മണൽപ്പരപ്പിലെ മിറാക്കികൾ

ദുബൈയിലെ വിസ്മയക്കാഴ്ചകൾക്കെല്ലാം പുതുമയേകുന്നത് ഉയരമാണ്. ഉയരങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന പുതുകാലത്തിന്റെ ലോകാത്ഭുതങ്ങളാണ് ബുർജ് ഖലീഫയും പാം ജുമൈറയും മറ്റും. ലോകത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഭരണാധികാരികളുടെ നന്മയുടെ ഉയരംതന്നെയാണ് ഇവിടത്തെ നിർമിതികൾക്കുമെന്ന് മനസ്സിലാകാൻ അവിടം ഒന്ന് സന്ദർശിച്ചാൽ മാത്രം മതി.

ഗ്ലോബൽ വില്ലേജിലൂടെ നടക്കുമ്പോൾ എല്ലാ രാഷ്ട്രങ്ങളിലും എത്തിയ പ്രതീതിയുണ്ട്. ദുബൈയുടെ തെരുവോരങ്ങളിൽ സർവ രാഷ്ട്ര സമന്വയം കാണാം. എന്നാൽ, കൂടുതൽ അത്ഭുതപ്പെടുത്തിയത് ‘മിറാക്കിൾ ഗാർഡനി’ലെത്തിയപ്പോഴാണ്. പേരിനെ അന്വർഥമാക്കുന്ന അത്ഭുതങ്ങളുടെ പച്ചപ്പും വസന്തവുമാണ് ആ മണൽപ്പരപ്പിൽ കണ്ടത്.

ദുബൈ സിറ്റിയിൽനിന്ന് കാറിൽ ഗാർഡനിൽ എത്തിയപ്പോൾ രാവിലെ 9.30. പ്രവൃത്തി ദിവസത്തിലെ രാവിലെയായതിനാൽ സഞ്ചാരികൾ അധികമുണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, പാർക്കിങ് ഏരിയ പകുതിയും വാഹനങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. മുന്നിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് അകത്തേക്ക്. വിടർന്നുല്ലസിക്കുന്ന പൂക്കൾ നിറഞ്ഞ വലിയ പൂക്കൂടകൾക്കിടയിലൂടെ അകത്തേക്ക്.

വലിയ പച്ചക്കുതിരകളാണ് കണ്ണുകളെ പിടിച്ചുനിർത്തിയ ആദ്യവിസ്മയം. അടിമുടി ഹരിതവർണത്തിൽ പൊതിഞ്ഞ കുതിരകൾ. തൊട്ടപ്പുറത്ത് കൂറ്റൻ ആനകൾ, മറ്റു മൃഗങ്ങൾ, പക്ഷികൾ. എല്ലാം കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ച് നിർമിച്ച സ്ട്രെക്ചറിൽ ചെടികൾ നിറച്ച് ഉണ്ടാക്കിയത്. ഒരിലയോ പൂവോ അധികപ്പറ്റായി തോന്നിയില്ല. എല്ലാം വെട്ടിയൊതുക്കി മനോഹരമാക്കി നിർത്തിയിരിക്കുന്നു.

നടക്കുമ്പോൾ അങ്ങകലെ കുന്നിൻ മുകളിൽ പൂക്കൾ കൊണ്ടുണ്ടാക്കിയ കാസിലുകൾ കാണാം. ദശലക്ഷക്കണക്കിന് ചെടികൾ. കോടിക്കണക്കിന് പൂക്കൾ. വെറുതെ ചെടി നട്ട് സ്വാഭാവികമായി വളരാൻ അനുവദിച്ചു പോവുകയല്ല. നല്ല കളർ കോമ്പിനേഷൻ ഉണ്ടാക്കി വെട്ടിയൊതുക്കി മനോഹരങ്ങളായ രൂപങ്ങളായി മാറ്റിയെടുക്കുന്നു. കാഴ്ചകളുടെ സമൃദ്ധിയാണ് പൂന്തോട്ടത്തിൽ.

‘പുഷ്പ’ വിമാനം

പൂക്കൾകൊണ്ടൊരു കൂറ്റൻ വിമാനം. ‘മിറാക്കിൾ ഗാർഡനി’ലെ വിസ്മയകരമായ കാഴ്ചകളിൽ പ്രഥമ സ്ഥാനത്ത് ഈ നിർമിതി തന്നെയായിരിക്കും ഇടംപിടിക്കുക. എമിറേറ്റ്സിന്റെ എ380 എയർ ബസ് പൂർണമായും പൂക്കൾകൊണ്ട് അലങ്കരിച്ച് നിർത്തിയതാണ് കാഴ്ച. പൂർണമായും പൂക്കൾകൊണ്ട് നിറഞ്ഞ വിമാനം. നിർമാണം പൂർത്തിയായപ്പോൾ ലോക മാധ്യമങ്ങൾ ആഘോഷമാക്കിയ മഹാത്ഭുതം. ലോകത്തിലെ ഏറ്റവും വലിയ ഈ പുഷ്പ ശിൽപം ഗിന്നസ് ബുക്സ് ഓഫ് വേൾഡ് റെ​േക്കാഡിൽ ഇടം കണ്ടെത്തിയത് സ്വാഭാവികം. പൂന്തോട്ടത്തിലെ കുട്ടികളുടെ പാർക്കുകൾപോലും മനോഹരമാണ്. പെൻഗ്വിൻ പക്ഷികളുടെ കൂറ്റൻ രൂപം. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ വേറെയും.

കാഴ്ചയൊരുക്കി മറഞ്ഞിരിക്കുന്നവർ

നാട്ടിലെപ്പോലെ സൂര്യകാന്തിയും അരളിയും ഇവിടെയും സുലഭം. മലയാളിയുടെ ചെണ്ടുമല്ലിയും മുഗൾ ഗാർഡനുകളിലെ ആകർഷകങ്ങളായ റോസ് ഇനങ്ങളും ധാരാളം. ലോകത്തിലെ 130 ഓളം പൂക്കളും അവയുടെ അനേകം വകഭേദങ്ങളുമുണ്ടിവിടെ. ഏഴര ലക്ഷത്തിലധികം ലിറ്റർ വെള്ളം ഒരുദിവസം നനക്കാൻ ആവശ്യമുണ്ടെന്നാണ് കണക്ക്. ദുബൈ നഗരം പുറത്തുവിടുന്ന മലിനജലം ശുദ്ധീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. രണ്ട് കൃത്രിമ തടാകങ്ങളുമുണ്ട് ഗാർഡനിൽ. 200ഓളം തൊഴിലാളികളുണ്ട​േത്ര ചെടി പരിപാലനത്തിന്. എന്നാൽ, ഒരാളെപ്പോലും സന്ദർശകർ കാണാറില്ല. പരിചരണം ആളൊഴിഞ്ഞശേഷം രാത്രിയിലാണ്. കാണികൾ എത്തുമ്പോഴേക്കും കാഴ്ചയൊരുക്കി അവർ മറഞ്ഞിരിക്കും.

2011ലാണ് ഇതിന്റെ തുടക്കം. ജോർഡൻകാരനായ അബ്ദുൾ നാസർ റഹാലിന്റെ നേതൃത്വത്തിൽ ലാൻഡ് സ്കേപ്പർ ആൻഡ് അഗ്രികൾചറൽ കമ്പനിയാണ് രൂപരേഖ തയാറാക്കിയത്. 2013 ഫെബ്രുവരിയിൽ ഒന്നാം ഘട്ടം പൂർത്തിയായി. അതേ വർഷം ഒക്ടോബറിൽ രണ്ടാം ഘട്ടം കൂടി പൂർത്തിയായതോടെ ലോകാത്ഭുതമായ ‘വിസ്മയ പൂങ്കാവനം’ ലോകത്തിന് തുറന്നുകൊടുത്തു.

സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ഗാർഡനിൽ സന്ദർശകരെ അനുവദിക്കുന്നത്. ഒരു സീസണിൽ 15 ലക്ഷത്തോളം സഞ്ചാരികൾ ഇവിടെയെത്തുന്നുവെന്നാണ് സർക്കാർ കണക്ക്. 300 കോടിയോളം ഇന്ത്യൻ രൂപയാണ് ഫീസിനത്തിൽ ഒരു വർഷം ലഭിക്കുന്നവരുമാനം. യു.എ.ഇയുടെ ചൂടുകാലത്ത് ഇവിടെ പ്രവേശനമില്ല. എന്നാൽ, ഈ മാസങ്ങളിൽ ചെടികളെ വെള്ളവും വളവും നൽകി സംരക്ഷിക്കുന്നു. ഒപ്പം, പുതിയ സീസണിലെ സന്ദർശകരെ വിരുന്നൂട്ടാൻ പുതിയ ഡിസൈനുകൾ തയാറാക്കുന്ന തിരക്കിൽകൂടിയായിരിക്കും ഉദ്യാനപാലകർ. ഓരോ സീസണിലും പുതിയ പുതിയ വേഷങ്ങളിലായിരിക്കും ഉദ്യാനം. അതുകൊണ്ട് ഒരിക്കൽ സന്ദർശിച്ചവർ വീണ്ടുമെത്തുമ്പോൾ ഒരേ കാഴ്ചകളല്ല വരവേൽക്കുന്നത്. തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ ആ അത്ഭുതലോകത്തുനിന്ന് മടങ്ങുന്നില്ലായിരുന്നു.

Tags:    
News Summary - Dubai-Garden-Global-Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT