയും കൂടും. രാത്രിയിൽ ഇനിയും കൂടും. ഭക്ഷണം ഓരോരുത്തരായി കഴിച്ചു തുടങ്ങി. ചോറും ചപ്പാത്തിയും കറികളും ചേർന്ന ഭക്ഷണം. ചിക്കൻ കറിയും ഉരുളകിഴങ്ങുകറിയും കൂട്ടുമെഴുക്കുപുരട്ടിയും പപ്പടവും സലാഡും അച്ചാറുമുണ്ട്.

ഇതിനൊക്കെ ഇവിടുത്തെ പേരുകളും വേറെയാണ്. ഏതു കറിയിലും മുളങ്കൂമ്പുകൾ ചേർത്തിരിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മുളങ്കൂമ്പുകളിട്ടു തയാറാക്കിയ ചിക്കൻകറിക്ക് നാട്ടിലെ ചിക്കൻ കറിയുടെ രുചിയല്ല. മസാല തീരെയില്ലാത്ത നാടൻ മുളകും മഞ്ഞൾപൊടിയും ഇഞ്ചിയും ചേർത്ത് കടുകെണ്ണയിൽ പാചകം ചെയ്തെടുത്തതാണിത്. രുചി അൽപ്പം കുറയുമെങ്കിലും ആരോഗ്യത്തിന് കേടുണ്ടാകില്ല.

ഹോംസ്റ്റേയുടെ മുറ്റം

ഉരുളക്കിഴങ്ങും ബീൻസും പച്ചമുളകും മുളങ്കൂമ്പും ചേർത്തുണ്ടാക്കിയ മെഴുക്കുപുരട്ടിയാണ് മറ്റൊന്ന്. മഞ്ഞൾപൊടി ചേർക്കാതെ വെളുത്തുള്ളിയും സവാളയും വഴറ്റിയാണ് ഇത് തയാറാക്കിയിട്ടുള്ളത്. വെജിറ്റേറിയൻ കഴിക്കുന്നവർക്ക് മുളങ്കൂമ്പ് ചേർത്ത ഗോപി മഞ്ചൂറിയനുമുണ്ട്. ചുരുക്കത്തിൽ മുളങ്കൂമ്പിന്‍റെ തകൃതി തന്നെയാണ് ഓരോ വിഭവങ്ങളിലും എന്നുപറയാം.

ഇഷ്ടം പോലെ കഴിച്ചോളൂ എന്ന് പറഞ്ഞു വീട്ടുകാർ തീരുന്നതനുസരിച്ച് പാത്രങ്ങൾ നിറച്ചുകൊണ്ടിരുന്നു. കഴിക്കുന്ന കാര്യത്തിൽ ഞങ്ങളും മോശമായിരുന്നില്ല. ഭക്ഷണം കഴിച്ച് റൂമിലെത്തി അൽപ്പസമയത്തിനകം ജാക്കറ്റും തൊപ്പിയുമെടുത്ത് ഞങ്ങൾ പുറത്തിറങ്ങി. പ്രഥമദിന സവാരിക്കായി.

(തുടരും)

Part 2 - കിസാമയിലെ ഗ്രാമവഴികൾ

Part 3 - സൂക്കോവാലി - മുളപാടും താഴ്‌വരകൾ

Part 4 -  സ്നേഹം വിളമ്പുന്ന അടുക്കളകൾ

Tags:    
News Summary - Through the soil of the Nagas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.