അഴീക്കോട് മുനക്കൽ ബീച്ച്
കൊടുങ്ങല്ലൂർ: ഈ വർഷത്തെ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റ് ശനിയാഴ്ച മുതൽ ഡിസംബർ 31 വരെ 12 ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2004ൽ തുടങ്ങിയ ബീച്ച് ഫെസ്റ്റ് 21 വർഷത്തിനിടയിൽ കേരളത്തിലെ ഏറ്റവും കൂടുതൽ ജനപങ്കാളിത്തത്തോട് കൂടി നടക്കുന്ന ഫെസ്റ്റിവലായി മാറിയിട്ടുണ്ട്. 20ന് രാവിലെ സംഘാടകസമിതി ചെയർമാൻ ഇ.ടി. ടൈസൺ എം.എൽ.എ പതാക ഉയർത്തുന്നതോടെ തീരോത്സവത്തിന് ആരംഭം കുറിക്കും.
വൈകീട്ട് നാലിന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന വർണശബളമായ ഘോഷയാത്ര സീതി സാഹിബ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ചു മുനക്കൽ ബീച്ചിൽ സമാപിക്കുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വേദിയിൽ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും. ചാനൽ ഫെയിം യുവ ഗായകൻ അമൻ സഖയും കുടുംബവും നയിക്കുന്ന ഗാനമേള നടക്കും. തുടർന്നുവരുന്ന 11 ദിവസവും രണ്ടു വേദികളിലായി പരിപാടികൾ ഉണ്ടാകും.
ഇത്തവണ രണ്ടാമത്തെ സ്റ്റേജിൽ കൊടുങ്ങല്ലൂരിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മുച്‌രിയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടക്കുന്നത് . രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയുള്ള പരിപാടികൾ രണ്ടാമത്തെ സ്റ്റേജിലും 6.30 മുതലുള്ള സാംസ്കാരിക സമ്മേളനവും തുടർന്നുള്ള കലാപരിപാടികളും പ്രധാന സ്റ്റേജിലും എല്ലാ ദിവസവും നടക്കും മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ എന്നിവരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പി. ബെന്നി ബഹനാൻ, എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഓരോ ദിവസവും സാംസ്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
മുതിർന്ന മത്സ്യത്തൊഴിലാളികൾക്ക് ആദരവും കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റും ഭിന്നശേഷിക്കാരായ കിടപ്പുരോഗികൾക്ക് ഡയപ്പറും വിതരണം ചെയ്യും. കൊടുങ്ങല്ലൂരിന്റെ കഥാകാരൻ മൊയ്തു പടിയത്തിനെയും ഗാനരചയിതാവും കവിയുമായ പി. ഭാസ്കരനെയും പ്രിയ നടൻ ബഹദൂറിനെയും അനുസ്മരിച്ചു സിനിമ സംവിധായകൻ കമൽ 24ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
‘മക്കത്തെ മംഗല്യരാവ്’ വൈറലായ പാട്ടിന്റെ രചയിതാവ് എറിയാട് സ്വദേശി പ്രതീഷ് ഗോപാലിനെ വേദിയിൽ ആദരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ ജാസി ഗിഫ്റ്റും ആര്യദയാലും യുവതാരങ്ങളായ നസിലിനും ഹണി റോസും ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികളാണ്. മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ, മിമിക്രി കലയിലെ പ്രസിദ്ധനായ മഹേഷ് കുഞ്ഞുമോനും പങ്കെടുക്കും.
കൈകൊട്ടിക്കളി, മെഗാഷോ, ഡി.ജെ, ചെമ്മീൻ മ്യൂസിക് ബാൻഡ്, ഗസൽ, നാടൻ കലകളും നാടൻപാട്ടും സിനിമ മാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികളും ഓരോ ദിവസവും സംഘടിപ്പിച്ചിട്ടുണ്ട്. ‘മാടൻ മോക്ഷം’ നാടകവും ഈ വർഷത്തെ ബീച്ച് ഫെസ്റ്റിന്റെ ആകർഷണീയമായ കലാപരിപാടിയാണ്. കണ്ണിമംഗലം കോവിലകം എന്ന സിനിമയുടെ അണിയറ പ്രവർത്തകരും നടീ നടന്മാരും ഡിസംബർ 25ന് ഫെസ്റ്റിന് എത്തിച്ചേരും.
ഡിസംബർ 31ന് പുതുവർഷത്തെ വരവേൽക്കുന്ന വർണമഴ രാത്രി 12 മണിക്ക് ആകാശ വിസ്മയം തീർക്കും. അഴിക്കോട് മുനക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കാർണിവൽ വിപുലമായി സംഘടിപ്പിച്ചിട്ടുണ്ട്. മത്സ്യകന്യക, മറൈൻ അക്വാഷോ തുടങ്ങിയവ ഈ വർഷത്തെ സവിശേഷതകളാണ്.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ.ടി. ടൈസൺ എം.എൽ.എ, ജനറൽ കൺവീനർ കെ.പി. രാജൻ, എറിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെറീന അലി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എ. നസീർ, അഷറഫ് പുവ്വത്തിങ്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.