അമേരിക്കയിൽ വിദേശ തൊഴിലാളികൾക്ക് പിടിവീഴുന്നു; ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ചു
വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ഗ്രീൻ കാർഡ് നടപടികളിൽ കടുത്ത നിയന്ത്രണവുമായി ട്രംപ് ഭരണകൂടം. ഇൻഫോസിസ്, ടാറ്റ (ടി.സി.എസ്), വിപ്രോ, എച്ച്.സി.എൽ, കോഗ്നിസെന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനികളെ പെർമനെന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (PERM) നിന്ന് യു.എസ് സർക്കാർ സസ്പെൻഡ് ചെയ്തു. എച്ച്-1ബി വിസയിലുള്ള ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അവസരം നൽകുന്ന നിർണായക പദ്ധതിയാണ് ഇതോടെ കമ്പനികൾക്ക് നഷ്ടമായിരിക്കുന്നത്.
ഇന്ത്യൻ കമ്പനികൾക്ക് പുറമെ മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി തുടങ്ങിയ ആഗോള ഭീമന്മാരെയും ഈ വിലക്ക് ബാധിക്കുമെന്ന് യു.എസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിങ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, ഈ കമ്പനികൾ അമേരിക്കൻ പൗരന്മാരുടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 2009 മുതൽ ഈ കമ്പനികൾ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മൈക്രോസോഫ്റ്റിനെതിരെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ വർഷം 6,000 അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റ്, അതേസമയം തന്നെ ആയിരക്കണക്കിന് എച്ച്-1ബി വിസകളും ഗ്രീൻ കാർഡ് അപേക്ഷകളും പ്രയോജനപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എച്ച്-1ബി വിസയിൽ എത്തുന്നവരെ 'തടവിലാക്കപ്പെട്ട വിദേശ തൊഴിലാളികൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ സർവകലാശാലകളിൽ ജെ-1 (J-1) വിസകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് ഗവേഷക വിദ്യാർഥികളുടെ വേതനം കുറക്കാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയിൽ അംഗീകരിക്കപ്പെടുന്ന H-1B വിസകളിൽ വലിയൊരു പങ്കും വർഷങ്ങളായി ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്കാണ് ലഭിക്കുന്നത്. അതിനാൽ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യൻ ഐ.ടി കമ്പനികൾക്കും അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും ആശങ്ക സൃഷ്ടിച്ചേക്കാം.
അതേസമയം, അമേരിക്കൻ നടപടിയോട് ഇന്ത്യൻ ഐ.ടി വ്യവസായ സംഘടനയായ നാസ്കോം പ്രതികരിച്ചു. ഇന്ത്യൻ ടെക്നോളജി കമ്പനികൾ വർഷങ്ങളായി എച്ച്-1ബി വിസകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയിൽ തന്നെ പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും നാസ്കോം വ്യക്തമാക്കി. എങ്കിലും ഈ പുതിയ തീരുമാനം വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ഐ.ടി കമ്പനികൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.