ജെമിനിയിൽ ഇനിയെല്ലാം ഫ്രീയല്ല; ഒക്ടോബർ ഒമ്പത് മുതൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ

ഗൂഗിളിന്റെ ജനപ്രിയ എഐ സേവനമായ ജെമിനിയുടെ ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോവുകയാണ് കമ്പനി. ഒക്ടോബർ 9 മുതൽ സൗജന്യമായി ജെമിനി ഉപയോഗിക്കുന്നവർക്കും ബേസിക് പ്ലാനായ എഐ പ്ലസ് വരിക്കാർക്കും ജെമിനിയുടെ ഉയർന്ന മോഡലുകൾ ഉപയോഗിക്കുന്നതിൽ ഗൂഗിൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ഉപയോക്താക്കളുടെ പ്ലാനുകൾ അനുസരിച്ച് ഇനി മുതൽ ലഭ്യമാകുന്ന സേവനങ്ങളിൽ മാറ്റമുണ്ടാകും. ഒക്ടോബർ 9 മുതൽ പണം നൽകാതെ ജെമിനി വെബ്, മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഫ്ലാഷ്-ലൈറ്റ് മോഡൽ മാത്രമേ ലഭിക്കൂ. കൂടുതൽ വേഗതയുള്ള ഫ്ലാഷ് മോഡൽ, ഉയർന്ന ശേഷിയുള്ള പ്രോ മോഡൽ എന്നിവയുടെ സേവനം ഇവർക്ക് പൂർണ്ണമായും നഷ്ടമാകും. എഐ പ്ലസ് വരിക്കാർക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ് മോഡലുകൾ ഉപയോഗിക്കാൻ കഴിയും. എന്നാൽ ഉയർന്ന ശേഷിയുള്ള പ്രോ മോഡൽ ഇവർക്കും ഇനി മുതൽ ലഭ്യമാകില്ല. എഐ പ്രോ വരിക്കാർക്ക് നിലവിലെ സേവനങ്ങളിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഉയർന്ന പ്ലാനുകൾക്ക് മാത്രം ലഭ്യമായിരുന്ന ഡീപ്പ് തിങ്ക് എന്ന പുതിയ ഫീച്ചറും ലഭിച്ചു തുടങ്ങും.

സങ്കീർണ്ണമായ വിഷയങ്ങളിൽ കൂടുതൽ മികച്ച ഉത്തരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറാണിത്. ടോപ്പ്-ടയർ പ്ലാനായ എഐ അൾട്രാ ഉപയോഗിക്കുന്നവർക്ക് നിലവിലെ എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കും. ഇതിന് പുറമെ പുതിയ മോഡലുകളുടെ സേവനം വേഗത്തിൽ ലഭിക്കാനും ഡീപ്പ് തിങ്ക് ഫീച്ചർ ഉപയോഗിക്കാനും ഇവർക്ക് സാധിക്കും.

മോഡലുകളിലെ നിയന്ത്രണങ്ങൾക്ക് പുറമെ ചിത്രങ്ങൾ, വീഡിയോകൾ, സംഗീതം എന്നിവ നിർമ്മിക്കുന്ന മീഡിയ ജനറേഷൻ ഫീച്ചറുകളിലും ഡീപ്പ് റിസർച്ചിലും ഗൂഗിൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉപയോഗിക്കുന്ന പ്രോംപ്റ്റുകളുടെ സങ്കീർണ്ണത, ഫീച്ചറുകൾ, ചാറ്റിന്റെ ദൈർഘ്യം എന്നിവ പരിഗണിച്ചാകും പുതിയ ഉപയോഗ പരിധി കണക്കാക്കുക. ഇത് ഓരോ 5 മണിക്കൂറിലും പുതുക്കപ്പെടും.

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് ചിന്താശേഷി ക്രമീകരണങ്ങൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതുവഴി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എത്രത്തോളം കമ്പ്യൂട്ടിങ് ശേഷി ഉപയോഗിക്കണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാൻ കഴിയും.

Tags:    
News Summary - Google is limiting Gemini models access for free customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.