പെ​രു​മ്പ​ളം ദ്വീ​പി​ന്‍റെ ദൃ​ശ്യം

ദ്വീപിന്‍റെ കഥ; പെരും പള്ളം അഥവാ വലിയ ചതുപ്പ്

അരൂർ: വേമ്പനാട്ടുകായലിനും കൈതപ്പുഴ കായലിനും മധ്യേ ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപാണ് പെരുമ്പളം. കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്. പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ മനോഹരമായ ഭൂപ്രദേശം. എങ്ങും എവിടെയും കേരസമൃദ്ധി. സുഖകരമായ കാലാവസ്ഥ.

1956-57ൽ നെഹ്റു മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ കൊച്ചി ആസ്ഥാനമാക്കി ദക്ഷിണ നാവിക കമൻഡിന് വിമാനത്താവളം സ്ഥാപിക്കുന്നത് പരിഗണിക്കാൻ ദ്വീപിൽ എത്തിയിരുന്നു. എന്നാൽ, പെരുമ്പളത്തിന്റെ ഗ്രാമഭംഗിയിൽ ആകൃഷ്ടനായി ഈ പ്രകൃതിരമണീയത നശിപ്പിക്കാൻ തയാറാകാതെ തിരിച്ചുപോയി.

വടക്ക് കൈതപ്പുഴ കായലും എറണാകുളം ജില്ലയിൽപെട്ട പനങ്ങാടും കിഴക്ക് വേമ്പനാട്ടുകായലും എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തും വട്ടവയൽ തുരുത്തും കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തും ആമച്ചാടി തുരുത്തും തെക്ക് വേമ്പനാട്ടുകായലും പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത്, മൂപ്പനാർതുരുത്ത് തുടങ്ങിയ നിരവധി തുരത്തുകളും കാണാം.

ചുരുക്കിപ്പറഞ്ഞാൽ പെരുമ്പളം ദ്വീപിൽനിന്ന് സ്വന്തം ജില്ലയെയും മറ്റു രണ്ടു ജില്ലയെയും കാണാം. ചുറ്റുമുള്ള കായലിൽ വൻ കക്കശേഖരം, കൃഷി, മീൻപിടിത്തം, കയറുപിരി ഇവയായിരുന്നു പഴയകാലത്ത് മുഖ്യതൊഴിൽ. തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി എന്നിവയുടെ സമൃദ്ധമായ കൃഷിയും ദ്വീപിൽ ഇപ്പോഴും കാണാം. 1979ലാണ് പെരുമ്പളം ഗ്രാമപഞ്ചായത്ത്‌ രൂപവത്കൃതമായത്. അരൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് ഈ പഞ്ചായത്ത്.

1341 ജൂണിലെ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ പല പ്രദേശങ്ങള്‍ക്കും ഭൂമി ശാസ്ത്രപരമായ പല മാറ്റങ്ങളും സംഭവിച്ചു. ഒരിക്കല്‍ ഇന്നത്തെ പൂത്തോട്ടയുമായി ചേര്‍ന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ളപ്പൊക്കത്തില്‍ മൂവാറ്റുപുഴ ആറ് കവിഞ്ഞൊഴുകി പൂത്തോട്ടയില്‍നിന്ന് അകന്നുമാറിയതായി ഭൂമിശാസ്ത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ദ്വീപിനെ ചുറ്റി ധാരാളം ചെറുദ്വീപുകളും കാണാം. ഇതെല്ലാം സൂചിപ്പിക്കുനത് ഒരിക്കല്‍ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ്.

പെരുമ്പളം എന്ന പേരുണ്ടായത് പള്ളം എന്ന വാക്കില്‍നിന്നാണെന്ന് പറയപ്പെടുന്നു. പള്ളം എന്നാല്‍ ചതുപ്പുപ്രദേശം, കടലോരം എന്നിങ്ങനെ അർഥമുണ്ട്. പെരും എന്നാല്‍ വലിയത് എന്നര്‍ഥം. അപ്പോള്‍ പെരുമ്പളം എന്നാല്‍ വലിയ കടലോരമെന്നോ, വലിയ ചതുപ്പുപ്രദേശം എന്നോ അര്‍ഥം ഗ്രഹിക്കാം. പണ്ട് ഈ ദ്വീപ്‌ കണ്ടല്‍ വനങ്ങളും മുതല മുള്‍ക്കാടുകളും കൈതകളും നിറഞ്ഞിടമായിരുന്നു.1200 വര്‍ഷത്തിന് അപ്പുറമായിരിക്കാം ഇവിടെ ജനവാസം ആരഭിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

പഴയ കൊച്ചി രാജ്യത്തിന്‍റെ വടക്കേ അതിര്‍ത്തിയില്‍ താമസിച്ചിരുന്ന നമ്പൂതിരിമാര്‍, കൊച്ചി -കോഴിക്കോട് രാജ്യങ്ങള്‍ തമ്മില്‍ നിരന്തരമായി നടന്നുവന്ന യുദ്ധങ്ങളില്‍ പൊറുതിമുട്ടി തങ്ങള്‍ക്കു സമാധാനമായി താമസിക്കാന്‍ കുറച്ചു സ്ഥലം നൽകണമെന്നു കൊച്ചി രാജാവിനോട് അപേക്ഷിച്ചു. അങ്ങനെ രാജാവ് ഇവര്‍ക്ക് താമസിക്കാൻ നല്‍കിയ പ്രദേശം പെരുമ്പളം ദ്വീപായിരുന്നു. ഈ നമ്പൂതിരികളാണ് പെരുമ്പളത്തെ ആദിമവാസികളെന്നും അതല്ല അരയന്മാരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാര്‍ എന്നും രണ്ടഭിപ്രയമുണ്ട്.

2000 വര്‍ഷം മുമ്പ് ഈ സ്ഥലവും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളും ഉണ്ടായിരുന്നില്ലെന്ന് ചരിത്രം പറയുന്നു. ലോക സഞ്ചാരികളായ ടോളമി ബി.സി 400ലും മെഗസ്തനീസ് 306ലും കേരളത്തില്‍ വന്നപ്പോള്‍ കപ്പലില്‍ സഞ്ചരിച്ചത് പെരുമ്പളത്തെ ചുറ്റിയുള്ള വേമ്പനാട്ടുകായലിലൂടെ ആയിരുന്നെന്നും അന്നത്തെ തുറമുഖമായിരുന്ന കടുത്തുരുത്തിയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോയത് ഈ വഴിക്കാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വിശ്വവിജയിയായ സ്വാമി വിവേകാനന്ദനും ഈ കായലിലൂടെ യാത്ര ചെയ്തിട്ടുണ്ടത്രേ. ഇത്തരത്തില്‍ ചരിത്രവിസ്മയം പേറുന്ന ഒരു പുണ്യഗ്രാമമാണ്‌ പെരുമ്പളം. 

News Summary - The story of the island; Perum Pallam or Great Swamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.