സംശയത്തിന്‍റെ പേരിൽ ഭാര്യയെ അറവുശാലയിലെത്തിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ

മഞ്ചേരി: സംശയത്തിന്‍റെ പേരിൽ ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള അറവുശാലയിൽ വെച്ച് ആദ്യഭാര്യ നരിക്കുനി കുട്ടമ്പൂർ സ്വദേശി റഹീനയെ (30) കൊലപ്പെടുത്തിയ കേസിലാണ് നജ്ബുദ്ദീന് കോടതി വധശിക്ഷ വിധിച്ചത്.

അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. റഹീനയെ നജ്ബുദ്ദീൻ പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്തിയ ദിവസം സഹായത്തിന് ജോലിക്കാരില്ലെന്നും സഹായത്തിന് വരണമെന്നും പറഞ്ഞാണ് ഇയാൾ ഭാര്യയെ അറവുശാലയിലെത്തിച്ചത്. പുലർച്ചെ രണ്ടുമണിക്ക് ബൈക്കിൽ കയറ്റിയാണ് റഹീനയെ കൊണ്ടുപോയത്.

36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും കൊലപാതകശേഷം മൃതദേഹത്തിൽ നിന്ന് പ്രതി കവർന്നു. 2017 ജൂലായ് 23ന് പുലർച്ചെയായിരുന്നു സംഭവം. റഹീനയോടുള്ള സംശയമാണ് കൊലപാതക കാരണം. കുറേ ദിവസം റഹീന പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിൽ കേസുകളും നിലവിലുണ്ടായിരുന്നു. ഇതിനിടെ പ്രതി മറ്റൊരു വിവാഹവും കഴിച്ചിരുന്നു. രണ്ടാംഭാര്യയെ സ്വന്തം വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്.

കശാപ്പുശാലയിൽ നിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. 2017 ജൂലായ് 25 നാണ് ഇയാൾ അറസ്റ്റിലായത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.