ചെണ്ടു മല്ലി പൂക്കുന്ന ഗ്രാമങ്ങള്‍

മുത്തങ്ങവഴി കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കായ ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര സ്വര്‍ഗീയ അനുഭവമാണ്. പ്രത്യേകിച്ച് ജൂലൈ സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടക്ക്. പൂത്തുലഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവിലൂടെയാണ് 212 ദേശീയപാത കടന്നുപോകുന്നത്. വയനാട്, ബന്ദിപൂര്‍ വന്യജീവി കാടുകള്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പേട്ട താലൂക്കിലെ മദൂര്‍ ഗ്രാമമായി. വനമേഖല അവിടെ കഴിയുന്നു. ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടു നീങ്ങിത്തുടങ്ങുമ്പോള്‍തന്നെ അന്തരീക്ഷത്തിലൂടെ ഒഴുകിയത്തെുന്ന തണുത്ത കാറ്റ് ഇന്ദ്രിയങ്ങളെ ആ വിവരം അറിയിച്ചുകഴിഞ്ഞിരിക്കും. പൂന്തോട്ടങ്ങളില്‍നിന്നൊപ്പിയെടുത്ത പൂക്കളുടെ ഇളം സുഗന്ധം പരത്തിയാകും ആ തണുത്ത കാറ്റെത്തുക. കാറ്റിലൊളിഞ്ഞിരിക്കുന്ന പൂവാസനയുടെ ഉറവിടം തിരയുന്നതിനുമുമ്പുതന്നെ വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതക്ക് ഇരുവശങ്ങളിലുമായി പ്രത്യക്ഷമായി തുടങ്ങും.
നീലഗിരി മലകളെ തൊട്ടുരുമ്മി കിടക്കുന്ന കുന്നുകളിലേക്ക് നീണ്ടു പരന്നുകിടക്കുന്നതാണ് ഇവിടത്തെ പൂപ്പാടങ്ങള്‍. തട്ടുതട്ടായി കിടക്കുന്ന മലര്‍വാടികളെ വിദൂരത്തില്‍നിന്ന് വീക്ഷിച്ചാല്‍ ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പട്ടുമത്തെകള്‍ നിരത്തി ഇട്ടതുപോലെയാണ്. ഓറഞ്ച് ചെണ്ട്‌ (ചെന്തി), സൂര്യകാന്തി പൂക്കള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണത്. പര്‍വത നിരകളുടെ മടിത്തട്ടിലെ ഈ വര്‍ണവിസ്മയം ഇതുവഴി കടന്നുപോകുന്ന ആരെയും ആകര്‍ഷിക്കാറുണ്ട്. തോട്ടത്തിന് നടുവിലേക്കിറങ്ങി ചെല്ലാനും പൂക്കളുടെ അരുകില്‍നിന്ന് പടമെടുക്കാനും കൊതിക്കാത്തവരാരുമുണ്ടാകില്ല. ഒരു പൂ കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്ര വലുതാണ് എന്നാല്‍ ഒരായിരം പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച പറയേണ്ടതുണ്ടോ. ഏതൊരു കഠിന ഹൃദയനെയും അലിയിപ്പിക്കാന്‍ പൂക്കളോളം മറ്റെന്തിനാണ് ആവുക.


ഗുണ്ടല്‍ പേട്ട് - മുത്തങ്ങ ദേശീയപാതക്കരികിലെ സൂര്യകാന്തി പൂ പാടം

മദൂര്‍ മുതല്‍ ബീമന്‍ബീഡുവരെ ഏകദേശം 12 കിലോമീറ്ററോളം കാഴ്ചയുടെ പൊന്‍വസന്തമാണ് ദേശീയപാതക്കിരു വശവുമായി തുറന്നിട്ടിരിക്കുന്നത്. പൂപ്പാടങ്ങള്‍ മാത്രമല്ല മറ്റ് കൃഷികളുടെ സമൃദ്ധിയും ഈ പ്രദേശത്തെ കാഴ്ചാ വസന്തമാകുന്നു. ചോളം, കരിമ്പ്, മുതിര, ബീന്‍സ്, തക്കാളി, തണ്ണിമത്തന്‍, കാബേജ്, വാഴ തുടങ്ങിയ പലതരം കൃഷികള്‍ ഇവിടെ സമ്പന്നമാണ്.

തോട്ടത്തിന് നടുവില്‍ പൂ പറിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍. അവര്‍ക്ക് കൂട്ടായി കൃഷികള്‍ക്ക് വെള്ളം നനക്കുകയും പാടങ്ങളില്‍ കാളകളെ ഉഴുതുന്ന ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പുരുഷന്മാര്‍, പൂക്കള്‍ കുട്ടകളിലാക്കി നീളുന്ന സ്ത്രീകള്‍, മോട്ടോര്‍ സൈക്കിളില്‍ പൂചാക്കുകള്‍ വെച്ചുകെട്ടി ചന്തകളിലേക്ക് കുതിക്കുന്ന ചെറുപ്പക്കാര്‍. വിജനമായ റോഡില്‍ ഇടവിട്ട് ഗ്രാമവീടുകള്‍. ഓടുകള്‍ പാകി വെള്ളകുമ്മായം പൂശിയ ചെറുവീടുകള്‍ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ഹള്ളികള്‍ (ഗ്രാമങ്ങള്‍). കുഴല്‍ കിണറില്‍നിന്ന് പ്ളാസ്റ്റിക് കുടങ്ങളില്‍ വെള്ളം ശേഖരിക്കുന്ന പെണ്‍കുട്ടികള്‍. ലളിതമായ ഗ്രാമീണ ജീവിതവും പൂക്കളുടെ നിറവും ഈ പൂ ഗ്രാമങ്ങളെ അപൂര്‍വമായ കാഴ്ചാ ഫ്രെയ്മുകളാക്കി മാറ്റുന്നു. നിരവധി തെക്കേ ഇന്ത്യന്‍ സിനിമകള്‍ക്ക് ഈ ഗ്രാമത്തിന്റെ സൗന്ദര്യം പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ മലയാള സിനിമകളും നിരവധി. ചന്ദ്രനുദിക്കുന്ന ദിക്കില്‍, നന്ദനം ഇന്ത്യന്‍ റൂപി, ചക്കരമുത്ത്, ഒറീസ തുടങ്ങിയവ.

ഗോപാല്‍ സ്വാമി പേട്ട, ഗുണ്ടല്‍ പേട്ട്

സിനിമയില്‍ മാത്രമല്ല ഇവിടത്തെ തോട്ടങ്ങളില്‍ വിരിയുന്ന പൂക്കള്‍ക്കുമുണ്ട് കേരളവുമായി ബന്ധം. ഓണക്കാലത്ത് കേരളത്തിലെ അന്തകങ്ങളെ വര്‍ണശോഭയാക്കുന്നത് ഇവിടെനിന്നുമത്തെുന്ന ഓറഞ്ച് ചെണ്ട്‌പൂക്കളാണ്. ഈ പൂക്കളുടെ വിലകുറവ് കേരള വിപണിക്ക് പ്രിയപ്പെട്ടതായി. പക്ഷേ, ഇവിടത്തെ തോട്ടങ്ങളില്‍ വിരിയുന്ന പൂക്കള്‍ കേരള പുഷ്പ വിപണികളില്‍ എത്തുന്നത് ഓണത്തിലെ പത്തു ദിവസം മാത്രമാണ്.
അത് കഴിഞ്ഞാല്‍ പുറംവിപണികളിലേക്ക് ഇവിടെനിന്ന് നേരിട്ട് വില്‍ക്കാറില്ല. വന്‍ സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി വ്യാവസായികാടിസ്ഥാനത്തിലാണ് ഇവിടെ പൂകൃഷി ചെയ്തുവരുന്നത്. വളം, വിത്, ചെറിയ സാമ്പത്തിക സഹായങ്ങള്‍ എന്നിവ നല്‍കുന്ന ഈ കമ്പനിക്കാരാണ്. അതിനാല്‍ ഈ കമ്പനികള്‍ക്കുതന്നെ പൂവില്‍ക്കണമെന്നാണ് കര്‍ഷകരും കമ്പനികളും തമ്മിലുള്ള ധാരണ.

തമിഴ്നാട്ടിലെ എ.വി.ടി., കോണ്‍കോര്‍ തുടങ്ങിയ കമ്പനികളാണ് കൃഷിചെയ്യിക്കുന്നത്. കിലോക്ക് 6-7 രൂപക്കാണ് കമ്പനിക്കാര്‍ പൂ വാങ്ങുന്നത്. പൂ പറിക്കാന്‍ സമയമായിക്കഴിഞ്ഞാല്‍ ടണ്‍ കണക്കിന് പൂക്കളാണ് ഓരോ ദിവസവും ഇവിടെനിന്ന് കൊണ്ടുപോകുന്നത്. വലിയ ട്രക്കുകള്‍ നിര നിരയായി ഈ സമയത്ത് റോഡരികില്‍ പൂചാക്ക് നിറക്കാനായി കിടപ്പുണ്ടാകും. പൂ പറിക്കാന്‍ സമയമായിക്കഴിഞ്ഞാല്‍ ആഴ്ചയിലൊരിക്കല്‍ പറിക്കാം. ഒരു മാസംവരെ പൂക്കള്‍ കിട്ടും. മൂന്നു മാസത്തെ കൃഷിയാണ് പൂക്കളുടേത്. ജൂലൈയില്‍ ആരംഭിച്ച് ആഗസ്റ്റ്, സെപ്റ്റംബറോടെ കഴിയുന്നു. അതുകഴിഞ്ഞാല്‍ മറ്റ് കൃഷികള്‍ ആരംഭിക്കും. വര്‍ഷത്തില്‍ മൂന്നു കൃഷിയാണ് ഇവിടെ നടത്തുന്നത്.

പെയിന്റ്‌, ചിലതരം ചായങ്ങള്‍ ഉണ്ടാക്കാനാണത്രെ കമ്പനിക്കാര്‍ പൂ കൃഷി ചെയ്യുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മറ്റെന്തെല്ലാം ആവശ്യങ്ങളാണെന്ന് തിരക്കാന്‍ അവര്‍ക്ക് നേരവുമില്ല. ഒന്നോ അതിലേറെയോ ഏക്കര്‍ ഭൂമിയുള്ളവര്‍ക്കാണ് കൃഷിചെയ്യാന്‍ കമ്പനിക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത്. ഒരേക്കര്‍ കൃഷിചെയ്യുന്നതിന് ഏകദേശം 100 ഗ്രാമോളം വിത്ത് വേണ്ടിവരുമത്രെ. 35000-40,000 രൂപ വരെ കൃഷിക്ക് ചെലവാകുന്നു. ഏകദേശം 50,000ത്തോളം രൂപ ലാഭം കിട്ടുമത്രെ.
ഗുണ്ടല്‍പേട്ടിലെ നാലഞ്ച് ഗ്രാമങ്ങളിലായാണ് പൂ കൃഷി ചിതറിക്കിടക്കുന്നത്. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ ഉള്‍പ്പെട്ടതാണ് ഗുണ്ടല്‍പേട്ട് താലൂക്ക്. കന്നേലു ഗ്രാമം, ബേരമ്പാടി ചെന്നമല്ലിപുരം, ഒങ്കളി, ബീമന്‍ബീഡു തുടങ്ങിയവയാണ് പൂകൃഷിയുള്ള പ്രധാന ഗ്രാമങ്ങള്‍. മദ്ദൂര്‍, കക്കാതുണ്ടി, മദ്ദൂര്‍കോളനി, ലക്കിപ്പുറ, ബീച്ചനഹല്ലി മന്ദേനുഹുണ്ടി തുടങ്ങിയവ ഇവിടത്തെ പ്രധാന പൂന്തോട്ടങ്ങളാണ്.
പൂപ്പാടങ്ങളില്‍ മിഴി വിടര്‍ത്തി നില്‍ക്കുന്ന ചെണ്ട്‌ പുഷ്പങ്ങളും, സൂര്യകാന്തിയുമെല്ലാം ഇതുവഴി കടന്നുപോകുന്ന യാത്രക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. ഈ പൂക്കളുടെ സൗന്ദര്യം കണ്ട്കൊണ്ടുറങ്ങാനും ഉണരാനും ഭാഗ്യം ലഭിച്ച ഇവിടത്തെ ഗ്രാമീണര്‍ക്ക്‌ പൂക്കള്‍ ജീവിതമാണ്.

how to reach

മുത്തങ്ങ - ഗുണ്ടല്‍ പേട്ട് റോഡില്‍ നിന്നുള്ള കാഴ്ച

ചെലവ് കുറഞ്ഞ ഒരു യാത്രയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ ലോക്കല്‍ ബസാണ് അഭികാമ്യം. രാവിലെ 7.00, 9.30, 10.15, 12.00, 1.15, 2.30, 4.00, 5.30 എന്നിവയാണ് ബസ് സമയങ്ങള്‍. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് സ്റ്റാന്‍ഡില്‍നിന്നാണ് ഈ ബസുകള്‍ പുറപ്പെടുന്നത്. ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുക്കും ഗുണ്ടല്‍പേട്ട് വരെ എത്താന്‍. 15 മിനിറ്റ് ഹാള്‍ട്ട് കഴിഞ്ഞ് ഈ ബസുകള്‍ തിരിച്ച് പുറപ്പെടും. ഇതുവഴി രാവിലെയും വൈീകട്ടുമുള്ള യാത്രയില്‍ റോഡരുകില്‍ മൃഗങ്ങളെയും കണ്ടേക്കും. 43 രൂപയാണ് ഒരു വശത്തേക്കുള്ള ബസ് ചാര്‍ജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.