തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷൽ എജുക്കേറ്റർമാരുടെ എണ്ണം സുപ്രീംകോടതിയിൽ പെരുപ്പിച്ചുകാട്ടി വിദ്യാഭ്യാസ വകുപ്പിന്റെ തട്ടിപ്പ്. സ്പെഷൽ എജുക്കേറ്റർമാരിൽ യോഗ്യരായവരുടെ സ്ഥിര നിയമനത്തിന് നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്.
പൊതുവിദ്യാലയങ്ങളിൽ 2,782 സ്പെഷൽ എജുക്കേറ്റർമാർ ഉണ്ടെന്നാണ് 2024 മാർച്ച് 12ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. 2,886 എജുക്കേറ്റർമാരുണ്ടെന്ന് നേരത്തെ സമഗ്രശിക്ഷ കേരളവും (എസ്.എസ്.കെ) വ്യക്തമാക്കിയിരുന്നു. ഇവർക്ക് സ്ഥിര നിയമനത്തിന് നടപടിയെടുക്കണമെന്ന വിധി വന്നശേഷം ഈ മാസം ആദ്യം വിദ്യാഭ്യാസ വകുപ്പ് നൽകിയ സത്യവാങ്മൂലത്തിൽ എണ്ണം 6,307 ആക്കി മാറ്റുകയായിരുന്നു. യോഗ്യരായവരെ സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് ഈ മാസം നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് 6,307 സ്പെഷൽ എജുക്കേറ്റർമാർ ഉണ്ടെന്ന് സർക്കാർ അറിയിച്ചതായി പറയുന്നത്.
രണ്ട് പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്ന സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്താനോ അർഹമായ വേതനം നൽകാനോ സർക്കാർ തയാറായിരുന്നില്ല. ഇതിനിടെയാണ് എജുക്കേറ്റർമാർ ഒന്നടങ്കം കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും. നിയമനത്തെ എതിർത്ത സർക്കാർ, സമഗ്ര ശിക്ഷ പദ്ധതിയിൽ സ്പെഷൽ എജുക്കേറ്റർമാരുടെ വേതനം ഉൾപ്പെടെയുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെന്ന് സുപ്രീംകോടതിയെ അറിയിച്ചു.
എന്നാൽ, ഫണ്ട് അനുവദിക്കാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയിൽ മറുപടി നൽകിയതോടെ നിയമനം നടത്തേണ്ട സാഹചര്യമായി. ഇതോടെയാണ് കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇവരുടെ സ്ഥിര നിയമനത്തിന് വഴി തെളിഞ്ഞത്. സ്ഥിരപ്പെടുത്തലിന് സ്വീകരിച്ച നടപടികൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ച കോടതി അടുത്ത ജനുവരി 31ന് സത്യവാങ്മൂലം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. യോഗ്യരായവരെ നിശ്ചിത പ്രക്രിയയിലൂടെ സ്ഥിരപ്പെടുത്തണമെന്ന് കോടതിയിൽനിന്ന് കർശന നിർദേശം വന്നതോടെയാണ് 2,886 പേരടങ്ങിയ യഥാർഥ പട്ടികയിലേക്ക് സ്വന്തക്കാരായ 3,500 ഓളം പേരെക്കൂടി ചേർത്ത് വിദ്യാഭ്യാസ വകുപ്പ് കൃത്രിമം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.