സൗഹൃദത്തിന്റെ താജ്മഹല്‍

'പ്രണയികളൊരുമിച്ച്
താജ്മഹല്‍ കാണരുത്
ഋതുശൂന്യമേതോ മരിച്ച
രാഗം നിന്ന് നിലവിളിക്കുന്നുണ്ട്...'
ഈയിടെ ആലങ്കോട് ലീലാ കൃഷ്ണന്റെ കവിത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ താജ്മഹലിനെ വീണ്ടുമോര്‍ത്തു. ലോകാത്ഭുതങ്ങളില്‍ ഒന്നെന്നതിലുപരി പ്രണയത്തിന്റെയും സൌന്ദര്യത്തിന്റെയും മകുടോദാഹരണം ആയ താജ്മഹല്‍ കാണുക എന്നത് എന്റെ അഭിലാഷമായിരുന്നു. ഇപ്പോഴും അത് ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു.

കുറെ വര്‍ഷങ്ങള്‍ പുറകിലേക്ക്...
എയര്‍ഫോഴ്‌സ് പരിശീലനത്തിന് ശേഷം ആദ്യത്തെ പോസ്റ്റിങ് മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ആയിരുന്നു. വേനലില്‍ ചുട്ടു പൊള്ളുന്ന നഗരം. തണുത്തു വിറക്കുന്ന ശൈത്യ കാലം. ഇവിടെ നിന്നും രണ്ടു മണിക്കൂര്‍ തീവണ്ടി യാത്ര ചെയ്താല്‍ ആഗ്രയാണ്. യമുനാതീരത്ത് താജ്മഹല്‍ സ്ഥിതി ചെയുന്ന ആഗ്ര. ഗ്വാളിയറില്‍ അഞ്ച് വര്‍ഷമാകുന്നു. പക്ഷെ ഇതുവരെ താജ്മഹല്‍ കണ്ടിട്ടില്ല. കൂട്ടുകാര്‍ പലരും പലവട്ടം പോയി വന്നു.
ആ സമയത്താണ് എയര്‍ഫോഴ്‌സ് ഇന്‍ഷുറന്‍സ് ഏജന്‍സി ഇരുചക്ര വാഹനങ്ങള്‍ക്കായി ലോണ്‍ കൊടുത്ത് തുടങ്ങിയത്. അങ്ങനെ എല്ലാവരും തങ്ങള്‍ താലോലിച് വളര്‍ത്തിയ ഇരുചക്ര വാഹന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചു തുടങ്ങി. 97 ഏപ്രിലില്‍ ഞാനും ഒരു യമഹ ബൈക്ക് വാങ്ങി. എന്റെ സന്തത സഹചാരിയായ നവീന്‍ സുയാല്‍ എന്ന ലഖ്‌നോ നിവാസി ഒരു ഹീറോ ഹോണ്ടയും വാങ്ങി. ഞങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ ആഗ്ര യാത്രക്ക് അരങ്ങൊരുങ്ങി. ഭാഷാ ഭേദമില്ലാതെ നിറഞ്ഞൊഴുകുന്ന സൗഹൃദങ്ങള്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേകതയാണ്.
 
ഒരു ആഴ്ചയറുതി വരെ കാത്തിരുന്നു ആഗ്ര യാത്രക്ക്. ഡിസംബര്‍ ആണ്, ഉത്തരേന്ത്യന്‍ ശൈത്യം. പ്രസാദാത്മകമായ കാലാവസ്ഥ. വേനലില്‍ നീണ്ട ബൈക്ക് യാത്ര ആലോചിക്കാനേ കഴിയില്ല. ഞാനും എന്റെ പശ്ചിമ ബംഗാള്‍ സുഹൃത്തുക്കളായ ദിബ്യെന്ദു മുഖോപാധ്യയും ദേബബ്രത് മജീലയും നവീന്‍ സുയാലും കൂടി പോകാന്‍ തീരുമാനിച്ചു. നവീന്റെയും എന്റെയും ബൈക്കുകളില്‍ ശനിയാഴ്ച രാവിലെ യാത്ര. മറ്റന്നാള്‍ മടക്കം. വെള്ളിയാഴ്ച രാത്രി തയാറെടുപ്പുകള്‍ നടത്തി. രണ്ടു ബാഗുകള്‍ ചുമലില്‍ ഇടാന്‍ പാകത്തില്‍ തയാറാക്കി. വഴിയില്‍ ഇരിക്കാന്‍ കട്ടിയുള്ള പുതപ്പ്, അത്യവശ്യം കഴിക്കേണ്ട സ്‌നാക്‌സ്, വെള്ളക്കുപ്പികള്‍ എന്നിവ വാങ്ങി. ക്യാമറയില്‍ റോള്‍ നിറച്ചു. കൂടെ മറ്റൊരു റോളും കരുതി.

ശനിയാഴ്ച പ്രഭാതം, ഏഴുമണി. ഞാനും നവീനും ബൈക്കുമായി... എന്റെ പിന്നില്‍ ദിബ്യെന്ദുവും നവീന്റെ പിറകില്‍ ദെബബ്രതും. അവനെ ജേട്ടു എന്ന് സ്‌നേഹത്തോടെ എല്ലാരും വിളിച്ചു. ബംഗാളി സാഹിത്യം ഏറെ ഇഷ്ടപെടുന്നവന്‍. ദിബ്യെന്ദു ദല്‍ഹിയില്‍ സ്ഥിര താമസമാക്കിയ എയര്‍ഫോഴ്‌സുകാരന്റെ മകനാണ്. ബംഗാളിയെക്കാള്‍ ഒരു ദല്‍ഹിക്കാരന്റെ സ്വഭാവമാണ് അവന്. നവീന്‍ കൂട്ടത്തില്‍ ചെറുപ്പം ലഖ്‌നോവിലെ റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ പുത്രന്‍. ജീവിതത്തെ ആഘോഷമാക്കി മാറ്റാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കും. തണുപ്പ് ആയതു കൊണ്ട് സ്വെറ്ററും വിന്‍ഡ് ചീറ്റെരും ഞങ്ങള്‍ ധരിച്ചിരുന്നു. കൈവിരലുകളിലൂടെ തണുപ്പ് അരിച്ചു കയറും. ഗ്ലൗസ് എടുക്കാന്‍ മറന്നില്ല.


എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മഹാരാജ്പുര്‍ എന്ന സ്ഥലത്ത് നിന്ന് നേരെയുള്ള ട്രക്ക് റോഡ് ആണ് ആഗ്രയിലേക്ക് പോകുന്നത്. പ്രസന്നമായ പ്രഭാതം. സൂര്യന്‍ മുഖം കാണിച്ചു തുടങ്ങിയിട്ടില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും റോഡില്‍ കടുത്ത മഞ്ഞ്. മൊറീന എന്ന സ്ഥലത്തിനടുത്താണ്. ഞങ്ങള്‍ റോഡരികില്‍ കണ്ട ചായക്കടയുടെ സമീപം നിര്‍ത്തി ചായക്ക് പറഞ്ഞു. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കൂടിയാണ് ചായക്കടകള്‍. അത് കൊണ്ട് തന്നെ കയര്‍ കട്ടിലുകള്‍ എല്ലായിടത്തും കാണാം. അതിലിരുന്നു ഞങ്ങള്‍ ആസ്വദിച്ച് ചായ കുടിച്ചു. ഹെല്‍മെറ്റ് മാറ്റിയപ്പോള്‍ നല്ല തണുപ്പ്. അടുത്തത് ധോല്‍പൂര്‍, രാജസ്ഥാനിലാണ്. ഇത് മധ്യപ്രദേശ്. ഇടയില്‍ രാജസ്ഥാന്‍. പിന്നിട് ഉത്തര്‍പ്രദേശ്. ആഗ്ര ഉത്തര്‍പ്രദേശിലാണല്ലോ. പതുക്കെ മൂടല്‍ മഞ്ഞ് വഴിമാറി. സുര്യന്റെ സുവര്‍ണരേണുക്കള്‍ പതിക്കാന്‍ തുടങ്ങി, ഉള്‍പുളകിതരായി ഞങ്ങള്‍.

പീതാംബരം പുതച്ച നീണ്ട കടുക് പാടങ്ങള്‍ കണ്ടു തുടങ്ങി. ബൈക്ക് നിര്‍ത്തി കുറച്ച് പടങ്ങള്‍ എടുത്തു. പുതപ്പ് വയലരികത്ത് വിരിച്ചു ഞങ്ങള്‍ ഇരുന്നു. പച്ചയും മഞ്ഞയുടെയും അപൂര്‍വ ചാരുതയാണ് ഈ വയലുകള്‍ക്ക്. അങ്ങനെ ഞങ്ങള്‍ ധോല്‍പൂരും കടന്നു പോയി. ട്രക്കുകളുടെ ബാഹുല്യം റോഡില്‍.

ഉച്ച ഭക്ഷണ സമയമായപ്പോഴേക്കും ആഗ്രയില്‍ എത്തി. അധികം മോടികള്‍ ഇല്ലാത്ത ഒരു പഴയ നഗരം. യമുനാ നദിയുടെ നഗരമാണ് ആഗ്ര. പ ക്ഷേ വെള്ളത്തിനെല്ലാം ഉപ്പ് രസം. അത് കൊണ്ട് കുടിവെള്ളത്തിനു കുപ്പിവെള്ളത്തെ ആശ്രയിക്കണം. ഒരു ടാബ (വഴിയോരത്തെ ഹോട്ടല്‍) ഞങ്ങള്‍ക്ക് റൊട്ടിയും ദാല്‍ ഫ്രൈയും മുട്ട വറുത്തതും വിളമ്പി. തരക്കേടില്ലാത്ത ഹോട്ടലില്‍ ഒരു മുറിയെടുത്തു. ബൈക്ക് ഓടിച്ച ക്ഷീണത്തില്‍ ഇത്തിരി ഉറങ്ങി. നാലു മണി കഴിഞ്ഞ് എഴുന്നേറ്റു. താജ് മഹലിലേക്ക് കഷ്ടിച്ച് പതിനഞ്ച് മിനിറ്റ് ബൈക്കില്‍. ബൈക്ക് കുറച്ചകലെ പാര്‍ക്ക് ചെയ്തു.

അതാ... താജ്മഹല്‍! വായിച്ചും കേട്ടും ചിത്രങ്ങളിലൂടെയും അറിഞ്ഞിരുന്ന താജ്.... സഞ്ചാരികളുടെ തിരക്ക്. വിദേശികളും സ്വദേശികളും. ടിക്കറ്റ് എടുത്തു അകത്ത് കയറി. പ്രഥമ ദര്‍ശനം.

നിര്‍ന്നിമേഷരായി കുറച്ച് നേരം നോക്കി നിന്നു. ലോകാത്ഭുതങ്ങളില്‍ ഒന്ന് കണ്‍മുന്നില്‍ വിളങ്ങുന്നു. ഷാജഹാന്റെ പേരിലുള്ള പ്രണയ കുടീരം. അനേകം ശില്‍പികളും അടിമകളും തൊഴിലാളികളും അഹോരാത്രം കഷ്ടപെട്ടതിന്റെ ഫലം. 1632ല്‍ തുടങ്ങി ഇരുപത്തിയൊന്നു വര്‍ഷം നീണ്ട നിര്‍മാണം. എല്ലാത്തിനും യമുനാ നദിയുടെ ഓളങ്ങള്‍ സാക്ഷി. ഓരോ ശില്‍പവേലകളും എത്ര സൂക്ഷ്മതയോടെയാണ് ചെയ്തിരിക്കുന്നത്. പൂര്‍ണ നിലാവില്‍ കുളിച്ച തജ്മഹല്‍ വിഭാവനം ചെയ്തു നോക്കൂ. കണ്ണുകള്‍ക്ക് ഉത്സവമായിരിക്കും. പൊതുവെ രാത്രി തുറക്കാറില്ല. പൂര്‍ണനിലാവില്‍ തുറക്കുമ്പോള്‍ സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്.

ഫോട്ടോഗ്രാഫര്‍മാരുടെ തിരക്കാണ് താജ്മഹലില്‍. മകുടത്തിന്റെ തുഞ്ചത്തു തൊട്ട പോലെയുള്ള ചിത്രമെടുത്ത് ഉടന്‍ പ്രിന്റ് കൊടുക്കുന്നവര്‍.  ഒറ്റക്കും കൂട്ടമായും ഞങ്ങളും ഫോട്ടോകള്‍ എടുത്തു.

അകത്തുള്ള ശവകുടീരം കാണാന്‍ വലിയ തിരക്കാണ്. ഓരോ കൊത്തുപണികളെയും സസൂക്ഷ്മം ഗ്ലാസ് വച്ച് നിരീക്ഷിക്കുന്ന വിദേശികളെ കണ്ടു. ചുറ്റിലും ഒന്ന് നടന്നു. ഒരു നോക്ക് കൂടെ കണ്ടു താജിന്റെ അഭൗമ സൗന്ദര്യത്തെ. മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ പുറത്തു കടന്നു. ചരിത്ര നിയോഗം കൂടിയാണ് ഈ യാത്ര. ഭൂതകാലത്തെ കൂടുതല്‍ അറിയാന്‍, തിരുശേഷിപ്പുകള്‍ അടുത്തറിയാന്‍.

പാന്‍പരാഗ് ചവച്ച് നഗരത്തിലെ ഭിത്തികളെല്ലാം ചുവപ്പിച്ചു വെച്ചിട്ടുണ്ട് ആഗ്രക്കാര്‍. തുകല്‍ വ്യവസായത്തിന് ഇവിടം പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ നല്ല ലെതര്‍ ഷൂസ് വാങ്ങണമെങ്കില്‍ ആഗ്ര അനുയോജ്യം. സന്ധ്യയാകാറായി. ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി.

മുറിയില്‍ അരണ്ട വെളിച്ചം. സൗഹൃദ യാത്രയുടെ രാത്രി.... ദൂരെ നിന്ന് എങ്ങോ ജഗ്ജിത് സിംഗിന്റെ പ്രണയാര്‍ദ്രമായ ഗസല്‍ കേള്‍ക്കാം. തും ഇത്‌ന ജൊ മുസ്‌കുരാ രഹേ ഹോ....
പാതിരാവരെ ഞങ്ങള്‍ പല കഥകളുടെയും ചെപ്പഴിച്ചു. രാവിലെ ആഗ്ര കോട്ടയിലേക്ക് പോകാന്‍ തീരുമാനിച്ചു. എപ്പോഴോ കിടന്നുറങ്ങി.

രാവിലെ തയാറായി ഹോട്ടല്‍ മുറി ഒഴിഞ്ഞു. അര മണിക്കൂര്‍ ബൈക്കില്‍. ആഗ്ര കോട്ടയെത്തി. ഇത്തിരി ചരിത്രം പറഞ്ഞാല്‍, സികര്‍വര്‍ രാജ്പുതുകളുടെ കൈവശമായിരുന്ന കോട്ട ദല്‍ഹിയില്‍ നിന്നും ചുവട് മാറ്റി ആഗ്രയില്‍ എത്തിയ സികന്ദെര്‍ ലോധി കൈവശപ്പെടുത്തി. 1517ല്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇബ്രാഹിം ലോധി ഏറ്റെടുത്തു. പക്ഷേ 1526ല്‍ ഒന്നാം പാനിപത്ത് യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബറോട് തോറ്റു. പിന്നീട് പലവഴിക്ക് അധികാരം മാറി. ഒടുവില്‍ രണ്ടാം പാനിപത്ത് യുദ്ധത്തില്‍ 1556ല്‍ അക്ബര്‍ ഹെമുവിനെ തോല്‍പിച്ച് കോട്ടയുടെ അധിപനായി. 94 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോട്ടക്ക് നാലു പ്രവേശന ഗോപുരങ്ങളാണ്. ദല്‍ഹി ഗേറ്റും ലാഹോര്‍ ഗേറ്റും പ്രസിദ്ധമാണ്. ആര്‍മി ഉപയോഗിക്കുന്നതിനാല്‍ ദല്‍ഹി ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ലാഹോര്‍ ഗേറ്റ് അല്ലെങ്കില്‍ അമര്‍ സിംഗ് ഗേറ്റ് വഴിയാണ് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത്. മുസമന്‍ ബുര്‍ജ് എന്ന ഗോപുരത്തില്‍ കയറി നിന്നാല്‍ താജ്മഹലിന്റെ മനോഹര ദൃശ്യം കാണം.

വെയില്‍ മൂത്ത് തുടങ്ങി. സഞ്ചാരികളുടെ ബാഹുല്യം. കോട്ട ഒന്ന് ഓടിച്ചു കണ്ടു ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. സുഹൃത്തുക്കള്‍ക്കായി കൊണ്ടു പോകാന്‍ പറ്റിയ ആഗ്രയുടെ അടയാളമാണ് ആഗ്ര പേഡ എന്ന മധുരം. വലിയ പാത്രങ്ങളില്‍ കുമ്പളങ്ങ വേവിച്ചു പഞ്ചസാര ചേര്‍ത് ഉണ്ടാക്കുന്നവ. കാണാന്‍ ചെറിയ സ്ഫടികക്കഷണങ്ങള്‍ പോലെ.

സന്ധ്യയാകുമ്പോഴേക്കും ഗ്വാളിയാറില്‍ എത്തി. സുരക്ഷിതരായി എത്തിയ ആശ്വാസം. സൗഹൃദത്തിന്റെ തജ്മഹല്‍ യാത്ര. താജ്മഹലിന്റെ സ്ഥല ഭംഗിയേക്കാള്‍ ബൈക്ക് യാത്രയുടെ സുഖമാണ് ഓര്‍മ്മയില്‍.
ഭൂതകാലത്തിലെ വിസ്മയ കാഴ്ചകള്‍ ഇപ്പോഴും കണ്ണില്‍ തേരോട്ടം നടത്തുന്നു.
നന്ദി... നവീന്‍, ദിബ്യെന്ദു, ജേട്ടു. നന്ദി, ബഹുത് ശുക്രിയ!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.