എന്നും പൂരം

പൂരത്തിനു മാത്രമല്ല, ഈ നാട് കാഴ്ചപ്പരപ്പ് തീര്‍ക്കുന്നത്. മലയാളത്തിന്‍െറ സാംസ്കാരിക പാതിയായി വാഴുമ്പോഴും അതിരപ്പിള്ളി-വാഴച്ചാലില്‍ ജലകണങ്ങള്‍ ‘കരിമരുന്ന്’ പ്രയോഗം നടത്തുമ്പോഴും കലാമണ്ഡലത്തില്‍ ഭാവപകര്‍ച്ചയുടെ പച്ച തീര്‍ക്കുമ്പോഴുമെല്ലാം ‘ശ്ശൂരെ’ന്ന തൃശ്ശിവപേരൂര്‍ ഓരോരോ പൂരത്തിന് കൊടികയറ്റുകയാണ്. മലയാളത്തെ, കേരളത്തെ കണ്ടും കേട്ടും മണത്തും മനസ്സിലാവാഹിക്കാന്‍ തൃശൂരിനോളം പോന്ന മറ്റൊരിടമില്ളെന്ന് ഓരോ സഞ്ചാരിയും സമ്മതിക്കും. 
കേരള സാഹിത്യ അക്കാദമി,കേരള സംഗീത നാടക അക്കാദമി, കേരള ലളിത കലാ അക്കാദമി, കേരള കലാമണ്ഡലം എന്നീ സാംസ്കാരിക സ്ഥാപനങ്ങള്‍ ഇവിടെയാണ്.അതിരപ്പിള്ളി വെള്ളച്ചാട്ടം ,വാഴച്ചാല്‍, പീച്ചി,വാഴാനി, ചിമ്മിനി ഡാമുകള്‍, വിലങ്ങന്‍ കുന്ന് എന്നിവ ടൂറിസം കേന്ദ്രങ്ങളാണ്. ഗുരുവായൂര്‍, വടക്കുന്നാഥന്‍, തൃപ്രയാര്‍,കൊടുങ്ങല്ലൂര്‍  ക്ഷേത്രങ്ങള്‍,കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്,ബൈബിള്‍ ടവര്‍ സ്ഥിതി ചെയ്യുന്ന പുത്തന്‍പള്ളി,പാലയൂര്‍ പള്ളി,മാളയിലെ ജൂതപ്പള്ളി എന്നിവ അധ്യാത്മിക ചൈതന്യമായി നിലകൊള്ളുന്നു. തൃശൂര്‍ പൂരത്തിന് പുറമെ ആറാട്ടുപുഴ,ഉത്രാളിക്കാവ്,പെരുവനം,അന്തിമഹാളന്‍ കാവ് ഉത്സവങ്ങളും മച്ചാട്  മാമാങ്കവും  ഉത്സവങ്ങളുടെ നാടെന്ന പരിവേഷം  ചാര്‍ത്തുന്നു.ഒട്ടേറെ സാംസ്കാരിക നായകന്മാരുടെ ജന്മദേശവും വളര്‍ത്തുദേശവുമാണ് തൃശൂര്‍.
 
ചരിത്രം
വടക്കുന്നാഥ ക്ഷേത്ര സാന്നിധ്യമുള്ളതിനാല്‍ തിരു- ശിവ-പേരൂര്‍ ലോപിച്ചാണ് തൃശൂരുണ്ടായതെന്നും മൂന്ന് ശിവക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ തൃശിവ പേരൂരെന്ന പേര് കിട്ടിയതെന്നും രണ്ടഭിപ്രായമുണ്ട്.ബുദ്ധിസം, ജൈനിസം, ബ്രാഹ്മണിസം, മറ്റ് യൂറോപ്യന്‍ സംസ്കാരങ്ങള്‍ എന്നിവ വേരോടിയ നാടാണ് തൃശൂര്‍. 10-12 നൂറ്റാണ്ടുകളില്‍ കുലശേഖര രാജവംശത്തിന്‍െറ അധീനതയിലായിരുന്നു. പിന്നീട് പെരുമ്പടപ്പ് സ്വരുപത്തിന്‍െറ ഭാഗമായി.ആദി ശങ്കരന്‍െറ സാന്നിധ്യത്താല്‍ പ്രധാന സംസ്കൃത-വേദ പഠന കേന്ദ്രമായിരുന്നു തൃശൂര്‍.കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്‍െറ സാന്നിധ്യം കാരണം സുഗന്ധവ്യഞ്ജന കച്ചവടത്തിന്‍െറ പ്രധാന കേന്ദ്രമായി. കൊച്ചിക്കും മദ്രാസിനും ശേഷം തെക്കേ ഇന്ത്യയിലെ പ്രധാന കച്ചവടകേന്ദ്രമായിരുന്നു തൃശൂര്‍.നവീന തൃശൂരിന്‍െറ ചരിത്രം തുടങ്ങുന്നത് 1790 ല്‍ ശക്തന്‍ തമ്പുരാന്‍ അധികാരമേല്‍ക്കുന്നത് മുതല്‍ക്കാണ്.ടിപ്പുവിന്‍െറ പടയോട്ടത്തെ ചെറുത്ത ശക്ന്‍ തമ്പുരാനാണ് തൃശൂര്‍ പൂരത്തിന് തുടക്കമിട്ടത്. ഇന്നത്തെ രൂപത്തില്‍ തൃശൂരിനെ മാറ്റിയെടുത്ത നഗരശില്‍പികൂടിയാണ് ശക്തന്‍ തമ്പുരാന്‍.
കേരള സാഹിത്യ അക്കാദമി
സാംസ്കാരിക തറവാടെന്നറിയപ്പെടുന്ന കേരള സാഹിത്യ അക്കാദമി നഗര ഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്.1956ല്‍ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ രാജാവാണ് കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തത്.1957ല്‍ തൃശൂരിലേക്ക് മാറ്റി. ഒരുലക്ഷത്തിലേറെ പുസ്തങ്ങളുള്ള ലൈബ്രറി ഇവിടെയുണ്ട്.
കേരള സംഗീതനാടക അക്കാദമി
സംസ്ഥാനത്തെ തനത് കലകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട  കേരള സംഗീത നാടക അക്കാമി 1958 ല്‍ തൃശൂരിലെ ചെമ്പുക്കാവിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഉദ്ഘാടനം ചെയ്തത്.സംഗീതം, നാടകം, നൃത്തരൂപങ്ങള്‍ എന്നിവയെക്കുറിച്ച ഒട്ടേറെ പഠനഗ്രന്ഥങ്ങള്‍ പുറത്തിറക്കിയീട്ടുണ്ട്. വേദിയായി റീജനല്‍ തിയറ്ററും സംഗീത നാടക അക്കാദമിക്കുണ്ട്.
കേരള ലളിത കലാ അക്കാദമി
ശില്‍പകല, ചിത്രകല, ദൃശ്യകലകള്‍,സംസ്കാരം എന്നിവയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് 1962ല്‍ ലളിതകലാ അക്കാദമിക്ക് തുടക്കമിട്ടത്.കലാരംഗത്ത് അമൂല്യ സംഭാവനയും കലാകാരന്മാര്‍ക്ക് പ്രോത്സാഹനവുമായി നിലകൊള്ളുന്ന സ്ഥാപനമാണിത്. ഇന്ത്യയിലും വിദേശത്തുമുള്ള കലാകാരന്മാരുടെ  ശില്‍പ-ചിത്ര പ്രദര്‍ശനം, ശില്‍പശാലകള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ച് വരുന്നു.
കേരള കലാമണ്ഡലം 
തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തൃശൂരില്‍ നിന്ന് 32 കിലോമീറ്റര്‍ മാറി ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്.കഥകളിയുടെ ഈറ്റില്ലമായ കലാമണ്ഡലം ഇപ്പോള്‍ കല്‍പിത സര്‍വകലാശാലയാണ്.1930ല്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോനും മുകുന്ദരാജയും ചേര്‍ന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്. കഥകളി, മോഹിനിയാട്ടം, തുള്ളല്‍, കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി,നങ്ങ്യാര്‍കൂത്ത് , പഞ്ചവാദ്യം എന്നിവ ഇവിടെ പഠിപ്പിക്കുന്നു. ചെണ്ട,മിഴാവ്,മദ്ദളം തുടങ്ങിയ വാദ്യോപകരണങ്ങളിലും പരിശീലനം നല്‍കുന്നു. വിദേശികളടക്കം ധാരാളം സഞ്ചാരികളാണ് കലാമണ്ഡലത്തിന്‍െറ പെരുമ തേടി ഇവിടെയത്തെുന്നത്. 
തൃശൂര്‍ പൂരം
ലോക ടുറിസം ഭൂപടത്തില്‍ ഇടം കണ്ടത്തെിയ തൃശൂര്‍ പൂരം മേടമാസത്തിലെ പൂരം നാളിലാണ് പൊട്ടിവടരുക. തുടര്‍ച്ചയായി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരം നഗരഹൃദയത്തിലാണ് അരങ്ങേറുന്നത്. തിരുവമ്പാടി ,പാറമേക്കാവ് വിഭാഗങ്ങള്‍ മത്സരിച്ച് ഒരുക്കുന്ന പൂരത്തില്‍ സമീപത്തെ എട്ടുഘടക ക്ഷേത്രങ്ങളും പങ്കാളികളാകുന്നു. മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം എന്നീ വാദ്യപ്പേമാരികള്‍ക്ക് പുറമെ തെക്കോട്ടിറക്കത്തിന് ശേഷമുള്ള കുടമാറ്റവും ലോക പ്രശസ്തമാണ്. തുടര്‍ന്നുള്ള വെടിക്കെട്ടിന്‍െറ ശബ്ദ-ദൃശ്യ ചാരുത ഏറ്റുവാങ്ങാന്‍ പതിനായിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകുക.
ആറാട്ടുപുഴ പൂരം
ദേവസംഗമം എന്നറിയപ്പെടുന്ന പൂരമാണ് ആറാട്ടുപുഴയിലേത്. തൃശൂര്‍ നഗരത്തില്‍ നിന്ന് 14 കിലോ മീറ്റര്‍ മാറി, കരുവന്നൂര്‍ പുഴയുടെ തീരത്താണ് ആറാട്ടുപുഴ ശാസ്താ ക്ഷേത്രം. മീനമാസത്തിലെ പൂരം നാളിലാണ് ഇവിടെത്തെ ഉത്സവം.ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമാണ് ആറാട്ടുപുഴ പൂരത്തിന് കണക്കാക്കുന്നത്.ഏഴുപതോളം ആനകള്‍ ആറാട്ടുപുഴ കൂട്ടിയെഴുന്നള്ളിപ്പിനുണ്ടാകും.
ഉത്രാളിക്കാവ് പൂരം
തൃശൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്താണ് ഉത്രാളിക്കാവ് ക്ഷേത്രം. എട്ടുദിവസം നില്‍ക്കുന്ന ഉത്സവത്തില്‍ എഴുന്നെള്ളിപ്പും വെടിക്കെട്ടും പ്രശസ്തമാണ്.
മച്ചാട് മാമാങ്കം
മധ്യകേരളത്തിലെ ആനകളില്ലാത്ത അപൂര്‍വം ഉത്സവങ്ങളിലൊന്നാണിത്.തൃശൂര്‍ നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെതിരുവാണിക്കാവ് ക്ഷേത്രത്തിലെ കുതിരവേലയാണ് മച്ചാട് മാമാങ്കമെന്ന് അറിയപ്പെടുന്നത്.കുംഭമാസത്തിലാണ് വേല. കെട്ടുകുതിരകളുമായി പങ്കാളികളായ അഞ്ചു ദേശക്കാര്‍ തിരുവാണിക്കാവ്  ക്ഷേത്രത്തിലേക്കെഴുന്നള്ളിക്കുന്നതാണ് ഇവിടത്തെ ആഘോഷം.
കൊടുങ്ങല്ലൂര്‍ ഭരണി
മീനമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് കൊടുങ്ങല്ലൂര്‍ ഭരണി. കാവുതീണ്ടല്‍ ഭരണിയിലെ പ്രധാന ആചാരമാണ്.
അതിരപ്പിള്ളി - വാഴച്ചാല്‍
തൃശൂര്‍ -എറണാകുളം റൂട്ടിലെ ചാലക്കുടിയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.തൃശൂരില്‍ നിന്ന് 63 കിലോമീറ്റര്‍. ഏതാണ്ട് 150 അടി ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതമാണ് പ്രധാന ആകര്‍ഷണം. ജലപാതത്തിന്‍െറ മുകള്‍ഭാഗത്തും താഴെയും നിന്ന് ആസ്വദിക്കാന്‍ സൗകര്യമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വാഴച്ചാല്‍ മറ്റൊരു ടൂറിസം കേന്ദ്രമാണ്. നിബിഡ വനത്തിനടുത്ത ചാലക്കുടിപ്പുഴയാണിതിന്‍െറ മനോഹാരിത.കാടിന്‍െറ പച്ചപ്പും ജലപാതത്തിന്‍െറ വന്യതയും കാരണം സിനിമാചിത്രീകരണങ്ങളുടെ പ്രധാന കേന്ദ്രമാണ്.
തുമ്പൂര്‍മുഴി തടയണ
ചാലക്കുടി നദീതട പദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയില്‍ ചാലക്കുടിക്കും അതിരപ്പള്ളിക്കും ഇടയിലായുള്ള തുമ്പൂര്‍മുഴി എന്ന ഗ്രാമത്തില്‍ പണിത  തടയണ മനോഹരമാണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം മനോഹരമായ വെള്ളച്ചാട്ടത്തിന്‍്റെ പ്രതീതി ജനിപ്പിക്കുന്നു.തടയണയോട് ചേര്‍ന്ന് ഒരു പൂന്തോട്ടവും കുട്ടികള്‍ക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് പ്രദേശം.
വിലങ്ങന്‍കുന്ന്
കുന്നംകുളം - ഗുരുവായൂര്‍ റോഡില്‍ 80 മീറ്ററോളം ഉയരത്തിലുള്ള വിലങ്ങന്‍ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദ സംഞ്ചാര കേന്ദ്രമാണ്. 50 ഏക്കറിലധികം വിസ്തൃതിയുള്ള ഈ കുന്ന് ജില്ലയിലെ ഏറ്റവും ഉയരം കൂടിയയതാണ്. വിനോദസഞ്ചാരികള്‍ക്കായി ഇവിടെ ഒരു ഒൗട്ട് ഡോര്‍ തിയേറ്ററുണ്ട്. കുട്ടികള്‍ക്കായി പാര്‍ക്കും. ജില്ലയിലെ അടാട്ട് പഞ്ചായത്തിലാണിത്. 
പീച്ചി
തൃശൂര്‍ വന്യജീവി സങ്കേതവും അണക്കെട്ടുമാണ് പീച്ചിയെ ആകര്‍ഷണീയമാക്കുന്നത്. കേരളത്തിലെ പഴക്കം ചെന്ന ഡാമുകളിലൊന്നാണിത്. മണലിപ്പുഴക്ക് കുറുകെ നിര്‍മിച്ച ഡാം സൈറ്റില്‍ ബോട്ടിങ് സൗകര്യവുമുണ്ട്. പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം കൂടിയായ പീച്ചിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനും പൂന്തോട്ടവും ആകര്‍ഷകമാണ്. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്‍.ഐ) തൃശൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി പീച്ചിക്കടുത്തുള്ള കണ്ണാറയില്‍ സ്ഥിതിചെയ്യുന്നു.
വാഴാനി അണക്കെട്ട്
വടക്കാഞ്ചേരിപ്പുഴക്ക് കുറുകെ കളിമണ്ണ് കൊണ്ട് തീര്‍ത്ത ഡാമാണിത്. മികച്ച പൂന്തോട്ടം ഇവിടെയുണ്ട്.വടക്കാഞ്ചേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഡാമിന് 792.48 മീറ്റര്‍ നീളമുണ്ട്. 
ചിമ്മിനി അണക്കെട്ട്
നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ചിമ്മിനി അണക്കെട്ട് ജൈവവൈവിധ്യസമ്പുഷ്ടമാണ്. ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രമാക്കിയത് 1984 ലാണ്.നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടെത്തെ സീസണ്‍. കുറുമാലിപ്പുഴയോടനുബന്ധിച്ച് അണക്കെട്ടില്‍ നിന്ന് കൃഷിക്കായി ജലവിതരണം നടത്തുന്നു.
തൃശൂര്‍ മൃഗശാല
നഗരത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ മാറി ചെമ്പുക്കാവിലാണ് മൃഗശാല. 13.5 ഏക്കറിലുള്ള മൃഗശാലയില്‍  മൃഗങ്ങള്‍ക്കുപുറമെ അപൂര്‍വ വൃക്ഷശേഖരവുമുണ്ട്.
ശക്തന്‍ കൊട്ടാരം
ശക്തന്‍ തമ്പുരാന്‍െറ കൊട്ടാരം പുരാവസ്തുവകുപ്പ് തനിമ ചോരാതെ സംരക്ഷിച്ചിട്ടുണ്ട്. നഗരത്തില്‍ വടക്കേ സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് കൊട്ടാരമുള്ളത്. ശലഭോദ്യാനവും ഓപ്പണ്‍ എയര്‍ തിയറ്ററും കൊട്ടാരത്തോട് ചേര്‍ന്നുണ്ട്.
കൊടുങ്ങല്ലൂര്‍
ചേരമാന്‍ പെരുമാള്‍മാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ജൂത-കൈസ്തവ-ഇസ്ലാം മതങ്ങളുടെ കേരളത്തിലെ ആദ്യകാല ദേവാലയങ്ങള്‍ ഇവിടെയാണ് സ്ഥാപിതമായത്.ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, തോമാശ്ളീഹ ആദ്യമായി വന്നിറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരില്‍  ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ച അതിപുരാതന  ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്നിവയെല്ലാം ഇവിടെയാണ്. കുരുംബ ഭഗവതി ക്ഷേത്രം ഭരണി ഉത്സവം പ്രശസ്തമാണ്.
ചേരമാന്‍ ജുമാ മസ്ജിദ്
ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ കൊടുങ്ങല്ലൂരിലാണ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദുള്ളത്. എ.ഡി.629ല്‍ പണി തീര്‍ത്തു.
ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്ന എണ്ണവിളക്ക് ഇവിടെയുണ്ട്. 
 
ഗുരുവായൂര്‍
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം രാജ്യാന്തര പ്രശസ്തിയുള്ളതാണ്. പുന്നത്തൂര്‍ ആനക്കോട്ട, മ്യൂസിയം, ചുവര്‍ ചിത്ര പഠന കേന്ദ്രം എന്നിവ ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. കേരളത്തില്‍ നാട്ടാനകളെ ഏറ്റവും കൂടുതല്‍ ഒന്നിച്ചുകാണുന്ന ഏകസ്ഥലമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ പുന്നത്തൂര്‍ ആനക്കോട്ട.അറുപതിലേറെ ആനകളെ ഇവിടെ സംരക്ഷിക്കുന്നു.സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.
പാലയൂര്‍
 ചരിത്ര പ്രസിദ്ധമായ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രമാണ് പാലയൂര്‍. സെന്‍റ് തോമസ് സ്ഥാപിച്ച ഈ പള്ളി, ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിയെന്നാണ് കരുതുന്നത്.തൃശൂരില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ ഗുരുവായൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് പള്ളി സ്ഥിതിചെയ്യുന്നത്.
ബൈബിള്‍ ടവര്‍
260 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ടവര്‍ പുത്തന്‍പള്ളിയെന്നറിയപ്പെടുന്ന ഡോളേഴ്സ് ചര്‍ച്ചിലാണുള്ളത്.160 അടി ഉയരത്തില്‍ ലിഫ്റ്റ് സൗകര്യം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.അവിടെ പ്ളാറ്റ്ഫോമില്‍ 250 പേര്‍ക്ക് നില്‍ക്കാം.ഗോഥിക് മാതൃകയില്‍ പണിത ഡോളേഴ്സ് ചര്‍ച്ചില്‍ 25,000 ചതുരശ്ര അടിയുള്ള ഹാളുണ്ട്. ഉയരം കൊണ്ടും വലിപ്പം കൊണ്ടും ഏഷ്യയിലെ  വലിയ പള്ളികളിലൊന്നാണിത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.