അബു സംറ അതിർത്തി
ദോഹ: ഖത്തറിലേക്കുള്ള സന്ദർശക പ്രവാഹത്തിൽ ഏറ്റവും സജീവമാകയത് ജി.സി.സി രാജ്യങ്ങളിൽ നിന്നെന്ന പ്ലാനിങ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) റിപ്പോർട്ട്. ജൂണിൽ രാജ്യത്ത് എത്തിയ സന്ദർശകരിൽ 42 ശതമാനവും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുൻ വർഷങ്ങളെയും കഴിഞ്ഞ മാസങ്ങളെയും അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഖത്തർ സന്ദർശകർ വർധിച്ചതായും വെളിപ്പെടുത്തുന്നു. ഈ വർഷം ജൂണിൽ 1.18 ലക്ഷം പേരാണ് ജി.സി.സി കളിൽ നിന്നും എത്തിയത്. ഈ വർഷം മേയ് മാസത്തിൽ ഇത് 1.04 ലക്ഷമായിരുന്നു. അതേസമയം, 2022 ജൂണിൽ ഇത് 59,620ഉം ആയിരുന്നു. മേയിലേതിനേക്കാൾ 13.6 ശതമാനമാണ് വർധനയെങ്കിൽ, മുൻ വർഷത്തേക്കാൾ 99 ശതമാനം വർധനയുണ്ടായെന്ന് പി.എസ്.എ റിപ്പോർട്ട് വിശദീകരിക്കുന്നു.
സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾ 42 ശതമാനം പങ്കുവെച്ചപ്പോൾ, മറ്റു അറബ് രാജ്യങ്ങളിൽ നിന്നും ജൂണിൽ ഖത്തറിലെത്തിയവർ ഒമ്പത് ശതമാനമാണ്. അതായത് 26,261പേർ. മുൻ വർഷം ഇതേ മാസം ഇത് 10,134 ആയിരുന്നു.
ജൂണിലെ ബലിപെരുന്നാൾ അവധിക്കാലവും വേനലവധിയുടെ ആരംഭവുമെല്ലാമായിരുന്നു ഇത്രയേറെ വലിയ സന്ദർശക പ്രവാഹത്തിന് കാരണമായത്. പെരുന്നാളിൻെറ ഭാഗമായി ഖത്തറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ, പൈതൃക സ്ഥലങ്ങൾ എന്നിവടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഖത്തറിൽ നിന്നും സ്വദേശികളും താമസക്കാരും മറ്റു രാജ്യങ്ങളിലേക്ക് ഒഴുകിയപ്പോൾ, അതേപോലെ തന്നെ ഇതര ഗൾഫ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കും സന്ദർശകർ ഒഴുകിയെത്തി.
168,463 പേർ ജൂണിൽ വിമാനമാർഗമാണ് രാജ്യത്ത് എത്തിയത്. 112,206 പേർ അതിർത്തി കടന്ന് കരമാർഗവും സന്ദർശകരായി എത്തി. ആകെ സന്ദർശകരിൽ 28 ശതമാനം പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നായി 78,045 പേരാണ് ജൂണിൽ എത്തിയത്. പ്രവാസികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരും ഇതിൽ പെടും. മുൻവർഷത്തെ അപേക്ഷിച്ച് 131 ശതമാനമാണ് വർധനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.