യു.എസ് ഗ്രീൻ കാർഡ് വിലക്ക് തങ്ങളെ ബാധിക്കില്ലെന്ന് ടിസിഎസ്; അമേരിക്കയിൽ പ്രാദേശിക നിയമനങ്ങൾ കൂട്ടുമെന്ന് കമ്പനി
അമേരിക്കയിൽ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (പെർം ) നിന്ന് പ്രമുഖ ഐ.ടി കമ്പനികളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതികരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ഗ്രീൻ കാർഡ് മരവിപ്പിക്കുന്നത് തങ്ങളുടെ തൊഴിൽ തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്ന് ടി.സി.എസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കമ്പനിയുടെ അപേക്ഷകൾ വളരെ കുറവായിരുന്നുവെന്ന് ടി.സി.എസ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
അമേരിക്കയിൽ ഉടനീളം 31 ഓഫീസുകളിലൂടെയും ഡെലിവറി സെന്ററുകളിലൂടെയും ശക്തമായൊരു പ്രാദേശിക തൊഴിൽ സേനയെയാണ് തങ്ങൾ ഇതിനകം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് ടി.സി.എസ് അറിയിച്ചു. പ്രാദേശിക പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിനും ശക്തമായ കാമ്പസ് റിക്രൂട്ട്മെന്റ് മാതൃകയ്ക്കുമാണ് യു.എസിലെ തങ്ങളുടെ തൊഴിൽ നയം മുൻഗണന നൽകുന്നത്. വരും വർഷങ്ങളിൽ പ്രാദേശിക തൊഴിൽ സേനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയിൽ 15,000 പേരെ കൂടി നിയമിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിന് തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് പെർം പ്രോഗ്രാം. അമേരിക്കൻ തൊഴിലാളികളുടെ ജോലിയെയോ വേതനത്തെയോ വിദേശത്തുനിന്നുള്ള നിയമനങ്ങൾ ബാധിക്കുന്നില്ലെന്ന് ഇതിലൂടെ തെളിയിക്കേണ്ടതുണ്ട്. നിലവിൽ ടി.സി.എസ് ഉൾപ്പെടെ എട്ട് പ്രമുഖ ഐ.ടി കമ്പനികളെയാണ് പെർം പ്രോഗ്രാമിൽ നിന്ന് യു.എസ് സസ്‌പെൻഡ് ചെയ്തത്. അമേരിക്കയിൽ തദ്ദേശീയരായ തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്നാരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി.
ടി.സി.എസിന് പുറമെ കോഗ്നിസെന്റ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ എന്നീ ഇന്ത്യൻ കമ്പനികളും, അമേരിക്കൻ സ്ഥാപനങ്ങളായ ക്യാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി എന്നിവയുമാണ് സസ്പെൻഷൻ നേരിട്ട മറ്റ് കമ്പനികൾ. അമേരിക്കക്കാർക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങൾ പ്രമുഖ ഐ.ടി കമ്പനികൾ ദുരുപയോഗം ചെയ്യുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു. അതേസമയം, തൊഴിൽ വകുപ്പിന്റെ ഏത് നിർദേശവും പൂർണമായി പാലിക്കുമെന്ന് ടി.സി.എസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.