കർണാടക സ്റ്റേറ്റ് ആർ.ടി.സി

നഷ്ട്ടത്തിലാണ്, നിരക്ക് വർധിപ്പിക്കണം; കർണാടകയിൽ ബസ് ചാർജ് വീണ്ടും കൂട്ടാൻ ശിപാർശ

ബംഗളൂരു: കർണാടകയിൽ സർക്കാർ ബസ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം. പൊതുഗതാഗത ഫെയർ റെഗുലേറ്ററി കമ്മിറ്റി (പി.ടി.എഫ്.ആർ.സി) ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. അവസാനമായി നിരക്ക് വർധിപ്പിച്ച് രണ്ട് വർഷം തികയുന്നതിന് മുമ്പാണ് വീണ്ടുമൊരു വർധന വരുന്നത്. സർവീസിൽ നിന്നും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) ബസുകളിൽ 40% വരെ നിരക്ക് വർധിപ്പിക്കാനാണ് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. കൂടാതെ, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NWKRTC), കല്ല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KKRTC) എന്നീ കോർപറേഷനുകൾക്ക് 25% നിരക്കുവർധനയാണ് ശിപാർശ ചെയ്തിരിക്കുന്നത്.

റിപ്പോർട്ടിലെ കണക്കുകൾ വലുതായി തോന്നാമെങ്കിലും, പ്രതിദിന യാത്രക്കാർക്ക് വലിയ ഭാരമുണ്ടാക്കാത്ത രീതിയിൽ ചെറിയ തോതിലായിരിക്കും ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 10നാണ് ഗതാഗത വകുപ്പ് റെഗുലേറ്ററി കമ്മിറ്റിയെ നിയോഗിച്ചത്. ഗതാഗത കോർപ്പറേഷനുകളുടെ സാമ്പത്തിക പ്രതിസന്ധി പഠിച്ച സമിതി, നിരക്കുവർധന ഒട്ടും ഒഴിവാക്കാനാവാത്തതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

നാല് ഗതാഗത കോർപ്പറേഷനുകൾക്കുമായി പ്രൊവിഡന്റ് ഫണ്ട്, ഡീസൽ കുടിശ്ശിക, ഗ്രാറ്റുവിറ്റി മുതലായവയിൽ നിലവിൽ 6,600 കോടിയുടെ കടബാധ്യതയുണ്ട്. 2026 ജൂലൈ 1 മുതൽ നടപ്പിലാക്കിയ 12.5% ശമ്പളവർധനവ് മൂലം പ്രതിവർഷം 873.64 കോടിയുടെ അധിക ബാധ്യതയുണ്ടായി. കൂടാതെ, ഡീസൽ വിലയിൽ ലിറ്ററിന് 7.81 രൂപയുടെ വർധന വന്നതോടെ ഇന്ധനച്ചെലവ് പ്രതിവർഷം 395 കോടി ഉയർന്നു.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന 'ശക്തി' പദ്ധതി വന്നതോടെ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന പുരുഷന്മാരുടെ അനുപാതം 48%-ൽ നിന്ന് 36% ആയി കുറഞ്ഞു. 2023 ജൂൺ മുതൽ 2026 ജൂലൈ വരെ പദ്ധതിക്കായി കോർപ്പറേഷനുകൾ 20,956 കോടി ചെലവഴിച്ചെങ്കിലും സർക്കാർ തിരികെ നൽകിയത് 15,305 കോടി മാത്രമാണ്. ഇതിൽ 5,651 കോടിയുടെ കുടിശ്ശിക നിലവിലുണ്ട്.

മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം കോർപ്പറേഷൻ ബോർഡുകൾക്ക് കമ്മിറ്റിയുടെ ശിപാർശകൾ അംഗീകരിക്കാൻ അധികാരമുണ്ട്. എന്നാൽ, നിരക്കുവർധന സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി ബി.എസ്. സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് വലിയ ആഘാതമില്ലാത്ത രീതിയിലുള്ള മിതമായ നിരക്കുവർധന മാത്രമേ ഉണ്ടാവൂ എന്നാണ് മന്ത്രി നൽകുന്ന സൂചന.

Tags:    
News Summary - Karnataka Proposes Bus Ticket Price Hike Citing Financial Losses and Mounting Debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.