​കടലും കരയും കെട്ടിപ്പുണർന്നുകിടക്കുന്ന തോർമിന

തുർക്കിഷ് പടികളിറങ്ങി സിസിലിയുടെ അദ്​ഭുതത്തിലേക്ക്​

കതാനിയയിലെ രണ്ടാമത്തെ ദിവസം ഏറെ വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് എന്നെ കാത്തിരുന്നത്. രുചിയേറിയ കേക്കുകൾ, പയർവർഗങ്ങൾ, പിന്നെ ജ്യൂസും. ഇവയെല്ലാമാണ്​​ തീൻമേശയിലെത്തിയത്​. ഇതിന് കൂടെ മികച്ച കോഫിയും അവർ ഉണ്ടാക്കിത്തന്നു. ഇറ്റലിക്കാരുടെ പ്രഭാത ഭക്ഷണം വളരെ ലഘുവാണ്. കോഫിയും ‌അതി​െൻറ കൂടെ ബിസ്ക്കറ്റ്, റസ്‌ക് ബ്രെയോഷ് (ക്രൊസ്സെൻറ്) അത്രേ ഉള്ളു. ഞാൻ താമസിച്ച ഹോസ്​റ്റലിൽ തന്നെയായിരുന്നു ഭക്ഷണം. റൂം വാടകയിൽ അതും ഉൾപ്പെടും.

ഇന്നത്തെ ആദ്യ യാത്ര തോർമിനയിലേക്കാണ്. കതാനയയിൽനിന്നും ഒരു മണിക്കൂറിന് മുകളിൽ യാത്ര ചെയ്യണം അവിടെയെത്താൻ. ഒരുഭാഗത്തേക്ക് ബസ്​ ടിക്കറ്റിന്​ അഞ്ച് യൂറോ ചെലവ്​ വരും. തിരിച്ചുവരാനുള്ള ടിക്കറ്റുകൂടി ചേർത്തെടുക്കുമ്പോൾ ലാഭമുണ്ടെങ്കിലും സമയം ഉറപ്പിച്ചുപറയാൻ പറ്റാത്തതിനാൽ പോകാനുള്ള ടിക്കറ്റ് മാത്രമെടുത്തു.

തോർമിനയിലെ പുരാതന തിയറ്റർ

ഈ റൂട്ടിൽ ട്രെയിനും ഉണ്ട്. പക്ഷെ ബസാണ് നല്ലത്. കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യം ബസ് തന്നെ. പോകുന്ന വഴിയെല്ലാം ഏറെ മനോഹരമാണ്. ഒരു ഭാഗത്തു കടൽ. മറുഭാഗത്ത് കഴിഞ്ഞദിവസം സഞ്ചരിച്ച എത്ന മലനിരകൾ. തോർമിനയിലെ ബസ് സ്​റ്റേഷൻ ഒരു കുന്നിൻ മുകളിലാണ്. ബസ് ഇറങ്ങി 15 മിനിറ്റ് നടന്നാൽ 'തിയാത്രോ ആൻറിക്കോ ദി തോർമിന' (തോർമിനയിലെ പുരാതന തിയറ്റർ) എത്തും. 10 യൂറോയാണ് അവിടേക്ക് പ്രവേശന ടിക്കറ്റ്. വളരെ കൗതുകകരവും മനോഹരവുമായ സ്ഥലത്താണ് ഈ ചരിത്ര സ്മാരകം പ്രൗഢഗംഭീരമായി നിലകൊള്ളുന്നത്.

ലോകത്തിലെ മറ്റു ആംഫി തിയറ്ററിലെ കാഴ്ചക്കാർക്കൊന്നും ഇതുപോലൊരു മനോഹര ദൃശ്യം കാണാൻ സാധിച്ചിട്ടുണ്ടാകില്ല. സ്​റ്റേജിലെ പ്രോഗ്രാമും കണ്ണെത്താ ദൂരത്തോളമുള്ള കടലും കരയും കെട്ടിപ്പുണർന്നുകിടക്കുന്ന പ്രകൃതി സൗന്ദര്യവും ഒരുമിച്ചാസ്വദിക്കാൻ കഴിയും. ഇതൊരു ഗ്രീക്ക് - റോമൻ തിയറ്റർ ആണ്. ബി.സി മൂന്നാം നൂറ്റാണ്ടിലാണ് നിർമിക്കുന്നത്​.

ബീച്ച് വസ്ത്രങ്ങളുടെ വഴിയോര വിൽപ്പന

പിന്നീട് റോമൻ കാലഘട്ടത്തിൽ പുതുക്കിപ്പണിതു. കടൽ തീരത്തേക്ക് നോക്കിയിരിക്കുന്ന രീതിയിൽ കുന്നിൻ ചെരുവിലാണ് ഇതിെൻറ നിർമാണം. ഇപ്പോഴും ഇത് ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഇവിടെ പരിപാടികൾ ഉണ്ടാകാറുമുണ്ട്. കുറെ സ്‌പീക്കറുകളും മറ്റും സ്​റ്റേജിൽ കാണാം. പരിപാടി കഴിഞ്ഞതാണോ അതോ തുടങ്ങാൻ പോകുകയാണോ എന്നറിയില്ല. പഴയ ഇരിപ്പിടങ്ങൾ തകർന്നതിനാൽ മരത്തിെൻറ പുതിയ ബെഞ്ച് സീറ്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

കരയിൽനിന്നും കടലിലേക്ക് തള്ളിനിൽക്കുന്ന ഇസോള ബെല്ല
 ദ്വീപിൻെറ വിദൂര ദൃശ്യം

കടലിൻ നീലിമയിൽ

ചരിത്ര സ്മാരകം കണ്ടിറങ്ങി. ഇനി താഴെ ബീച്ചിലേക്ക് പോകണം. അവിടത്തെ ഇസോള ബെല്ല എന്ന കരയിൽനിന്നും കടലിലേക്ക് തള്ളിനിൽക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപ് കാണലാണ് ലക്ഷ്യം. താഴോട്ടിറങ്ങാൻ കേബിൾ കാറുണ്ടെങ്കിലും കാഴ്ചകൾ ആസ്വദിച്ച് നടന്നുപോകാമെന്ന് തീരുമാനിച്ചു. നീല നിറത്തിൽ പരന്നുകിടക്കുന്ന കടലിെൻറ സൗന്ദര്യം ഒന്നു വേറെതന്നെ. വീടുകൾക്കിടയിലൂടെ ചെറിയ വഴികളിലെ പടികളിറങ്ങി പോകണം. നല്ല ചൂടുണ്ട്. വിയർത്തൊലിക്കുന്നു. ഇറക്കമായത് കൊണ്ട് അരമണിക്കൂർ കൊണ്ട് താഴെയെത്തി. ഇടവഴികളിൽ വർണാഭമായ ബീച്ച് വസ്ത്രങ്ങൾ തൂക്കിയിട്ട് വഴിയോര കച്ചവടക്കാരുണ്ട്.

ബീച്ചിൽ നല്ല തിരക്കാണ്. സൺ ബാത്ത് ആസ്വദിക്കുകയാണ് സ്വദേശികളും വിദേശികളുമെല്ലാം. ദ്വീപിലേക്ക് നടന്നുപോകാൻ രണ്ടടി ഉയരത്തിൽ നനയാൻ തയാറായാൽ മതി. ഒരുപാടു നേരം അവിടെ ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും സമയക്കുറവ് കാരണം തിരിച്ചുപോകാൻ തീരുമാനിച്ചു. കേബിൾ കാറിൽ കയറിയാണ് തോർമിന ബസ് സ്​റ്റേഷനിലേക്ക് എത്തിത്. മൂന്ന് യൂറോയാണ് ചെലവ്. അവിടെനിന്നും കതാനിയയിലേക്ക് ബസ് പിടിച്ചു.

അഗ്രിജെന്തോയിലേക്കുള്ള ബസ്​ യാത്രക്കിടെ

റൂമിലെത്തി ഭക്ഷണം കഴിച്ചശേഷം ലഗേജും എടുത്ത് ഹോസ്​റ്റൽ സ്റ്റാഫിനോട് യാത്ര പറഞ്ഞു. ബസ് സ്​റ്റേഷനിലേക്ക് തന്നെ തിരിച്ചെത്തി. അടുത്ത ലക്ഷ്യസ്ഥാനമായ അഗ്രിജെന്തോയിലേക്കുള്ള ബസ് പിടിച്ചു. മൂന്ന് മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. 15 യൂറോക്കടുത്താണ് ടിക്കറ്റ് നിരക്ക്. ട്രെയിനിൽ പോകുകയാണെങ്കിൽ സമയം കൂടുതലാണ്. മാത്രമല്ല, ഇടക്ക് മാറികയറുകയും വേണം. പോകുന്ന വഴിയിൽ 4-5 സ്​റ്റോപ്പുകളുണ്ട് ബസിന്. കതാനിയ നഗരം വിട്ടുകഴിഞ്ഞാൽ പിന്നെ കുന്നും മലകൾക്കുമിടയിലൂടെയാണ് യാത്ര. ഇടക്ക്​ വല്ലപ്പോഴും ചെറിയ ചെറിയ ഗ്രാമങ്ങൾ വിരുന്നൂട്ടും. മനോഹരമായ ഭൂപ്രകൃതി. സിസിലിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അഗ്രിജെന്തോ. പക്ഷെ ചരിത്ര കാഴ്ചകൾ ആസ്വദിക്കുന്നവർക്ക് വിരുന്നൊരുക്കും ഇൗ നാട്.

കുന്നിൻ മുകളിലെ കൊച്ചുനഗരം

ബസിറങ്ങിയപ്പോൾ താമസിക്കാനുള്ള റൂമിൻെറ ഉടമ എന്നെ കാത്തുനിൽക്കുന്നുണ്ട്. അദ്ദേഹം ആദ്യമേ, വരുന്ന സമയമെല്ലാം വാട്ട്സ്ആപ്പിലൂടെ ചോദിച്ചിരുന്നു. സാധാരണ ഇങ്ങനെ ആരും ചെയ്യാറില്ല. 30 വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ. തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കും. ഇറ്റലിയിൽ ഭാഷ വലിയ പ്രശ്നമാണ്. അത്യാവശ്യം ഇറ്റാലിയൻ അറിഞ്ഞില്ലെങ്കിൽ പിടിച്ചുനിൽക്കാൻ പാടാണ്.

സുന്ദരവും വൃത്തിയുള്ളതുമായ ചെറിയ നഗരമാണ്​ അഗ്രിജെന്തോ

അഗ്രിജെന്തോ നഗരം സ്ഥിതി ചെയ്യുന്നത് ഒരു കുന്നിൻ മുകളിലാണ്. 10 മിനിറ്റ്‌ നടന്ന് റൂമിലെത്തി. നല്ല വൃത്തിയുള്ള റൂം. എനിക്ക് പോകാനുള്ള സ്ഥലങ്ങളെയും അവിടെ എത്താനുള്ള വഴികളെയും കുറിച്ച്​ ചോദിച്ച് മനസ്സിലാക്കി. അവിടത്തെ റൂട്ട്മാപ്പും ബസ് സമയവുമെല്ലാം മുറിയുടമ പ്രിൻെറടുത്ത്​ വെച്ചിട്ടുണ്ട്. അതി​ ഫോട്ടോ മൊബൈലിൽ പകർത്തി.

നഗരകാഴ്ചകൾ കാണാൻ പുറത്തിറങ്ങി. സുന്ദരവും വൃത്തിയുള്ളതുമായ ചെറിയ നഗരം. പഴയതും പുതിയതുമായ കെട്ടിടങ്ങൾ തോളോടുതോൾ ചേർന്ന് നിൽക്കുന്നു. അധികവും സാധാരണക്കാരായ ആളുകൾ താമസിക്കുന്നൊരിടം. കെട്ടിടങ്ങൾക്കിടയിലൂടെ കുറെ പടികൾ കയറിയും ഇറങ്ങിയും വേണം നടക്കാൻ.

കെട്ടിടങ്ങൾക്കിടയിലെ മനോഹരമായ പടികൾ

ഇടക്ക് ഞാൻ വഴിതെറ്റി പോയപ്പോൾ ഒരു വീട്ടമ്മ സഹായവുമായെത്തി. കതാനിയയിലെ ആളുകളുടെ പെരുമാറ്റം കുറച്ച് പരുഷമായിട്ടായിരുന്നു. എന്നാൽ, ആഗ്രിജെന്തോക്കാരുടെ സ്വഭാവം വളരെ സൗമ്യമാണ്. നഗരവും ഗ്രാമവും തമ്മിലെ വ്യതാസമായിരിക്കാമത്. വഴിയിലൊന്നും മിക്കവരും മാസ്ക് ധരിച്ചിട്ടില്ല.

പക്ഷെ വാഹനങ്ങളിലും കടകളിലും സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം മാസ്ക് നിർബന്ധമാണ്. കുറച്ചുനേരം അവിടെ ചുറ്റിക്കറങ്ങി. ഉച്ചക്ക് നന്നായി ഭക്ഷണം കഴിച്ചത് കൊണ്ട് വിശപ്പില്ല. നേരെ സൂപ്പർ മാർക്കറ്റിൽ പോയി കുറച്ചു പഴങ്ങൾ വാങ്ങി. റൂമിൽ തിരിച്ചെത്തി അതും കഴിച്ച് ഉറങ്ങാനുള്ള തയാറെടുപ്പായി.

അഗ്രിജെന്തോയിലെ കാഴ്​ചകൾ

ക്ഷേത്രങ്ങളുടെ താഴ്വരയിൽ

മൂന്നാമത്തെ ദിവസം അതിരാവിലെ തന്നെ എഴുന്നേറ്റു. സ്വന്തമായി കോഫി തയാറാക്കി. കഴിക്കാൻ ക്രൊസ്സെൻറ് ബിസ്കറ്റും അവിടെ ഉണ്ടായിരുന്നു. ഇതെല്ലം റൂം വാടകയിൽ ഉൾപ്പെടും. തുടർന്ന് തൊട്ടടുത്തുള്ള ബസ് സ്​റ്റോപ്പിലെത്തി. അവിടന്ന് അരമണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന സ്ഥലമാണ് 'വാലെ ദെയ് തെംപ്ലി' അഥവാ ക്ഷേത്രങ്ങളുടെ താഴ്‌വാരം. മഹത്തായ ഗ്രീക്ക് കലയുടെയും സംസ്കാരത്തിെൻറയും ചരിത്ര ശേഷിപ്പുകൾ.

യുനെസ്കോ ലോക പൈതൃക പട്ടികയിലുൾപ്പെടുത്തിയ ആർക്കിയോളജിക്കൽ സ്ഥലം. ഒരു കുന്നിൻ മുകളിൽ 1,300 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന, ബി.സി അഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഏഴ് ഗ്രീക്ക് ക്ഷേത്രങ്ങളുടെ അവശിഷ്​ടങ്ങൾ. ഇതെല്ലാമാണ് ആരെയും വാലി ഒാഫ് ടെംപിൾസിലേക്ക് ആകർഷിക്കുന്നത്.

വാലി ഓഫ്​ ടെംപിൾസിലെ പുരാതന ക്ഷേത്രങ്ങൾ

എട്ടാം നൂറ്റാണ്ടിൻെറ അവസാനത്തിൽ തന്നെ ഈ ചരിത്ര സ്മാരകങ്ങളുടെ ശേഷിപ്പുകൾ കണ്ടെത്താൻ പദ്ധതികൾ തുടങ്ങിയിരുന്നെങ്കിലും 19ാം നൂറ്റാണ്ടിലാണ് കൂടുതൽ ഖനനവും പുനരുദ്ധാരണവും നടന്നത്. ടെമ്പിൾ ഓഫ് കോൺകോർഡിയ, ജൂനോ ക്ഷേത്രം, അസ്ക്ലേപിയസ് ക്ഷേത്രം, ഹെറാക്കിൾസ് ക്ഷേത്രം, ഒളിമ്പിയൻ സ്യൂസി​െൻറ ക്ഷേത്രം, ടെമ്പിൾ ഓഫ് കാസ്​റ്റർ, പോളക്സ് - ഹെഫസ്റ്റസ് ക്ഷേത്രം എന്നിങ്ങനെ പോകുന്നു ഇവയുടെ പേരുകൾ. ഇവയെല്ലാം ഇറ്റലിയുടെ ദേശീയ സ്മാരകമാക്കി സംരക്ഷിച്ചുപോരുകയാണ്.

ഇത് കൂടാതെ ഒരുപാടു ശവകുടീരങ്ങളും ഭൂഗര്‍ഭകല്ലറകളും കാണാൻ കഴിയും. വലിയ പാറകൾ ചെത്തിയെടുത്ത് അടുക്കിവെച്ചുണ്ടാക്കിയ ഗ്രീക്ക് ദൈവങ്ങളുടെ രൂപമെല്ലാമുണ്ടവിടെ. ഇതോടൊപ്പം വലിയ പാറക്കല്ലുകളും നിരയായി നിൽക്കുന്ന കൂറ്റൻ തൂണുകളും കാണാം. ഇതെല്ലാം ഇവിടെ എത്തിക്കാനും അടുക്കുകളായി വെച്ച് ക്ഷേത്രം നിർമിക്കാനുമെല്ലാം എത്രത്തോളം തൊഴിലാളികൾ രാപകലില്ലാതെ പ്രയത്നിച്ചിട്ടുണ്ടാകുമെന്നോർക്കണം. അവരുപയോഗിച്ച മര യന്ത്രങ്ങളുടെ മാതൃകയും ഇവിടെ തയാറാക്കിവെച്ചിട്ടുണ്ട്.

രണ്ട് കാലഘട്ടം ഇവിടെ മുഖാമുഖം നിൽക്കുകയാണ്​

ഈ കുന്നിൻ മുകളിൽനിന്ന് നോക്കിയാൽ പുതിയ അഗ്രിജെന്തോയും ആധുനിക കെട്ടിടങ്ങളുമെല്ലാം കാണാം. ഇവിടെ പഴയതും പുതിയതുമായ രണ്ട് കാലഘട്ടം പരസ്പരം മുഖാമുഖം നിൽക്കുന്നു. ഒരു വലിയ പാറയിലിരുന്ന് ഞാൻ ബി.സി അഞ്ചാം നൂറ്റാണ്ടിൽനിന്നും എ.ഡി 21ാം നൂറ്റാണ്ടിലേക്കുള്ള ദൂരം ഒന്ന് അളക്കാൻ ശ്രമിച്ചു.

ആ ഇരുത്തം പെെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നു. ഒടുക്കത്തെ ചൂടുകാരണം വിയർത്തു കുളിക്കുന്നു. ഇടക്കിടക്ക് വഴിയിൽ കാണുന്ന മരത്തണലിലിരുന്നു വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. ഇല്ലേൽ നിർജലീകരണം സംഭവിക്കാൻ സാധ്യത കൂടുതലാണ്. ധാരാളം സഞ്ചാരികളെ ഇൗ കുന്നിൻ മുകളിൽ കാണാം.

ക്ഷേത്രങ്ങൾ നിർമിക്കാൻ ഉപയോഗിച്ച മര യന്ത്രങ്ങളുടെ മാതൃക

ഇറ്റലിയിലെ പൊതുഅവധി ദിവസമായ ആഗസ്​റ്റ്​ 15ന് മാത്രം 10,144 സന്ദർശകരാണ് ഇവിടെ എത്തിയത്. അതും ഈ കൊറോണ സാഹചര്യത്തിൽ. ഇവിടെ അടുത്ത്​ ഒരു മ്യൂസിയമുണ്ട്​. അതിനകത്തേക്ക്​ കൂടി ചേർത്തുള്ള പ്രവേശന ടിക്കറ്റിന് 15 യൂറോ വിലയുണ്ട്. കൂടാതെ അവിടെ എത്താൻ ബസ്​ പിടിക്കുകയും വേണം. തൽകാലം ആ കാഴ്​ചകൾ ഒഴിവാക്കാം എന്ന് തീരുമാനിച്ചു.

വാലി ഒാഫ് ടെമ്പിൾസിൻെറ കുന്നിൻ ചെരുവിലായി ഒരു പുരാതന തോട്ടമുണ്ട്. 'ജാർദിനോ ദെല്ല കോളിംബേത്ര' (കോളിബെത്ര പൂന്തോട്ടം) എന്നാണ് അതിെൻറ പേര്. സിട്രസ്, ബദാം, ഒലീവ് തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നു. ഇതിനിടയിൽ ഒരു വാഴകൂട്ടവും കാണാം.

കുന്നിൻ ചെരുവിലെ തോട്ടം

കുന്നിൻ ചെരുവിലൂടെ ഒഴുകുന്ന അരുവിയിലെ വെള്ളമുപയോഗിച്ചാണ് ഇവിടത്തെ ജലസേചനം. നമ്മുടെ നാട്ടിലെ പോലെ പരമ്പരാഗത രീതിയിൽ വെള്ളം ചെറിയ ചാലിലൂടെ ഒഴുക്കിയിരിക്കുന്നത് കാണാം. അതിലൂടെയുള്ള നടത്തം ചുട്ടുപൊള്ളുന്ന വെയിലിൽനിന്നും ആശ്വാസമേകി. ഏകദേശം നാല് മണിക്കൂർ എടുത്തു ഇതെല്ലാം കണ്ടുതീർക്കാൻ. തിരിച്ചു ബസ് കയറി അഗ്രിജെന്തോയിൽ തിരിച്ചെത്തി.

സിസിലിയിലെ തുർക്കിഷ് കടൽകൊള്ളക്കാർ

അടുത്ത ലക്ഷ്യം 'സ്കാല ദെയ് തുർക്കി'യാണ്​ (തുർക്കിഷ് പടികൾ). ലോകത്തിലെ ഏറ്റവും മനോഹരമയ ബീച്ചുകളിലൊന്ന്​. പണ്ട് കാലത്ത് തുർക്കിഷ് കടൽകൊള്ളക്കാർ പലതവണ ഇതുവഴി ഇൗ ഗ്രാമത്തിൽ അധിനിവേശം നടത്തിയതിനാലാണത്രെ ഇൗ പേര് വരാൻ കാരണം. അഗ്രിെജന്തോയിൽനിന്നും അരമണിക്കൂർ ബസ് യാത്രയുണ്ട്. അതിനുശേഷം രണ്ട് കിലോമീറ്ററിലേറെ നടക്കണം. കാറിൽ വരുന്നവർക്ക് നേരെ ഒാടിച്ചുപോയാൽ മതി.

 കോളിബെത്രയിലെ കാഴ്​ചകൾ

ആരെയും അമ്പരിപ്പിക്കുന്നതാണ് ഇവിടത്തെ കാഴ്ച. പ്രകൃതിയിടെ കരവിരുതിൽ തട്ടുതട്ടുകളായി അടുക്കിവെച്ച പാൽവെള്ള നിറത്തിലെ കുന്നിൻ ചെരിവ്. അതിൽ തൊട്ടുരുമ്മി നിർത്തംവെക്കുന്ന തിരമാലകളും അതിവിശാലമായ നീലസാഗരവും. അവക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന ആകാശവും കൂടിയാകുേമ്പാൾ മികച്ച അനുഭവം തന്നെ. സൂര്യാസ്തമയ കാഴ്ചയാണെങ്കിൽ അതിമനോഹരമായിരിക്കും. കാറ്റും തിരമാലകളും ചേർന്ന് ലക്ഷക്കണക്കിന് വർഷങ്ങളുടെ കരവിരുതിലൂടെയാണ് ഈ മനോഹരമായാ വൈറ്റ് മാൾ ക്ലിഫ് ഉണ്ടായത്. കളിമണ്ണും ചുണ്ണാമ്പുമാണ് ഇൗ പാറകളിൽ അടങ്ങിയിരിക്കുന്നത്.

കാണാൻ അതിഗംഭീരമാണെങ്കിലും ഇവിടെ എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇതിെൻറ ഫോട്ടോ കണ്ടപ്പോൾ മുതലേ ആഗ്രഹിച്ചതാണ് ഒരിക്കലെങ്കിലും ഇവിടെ എത്തണമെന്ന്. ആഗ്രിെജന്തോ പ്രവിശ്യയിലെ റയൽമോന്തെ എന്ന പ്രദേശത്താണ് ഇൗ അവിസ്മരണീയ കാഴ്ച. പൊതുഗതാഗതമൊന്നും ശരിക്കില്ലാത്ത ഒരു ഉൾപ്രദേശം.

സ്കാല ദെയ് തുർക്കിയിലെ പാൽവെള്ള നിറത്തിലെ കുന്നിൻ ചെരിവ്

ബീച്ചിനടുത്ത് ഒരുപാട് ഭക്ഷണ ശാലകളും റിസോർട്ടുകളുമുണ്ട്. സഞ്ചാരികളുടെ അതിപ്രസരം കാരണം കേടുപാടുകൾ സംഭവിക്കുന്നതിനാൽ 'സ്കാല ദെയ് തുർക്കി' ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിെൻറ ശക്തമായ സംരക്ഷണത്തിലാണ് ഇൗ പ്രദേശം. കടലിലേക്കിറങ്ങി രണ്ടടി വെള്ളത്തിലൂടെ, വഴുക്കുന്ന പാറകൾക്ക് മുകളിലൂടെ വീണ്ടും നടക്കേണ്ടതുണ്ട്.

ഒരുവിധം നടന്നു ലക്ഷ്യസ്ഥാനത്ത് എത്തി. വേനൽ അവധിക്കാലമായതിനാൽ ഒടുക്കത്തെ തിരക്ക്. അൽപ്പ വസ്ത്രധാരികളായ നിരവധി പേർ സൺബാത്ത് ആസ്വദിക്കുകയാണ്. അവർക്കിടയിലൂടെ ശരീരമാകെ മൂടുന്ന വസ്ത്രവുമണിഞ്ഞ് പോകാൻ എനിക്ക് നാണം തോന്നി. പാറക്കൂട്ടങ്ങൾക്ക് മുകളിലും നല്ലതിരക്കാണ്. ഇൗ സമയത്താണ് സുരക്ഷ ജീവനക്കാരൻ വന്ന് എല്ലാവരോടും പോകാൻ പറഞ്ഞത്. അത് സത്യത്തിൽ എനിക്ക് അനുഗ്രഹമായി. ആളുകളുടെ ശല്യമില്ലാത്ത പാറക്കൂട്ടങ്ങളുടെയും കടലിൻെറയും മനോഹര ചിത്രങ്ങൾ എെൻറ കാമറയിൽ ഒപ്പിയെടുക്കാൻ സാധിച്ചു.

സ്കാല ദെയ് തുർക്കിയിലെ സഞ്ചാരികൾ

ഫോട്ടാ എടുത്ത് കഴിഞ്ഞതോടെ തിരിച്ചൊരു ഒാട്ടമായിരുന്നു. അടുത്ത ബസ് കിട്ടിയില്ലെങ്കിൽ പിന്നെ ഏകദേശം രണ്ട് മണിക്കൂർ കാത്തുനിൽക്കണം. അസ്തമയം കാണണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കാത്തുനിന്നാൽ ബസ് കിട്ടാതെ അന്ന് കടൽതീരത്ത് കിടന്നുറങ്ങേണ്ടി വരും. യുനെസ്കോ ഇൗ സ്ഥലത്തെ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ ഇത് സ്വകാര്യസ്ഥലമാണെന്ന് അവകാശപ്പെട്ട്​ ഒരാൾ പ്രാദേശിക ഭരണകൂടത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. ആൻഡ്രിയ കാമിലേരി എന്ന ഇറ്റാലിയൻ എഴുത്തുകാരൻെറ ഡിറ്റക്റ്റീവ് നോവലിലും അതിെൻറ സിനിമാ ആവിഷ്കാരത്തിലും ഈ പ്രദേശത്തെ വിവരിച്ചതോടെയാണ് ഇവിടം പ്രസിദ്ധമാകുന്നത്.

(യാത്രയെല്ലാം കയിഞ്ഞ് രണ്ടാഴ്ചക്കുശേഷം ഒരു വാർത്ത കണ്ടു. സ്കാല ദെയ് തുർക്കി ഇപ്പോൾ ലോക്കൽ പൊലീസിെൻറ മേൽനോട്ടത്തിലാണെന്നും അനധികൃതമായി അവിടെ പ്രവേശിച്ചാൽ 1,000 യൂറോ പിഴയും ക്രിമിനൽ കേസും ആകുമെന്നുമാണ് വാർത്തയുടെ ഉള്ളടക്കം. പാറകൾ ഇടിഞ്ഞുവീണ് നശിക്കുന്നത് തടയാനാണ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്തായാലും നിയന്ത്രങ്ങൾക്ക് മുന്നേ ഇവിടെ വരാൻ സാധിച്ചത് വലിയ ഭാഗ്യം തന്നെ).

സ്കാല ദെയ് തുർക്കിയിലേക്കുള്ള വഴി 

കടലിൽനിന്ന് ഒാടിയെത്തുേമ്പാൾ ബസ് കാത്തുനിൽപ്പുണ്ട്. അതിനകത്ത് ആകെ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ. തിരിച്ചു ഹോട്ടലിലെത്തിയപ്പോൾ ഉടമ പറയുകയായാണ്, 'നിങ്ങളൊരു ശക്തനായ മനുഷ്യൻ തന്നെ'. നമ്മുടെ പപ്പുചേട്ടൻ പറഞ്ഞ 'സുലൈമാനല്ല ഇജ്ജ് ഹനുമാനാണെന്ന' ഡയലോഗ് ആണ് ഓർമവന്നത്. അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു, ഒരു ദിവസം കൊണ്ട് ഇതെല്ലാം കണ്ടുതീർക്കുക ബുദ്ധിമുട്ടാണെന്ന്.

അതും അവിടത്തെ മോശം പൊതുഗതാഗത സംവിധാനമുപയോഗിച്ച്. സത്യത്തിൽ 20 കിലോമീറ്ററിന് മുകളിൽ അന്ന് നടന്നിട്ടുണ്ട്. ലഗ്ഗേജെല്ലാം എടുത്ത് അദ്ദേഹത്തോട് യാത്ര പറഞ്ഞു. റെയിൽവേ സ്​റ്റേഷനിലേക്ക് നടത്തം തുടങ്ങി. സിസിലിയുടെ തലസ്ഥാനമായ പലെർമോയാണ് ഇനി ലക്ഷ്യസ്ഥാനം.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT