കോടമഞ്ഞിൽ പുതഞ്ഞ് ഏലപ്പീടിക; കണ്ണൂരിന്റെ സ്വന്തം ഊട്ടി ഉണരുന്നു
കേളകം: മലനിരകളെ തഴുകിയെത്തുന്ന കുളിർകാറ്റ്, താഴ്വാരങ്ങളെ പുതപ്പിക്കുന്ന കോടമഞ്ഞ്, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകൾ. പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് ''കണ്ണൂരിന്റെ ഊട്ടി''എന്നറിയപ്പെടുന്ന ഏലപ്പീടികയും നെടുംപൊയിലും. കണിച്ചാർ ഗ്രാമപഞ്ചായത്തിൽ സമുദ്രനിരപ്പിൽ നിന്ന് 600 മീറ്ററിലധികം ഉയരത്തിലാണ് ഏലപ്പീടിക സ്ഥിതി ചെയ്യുന്നത്. തലശ്ശേരി - ബാവലി അന്തർസംസ്ഥാന പാതയിൽ നെടുംപൊയിലിൽ നിന്ന് ഏലപ്പീടികയിലേക്കുള്ള യാത്ര തന്നെ മനോഹരമാണ്. ഇരുവശവും കാടും ബാവലി പുഴയുടെ കൈവഴികളും ചെറുഅരുവികളും നിറഞ്ഞ ഈ പാത ഫോട്ടോഗ്രാഫർമാർക്കും യാത്രികർക്കും പുതിയ അനുഭവമാണ്.
തെളിഞ്ഞ കാലാവസ്ഥയിൽ ഇവിടെ നിന്നാൽ വയനാടൻ മലനിരകളും പൈതൽമലയും താഴെയുള്ള ഗ്രാമങ്ങളും വ്യക്തമായി കാണാം. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി ശാന്തത തേടുന്നവരാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. വാരാന്ത്യങ്ങളിൽ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
സാധ്യതകൾ ഏറെ ഉത്തര മലബാറിലെ ടൂറിസം ഭൂപടത്തിൽ ഇതുവരെ അടയാളപ്പെടുത്താത്ത ഈ മേഖലക്ക് വലിയ സാധ്യതകളാണുള്ളത്. പ്രകൃതി നടത്തം, ക്യാമ്പിങ്, ഫോട്ടോഗ്രാഫി ടൂറിസം എന്നിവക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ. പ്രദേശത്തിന്റെ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണ്. ഏലപ്പീടികയിലേക്കുള്ള റോഡിന്റെ നവീകരണം, സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, വ്യൂ പോയിന്റുകൾ, ശുചിമുറികൾ, പാർക്കിങ് സൗകര്യം എന്നിവ ഒരുക്കണം.
ഒപ്പം പ്രാദേശിക ഉൽപ്പന്നങ്ങളായ തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന ചെറു വിപണികൾ, ഹോം സ്റ്റേകൾ, പ്രദേശത്തെ യുവാക്കൾക്ക് ഗൈഡ് സേവനങ്ങൾ എന്നിവ ആരംഭിച്ചാൽ ഉത്തരവാദിത്ത ടൂറിസം മാതൃക ഇവിടെ വിജയിപ്പിക്കാം. പ്രകൃതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായ വികസനം നടപ്പാക്കിയാൽ ഏലപ്പീടിക കണ്ണൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും ഇത് തദ്ദേശീയരായ കർഷകർക്കും ചെറുകിട സംരംഭകർക്കും പുതിയ പ്രതീക്ഷയാകുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.