ദക്ഷിണ ദേശക്കാഴ്ചകളുടെ സംഗമഭൂമിയിലേക്ക്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പുരാണമാഹാത്മ്യം പരിചയപ്പെടുത്തുന്ന ഹെറിറ്റേജ് വില്ലേജായ ദക്ഷിണ ചിത്രയെക്കുറിച്ച്...

കോരിച്ചൊരിയുന്ന മഴയെ ഒപ്പം കൂട്ടിയാണ് കോഴിക്കോടു നിന്ന് തമിഴക തലസ്ഥാനത്തേക്ക് ചെന്നൈ മെയിലില്‍ യാത്ര തുടങ്ങിയത്. ഇരുളിനെ വകഞ്ഞുമാറ്റി കുതിച്ചുപായുന്ന ട്രെയിനിന്റെ ബര്‍ത്തില്‍ ഉറക്കം പിടിക്കുമ്പോഴും പുറത്ത് മഴനൃത്തം തകൃതിയായിരുന്നു. പുലര്‍കാലത്ത് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സ്വാഗതം ചെയ്യുമ്പോള്‍ പക്ഷേ, അന്തരീക്ഷത്തിന് അത്ര ഹൃദ്യതയുണ്ടായിരുന്നില്ല. പ്രായമാകുന്തോറും മീനച്ചൂടിനെ വെല്ലും ചെന്നൈയുടെ പകലുകള്‍.  നാലു സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയ ദക്ഷിണ ചിത്രയില്‍ മനസ്സുടക്കിയിരുന്നതിനാല്‍ ചെന്നൈയുടെ ഉഷ്ണം കാര്യമാക്കിയില്ല.

ദക്ഷിണദേശക്കാഴ്ചകളുടെ സംഗമതീരം തേടിയുള്ള യാത്രയായിരുന്നു ദക്ഷിണ ചിത്രയില്‍ അവസാനിച്ചത്. ചരിത്രപുസ്തകങ്ങളിലേക്ക് കുടിയിരുത്തപ്പെട്ട നാലു ദേശങ്ങളുടെ വീടും പരിസരവും; ചരിത്രം തന്നെയും പുനര്‍നിര്‍മിക്കപ്പെട്ട ഇടമാണ് ദക്ഷിണ ചിത്ര. മഹാബലിപുരം റോഡില്‍ മുട്ടുകാട് എന്ന സ്ഥലത്ത് 10 ഏക്കറിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പുരാണമാഹാത്മ്യം പരിചയപ്പെടുത്തുന്ന ഈ ഹെറിറ്റേജ് വില്ലേജ്.  വീട് മുഖ്യപ്രമേയമാക്കി കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ സാമൂഹിക ജീവിതം ഇതള്‍ വിടര്‍ത്തുകയാണിവിടെ. തമിഴ് സംസ്കാരത്തില്‍ നിന്ന് നാലു ചുവട് അകലെ കേരളീയ ജീവിതം. കന്നട ദേശവും തെലുങ്കുനാടും കൈപ്പാടകലെ തന്നെ തനിമയോടെ നില്‍ക്കുന്നു.  ഇവിടെ വന്നാല്‍ കുറച്ചു സമയംകൊണ്ട് ദക്ഷിണേന്ത്യന്‍ സംസ്കാരങ്ങളിലൂടെ ഒരു സാംസ്കാരികയാത്ര നടത്താം. അപൂര്‍വാനുഭവമാകുമത്. മറവിയുടെ മഞ്ഞുപടങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിപ്പോയ ഒരുകാലത്തിന്റെ അടയാളങ്ങളാവുമ്പോള്‍ വിശേഷിച്ചും. 1996ല്‍ തുടങ്ങിയ കടലോരത്തെ ഈ സംരംഭത്തിനു പിന്നില്‍ മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്‍ ആണ്.
* * * *

ചരിത്രം പുസ്തകങ്ങളിലല്ല, നമുക്കിടയില്‍ തന്നെ സംരക്ഷിപ്പെടണം എന്ന സന്ദേശമാണ് ദക്ഷിണ ചിത്ര നല്‍കുന്നത്. അവിടെ ചരിത്രത്തിന്റെ ജീവസുറ്റ ഒരു ചീന്ത് നമുക്കായി കാത്തുവെച്ചിരിക്കുന്നു. നാലു ഭാഷാ സംസ്കൃതികള്‍, സംഗീതം, കലാരൂപങ്ങള്‍ എല്ലാം ഒറിജിനലായി തന്നെ അനുഭവിക്കാം. വിനോദവും വിജ്ഞാനവും സമം ചേര്‍ത്ത് ദക്ഷിണ ദേശക്കാഴ്ചകളുടെ നഖചിത്രം ഒരുക്കിയത് പ്രശസ്ത വാസ്തുശില്‍പി ലാറി ബേക്കറിന്റെയും ബെന്നി കുര്യാക്കോസിന്റെയും കരവിരുതിന്റെ ബലത്തിലാണ്.

ഈ പൈതൃകഗ്രാമത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് കേരളമാണ്. പടിപ്പുര കയറിച്ചെല്ലുമ്പോള്‍ പുതുപ്പള്ളിയിലെ പഴയ സിറിയന്‍ ക്രിസ്ത്യന്‍ വീടിന്റെ മനോഹാരിതകള്‍ കാമറയില്‍ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു വിദേശ ടൂറിസ്റ്റുകള്‍. കേരളത്തിലെ പഴയ ക്രിസ്തീയ വീടുകളുടെ വിശദാംശങ്ങളുമായി ഗൈഡ് കൂടെയുണ്ട്. പൂര്‍ണമായും തടിയില്‍ പണിത 1850ലെ ഈ വീട് അതേപോലെ പുനഃസംവിധാനിച്ചിരിക്കുന്നു. പ്ളാവും തേക്കുമെല്ലാം തങ്ങളുടെ കാതല്‍ത്തടികള്‍ നല്‍കി പണിയിച്ചെടുത്ത ഓടുമേഞ്ഞ വിസ്മയ ഗൃഹം. ചുട്ടെടുത്ത മണ്‍ടൈലുകള്‍ പാകിയ നീളന്‍ വരാന്ത. പഴയ ക്രിസ്ത്യന്‍ വീടുകളുടെ ഓര്‍മക്കുറിപ്പുകളായി വീട്ടുപകരണങ്ങളും ധാന്യപ്പുരയുമെല്ലം യഥോചിതം സംവിധാനിച്ചിട്ടുണ്ട്. വീടിനു വശത്തായി ചങ്ങലയില്‍ തൂങ്ങിക്കിടപ്പുണ്ട് ഒരു കൊതുമ്പുവള്ളം. മരങ്ങളില്‍ തീര്‍ത്ത വിസ്മയ നിര്‍മിതിയുടെ വിശദാംശങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ കോട്ടയത്തെയും പരിസരങ്ങളിലെയും സാമൂഹിക ജീവിത വിശേഷങ്ങളും വിവരിക്കുന്ന കുറിപ്പ് ചുവരില്‍ തൂങ്ങിയിരിപ്പുണ്ട്.

അയല്‍പക്കത്ത് തലയെടുപ്പോടെ കൂത്താട്ടുകുളം വീടുണ്ട്. ഓടു മേഞ്ഞ തൂവെള്ള ഇരുനില വീട്. കമാനാകൃതിയിലുള്ള കവാടം കടന്നെത്തുന്ന വരാന്തയില്‍ ബ്രിട്ടീഷ് നിര്‍മാണവിദ്യയുടെ സ്വാധീനം വ്യക്തമാണ്. അയയില്‍ തൂങ്ങിക്കിടക്കുന്ന മുണ്ടും നേര്യതുമെല്ലാം അന്നത്തെ ലളിതശാലീനമായ വസ്ത്രധാരണ രീതിയുടെ അടയാളമാണ്.

തിരുവനന്തപുരം വീട് ഹിന്ദു നായര്‍ വീടിന്റെ സവിശേഷതകള്‍ വിളിച്ചോതുന്നു. മുറ്റത്ത് തുളസിത്തറ. വശത്തായി തൊഴുത്തും. കാര്‍ഷികസംസ്കൃതിയുടെ ശേഷിപ്പുകള്‍ ഇവിടെ അറിയാം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഉഷ്ണിച്ചു തീരുന്ന നമ്മള്‍ ഈ വീടുകളിലെ സുഖശീതളിമ കൊതിച്ചുപോകും. പെരുന്തച്ചന്റെ ഉളിത്തലപ്പുകളുടെ സര്‍ഗസ്പര്‍ശം വിളിച്ചോതുന്നുണ്ട് മച്ചും മട്ടുപ്പാവും.

തിരുവനന്തപുരം വീട് കണ്ടറിങ്ങുന്നവര്‍ക്ക് അധികം യാത്ര ചെയ്ത് ക്ഷീണിക്കേണ്ട മാങ്കാവിലെ കോഴിക്കോടന്‍ തറവാട്ടില്‍ കയറിച്ചെല്ലാന്‍. അയല്‍പക്കത്തു തന്നെയാണ് ഈ ഇരുനില വീട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലെ വടക്കന്‍ കേരളത്തിലെ നിര്‍മാണവിദ്യയുടെ പ്രാതിനിധ്യമാണ് ഈ തറവാട്. പത്ത് ഏക്കര്‍ കൃഷി സ്ഥലമുണ്ടായിരുന്ന മേനോന്‍ കുടുംബത്തിന്റേതായിരുന്നു ഇതെന്ന് ചുവരിലെ വിവരണം പറഞ്ഞുതരും. കാറ്റൊഴുകിയെത്തുന്ന ഇടനാഴികളും വരാന്തയും വിശാലമായ നടുത്തളവുമുള്ള ഇത്തരം വീട് മുതിര്‍ന്നവരുടെ ഓര്‍മകളിലേ കാണൂ. രവിവര്‍മ ചിത്രങ്ങള്‍ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നു. കൂടെ അല്‍പം ഗമയോടെ ഒരു മാന്‍കൊമ്പും തലയുയര്‍ത്തി നില്‍പ്പുണ്ട്. നിരവധി ചെറുറൂമുകളാണ് കൂട്ടുകുടുംബത്തിന്റെ ഈ വീടിന്. ആയുര്‍വേദ ചികില്‍സയുടെ രീതികള്‍ ഒരറയില്‍ പരിചയിക്കാം. അടുത്ത് വിശാലമായ പൂജാമുറി. ഭഗവതി ശില്‍പവും പൂതങ്ങളും തെയ്യക്കോലവും എല്ലാം ഈ കോഴിക്കോടന്‍ വീട്ടില്‍ ഒരുക്കിവെച്ചിട്ടുണ്ട്. വീട് ഒരു സംസ്കാരത്തെ തന്നെ പ്രതിനിധീകരിക്കുന്നതായി തോന്നും.
* * * *

തമിഴ്നാടിലെ ചെട്ടിനാട് വീട്, തിരുനെല്‍ വേലിയിലെ ആമ്പൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണ അഗ്രഹാരത്തെരുവ്, സാത്തന്നൂര്‍ ഹൗസ്, കുംഭാര വീടുകള്‍, നെയ്ത്തുകാരുടെ വീട് തുടങ്ങിയവ തമിഴ്നാട് വിഭാഗത്തിലെ ആകര്‍ഷണങ്ങളാണ്. ഒരു തമിഴ് ഗ്രാമത്തില്‍ വന്നിറങ്ങിയപോലെ. അഗ്രഹാരങ്ങളില്‍ ആളുകളുണ്ട്; സന്ദര്‍ശകരാണെന്നു മാത്രം. കുംഭാരക്കുടിലില്‍ ചെന്ന് ഒരു മണ്‍കലം നിര്‍മിച്ച് നോക്കാം. അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുകയുമാകാം. ചിത്രകല, സംഗീത പാരമ്പര്യം, ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ തുടങ്ങി തമിഴ് സാംസ്കാരിക പാരമ്പര്യം നമുക്ക് മുന്നില്‍ ഇതള്‍വിരിയും.

തമിഴകവും കേരളവും  പിന്നിട്ടെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു കന്നട ദേശം. ചിക്മംഗ്ളൂരിലെ പാരമ്പര്യ മുസ്ലിം വീട്, നെയ്ത്തുകാരുടെ ഇല്‍കല്‍ വീട് അങ്ങനെയങ്ങനെ. പിന്നെ ആന്ധ്ര വീടുകള്‍. വിശേഷിച്ച് തീരദേശവാസികളുടെ പാരമ്പര്യ വീടുകളും അവരുടെ ജീവിതരീതികളും അടുത്തറിയാം. എല്ലാ വീടുകളുടെ പൂമുഖത്തും കരകൗശല വസ്തുക്കളുമായി ഇരിക്കുന്ന സ്ത്രീകളെയും കാണാം.

കരകൗശല വസ്തുക്കളുടെയും പെയിന്‍റിങുകളുടെയും വിശാല ശേഖരവുമായി ക്രാഫ്റ്റ് ബസാര്‍, ആര്‍ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, ദക്ഷിണേന്ത്യന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണശാല, കല്യാണ മണ്ഡപം, ഗസ്റ്റ് ഹൗസ് തുടങ്ങിയവയും ദക്ഷിണ്‍ ചിത്രയിലുണ്ട്. പാവകളി, നാടന്‍കലാ രൂപങ്ങളുടെ പ്രദര്‍ശനം, പഠനക്യാമ്പുകള്‍ തുടങ്ങിയവ ഇവിടെ അരങ്ങേറാറുണ്ട്. രണ്ടു മണിക്കൂര്‍ സന്ദര്‍ശനം കൊണ്ട് ദക്ഷിണേന്ത്യയുടെ ഒരു മനോഹര ചിത്രം ദക്ഷിണ്‍ചിത്രയില്‍ വായിച്ചെടുക്കാനാവും.

രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെയാണ് സന്ദര്‍ശന സമയം. ചൊവ്വ അവധിദിനം. എം.ജി.എം ഡൈസീ വേള്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിന് അടുത്താണ് ഈ കലാഗ്രാമം.

how to reach
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 30  കി. മീറ്ററും വിമാനത്താവളത്തില്‍ നിന്ന് 35 കി. മീറ്ററും ദൂരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
dakshina chitra
east coast road, muttukadu, chennai
phone: 044 27472783, 27472603.
web: www.­dakshinachitra.­net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.