377 ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിച്ച് ചാറ്റ്ജിപിടി; പിന്നാലെ ഓപ്പൺ എഐ ബഹിഷ്കരിക്കണമെന്ന് ഗണിതശാസ്ത്ര കൂട്ടായ്മ

ചാറ്റ്ജിപിടി സ്വന്തമായി ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിച്ചതിനു പിന്നാലെ ഓപ്പൺ എഐയെ ബഹിഷ്കരിക്കാനൊരുങ്ങി ഗണിത ശാസ്ത്രജ്ഞർ. നൂറുകണക്കിന് ഗണിത പ്രശ്നങ്ങളും 700ലധികം ഫയലുകളുമാണ് ചാറ്റ്ജിപിടി സ്വന്തമായി കണ്ടെത്തി പുറത്തുവിട്ടത്. പിന്നാലെ ഓപ്പൺഎഐയെ ബഹിഷ്കരിക്കാൻ ഗണിതശാസ്ത്രജ്ഞരുടെ കൂട്ടായ്മ. അസോസിയേഷൻ ഫോർ ഹ്യൂമൻ മാത്‌മാറ്റിക്സ് ആണ് ശാസ്ത്രജ്ഞരോട് ഓപ്പൺഎഐയുമായി സഹകരിക്കുന്നത് നിർത്താൻ ആഹ്വാനം ചെയ്തത്.

തങ്ങൾ ആവശ്യപ്പെടാത്ത ഇത്തരം ഗവേഷണങ്ങളിൽ കമ്പനി ഇടപെടുന്നതിനെയും എഐ അധിഷ്ഠിത ഗണിത ഗവേഷണങ്ങളെ സമീപിക്കുന്ന രീതിയെയും കൂട്ടായ്മ രൂക്ഷമായി വിമർശിച്ചു. ഗണിതശാസ്ത്രത്തിലെ ഏറ്റവും സങ്കീർണ്ണവും പരിഹരിക്കപ്പെടാത്തതുമായ നവിയർ-സ്റ്റോക്സ് മില്ലേനിയം പ്രൈസ് പ്രശ്നം തങ്ങളുടെ ആന്തരിക മോഡൽ പരിഹരിച്ചതായി കഴിഞ്ഞ മാസം ഓപ്പൺഎഐ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം 377 ഗണിത പ്രശ്നങ്ങളുടെ കണ്ടെത്തലുകളും 700ലധികം ഫയലുകളും കമ്പനി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഓപ്പൺ എഐ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗണിതശാസ്ത്രജ്ഞരുടെ കൂട്ടായ്മ രംഗത്തെത്തിയത്.

ഗണിതശാസ്ത്ര സമൂഹം ആവശ്യപ്പെടാത്ത ഗവേഷണങ്ങളാണിത്. പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഹോസ്റ്റ് ചെയ്യുന്ന സ്വതന്ത്ര ഉപദേശക സമിതിയുടെ നിർദ്ദേശങ്ങളെ പോലും ഓപ്പൺഎഐ അവഗണിച്ചതായി കൂട്ടായ്മ കുറ്റപ്പെടുത്തി. ഇത് ശാസ്ത്രീയ ഗവേഷണങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നുവെന്നും ഇവർ വിമർശിച്ചു.

700ലധികം ഫയലുകൾ ഒന്നിച്ച് പുറത്തുവിട്ട നടപടി അക്കാദമിക മികവിന്‍റെ തെളിവല്ല, മറിച്ച് സാങ്കേതിക ശക്തിയുടെ പ്രകടനം മാത്രമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരായ ഗവേഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനോ, കൃത്യത പരിശോധിക്കാനോ, ഉത്തരവാദിത്തം ഏറ്റെടുക്കാനോ കഴിയാത്ത ഗണിതശാസ്ത്ര വാദങ്ങൾ എഐ ഉത്പാദിപ്പിക്കുന്നു എന്നത് വലിയ ആശങ്കയാണ്.

അത്യാധുനിക എഐ സംവിധാനങ്ങളും കമ്പ്യൂട്ടിംഗ് വിഭവങ്ങളും വലിയ കമ്പനികളിലെ ഗവേഷകർക്ക് മാത്രം ലഭ്യമാകുമ്പോൾ ഇത് ഗണിതശാസ്ത്ര മേഖലയിൽ ശാസ്ത്രജ്ഞരെ രണ്ട് തട്ടിലാക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്നുവെന്നും കൂട്ടായ്മ പറഞ്ഞു. വിമർശനങ്ങൾ നിലനിൽക്കെ ഉപദേശക സമിതിയുമായി ചർച്ച നടത്തി അവരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചാണ് പുതിയ ഗണിതശാസ്ത്ര ഫലങ്ങൾ പുറത്തുവിട്ടതെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഗിത്ഹബ് വഴി ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്പ്യൂട്ടർ വഴി പരിശോധിക്കാൻ സാധിക്കുന്ന ലീൻ പ്രോഗ്രാമിങ് ഭാഷ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഒരു ശരാശരി ഫലം ലഭിക്കാൻ ചാറ്റ്ജിപിടി പ്രോയുടെ മൂന്ന് മണിക്കൂർ ചിന്താശേഷിക്ക് തുല്യമായ കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ആവശ്യമായി വന്നിട്ടുണ്ടെന്നും കമ്പനി പറഞ്ഞു

Tags:    
News Summary - Mathematical community to bann open ai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.