കത്തുന്ന വെയില്‍ പതിയെ ചാഞ്ഞുതുടങ്ങിയിരുന്നു. പൊടി പടര്‍ത്തിക്കൊണ്ട് ഉഷ്ണക്കാറ്റ് അടിച്ചുവീശിക്കൊണ്ടിരുന്നു. നരച്ച ആകാശത്തിനുതാഴെ ചുട്ടു പഴുത്ത് കിടക്കുന്ന മരുഭൂമിയിലൂടെ ഞങ്ങളുടെ കാര്‍ നിരങ്ങിനീങ്ങി. പെട്ടിക്കൂടുപോലുള്ള വീടുകള്‍ക്കിടയിലൂടെയുള്ള ചരല്‍നിറഞ്ഞ വഴിയില്‍ അല്‍പം മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ക്ക് പിന്നിലായി കുതിച്ചത്തെിയ കാറില്‍നിന്ന് ഒരാള്‍ രൂക്ഷമായിനോക്കി. തങ്ങളുടെ ഇത്തിരിവട്ടത്തില്‍ പരിചിതമല്ലാത്ത വിദേശിമുഖങ്ങള്‍ കണ്ടതുകൊണ്ടാവണം അയാളുടെ നോട്ടം പരുക്കനായത്. പരിസരത്ത് ബഖാല (പലചരക്കുകട) നടത്തുന്ന മലയാളി സുഹൃത്തിനെ അന്വേഷിക്കുകയാണെന്ന് പറഞ്ഞതോടെ അയാള്‍ വഴി പറഞ്ഞുതന്നു. അല്‍പംകൂടി മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ തേടിയ സ്ഥലമത്തെി. പ്ളാസ്റ്റിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരക്കടിയില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടുമറച്ച കൂടാരത്തിന് പുറത്തുനിന്ന മനുഷ്യന്‍ അകത്തേക്ക് ക്ഷണിച്ചു. അരണ്ട വെളിച്ചമുള്ള കടയിലേക്ക് കയറി. സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. ‘‘ഞാന്‍ യൂനുസ് കുഞ്ഞ്. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് കുറ്റി അയ്യത്ത് വീട്ടില്‍ യൂനുസ് കുഞ്ഞ്’’. അയാള്‍ പരിചയപ്പെടുത്തി. സാധനങ്ങള്‍ എടുത്ത് മേശപ്പുറത്ത് വെക്കുന്നതിനിടയില്‍ അയാള്‍ സംസാരിച്ചുതുടങ്ങി.
17 വര്‍ഷമായി യൂനുസ് കുഞ്ഞിന്‍െറ ലോകം ഈ ചെറിയ കൂടാരമാണ്. തൊട്ടടുത്ത് ചാക്കുകൊണ്ടും പോളിത്തീന്‍ ഷീറ്റുകൊണ്ടും മറച്ച ഷെഡിലാണ് താമസം. തീനും ഉറക്കവുമൊക്കെ അവിടെ. തനിക്ക് ചുറ്റും താമസിക്കുന്ന അഭയാര്‍ഥി കുടുംബങ്ങളിലൊന്ന് ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു യൂനുസ്. പതിഞ്ഞ ശബ്ദത്തില്‍ യൂനുസ് അവിടത്തെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി.
ഹഫറുല്‍ ബാത്തിന്‍ നഗരത്തില്‍നിന്ന് അഞ്ചോ ആറോ കി.മീ. മാറി ഹൈവേക്ക് സമീപമുള്ള മരുഭൂമിയില്‍ പരന്നുകിടക്കുന്ന ചേരിപ്രദേശം കാണാം. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ ചരല്‍മൈതാനത്തേക്ക് ഇറങ്ങിയാല്‍ എത്തുന്നത് ‘ഇറാഖി’ലാണ്. അതായത് സൗദി അറേബ്യയിലുള്ള ഇറാഖ് അഭയാര്‍ഥി ക്യാമ്പില്‍. അവിടെ കഴിയുന്ന ഇറാഖികളുടെ കൂടെ അവരിലൊരാളായി യൂനുസ് കട നടത്തി ജീവിക്കുന്നു. യൂനുസുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് വഴി ഉറപ്പുവരുത്തിയതിനുശേഷമാണ് അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞത്.
കടക്ക് പുറത്തിറങ്ങി നോക്കിയാല്‍ ജിപ്സം ബോര്‍ഡിലും കാര്‍ഡ്ബോര്‍ഡിലും പണിത ചുവരുകളുള്ള അഭയാര്‍ഥി വീടുകള്‍ കാണാം. ഇറാഖി കുടുംബങ്ങള്‍ താമസിക്കുന്ന വീടാണതെന്ന് യൂനുസ് പറഞ്ഞപ്പോഴാണ് മനസ്സിലായത്. കഷ്ടിച്ച് ഏഴടി പൊക്കത്തിലുള്ള പെട്ടിക്കൂടുകള്‍. സെറ്റില്‍മെന്‍റ് ഏരിയ ആയതുകൊണ്ട് ഉയരം കൂടിയ കെട്ടിടങ്ങളോ, കോണ്‍ക്രീറ്റ് വീടുകളോ പണിയാന്‍ അനുവാദമില്ല. 30 വര്‍ഷത്തിലധികമായി ഈ കൂടാരങ്ങളില്‍ ഇറാഖികള്‍ താമസിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയും യുദ്ധവും ആഭ്യന്തര പ്രശ്നവുമൊക്കെ കാരണമായി ഇറാഖില്‍ ജീവിതം ദുസ്സഹമായതിനെതുടര്‍ന്ന് കൂടും കുടുംബവുംവിട്ട് അതിര്‍ത്തി കടന്നവരാണവര്‍. സൗദി ഭരണകൂടത്തിന്‍െറ കാരുണ്യത്തില്‍ കഴിയുന്നവര്‍. 600ഓളം കുടുംബങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 120 ആയി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്നവരില്‍ പലര്‍ക്കും സൗദി ഭരണകൂടം പൗരത്വം കൊടുത്തതിനെതുടര്‍ന്നാണ് കുടുംബങ്ങളുടെ എണ്ണംകുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.