ശൈത്യകാലമെന്നാൽ മഞ്ഞിന്‍റെ കാലം കൂടെയാണ്. ഇന്ത്യയുടെ മിതമായ കാലാവസ്ഥ കാരണം വർഷം മുഴുവനും എല്ലായിടത്തും മഞ്ഞ് കാണാൻ കഴിയില്ലെങ്കിലും, നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തിന്‍റെ വടക്കും വടക്കുകിഴക്കൻ ഭാഗങ്ങളിലുമായി മഞ്ഞ് കാണാനും ആസ്വദിക്കാനും സാധിക്കും.
സുന്ദരമായ സൂര്യാസ്തമയ കാഴ്ചകൾക്കായും ശുദ്ധമായ പർവത വായുവിനുമായി നിങ്ങൾ മഞ്ഞുക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ അഞ്ച് പട്ടണങ്ങളും മികച്ചതാണ്. ശൈത്യകാലത്തെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന ഔലി, മണാലി, ഗുൽമാർഗ്, തവാങ്, പഹൽഗാം എന്നിവയെ അറിയാം.
ഇന്ത്യയുടെ ‘സ്കീ തലസ്ഥാനം’ എന്നാണ് ഔലിയെ പലപ്പോഴും വിളിക്കുന്നത്, ഡിസംബറിലാണ് മഞ്ഞുവീഴ്ചയുടെ തുടക്കം. 8,000 അടി ഉയരത്തിലാണ് പട്ടണം സ്ഥിതിചെയ്യുന്നത്. ഓക്ക് വനങ്ങൾ, മഞ്ഞുമൂടിയ ചരിവുകൾ, നന്ദാദേവി, കാമെറ്റ് തുടങ്ങിയ കൊടുമുടികളുടെ മനോഹരമായ കാഴ്ചകളും കാണാൻ സാധിക്കും. മഞ്ഞുവീഴ്ച ശമിക്കുമ്പോൾ ഔലിയിലെ സ്കീ പാതകൾ തുടക്കക്കാർക്കും പ്രഫഷനലുകൾക്കും ഒരുപോലെ തുറന്നിടും. ഏഷ്യയിലെ ഏറ്റവും നീളമുള്ള കേബിൾ കാർ വരമ്പുകളിലൂടെ തെന്നി നീങ്ങുന്ന കാഴ്ചയും മനോഹരമാണ്. തെളിഞ്ഞ വായുവും സ്വർണനിറമാർന്ന വെളിച്ചവും ഗർവാൾ ഹിമാലയത്തിന്റെ നിശബ്ദതയും ഇന്ത്യയിലെ ഏറ്റവും മനോഹരമായ മഞ്ഞു പട്ടണങ്ങളിൽ ഒന്നാക്കി ഔലിയെ മാറ്റുന്നു.
സിനിമാറ്റിക് രീതിയിലുള്ള ശൈത്യകാലം ആസ്വദിക്കണമെന്നുണ്ടെങ്കിൽ മണാലിയിലേക്ക് വരാം. ഡിസംബറിൽ അപ്പർ മണാലി, ഓൾഡ് മണാലി, സോളാങ് വാലി എന്നിവിടങ്ങളിൽ സ്ഥിരമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുക. സ്കീയിങ്, ട്യൂബിങ്, സ്നോബോർഡിങ്, സ്നോമൊബൈൽ റൈഡുകൾ തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായി വിനോദസഞ്ചാരികൾ ഇവിടെ ഒഴുകിയെത്തുന്നുണ്ട്. മഞ്ഞുമൂടിയ ആപ്പിൾ തോട്ടങ്ങൾ, ബിയാസ് നദിയുടെ ഇരമ്പൽ എന്നിവയും മണാലിയിൽ ആസ്വദിക്കാൻ കഴിയും.
മഞ്ഞുക്കാലത്ത് ഗുൽമാർഗ് ലോകോത്തര നിലവാരമുള്ള ഒരു ശൈത്യകാല സ്ഥലമായി മാറുന്നു. മേഖലയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചക്ക് പേരുകേട്ട ഈ പട്ടണം മിനുസമാർന്ന ചരിവുകളും പലപ്പോഴും മഞ്ഞുമൂടിയ ഇടതൂർന്ന പൈൻ വനങ്ങളും കൊണ്ട് അനുഗ്രഹീതമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുൽമാർഗ് ഗൊണ്ടോള, ഏതാണ്ട് 14,000 അടി വരെ ഉയരത്തിൽ കേബിൾ കാറുകളിൽ സന്ദർശകരെ വഹിക്കും.
സ്കീയിങ്, സ്നോബോർഡിങ്, മഞ്ഞുമൂടിയ പാതകളിലൂടെ ട്രെക്കിങ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ, എന്നാൽ ഗുൽമാർഗിലെ ശൈത്യകാലം ശാന്തതയാണ് പ്രദാനം ചെയ്യുന്നത്. ശാന്തമായ നടത്തം, തണുത്തുറഞ്ഞ പുൽമേടുകൾ, ശുദ്ധമായ വെളുത്ത രൂപത്തിൽ കശ്മീരിന്റെ അമാനുഷിക സൗന്ദര്യവും ദർശിക്കാം.
മഞ്ഞുവീഴ്ച കാണാൻ അനുയോജ്യമായ മറ്റൊരു ഇന്ത്യൻ പട്ടണമാണ് തവാങ്. 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ വടക്കുകിഴക്കൻ പട്ടണത്തിൽ പലപ്പോഴും നേരത്തെ തന്നെ കനത്ത മഞ്ഞുവീഴ്ച ലഭിക്കുന്നു. ആശ്രമങ്ങൾ, തടാകങ്ങൾ, പർവതനിരകൾ എന്നിവ മഞ്ഞിൽ മൂടുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ആശ്രമവും പതിനേഴാം നൂറ്റാണ്ടിൽ നിർമിതവുമായ തവാങ് ആശ്രമം മഞ്ഞുമൂടിയ കൊടുമുടിയിൽ മനോഹാരിത വർധിപ്പിക്കുന്നു.
സേല പാസിലേക്കുള്ള പാതയും മഞ്ഞുമൂടിയതും മനോഹരവുമായി കാണപ്പെടും. തദ്ദേശവാസികളായ മോൺപ ജനതയുടെ ഊഷ്മളമായ സ്വീകരണവും ശാന്തമായ പ്രകൃതിദൃശ്യങ്ങളും തവാങ്ങിനെ ഒരു അവിസ്മരണീയമായ ശൈത്യകാല യാത്രയാക്കി മാറ്റുന്നു.
ഗുൽമാർഗ് കൂടുതൽ പ്രശസ്തമാണെങ്കിലും പഹൽഗാം കൂടുതൽ ശാന്തമായ പ്രദേശമാണ്. പൈൻ മരങ്ങളും സൂര്യപ്രകാശത്താൽ തിളങ്ങുന്ന തണുത്തുറഞ്ഞ നദികളും, വെളുത്ത പുൽമേടുകളും പട്ടണത്തിന്‍റെ ഭംഗി വർധിപ്പിക്കുന്നു. ഹിമാലയൻ താഴ്വരയായ ലിഡർ വാലി പട്ടണത്തെ മഞ്ഞ് മൂടുന്ന കാഴ്ചയും മനോഹരമാണ്. സമീപത്തുള്ള അരു വാലിയും ബേതാബ് വാലിയും മനോഹരമാണ്. നടക്കാനും പോണി റൈഡുകൾക്കും ഫോട്ടോകൾ എടുക്കാനും അനുയോജ്യമായ സ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.