ജലശയ്യയിലെ സുന്ദരരാവ്

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് മണിപ്പൂരിലെ ലോക്താക്. ഇംഫാലിൽനിന്നും 40 കി.മീ ദൂരമുണ്ട് ഇവിടേക്ക്. മണിപ്പൂരിലെ മൊയ്‌റാങ്ങിലാണ് ഈ തടാകം. ലോക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ലോക്താക് അപൂർവസുന്ദരമായ പ്രകൃതിയുടെ സ്വന്തം ജലാശയമാണ്. 250 മുതൽ 500 സ്‌ക്വയർ കിലോ മീറ്ററിൽ പരന്നു വിസ്തൃതമായ തടാകവും പരിസരങ്ങളും. മഴക്കാലങ്ങളിലും വേനലിലും ഉപരിതല വിസ്തൃതിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. പായലും സസ്യജാലങ്ങളും പ്ലവകങ്ങളും ജലജീവികളും ചേർന്ന് രൂപം കൊണ്ട, പ്രത്യേകതരം ജൈവഘടനയുള്ള സമൃദ്ധമായ ഒരാവാസവ്യവസ്ഥ കൂടിയാണിത്. ലോകത്തിലെ തന്നെ ഒഴുകിനടക്കുന്ന ഒരേയൊരു ദേശീയോദ്യാനം ലോക്താക്കിലാണുള്ളത്. മണിപ്പൂരിന്‍റെ ദേശീയമൃഗമായ അപൂർവ ജനുസ്സിൽപ്പെട്ട സാംഗായ് മാനുകളുടെ പ്രത്യേക സംരക്ഷണ മേഖലകൂടിയാണ് 40 കി.മീ വിസ്തൃതിയിലുള്ള ഈ ദേശീയോദ്യാനം.

മണിപ്പൂരിന്‍റെ അടിസ്ഥാനവർഗങ്ങളുടെ തൊഴിലും വരുമാനമാർഗവുമാണ് ലോക്‌താക് തടാകം. മത്സ്യബന്ധനം, ടൂറിസം, കൃഷി എന്നിവയിലൂടെ ഈ കായലിനെ ഉപാസിച്ചും ആശ്രയിച്ചും കഴിയുന്നവരാണ് ഇവിടുത്തെ ജനത. സംസ്ഥാനത്തിന്‍റെ കുടിവെള്ളത്തിന്‍റെയും കൃഷിയാവശ്യത്തിനുള്ള ജലത്തിയും പ്രധാന സ്രോതസ്സാണിത്. ഒട്ടേറെ ഊർജനിർമാണ പദ്ധതികളും ജലസേചന പദ്ധതികളും ഈ കായലിനെ ആശ്രയിച്ചുണ്ട്.

നോക്കെത്താദൂരം വിസ്മയക്കാഴ്ചകളുടെ വിരുന്നൊരുക്കുന്ന പ്രകൃതിയാണിത്. ആകാശക്കീഴിൽ, മലനിരകൾക്കിടയിൽ, വിശാലതയുടെ ജലപ്പരപ്പ്. ഒഴുകുന്ന അനേകമനേകം പൂന്തോപ്പുകളും പായൽചണ്ടികളും. അവക്കിടയിൽ പുല്ലുമേഞ്ഞ കുടിലുകൾ, കിളിക്കൂടുകൾ, മത്സ്യജാലങ്ങൾ. ഇവയെല്ലാം ലോക്താക്കിന്‍റെ സവിശേഷതകളാണ്. പ്രകൃത്യാരൂപപ്പെട്ടവയാണ് ഇവിടുത്തെ ഒഴുകുന്ന പൂവാടികൾ. വൃത്ത രൂപങ്ങളിലും നീളെയും കുറുകെയും ചിതറിത്തെറിച്ചുമൊഴുകുന്ന അവയുടെ സാന്നിധ്യം തടാകഭംഗിക്ക് മാറ്റുകൂട്ടുന്നു. കുഞ്ഞോളങ്ങൾക്കിടയിൽ തലയുയർത്തിച്ചിരിക്കുന്ന ജലപുഷ്പങ്ങൾ. താമരയും ആമ്പലും കുളവാഴയും എണ്ണപ്പായലുമെല്ലാമുണ്ട്. വെള്ളത്തിനടിയിൽനിന്നും നീണ്ടുയർന്ന് നിൽക്കുന്ന ഉരുണ്ട തണ്ടുള്ള പുല്ലിനങ്ങളുണ്ട്.


നീന്തിത്തുടിക്കുന്ന വിവിധയിനം മത്സ്യങ്ങളുണ്ട്. വെള്ളത്തിൽ പുളയുന്ന പരൽമീനുകളും ബ്രാലും ചെറുമീനുകളും. കുണുങ്ങിക്കുണുങ്ങി മെല്ലെമെല്ലെ തുഴഞ്ഞുപോകുന്ന നീർപക്ഷികൾ. മിന്നിപ്പറന്നും ചിറകടിച്ചും ഉല്ലസിക്കുന്ന വർണ്ണപ്പക്ഷികൾ. പൊന്മാനുകൾ, നീർക്കോഴികൾ, വെള്ളകൊക്കുകൾ, ചാരകൊക്കുകൾ തുടങ്ങിയ വിവിധയിനം കൊക്കുകൾ, നീർകാക്കകൾ, പരുന്ത്, കുരുവികൂട്ടങ്ങൾ, ഇങ്ങനെ എണ്ണമറ്റ പറവകളുടെ വിഹാരകേന്ദ്രവും ഒട്ടേറെ ദേശാടനക്കിളികളുടെ താവളവുമാണ് ലോക്താക് തടാകവും പരിസരങ്ങളും.

കിളിക്കൂട്ടങ്ങളുടെയും വിവിധ മത്സ്യവർഗങ്ങളുടെയും പ്രജനനസങ്കേതം കൂടിയാണിവിടം. ഇടക്ക് നീന്തിത്തുടിക്കുന്ന താറാവിൻ കൂട്ടങ്ങളെയും കാണാം. ജലപ്പരപ്പിനു ജീവനും താളവുമായി നിൽക്കുന്നു ഈ ജീവിവർഗങ്ങളും സസ്യലതാതികളും. അമ്പരപ്പിക്കുന്ന, അതിൽപ്പരം രസിപ്പിക്കുന്ന കാഴ്ചകളും കൗതുകങ്ങളുമാണിവിടെ.


ലോക്താക്കിന്‍റെ തീരത്തെത്തുമ്പോൾ സമയം ഉച്ചതിരിഞ്ഞു. ടിക്കറ്റ് എടുത്ത് വണ്ടി പാർക്ക്‌ ചെയ്ത് എല്ലാവരും ഇറങ്ങി പരിസരമാകെ വീക്ഷിച്ചു. കായൽത്തീരത്തെ ഒരുയർന്ന പ്രദേശമാണിത്. ടൂറിസം വകുപ്പിന്‍റെ ഓഫിസും അനുബന്ധ നിർമിതികളുമൊക്കെയുണ്ട്. സമീപത്തുതന്നെ ഹോട്ടലുകളും കാണാം. നല്ല തിരക്കുണ്ട്​. കായൽക്കാഴ്ചകൾ കണ്ടിരിക്കാൻ പറ്റിയ വിശ്രമ സ്ഥലങ്ങളും വൃത്തിയുള്ള നടപ്പാതകളും. വഴിയിലൂടനീളം വെട്ടിമനോഹരമാക്കി നിർത്തിയ ചെടികൾ. അതിന്‍റെ വശങ്ങളിലായിട്ടാണ് ഇരിപ്പിടങ്ങൾ. അവിടെയിരുന്ന് ചുറ്റും കണ്ണോടിച്ചാൽ തടാകത്തിന്‍റെ ഭംഗിയും ചലനഗതികളും ആസ്വദിക്കാം.

ദൂരെ ദൂരെ പരന്നുകിടക്കുന്ന കായലിന്‍റെ വിശാലതയിൽ അതിശയം തോന്നി. അകലെ ആകാശവും ഭൂമിയും ഒരേനിറത്തിൽ ലയിച്ചുകിടക്കുന്നു. വെണ്മയുടെയും നീലിമയുടെയും ചേലപുതഞ്ഞ് സൗമ്യഭാവങ്ങൾ പൂണ്ട് സുന്ദരിയായ കായൽ. അതിനെ വലയം ചെയ്യുന്ന പച്ചപ്പിന്‍റെ ഞൊറിവുകൾ. തീരത്തെ ചതുപ്പുകൾ. അതിനിടയിൽ ഇലകൊഴിഞ്ഞ മരങ്ങൾ. അവ കായലിലേക്ക് ചില്ലകൾ വിരിച്ചുനിൽപ്പുണ്ട്. മരച്ചില്ലകൾക്കിടയിലൂടെ കായൽ കാഴ്ചകൾ കൂടുതൽ ഗംഭീരമായി തോന്നി.


സായാഹ്നസൂര്യന്‍റെ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന കായലും പരിസരങ്ങളും കണ്ടപ്പോൾ മനസ്സ് കുളിർത്തു. കായൽക്കാറ്റേറ്റു വിശ്രമിക്കുന്ന, തോണിയേറി പോകുന്ന പലയിടങ്ങളിൽനിന്നുമുള്ള സഞ്ചാരികളെയും കാണാം. തോണികളുടെ വലുപ്പചെറുപ്പങ്ങളും ആകൃതിയും രസമുണ്ട്. മയിലിന്‍റെ മുഖമുള്ള തോരണങ്ങൾ തൂക്കിയ ആർഭാടനൗക മുതൽ നാടൻ വള്ളങ്ങളും ശിക്കാരി ബോട്ടുകളും കായലിൽ അങ്ങിങ്ങ് ഒഴുകിനടക്കുന്നു.

കൂടാതെ പൊട്ടുപൊട്ടുപോലെ, പല രൂപങ്ങളുള്ള ചിത്രങ്ങൾ പോലെ കായലിൽ ദൃശ്യമാകുന്ന പായൽപൊന്തകൾ. പച്ച, മഞ്ഞ, തവിട്ട് തുടങ്ങിയ നിറവൈവിധ്യങ്ങൾ ഒഴുകിപ്പരക്കുകയാണ് ജലോപരിതലത്തിൽ. കാൻവാസിൽ കോരിയൊഴിച്ച ചായക്കൂട്ടുപോലെ, തടാകവും ചുറ്റുവട്ടങ്ങളും കണ്ണിനുമുന്നിൽ നിറഞ്ഞുനിന്നു. വെള്ളത്തിൽനിന്ന് ചിറകടിച്ചുയരുന്ന മീൻകൊത്തികൾ അവയേക്കാൾ വലുപ്പമുള്ള മത്സ്യത്തെ കൊക്കിലാക്കി പറന്നുയരുന്ന കാഴ്ച മറ്റൊരു കൗതുകമായി.


കാഴ്ചകൾ കണ്ട് കണ്ട് ഭക്ഷണം കഴിക്കാനായി ഞങ്ങൾ റെസ്റ്ററന്‍റ്​ ലക്ഷ്യമാക്കി നടന്നു. തടാകത്തിലേക്ക്​ തള്ളിനിൽക്കുന്ന ഒരു മുനമ്പിലാണ് ഈ ഹോട്ടൽ. വൃത്താകൃതിയിലുള്ള അതിന്‍റെ നിർമിതിയും സുന്ദരമാണ്. മുറ്റവും പരിസരവുമെല്ലാം കെട്ടി മനോഹരമാക്കിയിട്ടുണ്ട്. കായൽ കാഴ്ചകൾ കാണാനുള്ള വ്യൂ പോയിന്‍റുകളുമുണ്ട്. അവിടേക്ക് നടന്നു. തടാകത്തിലേക്കു അഭിമുഖമായി സജ്ജമാക്കിയ റെസ്റ്ററന്‍റിന്‍റെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. ഭക്ഷണം ഓർഡർ ചെയ്തു. ഫ്രൈഡ് റൈസും ചിക്കനും പിസ്തയും പാസ്ത്തയുമൊക്കെയടങ്ങിയ മറുനാടൻ വിഭവങ്ങളാണ് മെനുവിൽ കൂടുതലുമുള്ളത്.

ഓരോരുത്തരും ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്തു. കായൽക്കാഴ്ചകൾ കണ്ട് ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചിറങ്ങി. വീണ്ടും പുറംകാഴ്ചകളിലേക്കായി ശ്രദ്ധ. ഒരിക്കലും മടുക്കാത്ത ജലവിസ്മയങ്ങൾ. നിന്നും നടന്നും അത് കുറേനേരം കൂടി ആസ്വദിച്ചു. പിന്നെ തിരികെ വന്ന് വണ്ടിയിൽ കയറി. കായലിന്‍റെ മറ്റൊരു ദിക്കിലുള്ള ഞങ്ങളുടെ താമസസ്ഥലത്തേക്ക്, കായൽ മധ്യത്തിലെ ഹോംസ്റ്റേയിലേക്ക്.


ജലപ്പരപ്പിലെ സ്വർണക്കുടിലുകൾ

സമയം നാലരയായി. മീൻപാടങ്ങളും താമരപ്പാടങ്ങളും നിറഞ്ഞ വഴിയിലൂടെ അഞ്ചാറു കി.മീ യാത്ര ചെയ്ത് തടാകത്തിന്‍റെ മറ്റൊരു വശത്തെത്തി. മലഞ്ചെരിവിനോട് ചേർന്ന് വീടുകളും താഴെ കൃഷിപ്പാടങ്ങളും നിറഞ്ഞ കായൽത്തീരമാണിത്. കോഴിഫാമും മത്സ്യകൃഷിയും ഇവിടെ കണ്ടു. ദൂരെ വീണ്ടും കായൽക്കാഴ്ചകൾ. ചതുപ്പിൽ പുല്ല് തിങ്ങിവളർന്ന പ്രദേശം. അതിനിടയിലൂടെ വെള്ളച്ചാലുകൾ. തോണി സഞ്ചാരങ്ങൾ.

അകലെ കായലിന് നടുവിൽ തോണികളിൽ മീൻപിടിക്കുന്ന ഗ്രാമീണർ. നാലഞ്ച് കി.മീ അപ്പുറത്തായി കമഴ്ത്തിവെച്ച കൊച്ചുതൊപ്പികൾ പോലെ പുല്ലുമേഞ്ഞ വസതികൾ. അവിടേക്കാണ് പോകേണ്ടത്. ഞങ്ങൾക്ക് ഉത്സാഹമായി. പക്ഷേ, തോണി അവിടെ നിന്നുമെത്തണം. കാഴ്ചകളെല്ലാം കണ്ട് ക്ഷമയോടെ കാത്തുനിന്നു, തോണി വരുന്നതും നോക്കി.


താമസിയാതെ കൂട്ടിക്കെട്ടിയ വള്ളമെത്തി. ഞങ്ങൾ ഏട്ടുപത്തുപേർ വീതം അതിൽ കയറി. വള്ളപ്പടിയും ജലനിരപ്പും ഒരേ ലെവൽ ആകുന്നതുവരെ ആളുകളെ കയറ്റി. ചിലർ പേടിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തോണിക്കാർ ധൈര്യം തന്നു. പിന്നെ നീണ്ട മുളങ്കമ്പെടുത്ത് ചതുപ്പിലേക്ക് ആഞ്ഞുറപ്പിച്ച് തോണി കരയിൽനിന്നും നീക്കി. മുള്ളൻ പുല്ലുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ വെള്ളച്ചാലിലൂടെ തോണി മുന്നോട്ടുപോയി. നല്ല തെളിമയുള്ള ജലം. അതിന് താഴെ മുറ്റിവളർന്ന പായലുകളും ജലസസ്യങ്ങളും. പൂവിട്ടും വേരുകൾ പടർത്തിയും ആഴങ്ങളിൽ അവ ചിത്രം വരയ്ക്കുന്ന കാഴ്ച, അതിമനോഹരം. അതിനിടയിലൂടെ മീനുകളുടെ കൂട്ട സഞ്ചാരങ്ങൾ. തലങ്ങും വിലങ്ങും ചലിക്കുന്ന താറാവുകൾ. തവളകൾ.

മത്സ്യബന്ധനക്കാഴ്ചകൾ

കായൽ വെള്ളത്തിൽ നാട്ടിയ ധാരാളം മുളങ്കമ്പുകളും ചൂണ്ടകളും കാണാം. മണിപ്പൂരിന്‍റെ പാരമ്പരാഗത മത്സ്യബന്ധന ഉപാധികളിലൊന്നാണിത്. നീണ്ട രണ്ട് മുളങ്കമ്പുകൾ ചേർത്തുകെട്ടി അത് ആഴത്തിൽ ഉറപ്പിച്ചുനിർത്തുന്നു. ഒരു കമ്പ് വെള്ളത്തിൽ കുത്തിനിർത്തി, മറ്റൊന്ന് ചെരിച്ചുലംബമായി അതിനോട് ചേർത്തുകെട്ടിയിരിക്കുന്നു. അതിൽ കയറി നിന്ന് അനായാസം ചൂണ്ടയിട്ടു മീൻപിടിക്കുന്നവരാണ് ഇവിടുത്തെ സ്ത്രീകളും പുരുഷന്മാരും. മണിപ്പൂരിന്‍റെ പതിവ് കാഴ്ചകളിലൊന്ന്.


വലകൾ കൊണ്ട്‌ അതിർ കെട്ടിത്തിരിച്ച് അതിനുള്ളിൽ മീൻ വളർത്തുന്ന സംവിധാനവും ഇവിടെ കാണാം. തലയിൽ മുളന്തൊപ്പിയും വെച്ച് ചൂണ്ടയും വലയുമായി തോണിയിലിരുന്ന് ശാന്തരായി മീൻപിടിക്കുന്നവരെയും കണ്ടു. ഒറ്റക്കും കൂട്ടായും തോണി തുഴഞ്ഞുപോകുന്നവർ. നിശ്ചലഛായാചിത്രം പോലെ മനോഹരമായ കാഴ്ച്ച. വടക്കുകിഴക്കിന്‍റെ സംസ്കാരവും ജീവിതവും അടയാളപ്പെടുത്തുന്ന നേർക്കാഴ്ചകളും അനുഭവങ്ങളുമാണിതെല്ലാം.

മുള കൊണ്ടുള്ള പലതരം കൂടുകൾ, വീശുവലകൾ, ഒറ്റാൽ തുടങ്ങിയ പല ഉപകരണങ്ങളുമായുള്ള മീൻപിടുത്തവും ഇവിടെ സുലഭമാണ്. വെറും കൈയ്യാൽ മീനുകളെ പിടിക്കുന്ന വിരുതുള്ള നാട്ടുകാരാണിവർ. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കായൽ വിസ്മയങ്ങൾ, ജീവതാളങ്ങൾ, ജീവിതത്തുടിപ്പുകൾ. അസ്തമയത്തിനു ശേഷമുള്ള അന്തിച്ചുവപ്പിന്‍റെ രാശിയിൽ മുങ്ങിക്കുളിച്ച ലോക്താക്കിന്‍റെ കാൽപനിക സൗന്ദര്യം മനസ്സിൽ സന്തോഷത്തിന്‍റെ ആയിരമായിരം പൂത്തിരികൾ നിറച്ചു.


ചാലുകൾ കടന്ന് കായലിന് നടുവിലുള്ള ചെറിയ തുരുത്തുകൾ കണ്ടുതുടങ്ങി. അവിടേക്ക് വള്ളം നീങ്ങി. പുല്ലുമേഞ്ഞ അഞ്ചാറു വീടുകളും ഒരു കുഞ്ഞ് ദ്വീപും വഴിത്താരകളും നിറഞ്ഞയിടം. ഏറെ മനോഹരം. ഇതുവരെ കാണാത്ത ചന്തവും ചേലുമുള്ളൊരു പ്രകൃതി. വള്ളം തുരുത്തിനോട് ചേർത്തുനിർത്തി ഓരോരുത്തരായി പുറത്തിറങ്ങി. സൂക്ഷിച്ചിറങ്ങണം എന്ന മുന്നറിയിപ്പ്. പുല്ലിലേക്ക് കാലെടുത്തുവക്കുമ്പോൾ, താഴ്ന്നുപോകുന്നു, അരയടിയോളം. അല്പം പേടി തോന്നി. പിന്നെ അടുത്തയാളുടെ കൈ പിടിച്ച് വഴിയിൽ പാകിയ ഇരുമ്പ് പൈപ്പിന്‍റെ മുകളിലൂടെ നടന്നു. അപ്പോഴും നടപ്പിന് ഒരു ഊഞ്ഞാലാട്ടം. വളരെ ശ്രദ്ധിച്ചു തന്നെ നടന്നു. ഞങ്ങളുടെ ഹോം സ്റ്റേയുടെ മുന്നിലേക്ക്‌.

സ്വർണവർണം പൂകിയ മനോഹരമായ മുളയുടെ കൊച്ചുകൂടാരങ്ങൾ. അതിലൊന്നിൽ കയറി നിരീക്ഷണം നടത്തി. ഒരുപാടിഷ്ടം തോന്നി ഈ കൊച്ചുകൂടാരത്തോട്. അകവും പുറവുമെല്ലാം മുളന്തണ്ടുകൾ കൊണ്ട് തീർത്ത പ്രകൃതി ഭവനം. മുളങ്കഴകൾ പാകിയ മുറ്റം. മുളന്തണ്ടുകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ടീപോയും.

മുളകൊണ്ടുള്ള വാതിലുകൾ, വാതിൽപ്പടികൾ. തറയും അകത്തളങ്ങളും മുറികളുടെ മറയുമെല്ലാം മുളനിർമ്മിതം. രണ്ട് തട്ടുകളിലായി മുറികളൊരുക്കിയ വീടാണിത്. ഞങ്ങൾ ആറു പെണ്ണുങ്ങൾ ഇവിടെ കൂടാമെന്നായി. താഴെ ഭംഗിയുള്ള നെറ്റ്‌ കൊണ്ടലങ്കരിച്ച രണ്ട് പേർക്ക് വീതമുള്ള ശയനമുറികൾ. മുകൾത്തട്ടിലും കിടപ്പുമുറികളുണ്ട്. മുളയുടെ തട്ടുകളാണത്.


അവിടേക്ക് കയറാൻ മുളണ്ടന്തണ്ടുകൊണ്ടുള്ള കോണിയും. മുകളിലെ ഉറക്കറയുടെ വശങ്ങളിൽ വീതിയുള്ള ചില്ലുജാലകങ്ങൾ. കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കാം. ഞാനും ജൂലിയും അവിടം സ്വന്തമാക്കി. ബാഗും സാധനങ്ങളും മുകളിൽതന്നെ വച്ചു. താഴെക്കിറങ്ങി. കോണിയും അകത്തളവുമെല്ലാം നടക്കുമ്പോൾ കുലുങ്ങുന്നു. ചെരുപ്പോ ഷൂസോ അകത്തിടാനാവില്ല. നല്ല തണുപ്പുണ്ട്. അതിനാൽ സോക്സിട്ടു നടന്നു. വീടുകൾ മൊത്തം ചതുപ്പുനിറഞ്ഞയിടത്താണ്. കായലിന് നടുവിൽ വെള്ളത്തിനു മുകളിലാണ് അവ കെട്ടിപ്പൊക്കിയിട്ടുള്ളത്.

ഞങ്ങളുടെ കുടിലിനഭിമുഖമായി ഒരു കൊച്ചു തുരുത്തുണ്ട്. ഏതാണ്ട് 50 മീറ്റർ ചുറ്റളവുമാത്രം വരുന്ന ചെറുദ്വീപ്. പുല്ലുകൾ നിറഞ്ഞ് പരന്നുകിടക്കുന്ന ചതുപ്പ്. അതിൽ ടെന്‍റുകെട്ടിയാണ് പുരുഷസംഘങ്ങളിൽ ചിലരുടെ താമസം. സാദിക്കലിയും ഹാറൂണും അജിത്തുമൊക്കെ അവിടെയാണ്. പലവർണമുള്ള തോരണങ്ങളും ടെൻഡും. അവരുടെ വർത്തമാനവും നടപ്പുമൊക്കെ ഇപ്പുറവും കാണാം. അത്രക്ക് അടുത്താണ്.


കൂടിവന്നാൽ നാൽപത് മീറ്റർ. ദ്വീപിനും കുടിലുകൾക്കുമിടയിലുള്ള വെള്ളത്തിൽ ആമ്പലുകൾ വിരിഞ്ഞുനിൽപ്പുണ്ട്. നല്ല ഭംഗിയുള്ള നീലാമ്പലുകൾ. ഇരുട്ടാകുമ്പോൾ വിടരുന്ന നീലാമ്പലുകളും ദ്വീപുമെല്ലാം അന്തിയിലെ രസക്കാഴ്ചകളിൽ നിറഞ്ഞുനിന്നു. ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ. ഇളനിലാവ്. പ്രകൃതിയുടെ റൊമാന്‍റിക് ഭാവങ്ങൾ. ഇവയെല്ലാം ലോക്താക്കിനെ വശ്യമനോഹരമാക്കി.

ഞങ്ങളുടെ കുടിലിന് സമീപത്തായി നാലഞ്ച് വീടുകളുണ്ട്. അതിന് മുന്നിൽ മുളങ്കമ്പും ഇരുമ്പ് പൈപ്പും നിരത്തിയ പാത. അതിലൂടെ നടന്ന് വേണം വീടുകൾക്കുള്ളിൽ പ്രവേശിക്കാൻ. പുറകിലായി ഒന്നുരണ്ട് ബാത്റൂമും കാണാം. പുല്ലുകൾക്കിടയിലൂടെ പൈപ്പുകളിലൂടെ നടന്ന് വേണം അവിടെയുമെത്താൻ. വീടിന്‍റെ മുറ്റത്തും ഇറവാലിലും പൂച്ചെടികൾ. കായലിലേക്ക് നോക്കിയിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ മുറ്റത്ത് തന്നെ കസേരകളും തീന്മേശയും നിരത്തിയിട്ടുണ്ട്. നേരിയ മുളഞ്ചീളുകൾ കൊണ്ട് നെയ്തെടുത്ത ഒരു വലിയ വട്ടപാത്രത്തിൽ ചില്ലുഗ്ലാസുകളും കപ്പുകളും നിറച്ച് അതിനോട് ചേർന്ന് ഫ്ലാസ്കിൽ ചായ നിറച്ചുവെച്ചിട്ടുണ്ട്.


ഞങ്ങൾ ചായ പകർന്ന് ആസ്വദിച്ചു. ചായക്കും സ്വർണനിറം. പാകത്തിന് മാത്രം മധുരം ചേർത്ത, ഇഞ്ചിപ്പുല്ലിന്‍റെയും ഏലക്കായുടെയും സ്വാദുള്ള കട്ടൻചായ. കിടുകിടുപ്പൻ തന്നെ. ചായക്കപ്പുകളുമായി ഓരോരുത്തരും പ്രകൃതി ഭംഗിയിലേക്കിറങ്ങി. കൊടും തണുപ്പും നേരിയ കോടയും കാറ്റും നിറഞ്ഞ അന്തരീക്ഷം. ഇരുണ്ട കായലും ചുറ്റുവട്ടങ്ങളും. ഇടക്കിടെ വെള്ളരാശി പൂണ്ട കായൽ തികച്ചും ശാന്തമായിരുന്നു.

കായലിന് മുകളിൽ ഇരുട്ട് പരന്നു. അങ്ങിങ്ങായി വെളിച്ചത്തിന്‍റെ മിഴിപ്പൂവുകൾ ചിമ്മിത്തുടങ്ങി. തണുപ്പും കൂടിക്കൂടി വരുന്നു. വിശപ്പുമുണ്ട്. ഞങ്ങൾക്കുള്ള ഭക്ഷണം ഹോംസ്റ്റേ ഉടമകൾ തയാറാക്കുന്നുണ്ട്. വലതുവശത്തായി കാണുന്ന കുടിലുകളിലൊന്നാണ് അടുക്കള. അതിന്‍റെ മുറ്റത്ത് ഒരു വയോധിക പാത്രങ്ങൾ തേച്ചുകഴുകിയെടുക്കുന്നു. കുടിലിന് മുകളിൽ പുക ഉയരുന്നുണ്ട്. വിറകടുപ്പിൽ നിന്നുയരുന്ന പുകയാണത്.


ഞങ്ങളുടെ പ്രതീക്ഷപ്പുക. അതിനിടയിൽ ഒരു നെരിപ്പോടെത്തി. ഹോംസ്റ്റേ അധികൃതരുടെ കരുതൽ. പാട്ടകൊണ്ടുള്ള ഒരു കൊച്ചുനെരിപ്പോട്. കൽക്കരിയും വിറക് കഷണങ്ങളും നിറച്ച അതിൽ നിന്നുമുയരുന്ന ചുവപ്പുജ്വാലകൾ. എരിയുന്ന കനലുകൾ. അവയുടെ മനം മയക്കുന്ന ഭംഗി. ഒപ്പം പകരുന്ന ചൂടും. അതിന് ചുറ്റും ഞങ്ങൾ വട്ടംകൂടി. പാട്ടും അന്താക്ഷരിയും കടങ്കഥയും പറഞ്ഞ് മത്സരിച്ചു.

സത്രനും അലിയും ലാരിയും കാഞ്ചനയും സൈനോയും സേബയും ജഗ്ഗുവും സായിയും റോമിയും പിന്നെ ഞാനും. ബാക്കിയുള്ളവർ തൊട്ടപ്പുറത്തെ ദ്വീപിലാണ്. അവരും ഞങ്ങളെ സപ്പോർട്ട് ചെയ്തും എതിർത്തുമൊക്കെ പാടുന്നുണ്ട്. മിക്സ്ചർ, കടല, ബിസ്ക്കറ്റ് തുടങ്ങിയ വറപൊരി സാധനങ്ങളും ഡ്രൈ ഫ്രൂട്ട്സും പാനീയങ്ങളുമൊക്കെ അകത്താക്കി ഇടവേള ഞങ്ങൾ ആഘോഷമാക്കി. ദ്വീപുനിവാസികൾക്ക് ഇങ്ങോട്ടെത്തണമെന്നുണ്ട്. പക്ഷേ പുറത്ത് വരാൻ തോണിയില്ല. കൂക്കിവിളിയും വായ്ത്താരികളുമായി അവരുടെ അലോസരം പ്രകടമാക്കുന്നുണ്ട്. പരസ്പരം കളിയാക്കിയും ആ സമയം ഞങ്ങൾ നന്നായി തന്നെ ആസ്വദിച്ചു.


ചോറും മീൻകറിയുമാണ് തയാറാക്കുന്നത് എന്ന അറിവുകിട്ടി. കായൽമൽസ്യം ചേർന്ന അത്താഴം. അതുതന്നെയാണിവിടുത്തെ വിശിഷ്ട വിഭവം. കൂടെ എന്തൊക്കെയാണാവോ. ഓരോ രുചികളെക്കുറിച്ചുമോർത്തു. ഭക്ഷണം എത്താൻ വൈകും. ഒന്ന് മയങ്ങിയാലോ എന്ന ആലോചനയെ ഭേദിച്ച് വയറിൽ നിന്നൊരു നൊമ്പരം. അത് കൂടിക്കൂടി വന്നു. രക്ഷയില്ല. ടോയ്‌ലെറ്റിലേക്കോടി. ഇരുൾപേടിയെയും ഇഴജന്തുക്കളെയും വകവെക്കാതെ. പുറകെ സൈനോയും സേബയും വെളിച്ചവുമായ് എത്തി. ഒഴിഞ്ഞ വയറുമായി തിരികെ നടക്കുമ്പോൾ ഒന്നിനും ഒരൂർജ്ജമില്ലെന്ന് തോന്നി.

തിരികെ വന്നിരുന്നു. പിന്നെയും പലവട്ടം ഇതാവർത്തിച്ചു. കടുത്ത ഛർദിയും. ക്ഷീണിച്ചവശയായി. ചിന്തകൾ മാറി. വിശപ്പോ ദാഹമോ ഇല്ലാതായി. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. സഹയാത്രികരുടെ രസം കളയേണ്ടെന്നുകരുതി കാര്യത്തിന്‍റെ ഗൗരവം ആരോടും പറഞ്ഞില്ല. ഇതിനിടെ ഭക്ഷണം വന്നു. ഒരു തരിപോലും കഴിച്ചില്ല. അല്പം ചൂടുവെള്ളം കുടിച്ച് ഒരുവട്ടം കൂടി ടോയ്‌ലെറ്റിൽ പോയി വന്ന് തട്ടിൻ പുറത്ത് കയറി പുതച്ചുകിടന്നു. കിടുകിടുപ്പൻ തണുപ്പിൽ വെളുക്കും വരെ വയറിനു പ്രശ്നമുണ്ടാകല്ലേ എന്ന പ്രാർത്ഥനയോടെ. പക്ഷേ വീണ്ടും ഛർദിച്ചു. ഉടുപ്പുകൾ വൃത്തികേടായി.


പാട്ടും കളിയുമൊക്കെ കഴിഞ്ഞ് മിക്കവരും ഉറക്കത്തിലായിട്ടുണ്ട്. അടുത്ത കുടിലിൽ ഡോക്ടർ ആര്യയും അഷിതയുമുണ്ട്. വിളിച്ചാലോ എന്ന് ശങ്കിച്ചു. വേണ്ട, പാതിരാത്രിയിൽ ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് ശബ്ദമുണ്ടാക്കാതെ തിരികെ വന്ന് വസ്ത്രം മാറിക്കിടന്നു. ഈ യാത്രയിലെ സങ്കടം നിറഞ്ഞ വേള. നിസ്സഹായതയുടെ നിമിഷങ്ങൾ. ആശങ്കയുടെ, അങ്കലാപ്പിന്‍റെ അതിരുകളിൽ അപ്പോൾ ഞാൻ എത്തിയിരുന്നു. എങ്കിലും ധൈര്യം വിടാതെ കിടന്നു. എപ്പോഴോ മയങ്ങിപ്പോയി.


ഒരുറക്കം കഴിഞ്ഞ് ഉണർന്നു കിടന്ന സമയം. പുറത്തുനിന്നൊരു കിരുകിരാ ശബ്ദം. താഴെ നിന്നും മുകളിലേക്ക് അത് ഇരച്ച് കയറുകയാണ്. ഒപ്പം ഉള്ളിൽ ഭയവും. എല്ലാവരും ഉറക്കത്തിലാണ്. പുതപ്പുമാറ്റി നോക്കാൻ പോലും പേടി. തൊട്ടടുത്തുകിടക്കുന്ന ജൂലിയെ തോണ്ടിവിളിച്ചു. അറിഞ്ഞമട്ടില്ല. നല്ല ഉറക്കമാണ്. ശബ്ദവും പേടിയും കൂടിവന്നു. എന്തോ മേൽക്കൂരയിലേക്ക് ഇരച്ചുകയറുകയാണ്. വലിയ വിഷപ്പാമ്പുകൾ ആകുമോ. ആണെങ്കിൽ ഒന്നും രണ്ടുമല്ല.

ഒരു കൂട്ടം കാണും. തുടരത്തുടരേ കേൾക്കുന്ന ശബ്ദമാണ്. എന്ത് ചെയ്യും. വെള്ളത്തിൽ, ചതുപ്പിൽ ഇഴജന്തുക്കൾ ധാരാളമുണ്ടെന്നു കേട്ടിട്ടുണ്ട്. അത് തന്നെയാവണം. ഹൃദയമിടിപ്പും കൂടുന്നു. പേടി കൂടിയപ്പോൾ ശബ്ദം കേൾക്കാതിരിക്കാൻ ഇയർഫോൺ ചെവിയിൽ തിരുകി. ബ്ലാങ്കറ്റ് വീണ്ടും പുതച്ചുകിടന്നു. ഒന്നുകൂടി മയങ്ങി. അപ്പോഴാണ് ജൂലി നേരം വെളുത്തു എല്ലാവരും എണീറ്റു എന്ന് പറഞ്ഞ് എന്നെ വിളിച്ചത്. ഉണർന്ന് താഴേക്ക്‌ പോകാൻ മടിയും ക്ഷീണവും.


ഞാൻ ജാലകക്കാഴ്ചയിൽ മുഴുകി. വെള്ളകീറിയ വാനവും അതിന് താഴെ കോട പുതഞ്ഞ കായലും. വെള്ളത്തിൽനിന്ന് ആവിയായുയരുന്ന ജലബാഷ്പങ്ങൾ. പ്രഭാതകിരണങ്ങൾ പതിഞ്ഞുതുടങ്ങിയ തടാകവും പരിസരങ്ങളും. കാഴ്ചകൾ കൂടുതൽ സുതാര്യമാവുന്നു. താഴെ നീലത്താമരപ്പൂവുകൾ കൂമ്പിയിട്ടുണ്ട്. അവയുടെ ചെമ്പുനിറമുള്ള ഇലകൾ വെള്ളത്തിൽ വട്ടം വരക്കുന്നു. കുഞ്ഞിത്താറാവുകൾ അതിനിടയിലൂടെ കൊത്തിയും വിഴുങ്ങിയും തുഴയുന്നു. കൊതിപ്പിക്കുന്ന കാഴ്ചകൾ.


എല്ലാവരും വെളിയിലിറങ്ങി ചുറ്റും ചിതറി. ചിലർ തോണിയേറി കാഴ്ചകാണാൻ പോയിട്ടുണ്ട്. മറ്റു ചിലർ കട്ടൻ ചായ കുടിച്ച് നിൽപ്പുണ്ട്. അപ്പുറത്തെ ദ്വീപ് നിവാസികൾ ടെന്‍റുകൾ അടുക്കിക്കെട്ടുന്നുണ്ട്. ഇപ്പുറത്തെത്താനുള്ള ആവേശമാണത്. രാവിലെ തന്നെ വലയും ചൂണ്ടയുമിട്ട് വള്ളത്തിലിരിക്കുന്ന മുക്കുവരെയും കാണാം. ഇതെല്ലാം ജാലകക്കാഴ്ചയിൽ നിറഞ്ഞുനിന്നു. അതിനിടെ വീണ്ടും കിരുകിരാ ശബ്ദം. മേൽക്കൂരയുടെ എതിർദിശയിൽ നിന്നാണ്.


അങ്ങോട്ട്‌ ചെന്ന് അവിടുത്തെ ചില്ലുജാലകത്തിലൂടെ നോക്കി. ഒരുപറ്റം കിളിക്കുഞ്ഞുങ്ങൾ നിരനിരയായി നടന്നുനീങ്ങുകയാണ്, വീടിന്‍റെ മേൽക്കൂരയിലൂടെ. ഒരു പത്തുപതിനഞ്ചെണ്ണമുണ്ട്. കാണാൻ നല്ല ചേലുള്ള കായൽക്കോഴികളുടെ കുഞ്ഞുങ്ങളാണ്. ഇവയെ ഭയന്ന കാര്യം ഓർത്തപ്പോൾ ജാള്യത തോന്നി. വീണ്ടും കിടക്കയിൽ വന്നിരുന്നു.


പുതപ്പും ബാഗും അടുക്കിവച്ചു. എന്നിട്ട് താഴോട്ടിറങ്ങി. പ്രഭാതക്യത്യങ്ങൾ കഴിച്ചു. എല്ലാവരും ചായ കുടിച്ചു. ഞാൻ അടുക്കളയിൽ ചെന്ന് ചൂടുവെള്ളം വാങ്ങി കുടിച്ചു. വീണ്ടും ഛർദിയും വയറിളക്കവും. ഇതിവിടെ നിൽക്കില്ല എന്ന് തോന്നി. ബ്രെഡും ചായയും ബിസ്‌ക്കറ്റും റെഡിയാണ്. പക്ഷേ ഒന്നും കഴിക്കാനും തോന്നുന്നില്ല. ഡോ അഷിതയെ കണ്ട് ഗുളിക വാങ്ങിക്കഴിച്ചു. അല്പം ആശ്വാസം തോന്നി. ചൂടുവെള്ളം ഇടയ്ക്കിടെ കഴിച്ച് സമയം നീക്കി. വീടിനു മുന്നിലെ ചാരു കസേരയിലിരുന്ന് കാഴ്ചകളിൽ മുഴുകി.


അകലെ തോണിയിൽ കാഴ്ചകാണാൻ പോയവർ തിരിച്ചുവരുന്നുണ്ട്. അവർക്കിടയിലൂടെ താറാക്കൂട്ടങ്ങളും വള്ളവുമായി പ്രദേശവാസികൾ. തൊഴിൽസഞ്ചാരങ്ങൾ. കോടപ്പുതപ്പുമാറ്റി പ്രകൃതി തെളിഞ്ഞുനിന്നു. തെളിവെള്ളവും ഇടകലർന്ന പച്ചപ്പും കണ്ടപ്പോൾ ഉത്സാഹം തോന്നി. ഏത് വിരസതയെയും അകറ്റാൻ പോന്ന മാസ്മരികത ഈ കാഴ്ചവട്ടങ്ങൾക്കുണ്ട്. പുൽകുടിലുകളുടെ നിഴൽ കായലിൽ വീണുകിടക്കുന്നു. കുഞ്ഞോളങ്ങളിൽ അവ വളഞ്ഞുപുളഞ്ഞ ജീവനുള്ള ചിത്രങ്ങളായി മാറുന്നു. ആസ്വാദകന്‍റെ മനസ്സും പ്രകൃതിയും ഇവിടെ ഒന്നാകുന്ന അനുഭവം. ശുഭ്രസുന്ദരമാണീപ്രഭാതം. അതിനോട് വിട പറയാൻ സമയമായി.


തീരത്തടുത്ത വള്ളത്തിൽ നിന്നും ആളുകളിറങ്ങി. അടുത്ത യാത്രക്കുള്ള പുറപ്പാടായി. ഒരുക്കിവച്ച ബാഗും സാധനങ്ങളുമെടുത്ത് ഓരോ ബാച്ചുകളായി വള്ളത്തിൽ കയറി. രണ്ടാം ബാച്ചിലായിരുന്നു എന്‍റെ ഊഴം. കാത്തിരുന്നു. പോയ തോണി തിരികെയെത്തുവോളം. ആ സമയം വീടുകൾക്ക് ചുറ്റും ഒന്നുകൂടി നടന്നു. വീട്ടുടമകളോട് കുശലം പറഞ്ഞു. ഒരു കൂട്ടുകുടുംബത്തിന്‍റെ സംരംഭമാണ് ഈ ഹോംസ്റ്റേ. സർക്കാർ ലൈസെൻസുള്ള പദ്ധതി. ഇതുപോലെ മണിപ്പൂരിലെ ഒരുപാടാളുകൾ ടൂറിസവും തൊഴിലും പ്രധാന വരുമാനവുമാക്കി ജീവിക്കുന്നവരാണെന്നറിഞ്ഞു. പ്രകൃതിയോട് ചേർന്ന് പാരമ്പരാഗത ജീവിതം നയിക്കുന്നവർ.


അരമുക്കാൽ മണിക്കൂർ കഴിഞ്ഞ് തോണി തിരിച്ചെത്തി. ഞങ്ങൾ തോണിയിൽ കയറി. രണ്ട് തുഴച്ചിൽക്കാരുണ്ട്. മധ്യവയസ്കരായ ദമ്പതികൾ. നീർച്ചാൽ കടന്ന് തോണി നീങ്ങുമ്പോൾ ആ അമ്മ നാടൻപാട്ട് മൂളുന്നു. ഞങ്ങൾ ഉറക്കെപ്പാടാൻ പറഞ്ഞു. നല്ലൊന്നാന്തരം പാട്ട്. പാടിക്കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് പലരും കൈമണി കൊടുത്തു. അപ്പോൾ പാട്ട് വേറെയും വന്നു. പിന്നെ ഭർത്താവും ചേർന്ന് സംഘഗാനമായി.


ഞങ്ങളും ഏറ്റുപാടി. ആ ഉത്സാഹത്തിൽ തീരമെത്തിയതറിഞ്ഞില്ല. സന്തോഷസമ്മാനങ്ങൾ ഇരുവർക്കും കൊടുത്ത് ഞങ്ങൾ വള്ളത്തിൽ നിന്നിറങ്ങി. അൽപനേരം കൂടി തിരിഞ്ഞുനിന്ന് കായലിനെ ഉറ്റുനോക്കി. അകന്നുപോകുന്ന തോണിയും മൂളിപ്പാട്ടും. ഭാഷയറിയില്ലെങ്കിലും അതിന്‍റെ താളവും ഈണവും ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരുന്നു.

( തുടരും )

ഭാഗം എട്ട്​ - ലോക്​താക്കിലെ കാട്ടുവഴികളിലൂടെ

Tags:    
News Summary - Beautiful night in loktak lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT