കുടുംബശ്രീ കമ്യൂണിറ്റി ടൂറിസം പദ്ധതിയുടെ ഭാഗമായി വെളിയനാട് വെള്ളംനിറഞ്ഞ പാടത്ത് സ്ഥാപിച്ച ജലചക്രം ചവിട്ടുന്ന സഞ്ചാരികൾ
ആലപ്പുഴ: കുട്ടനാടിന്‍റെ സൗന്ദര്യംനുകർന്നും ചക്രംചവിട്ടിയും കയർപിരിച്ചും സഞ്ചാരികളെത്തി. തദ്ദേശീയർക്ക് വരുമാനം ഉറപ്പിക്കാൻ കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം പാക്കേജിലൂടെയാണ് പുതിയയിടം കണ്ടെത്തിയത്. മഴയിൽ വെള്ളം കയറിക്കിടക്കുന്ന വെളിയനാട് വിശാലമായ പാടശേഖരങ്ങൾക്ക് നടുവിലൂടെ കോതമംഗലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വഴിയെത്തിയ നൂറിലധികം വിനോദസഞ്ചാരികൾക്കാണ് കൗതുകമുണർത്തുന്ന കാഴ്ചകൾ സമ്മാനിച്ചത്.
ഇതിൽ പ്രധാനം നീലമ്പേരൂർ പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് വനിതകൾ നടത്തുന്ന വാട്ടർ ടൂറിസം പദ്ധതിയായ കുട്ടവഞ്ചി, കയാക്കിങ്, പെഡൽ ബോട്ട് അടക്കമുള്ള വിനോദ ഉപകരണങ്ങൾ വെളിയനാട് വെള്ളംനിറഞ്ഞ പാടത്ത് എത്തിച്ചാണ് സഞ്ചാരികളുടെ മനംകവർന്നത്. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും ഉറപ്പാക്കിയിരുന്നു. റോഡുകൾക്ക് മുകളിലെ വെള്ളത്തിന് മീതെയാണ് കെ.എസ്.ആർ.ടി.സി ബസുകൾ സഞ്ചരിച്ചത്.
പതിവ് സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായ യാത്രയിലേക്കാണ് ആലപ്പുഴ കുടുംബശ്രീ ജില്ലമിഷന്‍റെ ആലപ്പി റൂട്സ് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോയത്. ജലചക്രം, കയറുപിരിക്കൽ, പ്രാചീന മീൻകൂട കെട്ടൽ, വല നെയ്യൽ തുടങ്ങി കുട്ടനാടൻ ജനജീവിതത്തിന്റെ നേർചിത്രം അനുഭവവേദ്യമാക്കുകയാണ് കുടുംബശ്രീ സംസ്ഥാനമിഷന്റെ കമ്യൂണിറ്റി ബേസ്ഡ് ടൂറിസം. പുതുതലമുറക്ക് അന്യമായ കയർപിരിക്കൽ, സാധാരണവീട്ടന്മാർ ഓലകൊണ്ടുള്ള വിവിധങ്ങളായ കണ്ണട, പന്ത്, വാച്ച്, ഹെലികോപ്ടർ, പീപ്പി എന്നിവയുടെ നിർമാണം, പഴയകാലത്ത് മീൻപിടിക്കാൻ ഉപയോഗിച്ച ഓലയുടെ കൂട്, തദ്ദേശീയർ വല നെയ്യുന്നത് തുടങ്ങിയവല്ലൊം കണ്ടു. ഇതിൽ പ്രധാനം കാവാലത്തുനിന്ന് എത്തിച്ച ചക്രംചവിട്ടുന്നതും പുതുകാഴ്ചയായി. നാടൻപാട്ടിന്‍റെ അകമ്പടിയിലാണ് സഞ്ചാരികൾ ചക്രംചവിട്ടിയത്.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു യാത്ര. റോഡരികിലെ വെളിയനാട് വെള്ളിശ്രാക്കൽ നാലുമണിക്കാറ്റ് കുടുംബശ്രീ യൂനിറ്റ് തയാറാക്കിയ കുട്ടനാടൻ ഉച്ചഭക്ഷണവുമുണ്ടായിരുന്നു.
കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷനാണ് കമ്യൂണിറ്റി ടൂറിസം പദ്ധതി ഫീൽഡ്തലത്തിൽ നടപ്പാക്കുന്നത്. ആലപ്പി റൂട്സിനുവേണ്ടി വെളിയനാട്, കാവാലം, നീലമ്പേരൂർ പഞ്ചായത്തുകളിലെ കമ്യൂണിറ്റി ടൂറിസം സർവിസ് കമ്മിറ്റിയാണ് സഞ്ചാരികളെ വരവേറ്റത്. ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്‍റെയും നേതൃത്വത്തിലാണ് പഞ്ചായത്ത് തലത്തിലെ ടൂറിസം സംരംഭകരെ കണ്ടെത്തുന്നത്.
കുടുംബശ്രീ ജില്ലമിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിത്, വെളിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷൈൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സി.ടി. രാധാമണി, കമ്യൂണിറ്റി ടൂറിസം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് രമ്യ സന്തോഷ്, പി.എസ്. അഞ്ജു, ചിഞ്ചു സോമൻ, ടി.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷൻ മെന്റർമാരായ ഷെൽബി പി. സ്ലീബ (സെൻട്രൽ പൂൾ മെന്റർ), എൻ.എ. ഹുസൈന എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കെ.എസ്.ആർ.ടി.സി കോതമംഗലം ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരായ ജെയ്സൺ ജോസഫ്, കെ.എൻ. മനോജ്, എം.എം. സുബൈർ, അഭിലാഷൻ എം. ബാബു എന്നിവർ സംഘത്തെ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.