കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് സൈക്കിൾയാത്രയിൽ

ഫായിസിന്‍റെ സൈക്കിൾ നാളെ യു.എ.ഇയിൽ

 ദുബൈ: ദേശദേശാന്തരങ്ങൾ താണ്ടി ഫായിസും അവന്‍റെ സൈക്കിളും തിങ്കളാഴ്ച ഇമാറാത്തി മണ്ണിലെത്തും. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന യാത്ര ഒമാനിൽ നിന്നാണ് അതിർത്തികടന്ന് യു.എ.ഇയിൽ എത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ യാത്ര ലണ്ടൻ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 450 ദിവസം പിന്നിടുമ്പോൾ ലണ്ടനിലേക്ക് ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ. 'ആസാദി ക അമൃത് മഹോത്സവി'ന്‍റെ ഭാഗമായി ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ 'ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്' എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തിൽ റോട്ടറി ഇന്‍റർനാഷനലിന്‍റെ പിന്തുണയോടെയാണ് സൈക്കിളിൽ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടാനുള്ള യജ്ഞം കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് തുടങ്ങിയത്.

കേരളത്തിൽ തുടങ്ങിയ യാത്ര മുംബൈയിലെത്തിയ ശേഷം വിമാനമാർമാണ് ഒമാനിലിറങ്ങിയത്. അവിടെ നിന്ന് റോഡ് മാർഗമാണ് യു.എ.ഇയിൽ എത്തുന്നത്. മൂന്നാഴ്ചയോളം ഫായിസ് യു.എ.ഇയിലുണ്ടാവും. യു.എ.ഇയിൽ ഡി.എക്സ്.ബി റൈഡേഴ്സാണ് ഫായിസിന് അകമ്പടി സേവിക്കുന്നതും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും. ഇടവഴികളും മരുഭൂമികളും മലകളും താണ്ടി ഏഴ് എമിറേറ്റുകളും പിന്നിട്ടായിരിക്കും യു.എ.ഇ പര്യടനം. 26ന് ഫുജൈറയിലാണ് യാത്ര തുടങ്ങുന്നത്. തൊട്ടടുത്ത ദിവസം ഖോർഫുക്കാനിലെത്തും. അടുത്ത നാല് ദിവസങ്ങളിലായി റാസൽഖൈമയും ഉമ്മുൽ ഖുവൈനും അജ്മാനും മറികടക്കും. 2, 3 തീയതികളിൽ ഷാർജ. നാല് മുതൽ 11 വരെ ദുബൈയിലൂടെ കറങ്ങും. ഏറ്റവും കൂടുതൽ ദിവസം ചെലവഴിക്കുന്നതും ദുബൈയിലായിരിക്കും. 12ന് അൽ ജർഫിലെ അഡ്നോക്കിലെത്തും. 13ന് അബൂദബി പര്യടനം തുടങ്ങും. 15 മുതൽ 18 വരെ മലരാരണ്യത്തിലൂടെയായിരിക്കും യാത്ര. 19ന് സില ബോർഡർ കടന്ന് സൗദിയിലേക്ക് തിരിക്കും.



ഫായിസ് അഷ്റഫ് യാത്രക്കിടെ

ഖത്തർ, ബഹ്റെൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി എന്നിവയാണ് അടുത്ത ലക്ഷ്യസ്ഥാനങ്ങൾ. അവിടെ നിന്ന് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുക്രൈൻ, പോളണ്ട്, ചെകോസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റലർലാൻഡ്, ജർമനി, നെതർലൻഡ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പൂർത്തിയാക്കും. പാകിസ്ഥാൻ, ചൈന എന്നിവയുടെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫായിസിന്‍റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്‍റെ സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയായ പാരാജോണാണ് സൈക്കിൾ സ്പോൺസർ ചെയ്തിരിക്കുന്നത്. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. 2019 ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്. ലോക സമാധാനം, സീറോ കാർബൺ, മയക്ക് മരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവ യാത്രാ ലക്ഷ്യങ്ങളാണ്. ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്. ഭാര്യ ഡോ. അസ്മിന്‍ ഫായിസാണ് യാത്രക്ക് എല്ലാവിധ പ്രോൽസാഹനങ്ങളും നൽകുന്നത്. ഫഹ്സിന്‍ ഒമർ, അയ്സിന്‍ നഹേൽ എന്നിവർ മക്കളാണ്. 

Tags:    
News Summary - Faiz's cycle trip in UAE tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.