ട്രെയിൻ യാത്ര ഇനി കാഴ്ചയുടെ വിരുന്ന്; കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഗുരുവായൂർ-മധുര എക്സ്പ്രസിൽ

കൊല്ലം: കേരളത്തിലും ഇനി വിസ്റ്റാഡോം കോച്ചിൽ ട്രെയിൻ യാത്ര. ഒക്ടോബർ 22 മുതൽ ജനുവരി 16 വരെ ഗുരുവായൂർ-മധുര എക്സ്പ്രസിൽ ഈ സൗകര്യം ലഭ്യമാകും. പ്രകൃതി ഭംഗി പൂർണമായി ആസ്വദിക്കാൻ കഴിയുന്ന വലിയ ഗ്ലാസ് ജനാലകളാണ് വിസ്റ്റാഡോം കോച്ചിന്റെ ആകർഷണം.

മലകളും നദികളും തീർക്കുന്ന പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ റൂട്ടുകളിൽ ട്രെയിൻ യാത്ര അവിസ്മരണീയമാക്കാൻ ഇത്തരം കോച്ചുകൾ സഹായിക്കുന്നു. ഗ്ലാസ് ജനാലകൾക്ക് പുറമെ ചില തരം കോച്ചുകളിൽ ഗ്ലാസ് മേൽക്കൂരകളും ഉപയോഗിക്കുന്നു. എല്ലാ ഭാഗത്തേക്കും തിരിക്കാവുന്ന സീറ്റുകളാണ് മറ്റൊരു പ്രത്യേകത. മനോഹരമായ ദൃശ്യങ്ങൾ മതി വരുവോളം പകർത്താനും ഈ ട്രെയിൻ യാത്രയിൽ സാധിക്കും.

ഒക്ടോബർ 22 മുതൽ ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിലാണ് വിസ്റ്റാഡോം കോച്ച് ലഭ്യമാകുക.

തന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്കിൽ കുറിച്ചു. ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകൾ നടത്തി.

പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര–ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും.

കേരളത്തിന്റെ റെയിൽവേ വികസനത്തിനും വിനോദസഞ്ചാര വളർച്ചക്കും സഹായകരമാകുന്ന കൂടുതൽ പദ്ധതികൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.