വെള്ളിയാഴ്ച നടന്ന യെമൻ ദേശീയ പ്രതിരോധ കൗൺസിൽ അടിയന്തര യോഗത്തിൽ യമൻ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽഅലിമി അധ്യക്ഷത വഹിക്കുന്നു

യു.എ.ഇയുമായുള്ള സംയുക്ത പ്രതിരോധ കരാർ യമൻ റദ്ദാക്കി; സൈന്യം 24 മണിക്കൂറിനുള്ളിൽ പുറത്തുപോകണം

ജിദ്ദ/ഏദൻ: യമൻ രാഷ്ട്രീയത്തിൽ നിർണായക തീരുമാനവുമായി പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ (പി.എൽ.സി) രംഗത്ത്. യു.എ.ഇയുമായി നിലവിലുണ്ടായിരുന്ന സംയുക്ത പ്രതിരോധ കരാർ യമൻ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽഅലിമി ഇന്ന് റദ്ദാക്കി. യമനിലെ ഔദ്യോഗിക വാർത്ത ഏജൻസിയായ ‘സബ’യെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. യമൻ ഭരണഘടന, ഗൾഫ് സഹകരണ കൗൺസിൽ മുന്നോട്ടുവെച്ച സമാധാന ഉടമ്പടികൾ, അധികാര കൈമാറ്റ തീരുമാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

യമനിലുള്ള എല്ലാ യു.എ.ഇ സൈനികരും ഉദ്യോഗസ്ഥരും 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഉത്തരവിലെ രണ്ടാം അനുച്ഛേദം കർശനമായി നിർദേശിക്കുന്നു. ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ എല്ലാ സൈനിക ക്യാമ്പുകളുടെയും നിയന്ത്രണം ‘ഹോംലാൻഡ് ഷീൽഡ്’ സേന ഉടനടി ഏറ്റെടുക്കാൻ മൂന്നാം അനുച്ഛേദത്തിലൂടെ ഉത്തരവിട്ടു.

യു.എ.ഇയുടെ ഭാഗത്തുനിന്നുണ്ടായ സമീപകാല സൈനിക നീക്കങ്ങളും ആയുധക്കടത്തും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കെയാണ് യമൻ പ്രസിഡന്റിന്റെ ഈ സുപ്രധാന നീക്കം. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഈ തീരുമാനം വഴിവെച്ചേക്കാം.

Tags:    
News Summary - Yemen cancels joint defense agreement with UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.