പണ്ട് മലയാളികൾക്ക് കുട്ടവഞ്ചി സവാരി നടത്തണമെങ്കിൽ തമിഴ്നാട്-കർണാടക അതിർത്തിയിലെ ഹൊഗനക്കലിൽ പോകണമായിരുന്നു. ഇപ്പോൾ പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത് അടവി എക്കോ ടൂറിസത്തിലേക്ക് വന്നാൽ മതി. കല്ലാർ പുഴയിൽ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഉഗ്രനൊരു കുട്ടവഞ്ചി സവാരി നടത്താം. രാവിലെ 8.30 മുതലാണ് പ്രവേശനം. നാലുപേർക്കിരിക്കാവുന്ന ഒരു കുട്ടവഞ്ചിക്ക് 400 രൂപയാണ് ഫീസ് (അരമണിക്കൂർ). പക്ഷേ, 800 രൂപക്കുള്ള ഒരു മണിക്കൂർ യാത്രയാണ് ഏറെ രസകരം.
‘ആനക്കൂട്’ സ്ഥിതിചെയ്യുന്ന കോന്നിയിൽനിന്ന് 16 കിലോമീറ്റർ അകലെ തണ്ണിത്തോട് പഞ്ചായത്തിലെ കല്ലാറിലാണ് കുട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്നത്. ഒഴുക്കിന്റെ ഈണവും വനം നൽകുന്ന ശാന്തതയും ഇരുകരകളിലെയും പച്ചപ്പും ശുദ്ധവായുവും കല്ലാറിലേക്ക് സഞ്ചാരികളെ വീണ്ടും എത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ബാംബു ടോപ് ട്രീ ഹട്ട്
കുട്ടവഞ്ചി സവാരി നടത്തി കല്ലാർപുഴയുടെ ഓളങ്ങൾ കണ്ട് കൊതിതീർന്നില്ലെങ്കിൽ കാനനഭംഗി ആസ്വദിക്കാനും വന്യമൃഗങ്ങളെ നേരിൽകാണാനും കാടിനുനടുവിൽ മരത്തിനുമീതെ മുളകൊണ്ട് നിർമിച്ചിരിക്കുന്ന മുളങ്കുടിലുകളിൽ (ബാംബു ടോപ് ട്രീ ഹട്ട്) താമസിക്കാം. ഹണിമൂൺ കോട്ടേജുൾപ്പെടെ അഞ്ച് കോട്ടേജുകളാണ് ഇവിടുള്ളത്. ഭക്ഷണമുൾപ്പെടെ 4000 രൂപയാണ് ദിവസവാടക. കോന്നിയിലെ ആനക്കൂട്ടിൽനിന്ന് നിരവധി ഗജവീരന്മാരെ കണ്ട് അടവിയിൽ കുട്ടവഞ്ചി സവാരി നടത്തി ഒരുദിവസം ചെലവഴിക്കാൻ കുടുംബസമേതം കോന്നിയിലേക്ക് പുറപ്പെട്ടോളൂ...
അടവി എക്കോ ടൂറിസത്തിന്റ ഭാഗമായി ഗവി വഴി വനത്തിലൂടെയുള്ള ഒരു സഫാരി പാക്കേജും അധികൃതർ ഒരുക്കിയിട്ടുണ്ട്. കോന്നി ആന വളർത്തൽ കേന്ദ്രത്തിൽനിന്നാണ് യാത്ര ആരംഭിക്കുക. തിങ്കൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സഫാരി നടത്തുന്നുണ്ട്. ഭക്ഷണമുൾപ്പെടെ 1700 രൂപയാണ് ഒരാൾക്കുള്ള ചാർജ്.
രാവിലെ തുടങ്ങുന്ന യാത്ര നേരെ അടവി എക്കോ ടൂറിസത്തിലെത്തും. അവിടെ കുട്ടവഞ്ചി സവാരി നടത്തി പ്രഭാതഭക്ഷണവും കഴിഞ്ഞ് വനംവകുപ്പിന്റെ വണ്ടിയിൽ ചിറ്റാർ-ആങ്ങാമൂഴി വഴി ഗവിയിലെത്തും. ഗവിയിലെ കാഴ്ചകൾക്ക് ശേഷം വണ്ടിപ്പെരിയാർ-കുട്ടിക്കാനം-എരുമേലി വഴി രാത്രി എട്ട് മണിയോടെ യാത്ര തുടങ്ങിയ കോന്നിയിൽ തന്നെ എത്തിച്ചേരും. ബുക്കിങ്ങിന് 04682247645.
ഗവിയിലേക്കുള്ള പ്രവേശന കവാടമാണ് ആങ്ങാമൂഴി. സ്വകാര്യ വാഹനത്തിലാണ് ഗവിയിൽ പോകുന്നതെങ്കിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ആങ്ങാമൂഴി ചെക്പോസ്റ്റിൽനിന്ന് ഒരുദിവസം 30 സ്വകാര്യ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. ആങ്ങാമൂഴി-ഗവി-വണ്ടിപ്പെരിയാർ (80km); കേരളത്തിലെ ഏറ്റവും മനോഹരമായ വനയാത്ര. പമ്പ ഡാം ഉൾപ്പെടെ ഏഴ് ഡാമുകളാണ് ഈ യാത്രയിൽ കാണാൻ കഴിയുക. ആനയും മ്ലാവും മാൻകൂട്ടങ്ങളും കരടിയും കാട്ടുപോത്തുമെല്ലാം വഴിയരികിലെ അതിഥികളായി നിങ്ങളെ കാത്തുനിൽക്കുന്നുണ്ടാകും. മഴക്കാലമാണ് ഗവി യാത്രയെ അതിമനോഹരമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.