ഓർമയുണ്ടോ ഓർക്കുട്ടിനെ? ഗൂഗിൾ പൂട്ടിച്ച ജനപ്രിയ പ്ലാറ്റ്‌ഫോമിന്‍റെ തിരിച്ചുവരവിനായി പിന്തുണ തേടി സ്ഥാപകൻ
2000ത്തിന്‍റെ തുടക്കത്തിൽ ലോകത്ത് തരംഗം സൃഷ്ടിച്ച ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കുട്ട് വീണ്ടും തിരിച്ചുവന്നേക്കുമെന്ന് സൂചന. പുതിയ ലക്ഷ്യങ്ങളോടെയും കൂടുതൽ അർത്ഥവത്തായ ആശയങ്ങളോടെയും പ്ലാറ്റ്ഫോം പുനരാരംഭിക്കാൻ സ്ഥാപകൻ ഓർക്കുട്ട് ബ്യൂക്കോക്ടൻ ക്യാമ്പെയിൻ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടിയിരിക്കുകയാണ് അദ്ദേഹം. മനുഷത്വപരമായ ബന്ധങ്ങൾക്കും, സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും മുൻഗണന നൽകുക എന്നതാണ് പ്ലാറ്റ്ഫോമിന്‍റെ തിരിച്ചുവരവിലൂടെ ലക്ഷ്യമിടുന്നത്.
ഓർക്കുട്ട് ഡോട്ട് കോം എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്ലാറ്റ്ഫോം തിരികെ കൊണ്ടുവരുന്ന കാര്യം ഇദ്ദേഹം പറഞ്ഞത്. കത്തിൽ നിലവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ച് വിമർശിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥ ബന്ധങ്ങളെക്കാൾ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിലാണ് ഇന്നത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മുൻഗണന നൽകുന്നത്.
സൗഹൃദങ്ങളും സമൂഹവും കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഓർക്കുട്ട് ബ്യൂക്കോക്ടൻ ഒരു തുറന്ന കത്തും എക്സ് പ്ലാറ്റ്‌ഫോമിൽ സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഒറിജിനൽ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി എപ്പോൾ തിരിച്ചെത്തുമെന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ ആദ്യകാല സോഷ്യൽ നെറ്റ്‌വർക്കുകളിൽ ചിലത് നിർമ്മിച്ചതാണ്. സോഷ്യൽ മീഡിയ എങ്ങനെയാണ് വഴിതെറ്റിപ്പോയതെന്ന് നിങ്ങളോടൊപ്പം ഞാനും കണ്ടതാണെന്ന് ബ്യൂക്കോക്ടൻ കുറിച്ചു.
കണക്ഷനുകളേക്കാൾ ഉപയോക്തൃ എൻഗേജ്‌മെന്റിനാണ് ഇന്നത്തെ പ്ലാറ്റ്‌ഫോമുകൾ മുൻഗണന നൽകുന്നത്. ഇത് പുതിയ തലമുറയെ അൽഗോരിതങ്ങൾക്ക് അടിമകളാക്കുകയും അവരിൽ ഏകാന്തതയും ഉത്കണ്ഠയും വളർത്തുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ എഐ, ബോട്ടുകൾ, ഡീപ് ഫേക്കുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഓൺലൈൻ ലോകത്തെ വിശ്വാസ്യത തകർക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഓർക്കുട്ടിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത് ഇതാദ്യമായല്ല. 2022-ലും ബ്യൂക്കോക്ടൻ ഓർക്കുട്ട് വെബ്‌സൈറ്റ് പുനരുജ്ജീവിപ്പിക്കുകയും സമാനമായ രീതിയിൽ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ നീക്കം പഴയ പ്ലാറ്റ്‌ഫോമിന്റെ നേരിട്ടുള്ള പുനരാരംഭത്തിലേക്ക് നയിച്ചിരുന്നില്ല. 2004ലാണ് ഗൂഗിൾ എഞ്ചിനീയറായ ഓർക്കുട്ട് ബുയൂക്കോക്ടെന്‍ ഓർക്കുട്ട് ആരംഭിച്ചത്. ഇന്ത്യയിൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പിന്നീട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ ജനപ്രീതി നഷ്ടപ്പെടുകയും 2014ൽ നിർത്തലാക്കുകയുമായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിണ്ടും ഓർക്കുട്ട് തിരിച്ചുവരാനൊരുങ്ങുന്നത്. ഇത്തവണയും പൊതുജന പിന്തുണ തേടിയാണ് വെബ്‌സൈറ്റ് മുന്നോട്ട് പോകുന്നത്. പുതിയ പ്ലാറ്റ്‌ഫോം എപ്പോൾ ലോഞ്ച് ചെയ്യും എന്നതിനെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.