യു.എ.ഇയില്‍ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വാട്സ്ആപ്പില്‍ നിയന്ത്രണങ്ങള്‍

അബൂദബി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് 15 വയസ്സ് പ്രായപരിധി നിശ്ചയിക്കാന്‍ യു.എ.ഇ. ഭരണകൂടം തയാറെടുക്കുന്നതിനിടെ, കൗമാരക്കാരായ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി വാട്സ്ആപ്പ്. കൗമാരക്കാരായ മക്കളുടെ സുരക്ഷിതമായ ഓണ്‍ലൈന്‍ ശീലങ്ങള്‍ ഉറപ്പാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നതാണ് പുതിയ ഫീച്ചറുകള്‍.

അതേസമയം, വ്യക്തിഗത സ്വകാര്യത മാനിച്ച് മക്കളുടെ സന്ദേശങ്ങളോ കോളുകളോ വായിക്കാനോ കേള്‍ക്കാനോ മാതാപിതാക്കള്‍ക്ക് സാധിക്കില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ടുതന്നെ അപകടസാധ്യതകള്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുടുംബങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താനോ വേണ്ടെന്നു വെക്കാനോ സാധിക്കുന്ന തരത്തിലുള്ളതാണ് ഈ ടൂളുകള്‍. ആറക്ക ‘പേരന്‍റ് പിന്‍' ഉപയോഗിച്ച് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ക്ക് ലോക്ക് ചെയ്യാം. പ്രൊഫൈല്‍ പിക്ചര്‍, ലാസ്റ്റ് സീന്‍, ഗ്രൂപ്പുകളില്‍ ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികള്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്.

കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടിഫിക്കേഷന്‍ സംവിധാനവും പുതിയ മാറ്റങ്ങളിലുണ്ട്. കുട്ടി ഏതെങ്കിലും ഗ്രൂപ്പില്‍ ചേരുകയോ പുറത്തുപോകുകയോ ചെയ്യുമ്പോള്‍, ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കുമ്പോള്‍, അല്ലെങ്കില്‍ പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അലേര്‍ട്ടുകള്‍ ലഭിക്കും.

ഇതിനുപുറമെ, കുട്ടിയുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ആരൊക്കെ കാണണം, കുട്ടികള്‍ക്ക് ആരുടെയൊക്കെ സ്റ്റാറ്റസ് കാണാം, വാട്സ്ആപ്പ് ചാനലുകള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നിവയും മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം. നിര്‍മിതബുദ്ധി (മെറ്റാ എ.ഐ) ഉപയോഗത്തിലും പ്രത്യേക നിയന്ത്രണങ്ങളുണ്ട്. സാധാരണ 13+ മെറ്റാ എ.ഐക്കു പുറമെ, ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുന്ന ശക്തമായ ‘ലിമിറ്റഡ് കണ്ടന്‍റ്’ ഓപ്ഷനും മാതാപിതാക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഈ മോഡില്‍ സ്വകാര്യ എ.ഐ ചാറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കും.

ഈ സുരക്ഷാ സംവിധാനങ്ങളെ യു.എ.ഇയിലെ പ്രവാസികളായ മാതാപിതാക്കളും സാങ്കേതിക വിദഗ്ധരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മുന്‍കൂട്ടി അറിയാത്ത ഗ്രൂപ്പുകളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിലൂടെ അനാവശ്യവും അനുചിതവുമായ വിവരങ്ങളിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്നത് തടയാന്‍ പുതിയ ഗ്രൂപ്പ് അലേര്‍ട്ടുകളും പേരന്‍റ് പിന്നും ഏറെ സഹായിക്കുമെന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നു.

പൂര്‍ണമായ നിരീക്ഷണത്തിന് പകരം കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും ഡിജിറ്റല്‍ ഉത്തരവാദിത്തം വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കും. എന്നാല്‍ നിലവില്‍ ഈ നിയന്ത്രണങ്ങള്‍ ഡിഫോള്‍ട്ടായി ഓണ്‍ അല്ലെന്നും മാതാപിതാക്കള്‍ സ്വയം സജ്ജീകരിക്കേണ്ടതാണെന്നും സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ മറ്റ് ജനപ്രിയ ആപ്പുകളിലേക്കും ഇത്തരം ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യാപിപ്പിക്കണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം.

Tags:    
News Summary - Ensuring Teen Digital Safety Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.