ദുബൈ: എല്ലാ പ്രായക്കാർക്കും നിർമിതബുദ്ധി സാങ്കേതികവിദ്യയെ കുറിച്ച് പഠിക്കാനും പരിശീലിക്കാനുമായി ‘എല്ലാവർക്കും എ.ഐ’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. 2026ൽ രാജ്യത്തുടനീളം സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി യു.എ.ഇയുടെ ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, ഡിജിറ്റൽ എക്കോണമി, റിമോട്ട് വർക് ആപ്ലിക്കേഷൻസ് ഓഫിസ് ഗൂഗ്ളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കോഡിങ് ദിന പരിപാടിയായ ‘യു.എ.ഇ കോഡ്സ് 2025’നോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ, യൂനിവേഴ്സിറ്റി പഠിതാക്കൾ, ജീവനക്കാർ, ഉള്ളടക്ക നിർമാതാക്കൾ, എല്ലാ പ്രായത്തിലുമുള്ള മറ്റുള്ളവർ എന്നിവർക്ക് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും എ.ഐ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. ചെറുകിട-ഇടത്തരം സംരംഭകരെയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പൊതുജന അവബോധം വർധിപ്പിക്കുന്നതിനായി 2026ൽ രാജ്യവ്യാപകമായി ഒരു കാമ്പയിനും ഈ സംരംഭത്തിൽ ഉൾപ്പെടും. പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് എ.ഐയുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് പഠിക്കാനും അനുബന്ധ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യം നേടാനും കഴിയും.
ലോകത്തിലെ മുൻനിര കമ്പനികളിൽ ഒന്നുമായുള്ള സഹകരണം സർക്കാറും സ്വകാര്യ മേഖലകളും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. സഹകരണങ്ങളിലൂടെ ഭാവിയിലെ കഴിവുകളാൽ സമൂഹത്തെ ശാക്തീകരിക്കുകയും നൂതന സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കാനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.
‘എ.ഐ ഫോർ ആൾ ഇനിഷ്യേറ്റിവ്’ പദ്ധതിയിലെ സഹകരണം എ.ഐയുടെ നേട്ടങ്ങൾ എല്ലാവർക്കും ലഭ്യമാകണമെന്ന പൊതുവായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്ന് ഗൂഗ്ൾ ‘മെന’ മാനേജിങ് ഡയറക്ടർ ആന്റണി നകാഷെ പറഞ്ഞു. കൂടുതൽ ആളുകളെ എ.ഐ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.