സന്ദര്‍ശകരുടെ പറുദീസയായി ഹത്ത

ദുബൈയുടെ മലയോര പ്രദേശമായ ഹത്ത സന്ദര്‍ശകരുടെ ഇഷ്ടമേഖലയാകുന്നു. കുന്നുകളും കാര്‍ഷിക മേഖലകളും പൗരാണിക ചരിത്രശേഷിപ്പുകളും വെള്ളത്തിന്‍െറ ഉദ്ഭവ കേന്ദ്രങ്ങളും ഹത്തയെ ഇഷ്ടകേന്ദ്രമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവിടേക്കുള്ള യാത്ര തന്നെ മനോഹരമാണ്. വിവിധ എമിറേറ്റുകളും ഒമാനും ഹത്ത യാത്രയിലേക്ക് കടന്നുവരും. ഷാര്‍ജയുടെ ഭാഗമായ മദാം കഴിഞ്ഞാല്‍ ഒമാന്‍െറ ഭാഗമായ റൗദയാണ്. ഒമാനിലെത്തിയാല്‍ മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും. പിന്നെ സൂക്ഷിക്കണം. വിളിച്ചാലും വിളി സ്വീകരിച്ചാലും റോമിങ് ഇനത്തില്‍ പണം പോകും.

ഒമാന്‍ ഗ്രാമങ്ങള്‍ക്കിടയില്‍ ഷാര്‍ജയുടെ കുഞ്ഞുഗ്രാമമായ നസ്ബയുമുണ്ട്. ഇത് കഴിയുമ്പോള്‍ അജ്മാന്‍ എമിറേറ്റിന്‍െറ ഭാഗമായ മുസീറയും മസ്ഫൂത്തുമെത്തും. പിന്നെയാണ് ദുബൈയുടെ ഗ്രാമങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ട് പരിശോധനാ കേന്ദ്രങ്ങളാണ് യു.എ.ഇ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സൈന്യത്തിനാണ് പരിശോധന ചുമതല. കൃത്യമായ രേഖകള്‍ ഹത്ത യാത്രയില്‍ നിര്‍ബന്ധമാണ്. രേഖകളില്ലാതെ ഒമാനിലേക്കും മറ്റും കടക്കാന്‍ ശ്രമിച്ച നിരവധിയാളുകളെ പരിശോധനക്കിടെ പിടികൂടുന്നുണ്ട്. ഒമാന്‍ തുടങ്ങുന്നതിന് മുമ്പാണ് ആദ്യ പരിശോധന കേന്ദ്രം. മുസീറയിലാണ് രണ്ടാമത്തേത്. ഹത്തയിലെ കാര്‍ഷിക മേഖല സമ്പന്നമാണ്. വിവിധ തരം വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ഈന്തപ്പഴം എന്നിവ യഥേഷ്ടം വിളഞ്ഞ് കിടക്കുന്ന വയലുകള്‍ കാണാം. ജല ലഭ്യതയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നത്. രണ്ട് അണക്കെട്ടുകളാണ് ഇവിടെയുള്ളത്. തോട്ടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഹത്തയുടെ പരമ്പരാഗത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാതെ മടങ്ങരുത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കിടപ്പ് മുറികളും മജ്ലിസുകളും ശത്രുക്കളെ നിരീക്ഷിക്കാനായി തീര്‍ത്ത കോട്ടകളും ആരെയും അത്ഭുതപ്പെടുത്തും. 1880ല്‍ അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് ഹശര്‍ ബിന്‍ മക്തൂം ബിന്‍ ബൂത്തിയാണ് ഇവ നിര്‍മിച്ചത്. ശത്രുക്കളുടെ നീക്കം മനസ്സിലാക്കാനും അവരെ നേരിടാനും കഴിയുന്ന തരത്തിലുള്ള നിര്‍മിതി പ്രാചീന കലാവിരുതിന്‍െറ തിളക്കം കൂട്ടുന്നു.


പഴയ കാലത്ത് ഈന്തപ്പന തടികളും ഓലകളും കല്ലും ചുണ്ണാമ്പും ചേര്‍ത്ത് നിര്‍മിച്ച ചെറിയ വീടുകള്‍ അതേ നിലയില്‍ സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടത്താനായി പ്രത്യേക അറകള്‍ പരമ്പരാഗത ഗ്രാമത്തിലെ കോട്ടയിലുണ്ട്. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. തോക്ക്, കത്തി, കുന്തം, അമ്പും വില്ലും, ചുരിക എന്നിവ  മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. അവയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്നത്തെ പാറാവുകാരുടെ ചിത്രവും ചുമരില്‍ തൂങ്ങുന്നു.

മറ്റ് എമിറേറ്റുകളിലെ പരമ്പരാഗത ഗ്രാമങ്ങളില്‍ നിന്ന് ഹത്തയെ വ്യത്യസ്ഥമാക്കുന്നത് ഇതിനോടനുബന്ധിച്ച വിശാലമായ കാര്‍ഷിക മേഖലയാണ്. പച്ചക്കറികളാണ് പ്രധാന കൃഷി. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തിലല്ല. പൈന്‍മരങ്ങളും മറ്റും തീര്‍ക്കുന്ന തണല്‍ ചൂടുകാലത്തെ ചെറുത്ത് നില്‍ക്കും. പുരാതന വസ്തുക്കള്‍ വാങ്ങാന്‍ ഇവിടെ ഗിഫ്റ്റ് ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വാതിലുകളില്‍ മനോഹരമായ കൊത്തുപണികളാണ് നടത്തിയിരിക്കുന്നത്. വിശ്രമിക്കാന്‍ നിരത്തിയിട്ട ഇരിപ്പിടങ്ങളിലുമുണ്ട് പഴമ.

ദുബൈയില്‍ നിന്ന് ഡ്രാഗണ്‍ മാര്‍ട്ടിന് മുന്നിലൂടെ കടന്നുപോകുന്ന ഹത്ത-ഒമാന്‍ റോഡ് വഴി ഇവിടേക്കെത്താം. ദൈദ്- മദാം റോഡിലൂടെയും വരാം. ദുബൈ സബ്കയില്‍ നിന്ന് ഇവിടേക്ക് മണിക്കൂര്‍ ഇടവിട്ട് ബസുണ്ട്. ഹത്തയിലെ പള്ളികള്‍ നമസ്കാര ശേഷം അടക്കാത്തത് ബസുകളില്‍ എത്തുന്നവര്‍ക്ക് അനുഗ്രഹമാണ്. ബസ് ഇറങ്ങി നടക്കാവുന്ന ദൂരമേയുള്ളൂ പരമ്പരാഗത ഗ്രാമത്തിലേക്കും അണക്കെട്ടിലേക്കും. ഇവിടെ നിന്ന് അവസാന ബസ് ദുബൈയിലേക്ക് പോകുന്നത് രാത്രി 9.30നാണ്. ഹത്ത ബസ്സ്റ്റാന്‍റ് മനോഹരമാണ്. വൃത്തിയുള്ള ഇരിപ്പിടങ്ങളും പരിസരത്ത് വെച്ചുപിടിപ്പിച്ച ചെടികളും കുളിര്‍മ പകരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.