സുന്ദർബൻസ്

ഇന്ത്യയിലെതന്നെ ഏറ്റവും ഭംഗിയും ശക്തിയും ആക്രമണകാരികളുമായ കടുവകളുളള നാട്. ജൈവസമ്പത്തിന്റെ കലവറ, ​കണ്ടലുകളുടെ വൈവിധ്യം നിറഞ്ഞ ഹരിതതീരങ്ങൾ നിറഞ്ഞ സുന്ദർബൻസിലേക്കുള്ള യാത്ര

റോഡ് മാർഗം ​കൊൽക്കത്തയിൽ നിന്നും സുന്ദർബൻസിലേക്കുള്ള ദൂരം 130 കി.മീറ്ററാണ്, ഏകദേശം ആറ് മുതൽ എട്ടു മണിക്കൂറോളമെടുക്കും ഇത്രയും ദൂരം യാത്ര ചെയ്യാൻ. കൊൽക്കത്ത നഗരത്തിലെ എസ് പ്ലനേഡ്, ഹൗറ എന്നിവടങ്ങളിൽ നിന്നും സുന്ദർബൻസിന്റെ സമീപപ്രദേശങ്ങളായ സോനാഖാലി, നംഖാന, കാനിങ്, റൈധിഗി, നജാത്ത് എന്നിവിടങ്ങളിലേക്ക് ബസ്സുകൾ ലഭിക്കും. തുടർന്ന് ജലപാതകളിലൂടെയുള്ള നാടൻബോട്ട് സർവിസുകൾ ഉപയോഗപ്പെടുത്തി കടവുകൾ കടന്ന് സുന്ദർബൻസിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാം.


ചക്ളയിൽ നിന്നും സുന്ദർബൻസിലേക്ക്..

ഇന്ത്യയിലെതന്നെ ഏറ്റവും ഭംഗിയും ശക്തിയും ആക്രമണകാരികളുമായ കടുവകളുളള നാട്. ജൈവസമ്പത്തിന്റെ കലവറ, ​കണ്ടലുകളുടെ വൈവിധ്യം നിറഞ്ഞ ഹരിതതീരങ്ങൾ ...  സീറോ ഫൗണ്ടേഷൻ ബംഗാൾ യാത്രാസംഘം ചക്ളയിൽനിന്നും കൊൽക്കത്ത നഗരത്തിലേക്ക് പോകാതെ ഗ്രാമാന്തരങ്ങളിലൂടെ 65 കി.മീ സഞ്ചരിച്ച് സുന്ദർബൻസിലെ ജോഡ്ഖാലി ഗ്രാമ പഞ്ചായത്തിലെ ത്രിദിബ നഗർ വില്ലേജിലെ ഗ്രാമങ്ങളിലേക്കായിരുന്നു അന്നത്തെ യാത്ര, ഇനിയുള്ള രണ്ട് ദിവസങ്ങൾ സുന്ദർബൻ ഗ്രാമങ്ങളെ അറിയാനുള്ള അവസരമായിരുന്നു സീറോ ഫൗണ്ടേഷനും, നാസർ ബന്ധുവും ബംഗാൾ യാത്രയിലൂടെ ഒരുക്കിയിരുന്നത്.ചക്ളയിൽനിന്നും നേരിയ മഞ്ഞുമൂടിയ ഗ്രാമപാതകളിലേക്ക് പുലർകാലത്തുതന്നെ ഞങ്ങളെയും വഹിച്ച് അഞ്ചു ഓട്ടോകൾ യാത്രആരംഭിച്ചു. മൂടൽമഞ്ഞിൻ പുതപ്പിനുള്ളിലാണ് ഗ്രാമവീഥികൾ, ഉറക്കത്തിന്റെ ആലസ്യം വിട്ട് ഗ്രാമം ഉണർവി​ലേക്കടുത്തുകൊണ്ടിരിക്കുകയാണ്, വീട്ടുപറമ്പിൽ മുറ്റത്തെറുമ്പിനോട് തീച്ചൂടേറ്റ് കുളിര കറ്റുന്ന ചക്ളയിലെ ഗ്രാമീണരെയും പിന്നിട്ട് 19 കി.മീ സഞ്ചരിച്ച് ബെഡാചാംപ എന്ന സ്ഥലത്തേക്കാണ് ഞങ്ങൾക്ക് ആദ്യം എത്തിച്ചേരേണ്ടത്.

അവിടെനിന്നും ഹഡ്വയിലേക്കുള്ള തുടർയാത്ര എൻജിൻ ബാൻ (എൻജിൻ വാൻ) എന്ന തുറന്ന വാഹനത്തിലായിരുന്നു. മോട്ടോർ സൈക്കിൾ രൂപമാറ്റം വരുത്തി ഉണ്ടാക്കിയ ഒരു വാഹനം. മോട്ടോർ സൈക്കിളിന്റെ എൻജിനിൽ പ്രവർത്തിക്കുന്ന മുന്നിൽ ഒരു ചക്രവും, പിറകിൽ രണ്ട് ചക്രങ്ങളും ഘടിപ്പിച്ച് അതിനു മുകളിൽ ഭാരം കയറ്റാനുള്ള ചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോം ഉറപ്പിച്ചതും ബംഗാളി ഗ്രാമങ്ങളിൽ വിവിധോദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ വണ്ടിയാണ് എൻജിൻ ബാൻ. ഡ്രൈവറുടെ ഇരുവശത്തും മൂന്ന് പേർ വീതവും, ഡ്രൈവറുടെ സമീപത്തായി ഇടത് -വലത് വശത്തായി ഒരോ ആൾവീതവും, പിറകിൽ റോഡിലേക്ക് കാലിട്ട് രണ്ടു പേർക്കും അങ്ങനെ 10 യാത്രികർക്ക് ഇരിക്കാനാവുന്ന വണ്ടിയാണ് എൻജിൻ ബാൻ. യാത്രികരും അവരുടെ ബാഗുകളുമായിഒമ്പത് കി.മീ തുറന്ന വാഹനത്തിൽ യാത്ര ചെയ്ത് ഹൂഗ്ലിയുടെ കൈവരി നദി കടന്ന് നാസിർഘട്ട് എന്ന കടവും കടന്നാണ് സോനാഖാലിയിൽ എത്തിയത്.


നാസിർഘട്ട്

കടുത്ത ചാരനിറത്തിൽ വെള്ളം ഒഴുകുന്ന ആഴമേറിയ ഒരു നദിയും നദിയോട് ചേർന്നു തന്നെ ചതുപ്പ്നിലങ്ങളുമാണ് മുന്നിൽ. നമ്മുടെ നാട്ടിലെ പുഴക്കടവുകൾ പോലെയല്ല സുന്ദർബൻസ് പ്രദേശങ്ങളിലെ കടവുകളും തോണികളും. കടവുകൾ നിരവധി പടവുകൾ നദിയിയിലേക്ക് ഇറക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആ പടവുകൾക്ക് നടുവിലൂടെ സൈക്കിളുകളും, ബൈക്കുകളും കൊണ്ടുപോകാൻ ചരിച്ച് കോൺക്രീറ്റ് പ്രതലവും ഒരുക്കിയിട്ടുണ്ട്. ദിവസത്തിൽ രണ്ടു തവണ വീതം വേലിയേറ്റവും, വേലിയിറക്കവും ഉണ്ടാവുന്ന സ്ഥലമാണ് സുന്ദർബൻസ്. വേലിയേറ്റ സമയത്ത് നദീജലം ഉയരുകയും, വേലിയിറക്ക സമയത്ത് താഴ്ന്ന് പോകുകയും ചെയ്യും. ഈ സമയത്ത് നദിയിലെ ജലനിരപ്പിനനുസരിച്ച് ബോട്ടും വള്ളവുമൊക്കെ അടുപ്പിക്കാനാണ് നദിയിലേക്ക് ഇറങ്ങിയ രീതിയിൽ കോൺക്രീറ്റ് പടവുകൾ പാകി കടവുകൾ നിർമിച്ചിരിക്കുന്നത്.


ജലനിരപ്പിനനുസരിച്ച് യന്ത്രവത്കൃത വള്ളങ്ങളിലാണ് നദി മുറിച്ച് കടക്കുന്നത്. അക്കരെനിന്നും ഒരു യന്ത്രവൽകൃത വള്ളം ഇങ്ങേക്കരയിലേക്ക് വരുന്നു... വള്ളത്തിൽ നിറയെ മനുഷ്യരും, സൈക്കിളുകളും, മോട്ടോർ സൈക്കിളുകളുമാണ്! നോക്കി നോക്കി നിൽക്കെ ആ വള്ളം ഒന്നു കറങ്ങി ഇക്കരെ കടവിലേക്ക് അടുക്കുകയാണ്, ലൈഫ് ജാക്കറ്റുകളോ, സുരക്ഷ മാനദണ്ഡങ്ങളോ ഇല്ലാതെ മനുഷ്യർ കടവ് കടക്കുന്നു. ഒപ്പം അവരുടെ ഇരുചക്ര വാഹനങ്ങളുമുണ്ട്.

ആ കടത്തുവള്ളം കടവിലെ പടിക്കെട്ടിനോട് ചേർത്തുനിർത്തി വീതിയുള്ളതും ബലമുള്ളതുമായ ഒരു പലക വള്ളത്തിൽനിന്ന് കരയിലേക്ക് വള്ളക്കാരന്റെ സഹായി എടുത്തുവെച്ചു. ആ മരപ്പലകയിൽ ചവിട്ടി നടന്നാണ് മനുഷ്യരും, വള്ളത്തിൽനിന്നും സ്റ്റാർട്ട് ചെയ്ത്നടുവിലെ ചരിഞ്ഞ പ്രതലത്തിലൂടെ ബൈക്കുകൾ കരയിലേക്ക് കയറ്റുന്നതും! അതുപോലെ തന്നെ കരയിൽ നിന്നും വള്ളത്തിലേക്ക് എത്തിക്കുന്നതും. ഉത്സവപ്പറമ്പുകളിൽ കാണാറുണ്ടായിരുന്ന മരണക്കിണറിലെ മോട്ടോർ സൈക്കിൾ അഭ്യാസികളെപ്പോലെ ധൈര്യശാലികൾക്ക് ശ്രമകരമായ പ്രാക്ടിസിലൂടെ മാത്രം സാധ്യമാകുന്ന കാര്യമാണിതും!

യന്ത്രവത്കൃത വഞ്ചിയാണ് ഉൾവശം ഉറപ്പുള്ള പലകപ്പാളികൾ സമനിരപ്പിൽ പാകി ഉറപ്പിച്ചതാണ്. മരപ്പലകപ്പാളികൾക്ക് ഉള്ളിൽ വഞ്ചിപ്പള്ളയിലാണ് യന്ത്രം, യന്ത്രം നിയന്ത്രിക്കുന്ന വഞ്ചിക്കാരൻ വഞ്ചിയുടെ ഒരറ്റത്ത് നിൽക്കുന്നു. വഞ്ചിയുടെ ഇരുവശത്തും ആളുകൾ രണ്ടോ, മൂന്നോ വരിയായി നിൽക്കുന്നു, നടുക്ക് ബൈക്കും സൈക്കിളുമൊക്കെ കയറ്റിവെച്ചിരിക്കുന്നു.നമ്മുടെ നാട്ടിലേത് പോലെ ഒരുവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം നാടൻ ഫെറികൾ സർവിസ് നടത്തുന്നത്.


കൽപടികളിറങ്ങി പടികളും,വള്ളവും തമ്മിൽ ബന്ധിപ്പിക്കുന്ന പലകയിൽ ചവിട്ടി ഞങ്ങൾ വള്ളത്തിൽ കയറിമണ്ണെണ്ണ എൻജിൻ പ്രവർത്തിക്കുന്ന വള്ളത്തിന്റെ ഇരുവശങ്ങളിലുമായി ഇളകാതെ നിന്നു കൊണ്ടാണ് ജലയാത്ര. വള്ളത്തിലേക്ക് അതിസാഹസികമായി ബൈക്കുകളും ഓടിച്ചുകയറ്റിക്കഴിഞ്ഞപ്പോൾ വള്ളം അക്കരക്ക് പതിയെ തിരിഞ്ഞു. വീതി അധികമില്ലെങ്കിലും നദി പേടിപ്പെടുത്തുന്ന രീതിയിലാണ് ഒഴുകുന്നത്. നദി കടന്ന് ഞങ്ങൾ അക്കരെയെത്തി.നാസിർഘട്ടിലെ മാടക്കടയിൽനിന്നും ചൂടുചായയും ബിസ്ക്കറ്റും കഴിച്ച് എൻജിൻ ബാനിൽ കയറി ഹൈവേയിലെ ബസ് സ്റ്റോപ്പിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു.


ഇവിടെ നിന്നും ഒന്നരമണിക്കൂറോളം ബസ് യാത്രയുണ്ട് സോനാഖാലിയിലേക്ക്. സുന്ദർബൻസിലെ ഓരോ പ്രദേശങ്ങൾക്കും വ്യത്യസ്ത ഭൂപ്രകൃതിയും, വ്യത്യസ്ത സൗന്ദര്യവുമാണ്. നിറയെ വെള്ളക്കെട്ട് നിറഞ്ഞ ഗ്രാമ പ്രദേശങ്ങളിലാകെ മത്സ്യകൃഷിക്കുളങ്ങളാണ്. ചില പ്രദേശങ്ങൾ സമനിരപ്പിൽ കിടക്കുന്ന നെൽവയലുകൾ നിറഞ്ഞ ഗ്രാമങ്ങളാണ്. ചിലയിടങ്ങളിലെ നെൽവയലുകൾ ഇഷ്ടികക്കളങ്ങളായി മാറിയിട്ടുണ്ട്. നിറയെ കണ്ടൽ നിറഞ്ഞ കാട്ടുപ്രദേശങ്ങളും യാത്രാമധ്യേ കാണാൻ കഴിഞ്ഞു. ഓട്ടോറിക്ഷയും, ടോട്ടോയും, എൻജിൻ ബാനും, കടത്ത് വള്ളവും, ബസും കയറി വിവിധ ഗ്രാമങ്ങളായബെഡാചാംപ പിന്നിട്ട് ഹഡ്വയിലൂടെ നാസിർഘട്ട് കടവ് കടന്ന് ചെറിയ നഗരങ്ങളായ മാലഞ്ചൊ, സർബേരിയ, ബാസന്തി, സോനാഖാലിയിലൂടെ സഞ്ചരിച്ച് ഉച്ചയോടെ സംഘം സുന്ദർബൻസിലെ ജോഡ്ഖാലിയിൽ എത്തി.

Tags:    
News Summary - Journey to the Sundarbans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.