റാഞ്ചാൻ ട്വിറ്റർ ശ്രമിച്ചപ്പോൾ നീൽ മോഹന് ഗൂഗിൾ വെച്ചുനീട്ടിയത് വമ്പൻ ഓഫർ

ഗൂഗിൾ സി.ഇ.ഒ ആയ സുന്ദർ പിച്ചൈക്ക് പിന്നാലെ, ആൽഫബറ്റിന്റെ കീഴിലുള്ള മറ്റൊരു പ്രധാന പ്ലാറ്റ്ഫോമിന്റെ തലപ്പത്ത് കൂടി ഇന്ത്യൻ വംശജൻ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വിഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നീൽ മോഹൻ എന്നയാളാണ് സ്ഥാനമേറ്റിരിക്കുന്നത്. നേരത്തെ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായിരുന്നു അദ്ദേഹം.

ഗൂഗിളിന്റെ ആദ്യകാല ജീവനക്കാരിലൊരാളായിരുന്ന സൂസന്‍ വോജിക്കി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതോടെയാണ് നീൽ മോഹൻ യൂട്യൂബിന്റെ മേധാവി സ്ഥാനത്തേക്ക് വരുന്നത്. 2014 യൂട്യൂബിന്റെ സിഇഒ ആയി സ്ഥാനമേറ്റ സൂസൻ പരസ്യത്തിന്റെയും മാർക്കറ്റിങിന്റെയും ചുമതലയുള്ള ഗൂഗിൾ വൈസ് പ്രസിഡന്റായിരുന്നു.

സൂസന് ശേഷം യൂട്യൂബിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന് നീൽ മോഹൻ. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 2008ലാണ് ഗൂഗിളിലെത്തുന്നത്. ചീഫ് പ്രൊഡക്ട് ഓഫീസറായിട്ടായിരുന്നു നിയമനം. പിന്നീട് യുട്യൂബ് ഷോർട്സ്, യൂട്യൂബ് മ്യൂസിക് എന്നിവയുടെ ചുമതലകളും വഹിച്ചു. രണ്ട് പ്ലാറ്റ്‌ഫോമുകളും വലിയ വിജയം കൈവരിക്കുകയും ചെയ്തു. ഗൂഗ്ളിൽ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

പരസ്യ പ്ലാറ്റ്‌ഫോമായ ഡബിൾക്ലിക്കിൽ (DoubleClick) ഉന്നത സ്ഥാനം വഹിച്ചിരുന്ന നീൽ മോഹൻ 2008-ൽ ഗൂഗിൾ പ്ലാറ്റ്‌ഫോം ഏറ്റെടുത്തതോടെ കൂടെ പോരുകയായിരുന്നു. പിന്നാലെ ഗൂഗിളിന്റെ ഡിസ്‌പ്ലേ, വീഡിയോ പരസ്യ ബിസിനസിന്റെ ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കീഴിൽ, ഗൂഗിളിന്റെ പരസ്യ ബിസിനസ്സ് അതിന്റെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംരംഭങ്ങളിലൊന്നായി മാറുകയും ചെയ്തു.

അപ്പോഴെല്ലാം ഗൂഗിളിന്റെ എതിരാളികൾ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2011-ൽ, തങ്ങളുടെ ഉൽപ്പന്ന ശ്രേണി മെച്ചപ്പെടുത്തുന്നതിനായി, ട്വിറ്റർ മോഹന് ഒരു ഭീമൻ ഓഫർ നൽകി രംഗത്തുവന്നു. അദ്ദേഹം ആ ഓഫർ സ്വീകരിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം നിരസിക്കേണ്ടി വന്നു.

തങ്ങളുടെ തുറുപ്പുചീട്ടിനെ കൈവിട്ടുകളയാൻ ഗൂഗിൾ ഒരുക്കമല്ലായിരുന്നു. നീൽ മോഹനെ നിലനിർത്താനായി ഗൂഗിൾ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത് 828 കോടി രൂപയുടെ (100 മില്യൺ ഡോളർ) സ്റ്റോക്ക് ഗ്രാന്റായിരുന്നു. അതോടെ, ട്വിറ്ററിന്റെ ഓഫർ അദ്ദേഹം വേണ്ടെന്ന് വെക്കുകയും ചെയ്തു.

ഗൂഗിളിന്റെ മറ്റൊരു ഇന്ത്യൻ ജീനിയസിനെ കൂടി, ഇത്തരത്തിൽ ട്വിറ്റർ ലക്ഷ്യമിട്ടിരുന്നു. സാക്ഷാൽ സുന്ദർ പിച്ചൈ ആയിരുന്നു അത്. ഇപ്പോൾ സെർച്ച് എൻജിൻ ഭീമന്റെ സിഇഒ ആയ അദ്ദേഹത്തെ നിലനിർത്താൻ ഗൂഗിൾ 50 മില്യൺ ഡോളറാണ് നൽകിയത്.

ഫെബ്രുവരി 16ന് പങ്കുവെച്ച തന്റെ വിടവാങ്ങൽ കുറിപ്പിൽ, യൂട്യൂബ് കമ്മ്യൂണിറ്റിയെക്കുറിച്ചും ഉപയോക്താക്കൾക്ക് എല്ലാ കാലത്തും എന്താണ് വേണ്ടതെന്നും മനസ്സിലാക്കുന്ന ഒരു "മികച്ച ലീഡറാണ്" എന്നാണ് സൂസൻ വോജിക്കി മോഹനെ വിശേഷിപ്പിച്ചത്. തന്റെ കാലശേഷം നീലിന് കീഴിൽ യൂട്യൂബിന്റെ ഏറ്റവും നല്ല ദിവസങ്ങളാണ് വരാൻ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - YouTube head Neal was once offered top Twitter job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.