‘ഇല്ലാത്ത വിദ്യാർഥികൾ, ഊതിവീർപ്പിച്ച ബില്ലുകൾ..’ നൈപുണ്യവികസനത്തിന്റെ മറവിൽ മുക്കിയത് കോടികൾ! ഒടുവിൽ നടപടി

ന്യൂഡൽഹി: വ്യാപക ക്രമക്കേട് കണ്ടെത്തിയ​തിന് ​പിന്നാലെ ദേശീയ നൈപുണ്യ വികസന പദ്ധതിയിൽ പങ്കാളികൾക്കും പരിശീലന ​കേന്ദ്രങ്ങൾക്കുമെതിരെ നടപടിയുമായി സർക്കാർ. ഇല്ലാത്ത വിദ്യാർഥികളുടെയും, പരിശീലന ​കേന്ദ്രങ്ങളുടെയും പേരിലും വ്യാജ രേഖകൾ ചമച്ചും കോടികൾ തട്ടിയെടുത്തു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

നൈപുണ്യ, സംരഭകത്വ വികസന ​മന്ത്രാലയത്തിന് (എം.എസ്.ഡി.ഇ) കീഴിൽ നടപ്പാക്കിയ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ) പദ്ധതിയിലാണ് വൻ തട്ടിപ്പുകൾ കണ്ടെത്തിയത്. 2015ൽ തുടക്കമിട്ട പദ്ധതിയിൽ ജൂൺ 2025 വരെ 1.64 കോടി യുവാക്കൾ പരിശീലനം നേടിയതായാണ് കണക്കുകൾ. നടപ്പുസാമ്പത്തിക വർഷം മാത്രം, പദ്ധതിക്കായി 1,538 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

2022ൽ പി.​എം.കെ.വി.വൈയുടെ പുതുക്കിയ പദ്ധതി അവതരിപ്പിച്ചപ്പോൾ മുതൽ പരാതികൾ വ്യാപകമായിരുന്നു. പെരുപ്പിച്ച ചെലവുകണക്കുകൾ, പണം തട്ടാനായി ഇല്ലാത്ത വിദ്യാർഥികളുടെയും പരിശീലന കേന്ദ്രങ്ങളുടെയും പേരിൽ തട്ടിക്കൂട്ടിയ രേഖകൾ, വ്യാജ ട്രെയിനിങ് പങ്കാളികൾ എന്നിങ്ങനെ തട്ടിപ്പ് സംബന്ധിച്ച് പരാതികൾ പ്രവഹിച്ചതോടെയാണ് അധികൃതർ നടപടിയിലേക്ക് കടന്നത്.

പദ്ധതി മാനദണ്ഡങ്ങൾ ലംഘിച്ച 178 പരിശീലന പങ്കാളിക​ളെയും പരിശീലന കേന്ദ്രങ്ങളെയും ഇതിനകം കരിമ്പട്ടികയിൽ പെടുത്തിയതായി ഒക്ടോബർ 30ന് ​പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാന മിഷൻ ഡയറക്ടർമാരടക്കമുള്ളവർക്കും അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി. ഇവർ വിവിധ പദ്ധതികളിലൂടെ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം കത്തിൽ പറയുന്നു.

സർക്കാർ നൈപുണ്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രങ്ങളുമായോ പങ്കാളികളുമായോ ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയാൽ ​ഉടൻ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ പരിശീലന കേന്ദ്രങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 59 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയത്. ഡൽഹി-25, മധ്യപ്രദേശ്-24, രാജസ്ഥാൻ-20 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ചത്തിസ്ഗഡ്, മിസോറാം, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഓരോ പരിശീല പങ്കാളികളും കേന്ദ്രവും കരിമ്പട്ടികയിൽ ഉൾപ്പെട്ടു.

നിലവിൽ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണെന്നും വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് ദേശീയ നൈപുണ്യ വികസന കോർപറേഷന്റെ (എൻ.എസ്.ഡി.സി) പ്രതികരണം. അതേസമയം, കരിമ്പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും നൈപുണ്യ പരിശീലനം ഏതാണ്ട് മരവിച്ച നിലയിലാണ്. ഇതാദ്യമായല്ല, എൻ.സി.ഡി.സിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുന്നത്. മേയിൽ പരാതികൾ വ്യാപകമായതിന് പിന്നാലെ, സി.ഇ.ഒ വേദ് മണി തിവാരിയെയെ എൻ.എസ്.ഡി.സി പുറത്താക്കിയിരുന്നു.

തിവാരിക്കെതിരെ നടപടിക്ക് പിന്നാലെ, ‘സർക്കാരിന്റെ പണവും വസ്തുവകകളും കൈക്കലാക്കിയേക്കുമെന്ന്’ കാണിച്ച് എം.എസ്.ഡി.ഇ മന്ത്രാലയം രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെ സമീപിച്ചിരുന്നു.

Tags:    
News Summary - Corruption cloud: Skill Ministry blacklists 178 training partners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.