ക​മ​ർ ബ​ക്ക​റും ഭാ​ര്യ ന​സീ​റ​യും 

വാ​ഹ​നം ബ​ർ​ലി​ൻ ല​ക്ഷ്യ​മാ​യി ഹാം​ബ​ർ​ഗ്ഗി​ൽ നി​ന്നും യാ​ത്ര തി​രി​ച്ചു. ബ​ർ​ലി​നി​ലേ​ക്ക് 300 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം. കാ​റി​ന്‍റെ വേ​ഗ​ത​ക്ക​നു​സ​രി​ച്ച് മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ട്​ എ​ത്താ​വു​ന്ന ദൂ​രം. സി​റ്റി ക​ട​ന്നാ​ൽ 'ഓ​ട്ടോ ബാ​ൻ' എ​ന്ന ദീ​ർ​ഘ​ദൂ​ര റോ​ഡി​ൽ ടോ​ൾ ഗേ​റ്റു​ക​ളോ സി​ഗ്ന​ലു​ക​ളോ ഇ​ല്ല. എ​ത്ര വേ​ഗ​ത​യി​ലും വാ​ഹ​നം ഓ​ടി​ക്കാ​ൻ ഇ​വി​ടെ അ​നു​വാ​ദ​മു​ണ്ട്. ജ​ന​സാ​ന്ദ്ര​ത​യി​ൽ പി​ശു​ക്കു​ള്ള ഈ ​ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും ആ​സ്വ​ദി​ച്ച് കാ​ർ ബ​ർ​ലി​നി​ലേ​ക്ക് മൂ​ന്നു വ​രി റോ​ഡി​ലൂ​ടെ പ​റ​ന്നു.

ദുബൈയിൽ നിന്ന് കുടുംബത്തോടൊപ്പം യൂറോപ്യൻ ട്രിപ്പ്. ഏറെ കാലമായി മനസ്സിലിട്ടു താലോലിച്ച യാത്രയായിരുന്നു ഇത്. ദുബൈയിൽ നിന്ന് ഹാംബർഗ് വരെ വിമാനത്തിൽ, അവിടെ നിന്ന് റെന്‍റൽ കാറിൽ കറക്കം. ഇതായിരുന്നു പദ്ധതി. ജർമനിയിലെ ഹാംബർഗ്, ബർലിൻ, മ്യൂണിക്ക്, സ്വിറ്റ്സർലൻഡിലെ സൂറിച്ച് ലുസാൻ, ഫ്രാൻസിലെ പാരീസ്, ബെൽജിയത്തിലെ ബ്രസ്സൽസ്, നെതർലാൻഡിലെ ആംസ്റ്റർഡാം എന്നിങ്ങനെയായിരുന്നു യാത്ര ലഷ്യം. ഹാംബർഗിൽ നിന്ന് തുടങ്ങി ഈ രാജ്യങ്ങളിലൂടെ 14 ദിവസം കറങ്ങി ഏകദേശം 3970 കിലോമീറ്റർ സഞ്ചരിച്ചാണ് ദുബൈയിലേക്ക് മടങ്ങിയെത്തിയത്.

ഹാംബർഗിൽനിന്ന് ബർലിനിലേക്ക്

ഹാംബർഗിൽ പുലർച്ച അഞ്ച് മണിയായപ്പോഴേ ആകാശം നന്നായി വെളുത്തു കഴിഞ്ഞിരുന്നു. ഇവിടത്തെ ആകാശം എപ്പോഴും വെളുത്ത പഞ്ഞിക്കെട്ടുകളിൽ നീലവർണ്ണം കലർത്തി തുന്നിയ കാർപ്പെറ്റുപോലെ തെളിഞ്ഞു കാണുന്നതാണ്. രാവിലെ തന്നെ റെന്‍റൽ കാർ എടുക്കാൻ ഞാനും മകനും താമസ സ്ഥലത്തുനിന്നിറങ്ങി. 'കാർ ഷെയർ' എന്ന ആപ്പ് വഴിയാണ് കാർ ബുക്ക് ചെയ്യുന്നത്. ഈ ആപ്പ് വഴി ബുക്ക് ചെയ്ത ശേഷം എവിടെ നിന്ന് വേണമെങ്കിലും കാറെടുക്കാം. എവിടെ വേണമെങ്കിലും ഉപേക്ഷിക്കുകയും ചെയ്യാം. ബഡ്ജെറ്റിന് അനുസരിച്ച് കാറുകളും ബൈക്കുകളും സൈക്കിളും പിക്കപ്പ് വാനുകളുമെല്ലാം ഈ രീതിയിൽ വാങ്ങാം. ഉപയോഗിക്കുന്ന സമയം അനുസരിച്ച് ക്രെഡിറ്റ് കാർഡിൽ നിന്നും പണം വസൂൽ ചെയ്യും.

താമസ സ്ഥലത്ത് നിന്ന് മൂന്ന് മിനിറ്റ് സഞ്ചരിച്ചപ്പോൾ കാർ കിട്ടി. യു.എ.ഇ ലൈസൻസും അവിടെ നിന്നും ഒരു വർഷക്കാലത്തേക്ക് ഇഷ്യൂ ചെയ്ത ഇൻറർനാഷനൽ ഡ്രൈവിങ്ങ് ലൈസൻസും പാസ്പ്പോർട്ടും റെന്‍റൽ കാർ ഓഫിസിൽ നൽകി. അവർ പരിശോധിച്ച ശേഷം വാഹനത്തിന്‍റെ താക്കോലിനൊപ്പം കരാറിന്‍റെ കോപ്പിയും ഞങ്ങൾക്ക് തന്നു. 14 ദിവസത്തേക്ക് പുതുപുത്തൻ കാർ സഞ്ചാരത്തിന് കൂട്ട് കിട്ടിയ ആഹ്ലാദത്തിൽ വീട്ടിലേക്ക് തിരിച്ചു.

ക​മറും ന​സീ​റ​യും ഹാം​ബ​ർ​ഗി​ൽ

രണ്ടാഴ്ച്ചക്കാലം വിവിധ സ്ഥലങ്ങളിൽ തങ്ങാനുള്ള എല്ലാവിധ സാമഗ്രികളും നിറച്ച ശേഷം വാഹനം ബർലിൻ ലക്ഷ്യമായി ഹാംബർഗ്ഗിൽ നിന്നും യാത്ര തിരിച്ചു. ബർലിനിലേക്ക് 300 കിലോമീറ്റർ യാത്ര ചെയ്യണം. കാറിന്‍റെ വേഗതക്കനുസരിച്ച് മൂന്ന് മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം. സിറ്റി കടന്നാൽ 'ഓട്ടോ ബാൻ' എന്ന ദീർഘദൂര റോഡിൽ ടോൾ ഗേറ്റുകളോ സിഗ്നലുകളോ ഇല്ല. എത്ര വേഗതയിലും വാഹനം ഓടിക്കാൻ ഇവിടെ അനുവാദമുണ്ട്. ജനസാന്ദ്രതയിൽ പിശുക്കുള്ള ഈ ഭൂപ്രദേശത്തിന്‍റെ മനോഹാരിതയും ആസ്വദിച്ച് കാർ ബർലിനിലേക്ക് മൂന്നു വരി റോഡിലൂടെ പറന്നു. കണ്ണെത്താ ദൂരത്തിൽ വിശാലമായ പച്ചപ്പരവതാനിപോലെ പരന്നു കിടക്കുന്ന ഭൂപ്രദേശങ്ങളും വഴിയോരക്കാഴ്ച്ചകളും ആസ്വദിച്ച് നാലു മണിക്കൂറിനുള്ളിൽ ഹോട്ടലിൽ എത്തി. ബാഗേജുകൾ മുറിയിൽ വെച്ച ശേഷം പട്ടണത്തിലേക്കുള്ള ബസ്സിൽ കയറി. കാറുമായി ഇത്തരം മെട്രൊസിറ്റികളിൽ പ്രവേശിച്ചാൽ പാർക്കിങ്ങിനും സിറ്റിക്കുള്ളിലെ യാത്രകൾക്കും അനുഗുണമല്ലാത്തതിനാൽ പബ്ലിക് ട്രാൻസ്പോർട്ടിനെയാണ് സന്ദർശകരും നാട്ടുകാരും എപ്പോഴും ആശ്രയിക്കുക.

ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രത്തിലെത്തുമ്പോൾ സമയം ഏകദേശം വൈകിട്ട് ആറ് മണിയായി, ഇന്നു പോകാൻ പറ്റുന്ന ഇടങ്ങളെക്കുറിച്ചും നാളെ രാവിലെ മുതൽ എവിടെയൊക്കെ പോകാൻ സാധിക്കുമെന്നും ആരാഞ്ഞ് ലോക്കേഷൻ മാപ്പുകളും കരസ്ഥമാക്കി. തുറന്ന ബസിലായിരുന്നു തിരികെ യാത്ര. മൂന്ന് പേർക്ക് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ 'ഇത് അവസാന വണ്ടിയാണെന്നും കൂടിയാൽ ഒന്നര മണിക്കൂറിനുള്ളിൽ യാത്ര അവസാനിക്കുമെന്നതിനാൽ സൗജന്യമായി മുകളിൽ കയറിയിരുന്നോളുവെന്നും, നാളെ രാവിലെ ഇതേ വണ്ടിയുമായി ഞാനെത്തുമ്പോൾ ടിക്കറ്റെടുത്താൽ മതിയെന്നും' അവർ പറഞ്ഞു. ബസ്സിന്‍റെ തട്ടിൻപുറത്ത് അധികം സഞ്ചാരികളൊന്നും ഉണ്ടായിരുന്നില്ല. വാഹനം പട്ടണത്തിലെ രാജവീഥികളിലൂടെ ചരിത്രങ്ങളുടെ നാൾവഴികളും പട്ടണവിശേഷങ്ങളും പറഞ്ഞ് ഏകദേശം ഒന്നരമണിക്കൂർ സഞ്ചരിച്ച് പുറപ്പെട്ടിടത്തു തന്നെ ഞങ്ങളെ ഇറക്കിവിട്ടു. അതിഥിയെ എങ്ങിനെ തൃപ്തിയോടെ പരിചരിക്കാമെന്ന് ആ വനിതാ ഡ്രൈവർ മനസ്സിലാക്കി തന്നു.

ഇംഗ്ലീഷ് ടൂറിസ്റ്റ് ഗൈഡിന്‍റെ സഹായത്തോടെ സിറ്റിയിലെ പ്രധാന പോയന്‍റുകൾ കാണാവുന്ന കൾച്ചറൽ സിറ്റി വാക്കിന് ഓൺലൈനിൽ ബുക്ക് ചെയ്തു. സിനിമ, ചിത്രരചന, സ്പോർട്ട്സ്, ഫാഷൻ, ഭക്ഷണം തുടങ്ങിയവയുടെ സമ്പന്നമായ സാംസ്കാരിക തലസ്ഥാനമാണ് ബർലിൻ നഗരം. ബർലിൻ മതിൽ, ചാർലി ചെക്ക് പോയന്‍റ്, ബ്രാൻഡൻബർഗ് ഗേറ്റ് (നമ്മുടെ ഗേറ്റ് വേ ഇന്ത്യക്ക് സമാനമായത്), മെമ്മോറിയൽ ഓഫ് മർഡർ ജൂവ്സ് ഓഫ് യൂറോപ്പ്, ബർലിനർ റേഡിയോ ടവർ, റോട്ട്സ് റാട്ട്സ് ഹൗസ്, ടിയർ ഗാർഡൻ പാർക്ക്, മ്യൂസിയങ്ങൾ എന്നിവ കാണാം. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകരുടെ ചെറുസംഘങ്ങളായി നടക്കുന്ന കാൽനട ടൂറുകൾ വളരെ പ്രശസ്തമാണിവിടെ.

രാവിലെ ട്രെയിനിൽ ഹോട്ടലിൽ നിന്നും ടൂർ തുടങ്ങുന്ന ചത്വരത്തിനടുത്തെത്തി. ഏകദേശം 10 മിനിറ്റിനുള്ളിൽ പല ദിക്കുകളിൽ നിന്നും ആളുകൾ വന്നു ചേർന്നു. ഗൈഡ് ജാക്സ് സ്വയം പരിചയപ്പെടുത്തിയ ശേഷം മൂന്നര മണിക്കൂർ യാത്രയെക്കുറിച്ച് ചെറുതായി വിശദീകരിച്ചു. നഗരത്തിലെ ജീവിശൈലി, സാങ്കേതിക പദങ്ങൾ, നിയമങ്ങൾ, കല സൃഷ്ടികൾ എന്നിവയെകുറിച്ചെല്ലാം ഇവർ പറഞ്ഞുതരും. ചരിത്രഇതിഹാസ ഭാഗങ്ങൾ കണ്ട് അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് മനസിലാക്കാം. നാസികളുടെ കീഴിലുള്ള പീഡനങ്ങൾ, ഇരു ജർമ്മനികൾ തമ്മിലുണ്ടായിരുന്ന ശീതയുദ്ധങ്ങൾ, ബർലിൻ മതിലിന്‍റെ തകർച്ച തുടങ്ങിയ ചരിത്രങ്ങൾക്കൊപ്പം നടക്കാൻ ഈ ഈ ടൂർ വഴി കഴിഞ്ഞു.

(യാത്ര തുടരും)

Tags:    
News Summary - European Diary: Hamburg to Berlin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT