മഴക്കുശേഷം മക്കയുടെ വടക്കുഭാഗത്തെ പ്രദേശങ്ങളിലെ ഹരിതാഭമായ കാഴ്ചകൾ
മക്ക: പച്ചപുതച്ച മക്കയിലെ മലനിരകൾ പ്രദേശവാസികൾക്കും തീർഥാടകർക്കും കൺകുളിർമ നൽകുന്ന കാഴ്ചകളാണിപ്പോൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇടക്കിടെ പെയ്ത മഴയെ തുടർന്ന് മക്കയുടെ വടക്കുഭാഗത്ത് പതിവില്ലാത്ത നിലയിൽ സസ്യങ്ങളും ചെടികളും മുളച്ചുപൊന്തി ഹരിതാഭമായി മാറി.
ഇവിടത്തെ പ്രകൃതിദൃശ്യങ്ങളിൽ വന്ന മാറ്റവും താഴ്വാരങ്ങളിലെ അരുവികളുടെ ഒഴുക്കും പ്രദേശത്തെ ഇക്കോ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കുന്നിൻചരിവുകളിലെ മേച്ചിൽപുറങ്ങളും അതിനോട് ചേർന്നുള്ള കരിമലകളും പച്ചയണിഞ്ഞുനിൽക്കുന്നത് നയനാനന്ദകരമാണ്. മക്കയുടെ പരിസരപ്രദേശങ്ങളുടെ പച്ചവിരിച്ച പ്രദേശത്തിന്റെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വൈകുന്നേരങ്ങളിൽ പ്രദേശത്ത് ഉല്ലസിക്കാനും ഫോട്ടോ പകർത്താനും സെൽഫി എടുക്കാനും ധാരാളം സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. ആഴ്ചകൾക്കു മുമ്പുതന്നെ രാജ്യത്തെ മിക്ക പ്രവിശ്യകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി മഴ പെയ്തതോടെ റോഡുകളുടെ ഓരങ്ങളിലടക്കം ചെടികളും പുല്ലുകളും വളരാൻ തുടങ്ങിയിരുന്നു. മഴ കാരണമായി പർവതങ്ങളും സമതലങ്ങളും സസ്യജാലങ്ങളാൽ മൂടിയിരിക്കുന്നു. അതിശയകരമായ ഈ പ്രകൃതിദൃശ്യങ്ങൾ സന്ദർശകരെ ആകർഷിച്ചു.
മക്കയുടെ വടക്കൻ പ്രദേശങ്ങളിലെ പാറക്കെട്ടുകൾ സമതലങ്ങൾ, താഴ്വരകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഭൂപ്രകൃതി കാഴ്ചക്കാരെ ഹഠാദാകർഷിക്കുന്നു. കാട്ടുചെടികളുടെ വളർച്ചക്കും സീസണൽ പൂക്കളുടെ ആവിർഭാവത്തിനും മഴ നിമിത്തായി. ഇതുവഴി പാരിസ്ഥിതിക സന്തുലിതാവസ്ഥയും വന്യജീവികളുടെയും പറവകളുടെയും സാന്നിധ്യവും വർധിക്കാനും വഴിവെച്ചതായി അധികൃതർ പറഞ്ഞു.
പ്രകൃതി ചാരുതയുള്ള ഇടങ്ങളോടുള്ള സന്ദർശകരുടെ താൽപര്യം ആഭ്യന്തര വിനോദസഞ്ചാരം വർധിപ്പിക്കുന്നതിന് ഒരു അവസരമാണെന്ന് ഇക്കോ ടൂറിസത്തിൽ താൽപര്യമുള്ളവർ വിലയിരുത്തുന്നു. പ്രദേശത്തിെൻറ സ്വാഭാവിക സ്വഭാവം സംരക്ഷിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും മനുഷ്യയിടപെടലുകൾ നിയന്ത്രിക്കുന്നതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.