മണിപ്പൂർ - ഗോത്രസംസ്‌കാരങ്ങളുടെ നേർക്കാഴ്ചകൾ

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽനിന്നും ഞങ്ങൾ വിടുകയാണ്, മണിപ്പൂരിന്റെ മണ്ണിലേക്ക്. ഗോത്ര സംസ്കാരങ്ങളുടെയും ഉത്സവങ്ങളുടെയും നാട്ടിലേക്ക്. വടക്കുകിഴക്കിന്റെയും സെവൻ സിസ്റ്റേഴ്‌സിന്റെയും മറ്റൊരു സംസ്ഥാനത്തേക്ക്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ നഗരത്തിലേക്കാണീ യാത്ര.

കൊഹിമയിൽനിന്ന് ഏകദേശം 140 കി.മീ ദൂരമുണ്ട് അവിടെയെത്താൻ. വഴിയിൽ തടസ്സമൊന്നുമില്ലെങ്കിൽ അഞ്ചഞ്ചര മണിക്കൂർ കൊണ്ടെത്തും. അല്ലെങ്കിൽ അതിലും താമസിക്കും. കൃത്യം ഒമ്പതിന് തന്നെ ഹോംസ്റ്റേയുടെ മുറ്റത്ത് വാഹനം എത്തി. സാധനങ്ങൾ ഡിക്കിയിലാക്കി ഞങ്ങൾ വണ്ടിയിൽ കയറി. രണ്ട് ട്രാവലറുകളിലാണ് യാത്ര.

കിഗ്വാമയുടെ ഗ്രാമവഴികളും പൈതൃകഗ്രാമങ്ങളുടെ കവാടങ്ങളുമെല്ലാം കടന്നാണ് പോകുന്നത്. സൂര്യൻ തലക്കുമുകളിലെത്താറായി. അകലെ വെയിലേറ്റുകിടക്കുന്ന മലനിരകളും വിശാലമായ നെൽപ്പാടങ്ങളും. അതിനിടയിൽ മേയുന്ന കന്നുകാലികളുമുണ്ട്. കറുപ്പും തവിട്ടും പുള്ളിനിറത്തിലുമുള്ള വലുപ്പം കുറഞ്ഞ പശുക്കളും കിടാരികളും. നാടൻ പശുക്കളാണത്. ഇടക്ക് റോഡിലൂടെയും അവ പോകുന്നതുകാണാം.


പാലുൽപ്പാദനത്തിനും ജൈവകൃഷിക്കും വേണ്ടിയാണ് ഇവിടത്തെ പശുവളർത്തൽ. കിഗ്വാമയിലെ ഞങ്ങളുടെ ഹോംസ്റ്റേക്കടുത്ത് കന്നുകാലി ഫാമുകളും യാക്ക് ഫാമുകളും ഉണ്ടായിരുന്നു. പക്ഷെ സമയക്കുറവുകൊണ്ട് അവിടെ പോകാൻ കഴിഞ്ഞില്ല. വഴിയോരങ്ങളിൽ ചിലയിടങ്ങളിൽ തീപ്പെട്ടിപ്പൂവുകളും കലമ്പട്ടപ്പൂവുകളും കണ്ടു. വിറകുവെട്ടാനും പുല്ലരിയാനും പോകുന്ന വടക്കുകിഴക്കിന്റെ സുന്ദരികളും ഈ വഴിയിയിലുണ്ട്.

നിറങ്ങളുടെ ആഘോഷത്തെരുവുകൾ

വർണ്ണക്കാഴ്ചകളുടെ മേളങ്ങൾക്കിടയിലൂടെയാണീ സഞ്ചാരം. നഗരം വിട്ട് അല്പം കഴിഞ്ഞപ്പോഴേക്കും ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ ഒരു കിടിലൻ കാഴ്ച്ച. നാഗാലാ‌ൻഡിന്റെയും മണിപ്പൂരിന്റെയും അതിർത്തിപ്രദേശമാണിത്. അകലെ നിന്നും റോഡിലൂടെ ഒഴുകിവരുന്ന നിറക്കൂട്ട്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ, മനസ്സുനിറക്കുന്ന തരത്തിൽ ഒരു കാഴ്ച്ച വിരുന്ന്.


അതിമനോഹര വസ്ത്രധാരികളായ കുറേപ്പേർ. അവർ മാർച്ച്‌ ചെയ്ത് റോഡിലൂടെ അടുത്തടുത്തുവരികയാണ്, വേഗത്തിൽ. അത് കണ്ടു ഞങ്ങൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി റോഡിന്റെ സൈഡ് പറ്റിനിന്നു. കടുംചുവപ്പും പച്ചയും മഞ്ഞയും കറുപ്പും നീലയും വയലറ്റും ഇഴചേർന്ന പരമ്പരാഗതവേഷം ധരിച്ച സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാമുണ്ട്. മുട്ടിനുമുകളിൽ ചുറ്റിയ കറുത്ത നിറമുള്ള മണിപ്പൂരിന്റെ തനതു നാരുകൊണ്ട് നെയ്തെടുത്ത കുറിയ വസ്ത്രമുടുത്ത് മാറിനു നടുവിലൂടെ പിണച്ചു ചാർത്തിയ മനോഹരമായ പട്ട ചുറ്റിയ യുവാക്കളാണ് മുന്നിൽ.

ചിലർ ഷാളുകൾ ഇട്ടിട്ടുണ്ട്. മുടി ഫാഷൻ രീതിയിൽ പറ്റെ വെട്ടി മനോഹരമാക്കിയിട്ടുണ്ട്. കഴുത്തിൽ മഞ്ഞയും ചുവപ്പും നിറത്തിലുള്ള വലിയ മുത്തുമാലകളും അണിഞ്ഞിരിക്കുന്നു. ഗോത്ര വർഗ്ഗക്കാരുടെ പ്രൗഡിയും പാരമ്പര്യവും വിളിച്ചോതുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണിത്. മണിപ്പൂരി നാടൻ വേഷക്കാരായ മുതിർന്ന സ്ത്രീകളും യുവതികളും പുറകെയുണ്ട്. മനോഹരമായി ഒരുങ്ങിയിട്ടുണ്ടവർ. പലനിരയിലുള്ള മുത്തുമാലകൾ അവരുടെ കഴുത്തിലുമുണ്ട്.


ചേലുള്ള കുട്ടിക്കുപ്പായങ്ങൾക്കുമേൽ പട്ടചുറ്റി മനോഹരമായി വസ്ത്രം ധരിച്ച കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന വർണമേളം. കുന്തവും വാളും മൃഗങ്ങളുടെ കൊമ്പും ചോളക്കുലകളുമൊക്കെ കൊടിയടയാളം പോലെ കയ്യിലേന്തിയാണ് അവരുടെ വരവ്. അതുയർത്തിക്കാണിച്ച് ഒരേ താളത്തിൽ അഹോയ്.......ഒഹോയ്... എന്ന് ഉച്ചത്തിൽ വായ്ത്താരികൾ ഉയർത്തിയാണ് പ്രദക്ഷിണം മുന്നേറുന്നത്. ശബ്ദമുഖരിതമാകുന്ന അന്തരീക്ഷം. ആരും ശ്രദ്ധിച്ചുപോകുന്ന ശബ്ദസൗകുമാര്യം. ഈ കാഴ്ച്ച കണ്ട് മനസ്സു തുടിച്ചുപോയി.


മാവോ നാഗാ ഗോത്രവിഭാഗങ്ങളുടെ ചിത്തുനി ആഘോഷമാണിത്. വിളവെടുപ്പുത്സവം. പുതുവർഷത്തെ ആവേശത്തോടെ, പ്രതീക്ഷയോടെ വരവേൽക്കുന്ന വേള. Pfoki festival എന്നും ഇതിന് പേരുണ്ട്. മണ്ണിന്റെ മക്കളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടിയിണക്കിയുള്ള ഒരു ആഘോഷമാണിത്. സ്വത്വവാദികളും അഭിമാനികളുമായ മാവോ ഗോത്രനിവാസികളുടെ ശക്തിപ്രകടനം കൂടിയാണ് ചിത്തുനിയുത്സവം.


ഇടക്കിടെ ആകാശത്തേക്കുയരുന്ന വെടിയുടെ വിറപ്പിക്കുന്ന ശബ്ദം കേൾക്കാം. അതുകേട്ട് ചെവിപൊത്തി. മുകളിലേക്കുപോയ ഒരു വെടിയുണ്ട റോഡരികിൽ നിന്ന എന്റെ കാലിന് സമീപത്തു കൂടി ഉരുണ്ടുപോകുന്നു. സത്യത്തിൽ ഞെട്ടിവിറച്ചുപോയി. പ്രാണൻ പറന്നുപോയ പോലെ. പതറിയ നിമിഷങ്ങൾ. കാഴ്ചകൾക്ക് നിറം മാത്രമല്ല ഭയാനകതയുടെ മുഖവും ഉണ്ടെന്നുതോന്നി.

രണ്ട് വരികളായിട്ടാണ് റോഡിലൂടെ ആളുകൾ നീങ്ങുന്നത്. നല്ല അച്ചടക്കത്തോടെ. വരികളെ നിയന്ത്രിക്കാനും വായ്ത്താരികൾ ചൊല്ലിക്കൊടുക്കാനും ഗോത്രത്ത ലവന്മാരും മുതിർന്നവരുമുണ്ട്. ആളുകളെല്ലാം അതേറ്റുചൊല്ലുന്നുമുണ്ട്. തൊപ്പിയണിഞ്ഞ ഒരു ഒഫീഷ്യൽ വേഷധാരി കയ്യിൽ ഒരു കൂജയുമായി അടുത്തുവന്നു.


നല്ല ഭംഗിയുള്ള മരക്കൂജ. അതിൽനിന്നും ഞങ്ങളുടെ ഗ്രൂപ്പിലുള്ളവർക്ക്‌ എന്തോ ഒഴിച്ചുകൊടുക്കുന്നു. അതുകണ്ട് ഞാനും അടുത്തുചെന്നു. ആ കൂജ കയ്യിൽ തന്നു. ഞാനത് രുചിച്ചുനോക്കി. വെളുത്ത പുളിപ്പുള്ള ഒരു ദ്രാവകം. ആഘോഷത്തിന്റെ ഭാഗമാണിത്. ചിത്തുനിയുത്സവത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ റൈസ് ബിയർ ആണത്.


അപ്രതീക്ഷിതമായി മുന്നിലെത്തിയ ഈ ആഘോഷത്തിൽ അങ്ങനെ ഞങ്ങളും പങ്കാളികളായി. അവരോടൊപ്പം ഫോട്ടോയെടുത്തു. പ്രദക്ഷിണം മുന്നോട്ടുനീങ്ങി വീതിയുള്ള ഒരിടത്തെത്തി. ആളുകളെല്ലാം വട്ടംകൂടി ആർത്തട്ടഹസിച്ചു. പിന്നെ എന്തൊക്കെയോ പ്രാർഥനകൾ, അവരുടെ ഭാഷയിൽ. ആചാരവെടികളുടെയും വായ്‌ത്താ രികളുടെയും ശബ്ദം ദിക്കുകൾ മുഴങ്ങുമാറ് ഉയർന്നുകേൾക്കുന്നു.

സംസ്‌കാരവേരുകൾ ആഴത്തിലുറപ്പിച്ച് വീര്യം തെളിയിക്കുന്ന മണിപ്പൂരിന്റെ ജനതക്കൊപ്പം നിൽകുമ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നി. ജീവിതം ആഘോഷമാക്കുന്നവരാണ് ഇവിടത്തുകാർ. ജീവിതത്തിന്റെ ഏത് തുറയിലും നിറങ്ങളും നൃത്തങ്ങളും പാട്ടും ഭക്ഷണവിഭവങ്ങളും ഒരുക്കി ആനന്ദലഹരിയിൽ ആറാടുന്നവർ.


വണ്ടി വീതിയേറിയ റോഡിലേക്ക് കടന്നു. വലിയപാത പണിയാൻ വെട്ടിപ്പൊളിച്ചിട്ട റോഡുകളും നിരത്തികൊണ്ടിരിക്കുന്ന കുന്നിൻ ചരുവുകളും കടന്നാണീയാത്ര. നാഗാലാ‌ൻഡിന്റെ അതിരുകടന്ന് മണിപ്പൂരിലേക്ക് കടക്കാൻ ഇന്നർ ലൈൻ പെർമിറ്റ് വേണം. അതൊക്കെ നേരത്തെ എടുത്തിട്ടുണ്ടെങ്കിലും അതിർത്തിയിൽ കാണിച്ച് ചാപ്പകുത്തണം. കുറച്ചുമുന്നോട്ടുചെന്ന് ചെക്ക്പോസ്റ്റിൽ എത്തി. വണ്ടി നിർത്തി എല്ലാവരും ഇറങ്ങി. അവിടെ ആളുകൾ ക്യൂ നിൽക്കുന്നു.

ഇന്നർ ലൈൻ പെർമിറ്റ് സീൽ ചെയ്തു വാങ്ങാൻ നിൽക്കുന്നവരാണ്. ഐ.ഡി പ്രൂഫും മുമ്പെടുത്ത പേപ്പർ കോപ്പിയുമായി അതിനുപിന്നിൽ നിന്നു, കുറേസമയം. കൗണ്ടറിൽ രണ്ടാളുകൾ ഇരിക്കുന്നുണ്ട്. പേപ്പറുകൾ പരിശോധിച്ച് ബോധ്യപ്പെട്ട് കൈപ്പത്തിയിൽ അവർ സീൽ ചെയ്ത് തന്നു. എന്നിട്ട് വീണ്ടും യാത്ര തുടർന്നു. മലമ്പാതകൾക്കിടയിലൂടെ. കുറച്ചുചെന്നപ്പോൾ മുന്നിൽപ്പോയ വണ്ടിക്കെന്തോ തകരാറ്. അത് കണ്ട് ഞങ്ങളും പുറത്തിറങ്ങി. പത്തു പതിനഞ്ചു മിനിട്ടുകൾ കഴിഞ്ഞ് വണ്ടി സ്റ്റാർട്ടായി വീണ്ടും യാത്ര തുടങ്ങി, വഴിക്കാഴ്ചകൾക്കിടയിലൂടെ.


ഇടക്ക് പിന്നെയും വണ്ടി നിർത്തി. യാത്ര തുടങ്ങിയിട്ട് മൂന്നുമൂന്നര മണിക്കൂറായി. പോകുന്നവഴിയൊന്നും ടോയ്ലറ്റ് സൗകര്യം കണ്ടില്ല. ആളൊഴിഞ്ഞ പ്രദേശമാണിത്. ഓരോരുത്തരും കാടുകൾക്കിടയിലേക്ക് നീങ്ങി കാര്യം സാധിച്ചു. ചുറ്റും മലകളും വയലുകളുമാണ്. റോഡിന്റെ ഇടതുവശത്ത് വയലുകൾക്ക് നടുവിലൂടെ ഒരു പുഴ പോകുന്നുണ്ട്. മണിപ്പൂരിലേക്ക് കടന്ന് കുറച്ചായപ്പോൾ തന്നെ അത് കണ്ടുതുടങ്ങിയതാണ്. അതിപ്പോഴും കൂടെയുണ്ട്. ഞങ്ങൾ കുപ്പിയിലുള്ള വെള്ളം കുടിച്ച് അൽപ്പം വിശ്രമിച്ച് വീണ്ടും വണ്ടിയിൽ കയറി. നിരത്തുകളിൽ വാഹനങ്ങൾ കുറവാണ്. ഇടയ്ക്കുപോകുന്ന കാറുകളും ബൈക്കും വിരലിലെന്നാവുന്ന ബസുകളും മാത്രം. മണ്ണുമാന്തി യന്ത്രങ്ങൾ പതിവിൽ കൂടുതലുണ്ട്.

അരമുക്കാൽ മണിക്കൂർ കൂടി പോയപ്പോൾ വഴിമധ്യേ വീണ്ടും വണ്ടി നിന്നു. ശകടത്തിനെന്തോ തകരാറുണ്ട്. കുറച്ചുപേർ പുറത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടും ചിതറി. ചിലർ ഫോട്ടോയെടുപ്പുമായി പരിസരത്തുകൂടെ നടന്നു. അതിനിടയിൽ വെള്ളവും ബിസ്‌ക്കറ്റും ഓറഞ്ചുമൊക്കെ വീണ്ടും കഴിച്ച് സമയം തള്ളിനീക്കി. ഞങ്ങളുടെ ഡ്രൈവറും സഹായത്തിനുചെന്നു. ഇത് രണ്ടാംതവണയാണ് വണ്ടി കേടാകുന്നത്. പണിപാളുമോ,?!..ഇപ്പോൾ തന്നെ ഉച്ചയായി. ഇനിയും 20 കി.മീ ദൂരം കൂടിയുണ്ട് മണിപ്പൂരിലെത്താൻ.


വണ്ടിയിലിരുന്നു കുറേനേരം കൂടി. കൃഷിയിടങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശമാണ് ചുറ്റും. പൊടിപാറുന്ന അന്തരീക്ഷം. നല്ല വെയിലും അതിനൊപ്പം തണുപ്പുമുണ്ട്. ആളുകൾ റോഡിലൂടെ നടന്നുപോകുന്നു. പ്രദേശവാസികളാണ്. അമ്മമാരും കുട്ടികളും യുവാക്കളുമൊക്കെയുണ്ട്. മുതിർന്ന സ്ത്രീകളും അമ്മമാരും പരമ്പരാഗത വസ്ത്രം ധരിച്ച് അതിനുമേൽ കമ്പിളികുപ്പായവുമിട്ടാണ് പോകുന്നത്.

വണ്ടി വേറെ വിളിക്കേണ്ടിവരുമോ അതോ ഒരു വണ്ടി ഇംഫാലിലെത്തി ആളുകളെയിറക്കിയശേഷം തിരിച്ചുവരേണ്ടിവരുമോ? വണ്ടി നന്നാക്കൽ വീണ്ടും നീണ്ടുപോകുന്നു. ഇവിടെയടുത്തെങ്ങും വർക് ഷോപ്പില്ല എന്നാണ് അന്വേഷിച്ചപ്പോൾ ആളുകൾ പറഞ്ഞത്. സമയം ഉച്ചതിരിഞ്ഞു. വിശപ്പും തുടങ്ങി. ഏതായാലും ഭാഗ്യമുണ്ട്. കുറേപരിശ്രമങ്ങൾക്ക് ശേഷം വണ്ടി സ്റ്റാർട്ടായി മുന്നോട്ടുനീങ്ങി. പിന്നാലെ ഞങ്ങളുടെ വണ്ടിയും.


ഇംഫാലിലേക്കുള്ള വഴിനീളെ കൂറ്റൻ കമാനങ്ങളും ബോർഡുകളുമാണ്. മണിപ്പൂരിന്റെ മണ്ണാണിത്. റോഡിനു കുറുകെ ഒരിടത്ത് 'LET US RUN THE RACE OF LIFE' എന്നെഴുതിയ വലിയ ബോർഡ്. പലയിടങ്ങളിലും ഇങ്ങനെയുള്ള ആഹ്വാനങ്ങളും രേഖപ്പെടുത്തലുകളുമുണ്ട്. അൽപ്പം തിരക്കുള്ള റോഡിലാണിപ്പോൾ. നിറയെ കടകൾ. കൂടുതലും ഇറച്ചിക്കടകളാണ്. താറാവ്, കോഴി, പന്നി, മുയൽ, കാട ഇങ്ങനെ പലതുമുണ്ട്.

നമ്മുടെ നാട്ടിൽനിന്നും വ്യത്യസ്തമായ രീതിയിൽ കുറേക്കൂടി ആകർഷകമായി, വൃത്തിയോടെ മാംസം കെട്ടിത്തൂക്കിയും നിരത്തിയും വച്ചിരിക്കുന്ന കടകളാണ് അധികവും. മനോഹരമായ മീൻകടകൾ വേറെയും. ഈ കാഴ്ച്ച കണ്ടാൽ തന്നെ ആരും വാങ്ങിപ്പോകും. ചെറുകിട കച്ചവടക്കാരുമുണ്ട്. പച്ചക്കറികളും മീനും പലഹാരങ്ങളും വിൽക്കുന്നവർ. കൂടാതെ പലചരക്കുകടകൾ, ടോയ് ഷോപ്പുകൾ, ചെരിപ്പുകടകൾ, തുണിക്കടകൾ എന്നിങ്ങനെ പലതും റോഡിനിരുവശവും കാണാം.


വഴിനീളെ രോമക്കുപ്പായങ്ങളുടെ കൂമ്പാരങ്ങളാണ്. കടുംവർണ്ണങ്ങളിൽ ജാക്കറ്റും സ്വെറ്ററും ഷാളുകളും കുട്ടിക്കുപ്പായങ്ങളും സോക്സും തൊപ്പിയും തുടങ്ങിയ ശീതകാല വസ്ത്രങ്ങളാണ് അധികവും. നല്ല രസമുണ്ട് അവ കാണാൻ. റോഡിനിരുപുറവും ടിൻഷീറ്റ് മേഞ്ഞ വീടുകളും കോൺക്രീറ്റ് സൗധങ്ങളുമുണ്ട്. സ്കൂളുകൾ, പള്ളികൾ, ഓഫിസ് കെട്ടിടങ്ങൾ എന്നിവയുമുണ്ട്. സാമാന്യം നന്നായി വികസിച്ചുകൊണ്ടിരിക്കുന്ന നഗരപ്രദേശങ്ങളാണിത്.

ഗ്രാമവിശുദ്ധിയുടെ നടുവിലൂടെ

കുറേക്കൂടി മുന്നോട്ടുചെല്ലുമ്പോൾ ഇരുപുറവും വിശാലമായ നെൽ വയലുകളാണ്. അവ നോക്കെത്താദൂരം പരന്നുക്കിടക്കുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളാണ് അധികവും. വൈക്കോൽ കൂനകൂട്ടിയിട്ടിട്ടുണ്ട്. മേഞ്ഞ് നടക്കുന്ന കന്നുകാലികളുമുണ്ട്. വീണ്ടും ഗ്രാമഭംഗി തുളുമ്പുന്ന കാഴ്ചകൾ. പാലക്കാടൻ വയലുകൾക്കിടയിലൂടെ പോകുന്ന പ്രതീതി. കരിമ്പനകൾ ഇല്ലെന്നുമാത്രം. മുന്നോട്ടുചെല്ലുമ്പോൾ ഇളനീർ കടകളും മുളകൾ കൊണ്ട് നെയ്ത കൊട്ടയും വട്ടിയും പാത്രങ്ങളും വീട്ടുപകരണങ്ങളും വിൽക്കുന്ന കടകളും ഉണ്ട്. റോഡിനു വലതുവശത്തായി ഒരു മാർക്കറ്റ് കണ്ടു. വഴിയോരത്ത് കെട്ടിയുണ്ടാക്കിയ നീളത്തിലുള്ള ഒരു ഗ്രാമച്ചന്ത. സ്ത്രീകളുടെ മാർക്കറ്റ് ആണത്. അവിടെ വണ്ടിനിർത്തിയില്ല. അടുത്ത ദിവസങ്ങളിൽ ഈ വഴി വരുമ്പോൾ ഇറങ്ങാമെന്നായി. വണ്ടി നേരെവിട്ടു. ഇംഫാൽ നഗരത്തിലേക്ക്.


ഏതാണ്ട് മൂന്നുമണിയോടെ മണിപ്പൂരിന്റെ തലസ്ഥാനനഗരമായ ഇംഫാലിൽ എത്തി. നല്ല തിരക്കേറിയ ടൗൺ. ഓഫിസുകളും മാർക്കറ്റുകളും ഭക്ഷണശാലകളും നിറയെയുള്ള നഗരം. മറ്റൊന്നുകൂടിയുണ്ട്, നഗരവും വീഥികളും മുഴുവൻ തോക്കേന്തിയ പട്ടാളക്കാർ. അവരുടെ നിരീക്ഷണത്തിലാണ് എല്ലാം. ഞങ്ങൾക്ക് ഡയോസീസ് ഓഫ് ഇംഫാൽ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ഓഫിസിലെത്തണം. അവിടത്തെ ഗസ്റ്റ് റൂമിലാണ് വരും ദിവസങ്ങളിലെ താമസം. ഇംഫാൽ നഗരമധ്യത്തിലെ ഹൈവേയിൽനിന്നും വലത്തോട്ട് തിരിഞ്ഞ് മുന്നോട്ടുചെന്ന് ഒന്ന് രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ഒരു പ്രീസ്റ്റ് ഹോമിന്റെ ബോർഡ് കണ്ടു. വലതുവശത്തായി വലിയ ഒരു കുളവും ഉണ്ട്. അതുവഴി കുറച്ചുകൂടി ചെന്നപ്പോൾ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ഗേറ്റ് കണ്ടു. അവിടേക്ക് ചെന്നു.

ഞങ്ങളെത്തുമ്പോൾ സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിജു കാത്തുനിൽപ്പുണ്ട്. മലയാളിയാണദേഹം. ഞങ്ങൾക്ക് താമസിക്കാനുള്ള മുറികളും പാചകം ചെയ്യാനുള്ള അടുക്കളകളും സ്റ്റോർ റൂമുകളും അദ്ദേഹം കാണിച്ചുതന്നു. രണ്ട് അടുക്കളകളാണുള്ളത്. ഒന്ന് അവിടുത്തെ സ്റ്റാഫുകൾക്കും മറ്റ് വിശിഷ്ടാതിഥികൾക്കും ഭക്ഷണമൊരുക്കുന്ന പ്രധാന കെട്ടിടത്തിനോട് ചേർന്നുള്ള അടുക്കള. മറ്റൊന്ന് പുറത്തുനിന്നും ക്യാമ്പിങ്ങിനായി ഇവിടെയെത്തുന്നവർക്ക്. രണ്ടും വലിയ അടുക്കളകളാണ്. സൗകര്യംപോലെ എതുവേണമെങ്കിലും ഉപയോഗിച്ചോളൂ എന്നും ആവശ്യമുള്ള സാധനങ്ങൾ സ്റ്റോർറൂമിൽനിന്നും എടുത്തോളാനും അദ്ദേഹം പറഞ്ഞു.


സ്റ്റോർറൂമിൽ കയറിയപ്പോൾ വായിൽ വെള്ളമൂറി. ഉപ്പിലിട്ടവയും പലതരം അച്ചാറുകളും കുപ്പികളിൽ നിരന്നിരിക്കുന്നു. മാങ്ങയും വെളുത്തുള്ളിയും നാരങ്ങയും ഒക്കെയുണ്ട്. അരിയും ഉരുളക്കിഴങ്ങും സവാളയും കുടംപുളിയും പരിപ്പുവർഗങ്ങളും പാൽപ്പൊടിയും തേയിലയും ഉണക്കമുളകും ശർക്കരയും ഉപ്പും എന്നുവേണ്ട പലവിധ സാധനങ്ങൾ. മുളക്, വഴുതന, എത്തക്കായ, കാബ്ബേജ്, തക്കാളി, കാരറ്റ്, പേരക്ക ഇങ്ങനെ പഴം പച്ചക്കറികൾ വേറെയും. മറ്റൊരു ഭാഗത്ത്‌ പാത്രങ്ങൾ അടുക്കിവച്ചിട്ടുണ്ട്. ഒരു കൊച്ചു സൂപ്പർമാർക്കറ്റാണിത്.

നളപാചക പ്രകടനങ്ങൾ

ഒരുവീട്ടിൽ നിന്നു മറ്റൊരു വീട്ടിൽ എത്തിയപോലെ തോന്നി ഈ അടുക്കള കണ്ടപ്പോൾ. ഞങ്ങൾ അത്യാവശ്യം ചായപ്പൊടിയും പഞ്ചസാരയും എടുത്ത് അപ്പുറത്തെ അ ടുക്കളയിലേക്ക് പോയി. വലിയ ഹാളും അടുക്കളയും സ്റ്റോർറൂമും അവിടെയുമുണ്ട്. വിറകടുപ്പാണെന്നുമാത്രം. സ്റ്റോർറൂമിൽ ചെന്നു നോക്കി. വലിപ്പമുള്ള ചെമ്പുകലങ്ങളും ചെരുവങ്ങളും ബക്കറ്റും അരിപ്പപ്പാത്രങ്ങളും തവികളും സ്ലാബുകളിൽ നിരന്നിരിക്കുന്നു.


വലിപ്പമുള്ള ചീനച്ചട്ടികൾ, ഉരുളി, കുട്ട, മുറം, അരിയാനുള്ള കത്തികൾ, പ്രഷർകുക്കർ, പുട്ടുകുറ്റി, ഇങ്ങനെ പാത്രങ്ങളുടെയും അടുക്കള സാമഗ്രികളുടെയും കലവറയാണിത്. പ്ലേറ്റുകൾ, ട്രേകൾ, സ്പൂണുകൾ, ഗ്ലാസുകൾ തുടങ്ങിയവ അടുക്കളയുടെ അലമാരയിൽ തന്നെയുണ്ട്. ചായപ്പൊടിയും പഞ്ചസാരയും ഈ അലമാരയിലുമുണ്ട്. ഇതെല്ലാം കണ്ട് നിറഞ്ഞ് റൂമിൽ സാധനങ്ങൾ വച്ച് ഫ്രഷ് ആയി വന്ന് ഞങ്ങൾ അടുക്കളയിൽ കയറി.

വയറുകാളുന്നുണ്ട്. അടുപ്പ് വൃത്തിയാക്കി തീ കത്തിച്ച് ഒരു വലിയ കലത്തിൽ ചായക്കുള്ള വെള്ളം വച്ചു. കുറച്ചുപേർ മാർക്കറ്റിൽ പോയി, പച്ചക്കറിയും അരിയും മറ്റ് സാധനങ്ങളും വാങ്ങാൻ. പോകുന്നവരോട് ഫാ. ബിജു പ്രത്യേകമായി പറഞ്ഞു. ഇരുട്ടും മുമ്പ് തിരിച്ചെത്തണം. അല്ലെങ്കിൽ പ്രശ്നമാണെന്ന്. പോരാഞ്ഞിട്ട് തെരഞ്ഞെടുപ്പ് കാലവും. മണിപ്പൂരാണിത്. കേരളമല്ല. ആ ഓർമ എപ്പോഴും കൂടെയുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഞങ്ങൾ ചായ തയാറാക്കിയപ്പോഴേക്കും മാർക്കറ്റിൽ പോയവർ തിരിച്ചുവന്നു. ബ്രെഡും പഴവും ജാമും ചായപ്പൊടിയും പഞ്ചസാരയും എണ്ണയും അരിയും പച്ചക്കറികളും ചിക്കനും പേപ്പർ പ്ലേറ്റും ഗ്ലാസുമൊക്കെ വാങ്ങിയിട്ടുണ്ട്. കൂടെ വാട്ടർ ബോട്ടിലും. പച്ചക്കറികൂടിൽ നിന്ന് ഇഞ്ചിയും നാരങ്ങയും എടുത്ത് ആവശ്യക്കാർ ലെമൻടീയും ജിഞ്ചർ ടീയുമാക്കി. പിന്നെ പാചകത്തിനുള്ള പുറപ്പാടായി. നളപാചക പ്രകടനങ്ങളുടെ ദിനങ്ങൾ കൂടിയായിരുന്നു മണിപ്പൂരിലെ പകലിരവുകൾ. അടുക്കള കാണാത്തവരും പാചകവിദഗ്ധരും മടിയന്മാരും മടിച്ചികളും എല്ലാം ഒത്തുചേർന്ന് ഒരു കൊച്ചു സദ്യയൊരുക്കൽ.

വലിയ ഒരു കലം കഴുകി അടുപ്പത്തുവച്ച് അതിൽ അരി കഴുകിയിട്ടു. ഒന്ന് രണ്ടുപേർ അടുപ്പിനടുത്ത് കൂടി. ഇടക്കിടക്ക് വിറക് നീക്കികൊടുക്കണം. കൂടെ തണുപ്പ് മാറ്റുകയും ചെയ്യാം. സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ വൃത്തിയാക്കി കുറച്ചുപേർ അരിഞ്ഞെടുക്കുന്നു. ഇറച്ചിക്കഷണങ്ങൾ കഴുകി ഉപ്പും മുളകും മഞ്ഞൾപ്പൊടിയും മസാലയും ചേർത്ത് ഒരു കൂട്ടർ പാത്രത്തിലാക്കി. അരിവെന്തു വാങ്ങിയിട്ടുവേണം ഇറച്ചി അടുപ്പിലേറ്റാൻ. അതിനുള്ള വലിയ ചീനച്ചട്ടിയും കഴുകിവെച്ചിട്ടുണ്ട്. ഇതിനൊക്കെ മുൻകൈയെടുക്കാൻ അലിയും പ്രശാന്തും ലാരിയും പ്രഭുവും അജയനുമൊക്കെയുണ്ട്. ഒപ്പം കാഞ്ചനയും ആര്യയും അഖിലും സായിയും ശരണ്യയും രാജീവും ഞാനുമുണ്ട്.


ചില അഭിപ്രായക്കമ്മറ്റികളും മൂലക്കിരുപ്പുണ്ട്. നാട്ടിൻപുറത്തെ സദ്യവട്ടങ്ങൾ ഒരുക്കുന്നതിന്റെ കെട്ടും മട്ടും ബഹളവുമൊക്കെയുണ്ട് അടുക്കളയിൽ. ഇതിനിടയിൽ കഞ്ഞി വെന്തുവാങ്ങി. ഒന്ന് രണ്ടുപേർ ചേർന്നു കോരിമാറ്റുന്നു. ചീനച്ചട്ടി അടുപ്പത്ത് വച്ച് എണ്ണ ചൂടാക്കി കടുക് വറുത്ത് ചിക്കൻ തയാറാക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇളക്കാനും തീ കൂട്ടിവക്കാനും ദമ്പതികളായ ശരണ്യയും പ്രഭുവും അടുപ്പിനടുത്തുണ്ട്. അപ്പുറത്ത് ചായകുടി തുടരുന്നു. അതോടൊപ്പം സലാഡിനും കാബ്ബേജ് തോരനുമുള്ള അരിയലും തകൃതിയായി നടക്കുന്നുണ്ട്. ഇനി ഇതൊക്കെ വെന്തുകിട്ടിയിട്ട് വേണം കുശാലായി ഒന്നുണ്ണാൻ. അതോർത്തപ്പോൾ തന്നെ സന്തോഷം തോന്നി. അത്രക്ക് വിശപ്പുണ്ട്.

പെട്ടെന്നാണ് ഫാ. ബിജു അടുക്കളയിലേക്ക് വന്നത്. കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടോ, ഇനി എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചെത്തിയതാണ്. പിന്നെ കുറേനേരം വർത്തമാനം പറഞ്ഞിരുന്നു. കോട്ടയം സ്വദേശിയായ അദ്ദേഹം പത്തുമുപ്പതു വർഷങ്ങൾക്ക് മുമ്പ് നോർത്തീസ്റ്റിൽ എത്തിയതാണ്. ഇപ്പോൾ ഡയസീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുമുന്നോട്ടുപോകുന്നു. ഞങ്ങൾക്ക് ആശംസകൾ നേർന്ന് അദ്ദേഹം വസതിയിലേക്ക് തിരിച്ചുപോയി.


കോഴിക്കറിയും കാബ്ബേജും സലാഡുമൊക്കെ റെഡിയായി. വെള്ളവും ചൂടാക്കാൻ വച്ചു. അടുക്കളയോട് ചേർന്ന സ്ലാബിൽ ചോറും കറികളും നിരത്തിവച്ചു. പത്രങ്ങളെടുത്ത് ചോറും കറികളും വിളമ്പി അടുക്കളയിലും തൊട്ടപ്പുറത്തുള്ള വലിയ ഡൈനിംഗ് ഹാളിലുമിരുന്ന് ഞങ്ങൾ വയറുനിറയെ കഴിച്ചു. ഡൈനിംഗ് ഹാൾ നിറയെ ബലൂണുകളും ചായക്കടലാസും കൊണ്ടുള്ള അലങ്കാരങ്ങളാണ്. ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ ബാക്കിയാണത്. ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകിവച്ച് അടുക്കളയും വൃത്തിയാക്കി റൂമിലേക്ക്‌ പോകാനുള്ള സമയമായി. സമയം പത്തരയായി.


ഇനി കിടന്നുറങ്ങണം. എന്നിട്ട് രാവിലെ മണിപ്പൂരിന്റെ കാഴ്ചവട്ടങ്ങളിലേക്കിറങ്ങണം. ഓരോ വാട്ടർ ബോട്ടിലുമെടുത്ത് ഞാനും എന്റെ സഹമുറിയത്തി ജൂലിയും റൂമിലേക്ക്‌ പോയി. രണ്ട് ബെഡുകളുള്ള റൂമാണ് ഞങ്ങളുടേത്‌. ഭംഗിയുള്ള പർപ്പിൾ നിറമുള്ള നെറ്റ്‌കൊണ്ടുള്ള കൊതുകുവലയും കർട്ടനുമിട്ട കട്ടിൽ. പതുപതുത്ത മെത്തയും ബ്ലാങ്കറ്റും പൂവുകൾ തുന്നിയ തലയിണയും. അതിലേക്ക് അറിയാതെ വീണുപോയി. താമസിയാതെ ഉറക്കത്തിലേക്കും.

(തുടരും)

ആദ്യ ഭാഗങ്ങൾ വായിക്കാൻ

Part 1: നാഗന്മാരുടെ മണ്ണിലൂടെ

Part 2: കിസാമയിലെ ഗ്രാമവഴികൾ

Part 3: സൂക്കോവാലി - മുളപാടും താഴ്‌വരകൾ

Part 4: സ്നേഹം വിളമ്പുന്ന അടുക്കളകൾ

Tags:    
News Summary - Manipur Tourism A View of Tribal Cultures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.